മൊബൈലിന്റെ അടിമത്തത്തില്‍ നിന്ന് രക്ഷ നേടാന്‍ ഇതാ ഒരു പ്രാര്‍ത്ഥന

മൊബൈലും ഇന്റര്‍നെറ്റും ലോകത്തെ വരിഞ്ഞുമുറുക്കിക്കളഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഏതു പ്രായക്കാരും ഇന്ന് ഇതിന്റെ അടിമകളായി മാറിക്കഴിഞ്ഞിരിക്കുന്നു. മനസ്സിനെക്കാള്‍ വേഗത്തില്‍ നമ്മുടെ വിരലുകള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലേക്ക് ഓടിപ്പോകുന്നു. അങ്ങനെ ഇവയെല്ലാം നമ്മെ അടിമകളാക്കിമാറ്റുന്നു. സത്യത്തില്‍ ഈ അടിമത്തം നിഷ്‌ക്രിയതയില്‍ നിന്ന് വരുന്നതാണ്. നമ്മെ അലസരാക്കിമാറ്റുകയാണ്. തെറ്റായ കാഴ്ചകളും വിചാരങ്ങളുമാണ് ഇവ നമുക്ക് പലപ്പോഴും നല്കുന്നത്. കുടുംബജീവിതത്തെയും വ്യക്തിജീവിതത്തെയും തൊഴില്‍ ജീവിതത്തെയും എല്ലാം ഇത്തരം ശീലങ്ങള്‍ ദോഷകരമായി ബാധിക്കും.

ഇവയില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു പ്രാര്‍ത്ഥന. മേല്പ്പറഞ്ഞവയുടെ അടിമത്തത്തില്‍നിന്ന് മോചനം ഈ പ്രാര്‍ത്ഥനയിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

ഓ നിത്യനായ ദൈവമേ ലോകത്തിന്റെ മോഹങ്ങളും കാഴ്ചകളും എന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ലൗകികചിന്തകള്‍ എന്നെ കീഴ്‌പ്പെടുത്തുന്നു. നല്ലതു ചെ.യ്യാനോ നല്ലതുപറയാനോ എനിക്ക് പലപ്പോഴും കഴിയാതെ പോകുന്നു. എന്റെ കാഴ്ചകളെയും വിചാരങ്ങളെയും അവിടുന്ന് വിശുദ്ധീകരിക്കണമേ..

വിശുദ്ധി കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന തിരുവചനം ഞാന്‍ ഓര്‍മ്മിക്കുന്നു. അവിടുത്തെ കാണാന്‍ തടസ്സമായി നില്ക്കുന്ന എന്റെ ജീവിതത്തിലെ അവിശുദ്ധിയുടെ എല്ലാവിധ ബന്ധനങ്ങളെയും അങ്ങ് അഴിച്ചുമാറ്റണമേ, അവിടുത്തെ കൃപയെനിക്ക് നല്കണമേ.

ഓരോ ദിവസവും അവിടുത്തെ മഹത്വപ്പെടുത്തുക എന്നതാണ് എന്റെ കടമയെന്ന് ഞാന്‍ മറന്നുപോകുന്നു.നിന്നിലേക്ക് നോക്കുന്നതിന് പകരം ഞാന്‍ മറ്റ്പലതിലേക്കും നോക്കിപ്പോകുന്നു. മനസ്സില്‍ കുറ്റബോധം എന്നെ കീഴ്‌പ്പെടുത്തുന്നു.

എന്നിട്ടും വീണ്ടും വീണ്ടും കാഴ്ചകളുടെ സന്തോഷത്തിലേക്ക് ഞാന്‍ വീണുപോകുന്നു. എന്റെ നല്ല ദൈവമേ, എന്നെ ജഡികമായ ആസക്തികള്‍ക്ക് വി്ട്ടുകൊടുക്കരുതേ. എന്റെ ചിന്തകള്‍ അവിടുത്തെപോലെ വിശുദ്ധീകരിക്കണമേ. എന്റെകണ്ണിലെ പാപത്തിന്‌റെ ഓര്‍മ്മകളെ ഇല്ലാതാക്കണമേ. ലോകമോഹങ്ങളില്‍ന ിന്ന് എന്നെ വിടുവിക്കണമേ. കൂടുതല്‍ നല്ലരീതിയില്‍ ജീവിക്കാനും അങ്ങേ തിരുവിഷ്ടം പോലെ ജോലി ചെയ്യാനും അവിടുത്തെ മഹത്വം അതിലൂടെ പ്രഘോഷിക്കാനും എനിക്ക് ഇടനല്കിയാലും.

പരിശുദ്ധ അമ്മേ എനിക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേ.എന്റെ പേരിന് കാരണഭൂതരായ വിശുദ്ധരേ, എന്റെ പ്രിയ വിശുദ്ധരേ എനിക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേ.

ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.