ഹൃദയത്തില്‍ ദൈവം വസിക്കാന്‍ ഈ പ്രാര്‍ത്ഥനയോടെ അവിടുത്തെ ക്ഷണിക്കൂ

ദൈവത്തോടുള്ള നമ്മുടെ ബന്ധം ആദ്യം ഉണ്ടായിരുന്നത്ര തീക്ഷ്ണതയിലും തീവ്രതയിലും ഇപ്പോഴുമുണ്ടോ? ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യവും കണ്ടെത്തേണ്ട ഉത്തരവുമാണ് അത്.

ഈശോയേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് കുഞ്ഞുനാളിന്റെ നിഷ്‌ക്കളങ്കതയില്‍ നാം പലവട്ടം പറഞ്ഞിട്ടുണ്ട്. പക്ഷേ ജീവിതത്തിലെ ആത്മീയവരള്‍ച്ചയുടെ ദിനരാത്രങ്ങളില്‍ ഈശോയോടുള്ള നമ്മുടെ സ്‌നേഹം വറ്റിവരണ്ടുപോയിട്ടുണ്ട്. ആ പഴയ സ്‌നേഹം നമുക്ക് വീണ്ടുമുണ്ടാവണ്ടേ? നമ്മുടെ ഹൃദയം ദൈവസ്‌നേഹത്തെ പ്രതിജ്വലിക്കണ്ടെ?

ഇതാ ഇങ്ങനെ പ്രാര്‍ത്ഥിച്ചുനോക്കൂ, ദൈവസ്‌നേഹാനുഭവം ഉള്ളില്‍ നിറയും. ഈശോ നമ്മുടെ ഹൃദയത്തില്‍ വന്നു വാസമുറപ്പിക്കും. തീര്‍ച്ച

ഓ കാരുണ്യവാനായ എന്റെ ഈശോയേ, എന്റെ ഹൃദയത്തില്‍ നീ നിന്റെ സ്‌നേഹത്തിന്റെ ഓര്‍മ്മകള്‍ എഴുതിവയ്ക്കണമേ നിന്റെ സ്‌നേഹത്തിന്റെ നിമിഷങ്ങള്‍ എന്നില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാതിരിക്കട്ടെ. നിന്റെ സ്‌നേഹത്താല്‍ ഞാന്‍ എരിഞ്ഞുതീരട്ടെ, നീയെന്റെ ഹൃദയത്തില്‍ വാസമുറപ്പിക്കണേ.

എന്റെ ഈശോയേ ഞാന്‍ മറന്നാലും നീയെന്നെ മറക്കരുതേ. ഞാന്‍ അകന്നുപോയാലും നീയെന്നില്‍ നിന്ന് അകന്നുപോകരുതേ. എന്റെ ഈശോയേ എന്റെസര്‍വ്വസ്വവുമേ, നീയെനിക്ക് തന്ന നന്മകളെയും ദാനങ്ങളെയും പ്രതി ഞാന്‍ എത്ര സ്തുതിച്ചാലും മതിയാവുകയില്ലല്ലോ.

ഈശോയേ നന്ദി..ഈ ശോയേ സ്‌തോത്രം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.