9-ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നയിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

==========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

==========================================================================

ഒൻപതാം ദിവസം

1. ക്രിസ്താനുകരണ വായന

അന്യരുടെ കാര്യങ്ങളിൽ തലയിടാതിരിക്കുക

ഈശോ:

1️⃣ മകനേ, നീ കൗതുകതല്പരനായിരിക്കരുത്. പ്രയോജനരഹിതമായ ചിന്തകൾക്ക് ഇടം കൊടുക്കുകയുമരുത്.

ഇതെന്താണ്, അതെന്താണ്, എന്നൊക്കെ അന്വേഷിച്ചിട്ട് നിനക്കെന്തു പ്രയോജനം? നീ എന്നെ അനുഗമിക്കുക.

അവൻ അത്തരക്കാരനാണ്. അവൻ ഇത്തരക്കാരനാണ്; അവൻ അങ്ങനെ ചെയ്തു. ഇവൻ ഇങ്ങനെ ചെയ്തു; അഥവാ, സംസാരിച്ചുവെന്നതുകൊണ്ട് നിനക്കെന്ത്?

മറ്റുള്ളവരുടെ കുറ്റത്തിനു നീ സമാധാനം പറയേണ്ടി വരികയില്ല. നീ നിന്റെ കണക്കുമാത്രം കേൾപ്പിച്ചാൽ മതി. ആകയാൽ എന്തിന് അന്യരുടെ കാര്യത്തിനു ഇടപെടുന്നു.

കണ്ടാലും! ഞാൻ എല്ലാവരേയും അറിയുന്നു. സൂര്യന്റെ കീഴിൽ നടക്കുന്നതെല്ലാം ഞാൻ കാണുന്നു. ഓരോരുത്തനും എങ്ങനെ ഇരിക്കുന്നു. എന്തു വിചാരിക്കുന്നു, എന്ത് ആഗ്രഹിക്കുന്നു, എന്തുദ്ദേശിക്കുന്നുവെന്നൊക്കെ ഞാൻ അറിയുന്നുണ്ട്.

ആകയാൽ, സമസ്തവും നീ എന്നെ ഏല്പിക്കേണ്ടതാണ്; നീ സമാധാനത്തിൽ കഴിയുക, അന്യന്റെ കാര്യത്തിൽ ഇടപെടുന്നവൻ അവരുടെ ഇഷ്ടംപോലെ ചെയ്യട്ടെ.

2️⃣ വലിയ പേരിനുവേണ്ടി നിനക്ക് ഉൽക്കണ്ഠ വേണ്ടാ. അനേകരുടെ അഗാധസ്നേഹത്തേയോ മനുഷ്യരുടെ സഖ്യത്തിൽ നിന്നുണ്ടാവുന്ന പ്രത്യേക സന്തോഷങ്ങളേയോ നീ തേടേണ്ടാ.

ഇവയെല്ലാം മനസ്സിൽ പതർച്ചയും കൂരിരുട്ടും ഉളവാക്കുന്നു.

എന്റെ ആഗമനത്തെ ഉത്സാഹത്തോടെ പ്രതീക്ഷിക്കുകയും ഹൃദയത്തിന്റെ കവാടങ്ങൾ എനിക്കായി തുറന്നിടുകയും ചെയ്താൽ സന്തോഷപൂർവ്വം ഞാൻ നിന്നോടു സംസാരിക്കും; നിഗൂഢമായവ നിനക്കു വെളിപ്പെടുത്തിത്തരുകയും ചെയ്യും.

പ്രാർത്ഥനകളിൽ ഉണർവ്വും ഉത്സാഹവുമുണ്ടായിരിക്കട്ടെ. സർവ്വത്തിലും നീ നിന്നെത്തന്നെ എളിമപ്പെടുത്തുക.

വിചിന്തനം

യഥാർത്ഥ സമാധാനം ആസ്വദിക്കണമെന്നുണ്ടെങ്കിൽ, ഒന്നാമതായി, അന്യരുടെ വിശേഷങ്ങൾ തേടാൻ പോകരുത്. രണ്ടാമതായി, ദൈവത്തിന്റെ നീതിക്ക് അനുസൃതമായോ മനുഷ്യരുടെ അനീതിയാലോ വന്നുചേരുന്ന അനർത്ഥങ്ങളെ ക്ഷമയോടെ സഹിക്കണം. മൂന്നാമതായി, ആശ്വാസാനന്ദങ്ങൾ വേണ്ടെന്നുവച്ച് മനസ്സിന്റെയും ഹൃദയത്തിന്റെയും ഇന്ദ്രിയങ്ങളുടേയും ആഹ്ലാദമൊക്കെ ദൈവത്തെപ്രതി ബലി ചെയ്യണം. ദൈവത്തിലല്ലാതെ മറ്റൊന്നിലും സംതൃപ്തിനേടാൻ കഴിയാത്തതിൽ അവിടുത്തോടു നന്ദി പറയണം.

പ്രാർത്ഥിക്കാം

ദൈവമേ, ഞാൻ ഇപ്പോൾ പ്രസാദവരാവസ്ഥയിലാണോ? മരണംവരെ ഞാൻ അങ്ങനെ തുടരുമോ? എന്റെ പാപങ്ങൾ അങ്ങു ക്ഷമിച്ചുവോ? അന്ത്യത്തോളമുള്ള നിലനിൽപ്പ് അങ്ങ് എനിക്കു പ്രദാനം ചെയ്യുമോ എന്നറിയാൻ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. ഈ ആഗ്രഹവും അങ്ങയെപ്രതി ഞാൻ ബലി ചെയ്യുകയാണ്. ഈ മഹാനുഗ്രഹം ഉദാരമായി അങ്ങിൽനിന്നു പ്രതീക്ഷിക്കുന്നു.
ആമ്മേൻ.

അനുസ്മരണാവിഷയം:
പ്രാർത്ഥനകളിൽ ഉണർവ്വും ഉത്സാഹവുമുണ്ടായിരിക്കട്ടെ. നീ സർവ്വത്തിലും എളിമപ്പെടുക.

അഭ്യാസം:
അന്യരുടെ ജീവിതത്തെപ്പറ്റി കൗതുകപ്രദമായ അന്വേഷണങ്ങൾ നടത്താതെ, നിന്റെ ജീവിതം പരിശോധിക്കുക.

2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

ദൈവനിശ്ചയപ്രകാരം അന്ത്യകാലങ്ങളില പരിശുദ്ധ മറിയത്തിന്റെ പങ്ക്.

മറിയം വഴി ആരംഭിച്ച ലോകപരിത്രാണ കര്‍മ്മം മറിയം വഴിയ തന്നെയാണ് പൂര്‍ത്തിയാകേണ്ടത്. ക്രിസ്തുവിന്റെ പ്രഥമാഗമനത്തില്‍ മറിയം വളരെച്ചുരുക്കം സന്ദര്‍ഭങ്ങളിലെ പ്രത്യക്ഷമാകുന്നുള്ളൂ . അവളുടെ പുത്രനിലെ ‘വ്യക്തി’ ആരെന്ന് അന്നത്തെ ജനം വളരെ തുച്ഛമായല്ലേ അറിഞ്ഞുള്ളൂ.

ഈ പശ്ചാത്തലത്തില്‍ മറിയം പൂര്‍ണ്ണമായി അറിയപ്പെട്ടിരുന്നെങ്കില്‍ മനുഷ്യര്‍ അമിതമായും അതിഗാഢമായും അവളിലേക്ക് ആകര്‍ഷിക്കപ്പെട്ട്, ഒരുപക്ഷേ, സത്യമാര്‍ഗ്ഗത്തില്‍നിന്നു തന്നെ തെറ്റിപ്പോകുമായിരുന്നു. അതു സംഭവിക്കാതിരിക്കാന്‍ അവള്‍ യേശുവിന്റെ ആദ്യ ആഗമനത്തില്‍ നന്നേ വിരളമായി മാതമേ പ്രത്യക്ഷപ്പെട്ടുള്ളൂ.

അത്യുന്നതന്‍ അവള്‍ക്കു നല്കിയിരുന്ന ബാഹ്യമായ രൂപലാവണ്യം തന്നെ വി . ഡെനിസ് തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇതിനെ കൂടുതല്‍ സ്ഥിരീകരിക്കുന്നു. വിശ്വാസം മറിച്ചു പഠിപ്പിച്ചില്ലായിരുന്നെങ്കില്‍, അവളുടെ അതുല്യമായ സൗന്ദര്യവും നിഗൂഢമായ വശ്യതയും നിമിത്തം അവളെ ഒരു ദേവതയായി താന്‍ പോലും കരുതുമായിരുന്നു എന്നാണ് അദ്ദേഹം പറയുക.

എന്നാല്‍, ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തില്‍ മറിയംവഴിയാണ് ക്രിസ്തു അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും സേവിക്കപ്പെടുകയും ചെയ്യേണ്ടത്. അതു സംഭവിക്കാന്‍ പരിശുദ്ധാത്മാവ് അവള്‍ക്കു വേണ്ടവിധം പ്രസിദ്ധി നല്കും. തന്റെ മണവാട്ടിയായ മറിയത്തെ ജീവിതകാലത്തു ബാഹ്യ ലോകത്തില്‍നിന്ന് അവിടുന്ന് മറച്ചുവച്ചു. സുവിശേഷപ്രഘോഷണാനന്തരവും അല്പം മാത്രമേ അവള്‍ അറിയപ്പെട്ടുള്ളൂ. എന്നാല്‍ ഇന്ന് അപകാരം അറിയപ്പെടാതിരിക്കുവാന്‍ ഒരു കാരണവും ഇല്ലതന്നെ.

.3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും.

ധ്യാനവിഷയവും, പ്രാർത്ഥനയും

വിഷയം : പിശാചിന്റെ കുതന്ത്രങ്ങളിൽ ജാഗരൂകത പാലിക്കണം

“അദ്ഭുതപ്പെണ്ടാ, പിശാചുപോലും വെളിച്ചത്തിന്റെ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ ” ( 2 കോറി 11:14).

ആമുഖം

പുണ്യപരിപൂർണതയ്ക്കു വേണ്ടിയുള്ള നമ്മുടെ യത്നത്തിൽ നാം നേരിടുന്ന പ്രധാന ശത്രു പിശാചാണ്. ക്രൈസ്തവജീവിതം ദുഷ്ടാരൂപികൾക്കെതിരായ യുദ്ധമായിപ്പോലും വിശുദ്ധ ബൈബിൾ വിശേഷിപ്പിക്കുന്നുണ്ട്. (1 പത്രോ 5 : 8 – 9). യേശുക്രിസ്തുവിന്റെ ജീവിതവും പ്രവർത്തനവും പിശാചിനെതിരായ നിരന്തരയുദ്ധമായിരുന്നെങ്കിൽ, അനിവാര്യമായി അവിടത്തെ ശിഷ്യർക്കും ഈ യുദ്ധം ചെയ്യേണ്ടതുണ്ട്.

ശത്രുവിനെപ്പറ്റിയുള്ള കൃത്യമായ അറിവ് യുദ്ധവിജയത്തിന് അത്യന്താപേക്ഷിതമാണ്. ശത്രുവിന്റെ സാന്നിധ്യം എവിടെയെല്ലാം, എപ്പോഴൊക്കെ?, ശത്രുവിന്റെ ശക്തി എത്ര വലുത്, ശത്രുവിന്റെ ആക്രമണരീതികൾ ഏതെല്ലാം, ശത്രു നുഴഞ്ഞുകയറുന്ന പഴുതുകൾ ഏവ, ശത്രുവിനെ തോല്പിക്കാനുള്ള ഫലപ്രദമാർഗങ്ങൾ എന്തൊക്കെ എന്ന അറിവ് വേണം. അങ്ങനെയെങ്കിൽ, നമ്മുടെ ഏറ്റവും വലിയ ശത്രുവായ പിശാചിനെ തോല്പിക്കാൻ അവൻ ആരാണെന്നും അവന്റെ ശക്തി എത്രമാത്രമാണെന്നും അവന്റെ ആക്രമണരീതികൾ എവയെന്നും നമ്മുടെ ഏതൊക്കെ ജീവിതമേഖലകളിലാണ് പ്രധാനമായും അവൻ പ്രവർത്തിക്കുന്നതെന്നും അവനെ തോല്പിക്കാനുള്ള കൃത്യമായ വഴികൾ ഏതെന്നുമൊക്കെ നമുക്ക് നല്ല അറിവുണ്ടായിരിക്കേണ്ടതല്ലേ ?

പിശാച് : ഒരു യാഥാർഥ്യം

ദൈവിക വെളിപാടിന്റെ ഭാഗമാണ് പിശാചിന്റെ അസ്തിത്വത്തപ്പറ്റിയുള്ള സത്യം. വിശുദ്ധ ഗ്രന്ഥവും സഭാപാരമ്പര്യവും തിരുസഭയുടെ പ്രബോധനാധികാരവും പിശാചിന്റെ അസ്തിത്വവും വ്യക്തിത്വവും സ്പഷ്ടമാക്കുന്നുണ്ട്. ദൈവം പിശാചിനെ സൃഷ്ടിച്ചില്ല. ദൈവത്തിന്റെ സൃഷ്ടിയായ മാലാഖമാരിൽ ചിലർ സ്വതന്ത്രമായ തീരുമാനപ്രകാരം അധഃപതിച്ച് പിശാചായി രൂപാന്തരപ്പെടുകയാണു ചെയ്തത്.

പിശാചിന് വ്യക്തിത്വമുണ്ട്

തിന്മകളുടെ സാന്നിധ്യത്തിന് ആലങ്കാരികമായി ഉപയോഗിക്കുന്ന വാക്കല്ല പിശാച് എന്ന സംജ്ഞ. തിരുസഭ ഔദ്യോഗികമായി പഠിപ്പിച്ചു വരുന്നത് ഇപ്രകാരമാണ് : “തിന്മ ഒരു അമൂർത്താവതാരണം അല്ല, പിന്നെയോ സാത്താൻ, ദുഷ്ടൻ, ദൈവത്തെ എതിർക്കുന്ന മാലാഖ, എന്നിങ്ങനെ ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു” (മതബോധനഗ്രന്ഥം 2851).

പിശാച് : ബൈബിളിലും സഭാപിതാക്കന്മാരുടെ പഠനങ്ങളിലും

ഹവ്വായെ പാപത്തിന് പ്രേരിപ്പിക്കുന്ന സാത്താനെപ്പറ്റിയുള്ള പരാമർശനത്തോടെ ആരംഭിക്കുന്ന ബൈബിൾ അവസാനിക്കുന്നത് : “പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാണിത്തടാകത്തിലേക്ക് എറിയപ്പെട്ടു ” (വെളി 20 : 10) എന്ന പ്രസ്താവനയോടെയാണ്. പിശാചിനാൽ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തുക എന്നത് യേശുവിന്റെ പ്രധാന ദൗത്യങ്ങളിലൊന്നായാണ് പുതിയനിയമം അവതരിപ്പിക്കുന്നത് . കുരിശുമരണംമൂലം സാത്താനെ തോല്പിക്കുമെന്ന് യേശു പ്രഖ്യാപിക്കുകയുണ്ടായി : “ഇപ്പോഴാണ് ഈ ലോകത്തിന്റെ ന്യായവിധി. ഇപ്പോൾ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും ” (വി. യോഹ 12 : 31).

മനുഷ്യജീവിതം ദുഷ്കരമാക്കുന്നവിധം ദുരിതങ്ങൾകൊണ്ടു നിറയ്ക്കുന്നതും പാപകരമായ നിർദേശങ്ങൾ മനുഷ്യമനസ്സിന് നല്കുന്നതും സുവിശേഷപ്രചാരണത്തിനു തടസ്സം സൃഷ്ടിക്കുന്നതും സ്വർഗീയ കാര്യങ്ങളിൽനിന്ന് മനുഷ്യമനസ്സ് വ്യതിചലിപ്പിക്കുന്നതും സാത്താനാണെന്ന് സഭാപിതാവായ ഒരിജൻ പഠിപ്പിച്ചു. ഹിപ്പോയിലെ വിശുദ്ധ അഗസ്റ്റിൻ പറയുന്നത്: സ്വന്തം സുഖം ദൈവേഷ്ടത്തിനു മുകളിൽ പ്രതിഷ്ഠിക്കാൻ പ്രേരിപ്പിക്കുകയാണ് സാത്താന്റെ സാധാരണ പ്രലോഭനരീതി എന്നത്രേ. തിന്മ നന്മയായി സാത്താൻ അവതരിപ്പിക്കുമെന്നും അദ്ദേഹം പഠിപ്പിച്ചു.

പിശാചിന്റെ ആക്രമണതലങ്ങൾ

നമ്മുടെ ബുദ്ധിയിലും മനസ്സിലും നേരിട്ടു പ്രവർത്തിക്കാൻ പിശാചിനെ ദൈവം ഒരിക്കലും അനുവദിക്കില്ല. എന്നാൽ ആന്തരികവും ബാഹ്യവുമായ ഇന്ദ്രിയങ്ങളിൽ പ്രത്യേകിച്ച് ഓർമശക്തിയിലും ഭാവനാശക്തിയിലും വികാരങ്ങളിലും അവനു പ്രവർത്തിക്കാൻ കഴിയും. മാത്രമല്ല, നമ്മുടെ ദുരാശകളെയും ലോകത്തെയും നമുക്കെതിരായി ഇളക്കിവിടാനും അവനു സാധിക്കും. എങ്കിലും ഈ പ്രരണകൾക്കു കീഴ്പ്പെടാനോ കീഴ്പ്പെടാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം നമ്മുടെ മനസ്സിന് എപ്പോഴുമുണ്ടായിരിക്കും. എന്നാൽ, നമുക്കുണ്ടാകുന്ന എല്ലാ പ്രലോഭനങ്ങളും പിശാചിൽ നിന്നാണെന്ന് നാം വിശ്വസിക്കരുതെന്ന് വിശുദ്ധ തോമസ് അക്വിനാസ് പഠിപ്പിക്കുന്നു. മുൻകാലത്തു നാം തന്നെ വളർത്തിയെടുത്ത ദുശ്ശീലങ്ങളും പ്രവർത്തിച്ച തിന്മകളുംകൊണ്ട് ഇളകിവശായ ദുരാശകളാണ് ഒട്ടുവളരെ പ്രലോഭനങ്ങൾക്കും കാരണം.

പിശാചിന്റെ ആക്രമണരീതികൾ

പാപത്തിനു പ്രലോഭിപ്പിക്കുക, തഴക്കദോഷങ്ങളിൽ വീഴിച്ച് പീഡിപ്പിക്കുക, വസ്തുവകകളെ ആക്രമിക്കുക, മാനസികമോ ശാരീരികമോ ആത്മീയമോ ആയി പീഡിപ്പിച്ച് ഭയപ്പെടുത്തി നിഷ്ക്രിയരാക്കുക, വ്യക്തിത്വത്തിൽ ആവേശിച്ച് ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അവ തന്റെ ഉപകരണമാക്കുക എന്നിവയാണ് പിശാചിന്റെ ആക്രമണ രീതികൾ.

സാത്താന് ഇടം കൊടുക്കുന്ന വഴികൾ

പൈശാചിക സേവ ചെയ്യുന്നവർ, പിശാചിനെ ആരാധിക്കുന്നവർ, പിശാചിന്റെ പ്രവൃത്തിയായ ആഭിചാരകർമം ചെയ്യുന്നവർ എന്നിവരിൽ പിശാച് തീർച്ചയായും ആവസിച്ച് ജീവിതം തകർക്കാൻ ശ്രമിക്കും. കഠിന വിദ്വേഷം, മയക്കുമരുന്ന്, മദ്യപാനം, വ്യഭിചാരം, ചൂതുകളി എന്നീ പാപങ്ങൾ പിശാചിന് പ്രവേശിക്കാനുള്ള കവാടങ്ങളായി മാറിയേക്കാം.

‘പൈശാചിക ബാധ’ യുടെ ലക്ഷണങ്ങൾ

സാത്താനെ ഒഴിപ്പിക്കുന്ന തിരുസഭയുടെ ഔദ്യോഗിക തിരുകർമത്തിൽ സാത്താൻ ആവാസത്തിന്റെ ലക്ഷണങ്ങൾ നാലെണ്ണമാണ് പറയുന്നത്.
1) മുമ്പ് പഠിച്ചിട്ടില്ലാത്ത ഭാഷയിൽ സംസാരിക്കുക.
2) ഭാവി സംബന്ധിച്ച് മറ്റുതരത്തിൽ ലഭ്യമല്ലാത്ത അറിവ് പ്രകടിപ്പിക്കുക
3) അമാനുഷിക ശാരീരികശക്തി പ്രകടിപ്പിക്കുക.
4) ദൈവിക കാര്യങ്ങളോടുളള കഠിനമായ വെറുപ്പും അവജ്ഞയും കാണിക്കുക.

പാപം, മാനസികമുറിവ്, ആഭിചാരം : പ്രധാനകവാടങ്ങൾ

പാപം തിരഞ്ഞെടുക്കുന്നതിലൂടെ പിശാചിന്റെ ആക്രമണപരിധിയിൽ നാം നമ്മെത്തന്നെ എത്തിക്കുകയാണു ചെയ്യുന്നത്, പോണോഗ്രഫി, മയക്കുമരുന്ന്, മദ്യപാനം, ഫോണിലൂടെ അശ്ലീലം പറയൽ എന്നിവയ്ക്കു വിധേയരാകുന്നവർക്ക് പിശാചിന്റെ ആക്രമണത്തിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാനാവും ?

മനസ്സിന്റെ മുറിവുകൾ പിശാച് മുതലെടുക്കാവുന്ന ഒരു സാഹചര്യമാണ്. ഉദാഹരണത്തിന് ഭ്രൂണഹത്യ ചെയ്ത ഒരു സ്ത്രീ ആത്മാർഥമായി പശ്ചാത്തപിക്കുകയും തുറന്ന് കുമ്പസാരിക്കുകയും ചെയ്തതിനാൽ ദൈവം അവൾക്ക് പാപമോചനം നല്കിയിട്ടുണ്ടെങ്കിലും ദൈവം അവളെ സ്നേഹിക്കയില്ലെന്നും പാപമോചനത്തിന് അവൾക്ക് അർഹതയില്ലെന്നും പറഞ്ഞ് പിശാച് അവളെ തെറ്റിദ്ധരിപ്പിച്ചേക്കും.

പിശാചിന് വളരെ എളുപ്പത്തിൽ മനുഷ്യരിൽ പ്രവേശിക്കാവുന്ന വഴികളാണ് സാത്താൻഭക്തി, ദുർമന്ത്രവാദം, നവയുഗമത നിഗൂഢവിദ്യ മുതലായവ. സാത്താൻ പൂജ, സാത്താനോടുള്ള പ്രാർഥന, സാത്താൻ ചിഹ്നങ്ങൾ, സാത്താൻ സിനിമ, സാത്താൻ മ്യൂസിക്ക് എന്നിവ വഴി സാത്താനടിമപ്പെടുന്ന വ്യക്തികളിൽ സാത്താൻ തന്റെ അധികാരം സ്ഥാപിച്ച് ക്രമേണ അവരുടെ ജീവിതം നശിപ്പിക്കും. വ്യഭിചാരം, കൊലപാതകം, അതിഹീന ലൈംഗിക വൈകൃത്യങ്ങൾ, മൃഗീയ ക്രൂരകൃത്യങ്ങൾ എന്നിവയിലേക്ക് പിശാച് അവരെ നയിക്കുകയും ചെയ്യും.

ജയിക്കാനുള്ള ആയുധങ്ങൾ

എഫേ 6: 11-17 ൽ പറയുന്ന സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർക്കാനുള്ള ദൈവത്തിന്റെ ആയുധങ്ങൾ സാത്താനെ തോല്പിക്കാൻ ദൈവം തരുന്ന പ്രസാദവരങ്ങളാണ്. സത്യംകൊണ്ടുള്ള അരപ്പട്ട, നീതിയുടെ കവചം, സുവിശേഷ പ്രഘോഷണത്തിനുള്ള സന്നദ്ധതയാകുന്ന പാദരക്ഷ, വിശ്വാസത്തിന്റെ പരിച എന്നിവയെല്ലാം സാത്താന്റെ ആക്രമണം ചെറുക്കാനുള്ള പ്രതിരോധ ആയുധങ്ങളാണ്. സത്യത്തിൽ ചരിക്കുന്നത് വിശ്വാസിയെ എപ്പോഴും ബലപ്പെടുത്തുന്ന കാര്യമാണ്. ശരിയായുള്ളതു മാത്രം ചെയ്യുന്നതും നീതി പ്രവർത്തിക്കുന്നതും അടിസ്ഥാനസുരക്ഷിതത്വം പ്രദാനം ചെയ്യും. സുവിശേഷ പ്രഘോഷണത്തിന് ഒരുങ്ങിയിരിക്കുന്നതുതന്നെ തിന്മയുടെ ശക്തികളെ ചെറുക്കാനുള്ള ഒരുക്കമാണ്. വിശ്വാസം അഥവാ ദൈവത്തോടുള്ള സമ്പൂർണ സമർപ്പണം എന്ന പരിച എടുക്കുക എന്നത് ദൈവത്തിന്റെതന്നെ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്നതിനു തുല്യമാണ്. രക്ഷയുടെ പടത്താപ്പി സൂചിപ്പിക്കുന്നത് രക്ഷകനായ യേശുവിന്റെതന്നെ സാത്താന്റെ മേലുള്ള അധികാരവും ശക്തിയുമാണ്. ആ പ്രത്യേക ആയുധവും നമ്മുടെ സംരക്ഷണത്തിനായി തന്നിട്ടുണ്ട്. അവസാനമായി പറയുന്നത് ദൈവവചനമാകുന്ന വാളിനെപ്പറ്റിയാണ്. അരപ്പട്ട കവചം, പാദരക്ഷ മുതലായവ സംരക്ഷക ആയുധങ്ങളാണെങ്കിൽ (Defensive Weapon ) വാൾ നശീകരണായുധമാണ് (Offensive Weapon ).

സാത്താനെ തോല്പിക്കാനുള്ള മാർഗങ്ങൾ
  1. സാത്താനെ തോൽപ്പിക്കാനുളള ഒന്നാമത്തെ മാർഗം പ്രാർഥനയാണ്. “ഇത്തരം യുദ്ധവും വിജയവും പ്രാർഥനയിലൂടെയല്ലാതെ സാധിക്കുകയില്ല. പ്രാർഥനയിലൂടെയാണ് ആഭംമുതൽ പീഡാസഹനത്തിന്റെ അന്തിമഘട്ടംവരെ പ്രലോഭകനെ തോല്പിച്ചത് ” (മതബോധനഗ്രന്ഥം, 2849). “പ്രാർഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വർഗം പുറത്തുപോകുകയില്ല” (വി. മർക്കോസ് 9:29).

സാത്താൻ നമ്മെ തോല്പിക്കാതിരിക്കാനുള്ള പ്രാർഥനകളിൽ ഒന്നാമത്തേത് അതിരാവിലേ തനിയേ നടത്തുന്ന ഏകാന്തധ്യാനം അഥവാ വ്യക്തിപരമായ പ്രാർഥനയാണ് (മർക്കോ 1:35 കാണുക). ഈ പ്രാർഥനയ്ക്ക് വേണ്ടി ഉറക്കസുഖം ഉപക്ഷിക്കുന്നതിൽ കാണിക്കുന്ന ത്യാഗംതന്നെ സാത്താനെ ഭയപ്പെടുത്തും. സാത്താന്റെ നിത്യപരാജയം സാധിച്ച കുരിശിലെ യാഗം അൾത്താരയിൽ പുനരവതരിക്കപ്പെടുന്ന ദിവ്യബലി നിശ്ചയമായും ദുഷ്ടശക്തികളുടെ പ്രവർത്തനങ്ങൾ നശിപ്പിക്കും. വിശ്വാസപൂർവം വിശുദ്ധ കുരിശുരൂപം ധരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതുവഴി പിശാചിന്റെ ഉപദ്രവങ്ങളിൽനിന്ന് നാം സംരക്ഷിതരാകും. ‘വിശുദ്ധ കുരിശിന്റെ അടയാളത്താൽ ഞങ്ങളുടെ ശത്രുക്കളിൽനിന്ന് ഞങ്ങളെ രക്ഷിക്കുക ‘ എന്ന പുരാതന പ്രാർഥന സുകൃതജപം പോലെ ആവർത്തിക്കുന്നത് ഏറെ ഫലപ്രദമാണ്.

പിശാചിനെ തോല്പിക്കാനുള്ള വൻ ആയുധമാണ് യഥാർഥ മരിയഭക്തി “മറിയത്തിന്റെ ഒരു നെടുവീർപ്പിനെയാണ് സകല വിശുദ്ധരുടെയും പ്രാർഥനയെക്കാൾ അവൻ ഭയപ്പെടുന്നത്. അവളുടെ ഒരു ഭീഷണിപ്പെടുത്തൽ മറ്റു സകല പീഡനങ്ങളെയുംകാൾ പിശാചുക്കൾക്ക് ഭീതിജനകമാണ് “(‘യഥാർഥ മരിയഭക്തി’, 52). ജപമാല സാത്താനെതിരായ “ രാസായുധം ” തന്നെയാണ്. “ഫിലിസ്ത്യ മല്ലനായ ഗോലിയാത്തിനെ ബാലനായ ദാവീദ് നേരിട്ടത് കവിണകൊണ്ടാണ്. ഗോലിയാത്തിനെക്കാൾ ശക്തനായ പിശാചിനെ ജപമാലകൊണ്ട് നമുക്ക് കീഴടക്കാൻ സാധിക്കും “(പന്ത്രണ്ടാം പീയൂസ് പാപ്പ). ‘നന്മ നിറഞ്ഞ മറിയമേ ‘ എന്ന ജപം പിശാചുക്കളെ ഒഴിപ്പിക്കുന്നു. നരകം ഭീതികൊണ്ട് വിറയ്ക്കാൻ ഇടയാകുന്നു എന്ന് വിശുദ്ധ ചാൾസ് ബോറോമിയയും പഠിപ്പിക്കുന്നു.

  1. രണ്ടാമത്തെ മാർഗം, ഭയപ്പെടാതെ ചെറുക്കുക എന്നതാണ്. പിശാചിനെ ഭയപ്പെടുക എന്നത് ഒരു കെണിയാണ്. യേശു തന്റെ കുരിശുമരണത്താലും ഉത്ഥാനത്താലും നമ്മെ ആക്രമിക്കാനുള്ള അവന്റെ ആയുധങ്ങൾ പിടിച്ചെടുത്തു (കൊളോ 2:13 – 15 കാണുക). അവന്റെമേൽ സർവാധികാരവും നമുക്ക് നല്കപ്പെട്ടിരിക്കുന്നു ( ലൂക്കാ 10 : 19). പിശാചിനെ ചെറുത്തു നില്ക്കുവിൻ ” (വി. യാക്കോ. 4:7) എന്നു കല്പ്പിക്കുകയും ചെയ്തിരിക്കുന്നു.
  2. മൂന്നാമത്തെ മാർഗം, വിശുദ്ധ ജീവിതം നയിക്കുകയാണ്. വിശുദ്ധ ജീവിതമാണ് സാത്താനെ ചെറുക്കാനുള്ള ശക്തി തരുന്നത്. യഥാർഥ ക്രൈസ്തവാരൂപിയിൽ ജീവിതം നയിക്കുന്നവർക്ക് പിശാചിന്റെമേൽ സ്വഭാവേന ഒരു അധികാരമുണ്ട്. ജീവിത വിശുദ്ധിയും യഥാർഥ വിശ്വാസവുമില്ലെങ്കിൽ സാത്താൻ പിന്തിരിയുകയില്ല (അപ്പ 19:11 – 16 കാണുക).
  3. നാലാമത്തെ മാർഗം, ദൈവവചന ധ്യാനത്തിൽ മുഴുകുക എന്നതാണ്. ദൈവവചനം ഉള്ളിൽ സംഭരിച്ച് ജീവിക്കുന്നവനെ സമീപിക്കാൻ സാത്താൻ ഭയപ്പെടുന്നു. “യുവാക്കന്മാരേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു: നിങ്ങൾ ശക്തന്മാരാണ്. ദൈവത്തിന്റെ വചനം നിങ്ങളിൽ വസിക്കുന്നു ; നിങ്ങൾ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു ” (1 യോഹ 2 :14).
  4. അഞ്ചാമത്തെ മാർഗം പരിശുദ്ധാത്മാവാൽ നിറഞ്ഞ ജീവിതം നയിക്കുക എന്നതാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയോടു കൂടെ യോർദാൻ നദിക്കരയിൽനിന്നു മടങ്ങിയ യേശുവിന് നാല്പതു ദിവസത്തെ പൈശാചിക പ്രലോഭനങ്ങളെ നിഷ്പ്രയാസം തോല്പിക്കാനായി !
  5. ആറാമത്തെ മാർഗം, പരിഹാരജീവിതം നയിക്കുക എന്നതാണ്. “പ്രാർഥനയും ഉപവാസവുംകൊണ്ടല്ലാതെ ഈ വർഗം പുറത്തുപോവുകയില്ല” (മർക്കാ 9:29) എന്ന വചനം ഇതു വ്യക്തമാക്കുന്നു. ആഡംബരവും സുഖലോലുപതയും സാത്താന്റേതും ലാളിത്യവും ത്യാഗവും സഹനവും ദൈവത്തിന്റേതുമാണ്. ആഴ്ചയിൽ 2 ദിവസം (ഉദാ. ബുധനും വെള്ളിയും) അഥവാ ഒരുദിവസമെങ്കിലും ഒരു പ്രധാനാഹാരമെങ്കിലും ഉപേക്ഷിച്ച് ഉപവസിക്കുന്നത് സാത്താനെതിരായ ശക്തികൊണ്ട് നമ്മെ നിറയ്ക്കും. അതു പോലെതന്നെ ശരീരസുഖം കുറയ്ക്കുന്ന മറ്റ് പ്രായശ്ചിത്തചര്യകളും.
ബൈബിൾ വായന

ആധിപത്യങ്ങളെയും അധികാരങ്ങളെയും അവൻ നിരായുധിമാക്കി. അവൻ കുരിശിൽ അവയുടെമേൽ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി ” (കൊളോ 2:15 ). “ആകയാൽ ദൈവത്തിനു വിധേയരായിരിക്കുവിൻ; പിശാചിനെ ചെറുത്തു നില്ക്കുവിൻ, അപ്പോൾ അവൻ നിങ്ങളിൽ നിന്ന് ഓടിയകന്നുകൊള്ളും ( വി. യാക്കോ 4 : 7). “ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതെ ചവിട്ടി നടക്കാൻ നിങ്ങൾക്കു ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപവസിക്കുകയില്ല ” (വി. ലൂക്കാ 10 : 19).

“സമാധാനത്തിന്റെ ദൈവം ഉടൻതന്നെ പിശാചിനെ നിങ്ങളുടെ കാല്കീഴിലാക്കി തകർത്തുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ” (റോമാ 16 : 20).

ഒൻപതാം ദിവസത്തെ പ്രാർഥന

കുരിശുമരണത്താൽ പൈശാചിക ആധിപത്യങ്ങളും അധികാരങ്ങളും നിരായുധമാക്കി അവയുടെമേൽ നിത്യവിജയം ആഘോഷിച്ച കർത്താവായ യേശുവേ, സാത്താന്റെ മേൽ അങ്ങയ്ക്കുള്ള നിത്യവിജയത്തിൽ എനിക്കും പങ്കുനൽകണമേ. ദുഷ്ടനെ ഭയപ്പെടാതെ അവനെ ചെറുത്തുനില്ക്കാൻ എനിക്ക് ധൈര്യം തരണമേ. എന്റെ നേരേയുള്ള ശത്രുവിന്റെ ആക്രമണം തടയേണ്ടതിന് സത്യം കൊണ്ടുള്ള അരപ്പട്ട, നീതിയുടെ കവചം, സുവിശേഷ പ്രഘോഷണത്തിനുള്ള സന്നദ്ധയാകുന്ന പാദരക്ഷ, വിശ്വാസത്തിന്റെ പരിച എന്നീ പ്രതിരോധായുധങ്ങളും ആക്രമണായുധമായി ദൈവവചനമെന്ന വാളും ഞാൻ ധരിക്കട്ടെ. സാത്താന്റെ പ്രവൃത്തികൾ നശിപ്പിക്കാൻ വന്ന അങ്ങയോടുള്ള ഗാഢഐക്യം പുലർത്തി പിശാചിന്റെമേൽ വിജയം വരിക്കാൻ ഞാൻ ശക്തയാ (നാ)കട്ടെ. പാപരഹിത ജീവിതം നയിച്ചും വരപ്രസാദത്തിൽ വളർന്നും സാത്താനെ പ്രതിരോധിക്കാനുള്ള പ്രാപ്തി എനിക്കുണ്ടാകുമാറാകുകയും ചെയ്യട്ടെ.

അഹങ്കാരിയായ സാത്താന്റെ തല തകർക്കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട പരിശുദ്ധ മറിയമേ, നിന്റെ സങ്കേതത്തിൽ ഞാൻ അഭയം തേടുന്നു. നിന്റെ നീലകാപ്പാ വിരിച്ച് സാത്താന്റെ ഉപദ്രവങ്ങളിൽനിന്ന് എന്നെ സംരക്ഷിക്കണമേ, ആമേൻ.

*******************************************************************************************************************

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

DAY 1 പ്രതിഷ്ഠാ ഒരുക്കം

DAY 2 പ്രതിഷ്ഠാ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം

DAY 5 പ്രതിഷ്ഠാ ഒരുക്കം

DAY 6 പ്രതിഷ്ഠാ ഒരുക്കം

DAY 7 പ്രതിഷ്ഠാ ഒരുക്കം

DAY 8 പ്രതിഷ്ഠാ ഒരുക്കം

✝️ MARIAN MINISTRY, MARIAN EUCHARISTIC MINISTRY & ROSARY CONFRATERNITY INDIA ✝️