ഹൃദയത്തിലെ മുറിവുകള്‍ ഉണങ്ങാന്‍ ദിവ്യകാരുണ്യസ്വീകരണത്തിന് മുമ്പ് പ്രാര്‍ത്ഥിക്കേണ്ട പ്രാര്‍ത്ഥന

ദിവ്യകാരുണ്യസ്വീകരണം ഒരു ദിനചര്യയുടെ ഭാഗമായിക്കഴിയുമ്പോള്‍ അതിനെ ഗൗരവത്തോടെ കാണുന്നവര്‍ എത്രപേരുണ്ടാവും എന്ന് സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണ്. പലപ്പോഴും അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കുന്നതുവഴി അതിന്റെ പ്രാധാന്യവും വിശുദ്ധിയും നമ്മില്‍ ചിലരെങ്കിലും മറന്നുപോയിട്ടുണ്ടാവാം. യേശുക്രിസ്തു ദിവ്യകാരുണ്യത്തില്‍ സന്നിഹിതനാണെന്ന കാര്യംതന്നെ നാം വിസ്മരിച്ചിട്ടുണ്ടാവും.

പക്ഷേ ക്രിസ്തു അവിടെയുണ്ട്. അവിടുന്ന് നമ്മുടെ ഹൃദയത്തിലേക്ക എഴുന്നെള്ളിവരാന്‍ സന്നദ്ധനുമാണ്. എന്നാല്‍ നാം അതിന് തുറവിയുള്ളവരായിരിക്കണം. ഒരുക്കമുളളവരായിരിക്കണം. ഈശോ ദൈവികഭിഷഗ്വരനാണ്. അവിടുത്തേക്ക് നമ്മുടെ ആത്മീയവും ഭൗതികവുമായ എല്ലാവിധ രോഗാവസ്ഥയിലും ഇടപെടാനും അവ പരിഹരിക്കാനും കഴിയും. നമ്മുടെ ആത്മാവിന്റെ സങ്കടങ്ങള്‍ ഒപ്പിയെടുക്കാനും മുറിവുകള്‍തുടച്ചുനീക്കാനും അവിടുന്ന് സന്നദ്ധനാണ്.

പലവിധ കാരണങ്ങള്‍കൊണ്ട് തകര്‍ന്ന നമ്മുടെ മനസ്സിനെ അവിടുന്ന് സൗഖ്യപ്പെടുത്തും. അതിന് നാം ആദ്യം ചെയ്യേണ്ടത് ദിവ്യകാരുണ്യസ്വീകരണത്തെ അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടും വിശുദ്ധിയോടും കൂടി സമീപിക്കുകയാണ്. നമ്മുടെ ഹൃദയത്തിലേക്ക് എഴുന്നെള്ളിവരുന്ന ഈശോയോട് ഹൃദയം തുറന്ന് സംസാരിക്കുകയാണ്. ഇതാ ഈശോയെ ഉള്ളില്‍ സ്വീകരിക്കാന്‍ ഫലപ്രദമായ ഒരു പ്രാര്‍ത്ഥന.

ഈശോയേ ഞാന്‍ രോഗിയും ദുര്‍ബലനുമാണ്. എന്റെ സങ്കടങ്ങള്‍ എനിക്കാരോടും തുറന്നുപറയാന്‍ പോലും കഴിയുന്നില്ല. അവ നിനക്ക് മാത്രമേ അറിയാവൂ. ഈശോയേ എന്റെ ഹൃദയത്തിന്റെ ഭാരങ്ങള്‍ ഏറ്റെടുക്കണമേ. എന്റെ ഹൃദയത്തിലേക്ക് കടന്നുവരണമേ.

വിശ്വാസവും പ്രത്യാശയും എന്നില്‍ നിറയ്ക്കണമേ. ഓ ദിവ്യവൈദ്യാ എന്റെ ആത്മാവിന്റെയും ശരീരത്തിന്റെയും മുറിവുകളെ ഉണക്കണമേ. എന്റെ ഹൃദയത്തിലെ ഇരുട്ടിനെ അകറ്റണമേ. എന്റെ ഉള്ളില്‍ എന്നും നീ വാഴത്തക്കവിധം എന്റെ ചിന്തകളെയും വിചാരങ്ങളെയും പ്രവൃത്തികളെയും വിശുദ്ധീകരിക്കണമേ. എന്റെ ഈശോയേ എന്റെ ഹൃദയനാഥാ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.