10- ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നയിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

==========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

==========================================================================

പത്താം ദിവസം

1. ക്രിസ്താനുകരണ വായന

ഉപയോഗശൂന്യമായ സംഭാഷണം വർജ്ജിക്കുക

1️⃣ തിരക്കു കൂട്ടിക്കൊണ്ടിരിക്കുന്ന ജനങ്ങളിൽ നിന്നു കഴിയുന്നിടത്തോളം ഒഴിഞ്ഞുമാറുക. ലൗകികകാര്യങ്ങളിൽ ഏർപ്പെടുന്നതു സദുദ്ദേശ്യത്തോടെയാണെങ്കിലും ആദ്ധ്യാത്മിക ജീവിതത്തിൽ അവ പ്രതിബന്ധമുണ്ടാക്കുന്നു. നാം ലോകമായയാൽ അതിവേഗം മലിനപ്പെടുകയും അതിൽ കുടുങ്ങുകയും ചെയ്യുന്നു.

പലപ്പോഴും മൗനം കാക്കുകയും ജനങ്ങളുടെ ഇടയിൽ പോകാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ എന്നു ഞാൻ വിചാരിക്കുകയാണ്.

സംസാരിക്കുന്നവർ മനസാക്ഷിക്കു ഭാരം വരുത്താതെ സംസാരം നിർത്താറില്ല. എന്നിട്ടും നാം ഇത്ര സന്തോഷത്തോടെ സംസാരിക്കുകയും സല്ലപിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

സംഭാഷണം വഴി അന്യോന്യം ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും നാനാവിധ ചിന്തകളാൽ ക്ഷീണിതമായ നമ്മുടെ ഹൃദയത്തെ വിശ്രമിപ്പിക്കാൻ ആഗ്രഹിക്കുന്നതും സന്തോഷപൂർവ്വം സംസാരിക്കുന്നതുകൊണ്ടാണ്.

നാം വളരെ ഇഷ്ടപ്പെടുന്നതോ ആശിക്കുന്നതോ നമുക്ക് പ്രതികൂലമായി തോന്നുന്നതോ ആയ കാര്യങ്ങളെപ്പറ്റിയാണ് അധികം താൽപര്യത്തോടെ നാം സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുക.

2️⃣ കഷ്ടം! അതു പലപ്പോഴും വ്യർത്ഥവും നിഷ്ഫലവുമത്രേ. ബാഹ്യമായ ആശ്വാസം ആന്തരികവും ദൈവികവുമായ ആശ്വാസത്തിന് മഹാവിഘ്നമാണ്.

സമയം നിഷ്ഫലമായി കടന്നു പോകാതിരിക്കാൻ നാം ഉണർന്നിരുന്നു പ്രാർത്ഥിക്കണം.

സംസാരിക്കുക ആവശ്യവും ഉചിതവുമാണെങ്കിൽ സന്മാതൃകാപരമായ കാര്യങ്ങളെപ്പറ്റി സംസാരിച്ചാലും.

അധരങ്ങളുടെ അശ്രദ്ധയ്ക്കുള്ള മുഖ്യകാരണം ദുസ്തഴക്കവും പുണ്യാഭിവൃദ്ധിയിലുള്ള താല്പര്യക്കുറവുമാണ്.

ആദ്ധ്യാത്മികകാര്യങ്ങളെക്കുറിച്ചുള്ള ഭക്തസംഭാഷണങ്ങൾ, പ്രത്യേകിച്ച് ഒരേ മനസ്സും ഒരേ അരൂപിയുമുള്ളവരും ദൈവത്തിൽ ഐക്യപ്പെട്ടവരും തമ്മിലാകുമ്പോൾ, പുണ്യാഭിവൃദ്ധിക്കു വളരെ ഉപകരിക്കും.

വിചിന്തനം

പ്രലോഭനങ്ങളെ ജയിക്കാനും പാപം വർജ്ജിച്ചു രക്ഷപ്രാപിക്കാനും യേശുക്രിസ്തു ക്രിസ്ത്യാനികൾക്കു നിർദ്ദേശിച്ചിട്ടുള്ള ലളിതമായ മാർഗ്ഗം: ‘ഉണർന്നിരുന്നു പ്രാർത്ഥിക്കുക’ എന്നതാണ്. ദൈവത്തോട് ധാരാളമായും സൃഷ്ടികളോടു കുറച്ചും സംസാരിക്കുക; പ്രയോജനശൂന്യമായ സംഭാഷണങ്ങൾ വർജ്ജിക്കുക; നല്ലതും ആവശ്യമായതും സംസാരിക്കുക – ഇതാണ് ആന്തരിക ജീവിതാഭിവൃദ്ധിക്കുള്ള ഉത്തമമാർഗ്ഗം. അതുതന്നെ ഹൃദയശുദ്ധിയും സമാധാനവും ദൈവൈക്യവും സമാർജ്ജിക്കാനുള്ള മാർഗ്ഗം.

പ്രാർത്ഥിക്കാം

കർത്താവായ ദൈവമേ! അങ്ങയുടെ ഹിതം ശ്രദ്ധിച്ചു ഗ്രഹിക്കാനും അങ്ങയുടെ കൃപാവരത്തോടു വിശ്വസ്തത പ്രകാശിപ്പിക്കാനും ആവശ്യമായ ആന്തരിക ഏകാഗ്രത എനിക്കു തരിക; അങ്ങയുടെ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള ബോധം ഈ ലോകവാസത്തിൽ അങ്ങയുടെ അനുഗ്രഹീതമായ ജീവിതത്തെ അനുസ്മരിക്കാൻ ഇടവരുത്തട്ടെ.
ആമ്മേൻ.

അനുസ്മരണാ വിഷയം:
സന്മാതൃകാപരമായ കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നതു ന്യായവും ഉചിതവുമാകുന്നു.

അഭ്യാസം:
ഉപവിക്കു വിരുദ്ധമായവയോ അയൽക്കാരനു ദുർമ്മാതൃക നൽകുന്നവയോ സംസാരിക്കാതിരിക്കാൻ സദാ സൂക്ഷിക്കുക.

2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

പരിശുദ്ധ മറിയത്തിന്റെ ഇന്നത്തെ പ്രവര്‍ത്തനങ്ങളും അതിനുള്ള കാരണങ്ങളും.

തന്റെ മാസ്റ്റര്‍പീസായ മറിയത്തെ അന്ത്യകാലങ്ങളില്‍ വെളിപ്പെടുത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ഇതിനുള്ള കാരണങ്ങള്‍ :

  1. ലോകത്തിന് അറിയപ്പെടാതിരിക്കുവാനുള്ള ആനുകൂല്യം ദൈവത്തില്‍ നിന്നും അപ്പസ്‌തോലന്മാരില്‍ നിന്നും സുവിശേഷകന്മാരില്‍നിന്നും പ്രാപിച്ചുകൊണ്ട്, മറിയം തന്റെ ജീവിതകാലത്തു അഗാധമായ എളിമയാല്‍ തന്നെത്തന്നെ ധൂളിയെക്കാള്‍ നിസ്സാരയാക്കി.
  2. സ്വര്‍ഗ്ഗത്തില്‍ മഹത്ത്വംവഴിയും ഭൂമിയില്‍ കൃപാവരത്താലും അവള്‍ ദൈവത്തിന്റെ മാസ്റ്റര്‍പീസായതുകൊണ്ട് അവളിലൂടെ മനുഷ്യര്‍ ദൈവത്തെ സ്തുതിക്കുവാനും മഹത്ത്വപ്പെടുത്തുവാനും അവിടുന്ന് ആഗ്രഹിക്കുന്നു.
  3. നിത്യസൂര്യനായ ക്രിസ്തുവിന്റെ ഉദയത്തിനുമുന്‍പ് ഉദിച്ചുയര്‍ന്ന് അവിടുത്തേ വരവിനെ അറിയിക്കുന്ന ഉഷഃകാലനക്ഷത്രമാണ് മറിയം. ആകയാല്‍, ക്രിസ്തു ദൃശ്യനാവുകയും അറിയപ്പെടുകയും ചെയ്യുവാന്‍ അവള്‍ ദൃശ്യയാവുകയും അറിയപ്പെടുകയും വേണം.
  4. ക്രിസ്തു തന്റെ പ്രഥമാഗമനത്തിന് ഒരു മാര്‍ഗ്ഗം സ്വീകരിച്ചു. അതാണ്, മറിയം. അവിടുത്തേ രണ്ടാം ആഗമനത്തിനും അതേ മാര്‍ഗ്ഗമായിരിക്കും അവിടുന്നു സ്വീകരിക്കുക. പക്ഷേ അതു മറ്റൊരു ഭാവത്തിലാണെന്നുമാത്രം.
  5. ക്രിസ്തുവിനെ സമീപിക്കുവാനും അവിടുത്തെ പൂര്‍ണ്ണമായി കണ്ടെത്തുവാനുമുള്ള സുനിശ്ചിതവും പരിശുദ്ധവും സുഗമവും ഋജുവുമായ മാര്‍ഗ്ഗമാണ് മറിയം. വിശുദ്ധിയില്‍ വളരേണ്ടവര്‍ അവള്‍ വഴി വേണം ക്രിസ്തുവിനെ സമീപിക്കുവാന്‍. മറിയത്തെ കണ്ടെത്തുന്നവര്‍ ജീവനെ കണ്ടെത്തുന്നു. (സഭാ

8:35. അതേ, ”ജീവനും സത്യവും വഴിയു” (യോഹ 14:6) മായ ക്രിസ്തുവിനെ കണ്ടെത്തുന്നു. പക്ഷേ മറിയത്തെ അന്വേഷിക്കാതെ കണ്ടെത്തുക സാധ്യമല്ല. എന്നാല്‍, അറിയപ്പെടാത്തവയെ ആരും അന്വേഷിക്കാറില്ലല്ലോ. കാരണം, ആരും അറിയാത്ത ഒന്നിനെ സ്‌നേഹിക്കുകയോ സ്‌നേഹിക്കാത്ത ഒന്നിനെ തേടിപ്പുറപ്പെടുകയോ ചെയ്യാറില്ല. ആകയാല്‍, പരിശുദ്ധത്രിത്വം കൂടുതല്‍ അറിയപ്പെടുവാനും മഹത്ത്വപ്പെടുവാനും മറിയം പൂര്‍വ്വാധികം അറിയപ്പെടണം.

  1. അന്ത്യകാലങ്ങളില്‍ മാതൃസഹജമായ വാത്സല്യത്തോടെ മറിയം കരുണയിലും ശക്തിയിലും കൃപാവരത്തിലും പൂര്‍വ്വാധികം ശോഭിതയാവണം. പാപികളെയും അപഥസഞ്ചാരികളെയും മാനസാന്തരപ്പെടുത്തുവാന്‍, കത്തോലിക്കാസഭയിലേക്കു പ്രത്യാഗമിപ്പിക്കുവാന്‍, അവള്‍ തന്റെ കരുണയിലും, ദൈവത്തെ ധിക്കാരത്തോടെ എതിര്‍ക്കുവാന്‍ പുറപ്പെടുന്ന തന്റെ ശത്രുക്കളെ-വിഗ്രഹാരാധകരെയും, ശീശ്മക്കാരെയും, മുഹമ്മദീയരെയും, യഹൂദന്മാരെയും, കഠിനഹൃദയരായ പാപികളെയും, തങ്ങളോട് എതിരിടുന്നവരെ ഭീഷണികൊണ്ടും വാഗ്ദാനംകൊണ്ടും പാട്ടിലാക്കി പിഴപ്പിക്കുവാന്‍ പണിപ്പെടുന്ന ഏവരെയും കീഴടക്കുവാന്‍ തീര്‍ച്ചയായും അവള്‍ തന്റെ ശക്തിയിലും പ്രത്യക്ഷയാകും. ക്രിസ്തുവിന്റെ ധീരയോദ്ധാക്കളെ ചൈതന്യപൂര്‍ണ്ണരാക്കുന്നതിനും അതില്‍ നിലനിര്‍ത്തുന്നതിനും അവള്‍ കൃപാവരം അഭൂതപൂര്‍വ്വമായി പ്രസരിപ്പിച്ചേ പറ്റൂ.
  2. പിശാചിനും അവന്റെ സൈന്യങ്ങള്‍ക്കുമെതിരായി പോരാടുവാന്‍ യുദ്ധക്കളത്തില്‍ പൊരുതുന്ന ഒരു വമ്പിച്ച സൈന്യനിരയ്ക്കു സമാനം മറിയം പ്രത്യേകിച്ച്, അന്ത്യകാലഘട്ടങ്ങളില്‍ സുശക്തയായിരിക്കണം. പൂര്‍വ്വകാലങ്ങളെ അപേക്ഷിച്ച് ആത്മാക്കളെ നശിപ്പിക്കുവാന്‍, തനിക്കു കിട്ടുന്ന സമയം ചുരുക്കമാണെന്നു നന്നായി ഗ്രഹിച്ചിരിക്കുന്ന സാത്താന്‍ അന്ത്യകാലഘട്ടങ്ങളില്‍ തന്റെ സര്‍വ്വകഴിവുകളും ഉപയോഗിച്ചു തന്റെ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയായി ശക്തിപ്പെടുത്തും. മറിയത്തിന്റെ വിശ്വസ്തദാസര്‍ക്കും മക്കള്‍ക്കും എതിരായി നിശിതമര്‍ദ്ദനവും ചതിയും ഉഗ്രപീഡനങ്ങളും അവന്‍ അഴിച്ചുവിടും. മേരിസുതരെ അടിപ്പെടുത്തുക വിഷമമാണെന്ന് അവനറിയാം.

3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും.

ധ്യാനവിഷയവും, പ്രാർത്ഥനയും

വിഷയം : ദുരാശകൾക്കെതിരേ നിരന്തരം യുദ്ധം ചെയ്യണം

“ഇതാണ് ദൈവഹിതം: നിങ്ങളുടെ വിശുദ്ധീകരണം. അസാന്മാർഗി കതയിൽനിന്ന് നിങ്ങൾ ഒഴിഞ്ഞുമാറണം” (1 തെസ്സ 4:3).

ആമുഖം

പാപജീവിതത്തിൽനിന്നു മോചനം ലഭിക്കുന്നതിന് അതിന്റെ ഉറവിടങ്ങളായ ജഡത്തിന്റെ ദുരാശ, ലൗകിക വസ്തുക്കളോടുള്ള ദുരാശ, ജീവിതത്തിന്റെ അഹന്ത (1 യോഹ 2:15 – 16) എന്നിവയിൽനിന്നു നാം സ്വതന്ത്രരാകണം.

ജഡത്തിന്റെ ദുരാശ (സുഖേച്ഛ)

ഇതിൽ മൂന്നു തെറ്റുകൾ ഉൾപെടുന്നു: ജഡികാസക്തി, ഭോജനപ്രിയം, അലസത.

1. ജഡികാസക്തി

“ലൈംഗികസുഖത്തിനുവേണ്ടിയുള്ള അമിതമായ ആഗ്രഹമോ അനിയന്ത്രിതമായ ആസ്വാദനമോ ആണ് വിഷയാസക്തി അഥവാ ജഡികാസക്തി” (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം , 2351). ലൈംഗികതയുടെ ദൈവികോദ്ദേശ്യങ്ങൾക്കു വിപരീതമായി ലൈംഗികശക്തി ഉപയോഗിക്കുന്നതിൽ ജഡികാസക്തി അടങ്ങിയിരിക്കുന്നു. “ലൈംഗിക സുഖത്തെ അതിന്റെ ലക്ഷ്യങ്ങളായ പ്രജനനത്തിൽനിന്നും സ്നേഹത്തിൽനിന്നും അവർ തിരിച്ച് സന്തോഷത്തിനുവേണ്ടി മാത്രം തേടുമ്പോൾ അത് ധാർമികമായി ക്രമം തെറ്റിയതാകുന്നു ” (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം,2351). സ്വാർഥസുഖാസ്വാദനത്തിനുവേണ്ടി ലൈംഗികത ദുരുപയോഗിക്കുന്നതാണ് ജഡികാസക്തി.

ലൈംഗികതയ്ക്കുള്ള ഇടം വിവാഹജീവിതത്തിൽ മാത്രം:

സന്താനോത്പാദനവും ജീവിതപങ്കാളിയോടുള്ള സ്നേഹപ്രകാശനവും എന്ന വേർതിരിക്കാനാവാത്ത രണ്ട് ഉദ്ദേശ്യങ്ങൾ ( ജീവനും സ്നേഹവുമേകുക ) ഒരേ സമയത്തുണ്ടായിരിക്കുക ലൈംഗികതയുടെ ധാർമികതയ്ക്ക് അത്യാവശ്യമാണ്. അതിനാൽ “വിവാഹ ജീവിതത്തിനുള്ളിൽ മാത്രമാണ് ലൈംഗികബന്ധം നടക്കേണ്ടത്. വിവാഹത്തിനു പുറത്ത് അതു ഗൗരവപൂർണമായ പാപമാണ് ” (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, 2390).

മാമ്മോദീസാ സ്വീകരിച്ച എല്ലാവരും ശുദ്ധതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു

“മാമ്മോദീസാ സ്വീകരിച്ച എല്ലാവരും ശുദ്ധതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു ” (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, 2348). വിവാഹിതർ ദാമ്പത്യശുദ്ധത പാലിക്കാൻ കടപ്പെട്ടിരിക്കുന്നു. മറ്റുള്ളവരാകട്ടെ, വിരക്തിയിൽ ശുദ്ധത പാലിക്കുന്നു” (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, 2349).

എന്താണ് ശുദ്ധത ?

വ്യക്തിത്വത്തിൽ ലൈംഗികതയുടെ ശരിയായ സമന്വയമാണ് ശുദ്ധത സൂചിപ്പിക്കുന്നത് (മതബോധനഗ്രന്ഥം 2395). വ്യക്തിയിൽ ലൈംഗികതയുടെ ഉദ്ദിഷ്ട ഉദ്ഗ്രഥനവും തദ്വാരാ ശാരീരികവും ആത്മീയവുമായ തലത്തിലുള്ള മനുഷ്യന്റെ ആന്തരികൈക്യവുമാണ് ശുദ്ധത അർഥമാക്കുന്നത് (മതബോധനഗ്രന്ഥം 2337).

ചാരിത്രമുണ്ടായിരിക്കുകയെന്നതിന്റെ അർഥം അവിഭാജിത ഹൃദയത്തോടെ സ്നേഹിക്കുകയെന്നതാണ്. ചാരിത്രമില്ലാത്ത വ്യക്തി വലിച്ചു കീറപ്പെടുന്നു. അയാൾ സ്വതന്ത്രനല്ല (യൂക്യാറ്റ് 406). നാശകരമായ ആന്തരികവും ബാഹ്യവുമായ ശക്തികൾക്കെതിരേ സ്വയം രക്ഷിക്കുന്ന സ്നേഹമാണ് ചാരിത്രപരമായ സ്നേഹം. തന്റെ ലൈംഗികതയെ ബോധപൂർവം സ്വീകരിക്കുകയും തന്റെ വ്യക്തിത്വത്തിലേക്ക് അതിനെ കൂട്ടിചേർക്കുകയും ചെയ്യുന്ന വ്യക്തി ചാരിത്രമുള്ള വ്യക്തിയാണ് (യൂക്യാറ്റ് 404).

വിവാഹിതർ പാലിക്കേണ്ടത് ദാമ്പത്യശുദ്ധത

ദാമ്പത്യശുദ്ധത പാലിക്കാനാകണമെങ്കിൽ :

  1. ദമ്പതിമാർ യഥാർഥ സ്നേഹത്താലാണ്, കാമവികാരത്താലല്ല നയിക്കപ്പെടേണ്ടത്. ലൈംഗിക സംതൃപ്തിക്കുവണ്ടി പരസ്പരം ഉപയോഗിക്കാനല്ല, പ്രത്യുത സ്വയം ആത്മദാനം ചെയ്യുന്ന ദൈവസ്നേഹം പ്രകാശിപ്പിക്കാനാകണം അവരുടെ ദാമ്പത്യബന്ധം. തന്റെ വധുവായ സഭയ്ക്കുവേണ്ടി ജീവനർപ്പിക്കാൻ തക്കവിധം അവളെ സ്നേഹിച്ച യേശുവിന്റെ സ്നേഹം വിവാഹകൂദാശ വഴി ക്രൈസ്തവ ദമ്പതിമാർ ഹൃദയത്തിൽ പേറുന്നതിനാൽ അവർക്ക് ഇത് സാധ്യമാണ്.
  2. “അവരുടെ വൈവാഹിക പ്രവർത്തികൾ ഗാഢവും നിർമലവുമായ സംയോഗം യാഥാർഥ്യമാക്കുന്നതാകണം (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, 2302) അല്ലെങ്കിൽ ലൈംഗീകവേഴ്ചയെ അതിന്റെ സൃഷ്ടിപരമായ കഴിവിൽനിന്നു വേർതിരിക്കുകയും ഭാര്യാ ഭർത്താക്കന്മാരുടെ സമ്പൂർണമായ പരസ്പദാനം തടയുകയും ചെയ്യും. (യുവജന മതബോധനഗ്രന്ഥം, 4211). സംയോഗത്തിലേക്കെത്താത്ത വൈവാഹിക പ്രവൃത്തിയിൽ സമ്പൂർണ ആത്മദാനമില്ല.
  3. പങ്കാളിയുടെ നന്മ, സന്താനോത്പാദനം എന്നിവയെക്കാളുപരി സ്വാർഥസുഖം ലക്ഷ്യമാക്കിയുള്ള ദാമ്പത്യബന്ധം അതിനാൽ തന്നെ അധാർമികമാണ്. കാരണം സ്നേഹവും ജീവനും നല്കലാണ് ലൈംഗികതയുടെ ലക്ഷ്യം. അതിനാൽ പുതുജീവനോട് തുറവുള്ളതും സ്വന്തം സന്തോഷത്തേക്കാളുപരി പങ്കാളിയുടെ നന്മയ്ക്ക് മുൻഗണന കൊടുക്കുന്നതുമായ ദാമ്പത്യബന്ധമാണ് ശരിയായിട്ടുള്ളത്.
  4. ജഡികാസക്തിയുടെ ലക്ഷണങ്ങളായ ലൈംഗിക സുഖത്തിനുവേണ്ടിയുള്ള അമിതമായ ആഗ്രഹത്തെ കീഴടക്കിയും അതിന്റെ അനിയന്ത്രിതമായ ആസ്വാദനം വേണ്ടെന്നുവച്ചും മിതത്വം പാലിക്കണം. അമിത ലൈംഗിക സന്തോഷം ലഭിക്കാനുതകുന്നതെന്ന് പറയപ്പെടുന്ന അസ്വാഭാവിക ലൈംഗികബന്ധരീതികൾ ജഡികാസക്തിയുടെ പ്രകാശനമായതിനാൽ അത് ഒഴിവാക്കണം.
  5. ന്യായമായ കാരണങ്ങളുണ്ടെങ്കിൽ സന്താന നിയന്ത്രണം നടത്താവുന്നതാണ്. പക്ഷേ, അത് അന്ധമായ സ്വയം സ്നേഹത്താൽ പ്രേരിതമല്ലെന്നും ഉത്തരവാദിത്വമുള്ള മാതാപിതാക്കന്മാർക്കു യോജിച്ച ഔദാര്യത്തിൽ നിന്നുള്ളതാണെന്നും ഉറപ്പുവരുത്തേണ്ടതാണ് (മതബോധനഗ്രന്ഥം 2368). 6. ഗർഭനിരോധന ഗുളികകൾ, ക്വാണ്ടം, ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഉപകരണങ്ങൾ, വന്ധ്യംകരണം തുടങ്ങിയ കൃത്രിമ മാർഗങ്ങൾ ഒരു കാരണവശാലും അവലംബിക്കരുത്. ഗർഭധാരണം ബോധപൂർവം നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളായി സഭ ശുപാർശ ചെയ്യുന്നത് പരിഷ്കൃത രീതികളായ അത്മനിരീക്ഷണവും സ്വാഭാവിക കുടുംബാസൂത്രണവും (N.F.P) ആണ് (യുവജന മതബോധനഗ്രന്ഥം, 421). അതായത്, ഗർഭധാരണക്ഷമല്ലാത്ത കാലത്തിന്റെ വിനിയോഗവും നിശ്ചിതകാലത്തെ സംയമനവും.
അധാർമിക ഗർഭധാരണം ഒരു കാരണവശാലും അവലംബിക്കരുത്

ദാമ്പത്യ പങ്കാളിത്തത്തിനു പുറമെനിന്ന് ഒരു വ്യക്തിയെ (ബീജമോ അണ്ഡമോ ദാനം ചെയ്യൽ, ഗർഭപാത്രം വാടകയ്ക്കു നല്കൽ ഉൾപ്പെടുത്തിക്കൊണ്ട് ഭാര്യാഭർത്താക്കന്മാരെ വിയോജിപ്പിക്കുന്ന സാങ്കേതികവിദ്യകൾ വളരെ അധാർമ്മികമാണ് ” (മതബോധനഗ്രന്ഥം 2370).
“ദമ്പതിമാരെ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള സാങ്കേതികവിദ്യകൾ ( line ഭർത്താവിനാലുള്ള കൃത്രിമ ബീജസങ്കലനവും ബീജാണ്ഡ സംയോഗവും) ധാർമികമായി അസ്വീകാര്യമായി നിലനില്ക്കുന്നു.” (മതബോധന ഗ്രന്ഥം 2377)

വിവാഹത്തിന്റെ മാഹാത്മ്യത്തിനെതിരായ തെറ്റുകൾ

വ്യഭിചാരം, വിവാഹമോചനം, ബഹുഭാര്യത്വം ബന്ധുക്കൾ തമ്മിലിള്ള ലൈംഗികത എന്നിവ വിവാഹത്തിന്റെ മാഹാത്മ്യത്തിനെതിരായ ഗൗരവപൂർവകമായ തെറ്റുകളാണ് (മതബോധനഗ്രന്ഥം, 2400).

“വിവാഹമോചനം ഞാൻ വെറുക്കുന്നു” (മലാക്കി 2:16) എന്നാണ് വിവാഹമോചനത്തെപ്പറ്റി ദൈവം അരുൾചെയ്യുന്നത്. “മാമ്മോദീസാ സ്വീകരിച്ചവർ തമ്മിലുള്ള വിവാഹം ഒരു മാനുഷികാധികാരിക്കും മരണമൊഴിക ഒരു കാരണത്താലും വേർപെടുത്താനാവില്ല” (മതബോധന ഗ്രന്ഥം, 2382). നടന്നുവെന്ന് പറയപ്പെടുന്ന വളരെ ചുരുക്കം ചില വിവാഹങ്ങൾ സാധുവായി നടന്നിരുന്നില്ല എന്നതിനാൽ ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ചു ജീവിക്കാൻ ബാധ്യതയില്ല എന്ന് അഭിപ്രായപ്പെടുക മാത്രമാണു സഭാ കോടതികൾ ചെയ്യുന്നത്. അല്ലാതെ, സഭാ കോടതികൾ ആർക്കും വിവാഹമോചനം നല്കുന്നില്ല.

അവിവാഹിതർ പാലിക്കേണ്ടത് : വിരക്തി

അവിവാഹിതർ ശുദ്ധത പാലിക്കേണ്ടത് വിരക്തിയിലാണ് (മതബോധനഗ്രന്ഥം, 2349). വിരക്തി എന്നത് എല്ലാവിധ ലൈംഗിക വ്യാപാരങ്ങളിലും നിന്ന് സ്വന്തം തീരുമാനത്താൽ ഒഴിഞ്ഞുനില്ക്കുന്നതാണ്. ലൈംഗികത സന്താനോത്പാദനത്തെയും പങ്കാളിയോടുള്ള സ്നേഹ പ്രകാശനത്തെയും സംബന്ധിച്ചുള്ളതായതിനാൽ ഒരു ലൈംഗികാനന്ദവും തങ്ങൾക്ക് അവകാശപ്പെട്ടതല്ലാത്തതിനാലാണ് അവിവാഹിതർ ലൈംഗികാനന്ദം നല്കുന്ന സകല കാര്യങ്ങളിലുംനിന്ന് മനഃപൂർവം മാറി നില്ക്കേണ്ടത്. ലൈംഗിക പ്രവൃത്തികളിൽനിന്നു മാത്രമല്ല, മാനസിക ലൈംഗികാനന്ദത്തിൽനിന്നുപോലുമുള്ള അകൽച്ചയാണ് വിരക്തി. കാരണം, യേശുവിന്റെ പ്രബോധനമനുസരിച്ച് നന്മയും തിന്മയും ബാഹ്യമായ പ്രവൃത്തിയിലെന്നപോലെതന്നെ, ഹ്യദയത്തിന്റെ ഭാവത്തിലും അടങ്ങിയിരിപ്പുണ്ട് ” (വി. മർക്കോ 1:20 – 21 കാണുക). “ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹ്യദയത്തിൽ വ്യഭിചാരം ചെയ്തുകഴിഞ്ഞു (വി. മത്തായി 5:27) എന്ന യേശുവചനം ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ട്.

വിവാഹകൂദാശാസ്വീകരണംവരെ വിരക്തിയിൽ ശുദ്ധത പാലിക്കുന്നവർക്ക് വാസ്തവത്തിൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ അർഹതയുള്ളൂ. “വിവാഹവാഗ്ദാനം നടത്തിയവരും വിരക്തിയിലൂടെ ശുദ്ധത പാലിക്കേണ്ടതാണ്. ദാമ്പത്യസ്നേഹത്തിന്റേതായ വികാരപ്രകടനങ്ങൾ വിവാഹജീവിതത്തിലേക്ക് മാറ്റിവയ്ക്കേണ്ടതാണ് ” (മതബോധനഗ്രന്ഥം 2350) എന്ന പ്രബോധനം ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നു. സ്വർഗരാജ്യത്തെപ്രതി മനഃപൂർവം അവിവാഹിത ജീവിതം സ്വീകരിക്കുന്നവർ – പുരോഹിതർ, സന്ന്യസ്തർ, എകാവസ്ഥക്കാർ – മരണംവരെ പൂർണവിരക്തി പാലിക്കാൻ കടപ്പെട്ടിരിക്കുന്നു.

ശുദ്ധതയ്ക്ക് എതിരായ ഗൗരവപൂർവകമായ പാപങ്ങൾ

“സ്വയംഭോഗം , അവിവാഹിതവേഴ്ച, അശ്ലീലകല (Pornography) സ്വവർഗഭോഗ പ്രവൃത്തികൾ എന്നിവ ശുദ്ധതയ്ക്ക് എതിരായ ഗൗരവപൂർണമായ പാപങ്ങളാണ്.” (മതബോധന ഗ്രന്ഥം 2396). ലൈംഗികതയുടെ ലക്ഷ്യത്തിൽനിന്നുള്ള വ്യതിചലനമാണ് സ്വയംഭോഗം എന്നതിനാൽ അത് ഗൗരവപൂർവകമായ തെറ്റാണ്. പ്രജനനവും പങ്കാളിയോടുള്ള സ്നേഹ പ്രകാശനവും ഒഴിവാക്കി ലൈംഗികാനന്ദത്തിന്റെ ഉദ്ദീപിപ്പിക്കലിനെ സ്വയംഭോഗം അതിൽത്തന്നെ ഒരു ലക്ഷ്യമാക്കുന്നു (യുവജന മതബോധന ഗ്രന്ഥം, 409). അവിവാഹിതരായ സ്ത്രീപുരുഷന്മാർ തമ്മിലുള്ള ലൈംഗികബന്ധവും മേല്പറഞ്ഞ കാരണത്താൽത്തന്നെ ലൈംഗികതയുടെ മഹനീയതയ്ക്ക് എതിരാണ് (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 2353).

പ്രണയം അവിവാഹിതവേഴ്ചയ്ക്ക് അടുത്ത കാരണമാകാമെന്നതിനാൽ അക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണം. ബന്ധുക്കളുടെയിടയിലുള്ള സ്വാതന്ത്ര്യം അശുദ്ധപാപത്തിനു കാരണമാകാതിരിക്കാൻ അതീവശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രക്തബന്ധത്താലോ ബന്ധുതയാലോ വിവാഹവിലക്കുള്ളവർ തമ്മിലുള്ള ലൈംഗിക വ്യാപാരങ്ങൾ (നിഷിദ്ധസംഗമം) അതികഠിന ശിക്ഷയ്ക്കർഹമാണെന്ന് ബൈബിൾ പ്രതിപാദിക്കുന്നുണ്ട് (ലേവ്യ 20, 12, 14, 17, 19, 21). അവ മൃഗീയതയിലേക്കുള്ള തിരിച്ചുപോക്കും കുടുംബബന്ധങ്ങൾ മലീമസമാക്കലുമാണ് (മതബോധനഗ്രന്ഥം, 2537).

അശ്ലീലകാര്യങ്ങൾ മനഃപൂർവം കാണുന്നത് വ്യഭിചാരം ചെയ്യുംന്നതിനു തുല്യമാണ്. “അശ്ശീല സാഹിത്യം വ്യഭിചാരത്തിന്റെ തരംതാഴ്ത്തപ്പെട്ട ഒരു രൂപമാണ്. അത് ആസ്വദിക്കുന്നവർ വേശ്യാവൃത്തിയുടെ വിപുലമായ വൃത്തത്തിൽ തന്നെത്തന്നെ കണ്ടെത്തുന്നു ” (യുവജന മതബോധന ഗ്രന്ഥം, 412). സ്വവർഗഭോഗം പ്രകൃതിവിരുദ്ധമാണ്. അതിലേർപ്പെടുന്നവർ സ്വർഗരാജ്യം അവകാശമാക്കുകയില്ല (1 കോറി 6:9 -10) എന്നാണ് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നത്. സ്വവർഗഭോഗപരമായ എല്ലാ ബന്ധങ്ങളും തികഞ്ഞ ധാർമിക അധപതനമായി തിരുസഭ പ്രഖ്യാപിച്ചിട്ടുണ്ട് (മതബാധനഗ്രന്ഥം, 2537 ; യുവജന മതബോധനഗ്രന്ഥം, 415 ). ” അസഭ്യ ഭാഷണം ശീലിക്കരുത് ; അതു പാപകരമാണ് ” (പ്രഭാ 23:13 ) എന്ന് ബൈബിൾ വ്യക്തമാക്കുന്നു. ലൈംഗിക സുഖാസ്വാദനത്തിനുവേണ്ടിയുള്ള സമ്പർക്ക മാധ്യമങ്ങളുടെ ദുരുപയോഗം കർശനമായി നിരോധിക്കണം. ” നിന്റെ കണ്ണ് നിനക്കു ദുഷ്പ്രേരണയ്ക്ക് കാരണമാകുന്നെങ്കിൽ, അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക ” (വി. മത്താ 18:9 ) എന്ന വചനം ഇക്കാര്യം ശക്തിയുക്തം പഠിപ്പിക്കുന്നു.

ശുദ്ധത പാലിക്കാൻ ക്രിസ്തീയചൈതന്യത്തിനു നിരക്കാത്ത വസ്ത്രധാരണം ഉപേക്ഷിക്കേണ്ടതുണ്ട്. ശരീരഭാഗങ്ങൾ എടുത്തുകാണിക്കുന്ന വസ്ത്രങ്ങൾ ക്രിസ്തീയ ചൈതന്യത്തിന് നിരക്കുന്നതല്ല. അത് അനേകർക്കു പാപഹേതുവാകും. “സ്ത്രീകൾ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്നു ഞാൻ ഉപദേശിക്കുന്നു” (1 തിമോ 2 : 6 – 9) എന്ന തിരുവചനം അടക്കവും ഒതുക്കവുമുള്ള വസ്ത്രധാരണം ക്രൈസ്തവ സ്ത്രീകൾക്ക് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കുന്നുണ്ട്. “സ്ത്രീ പുരുഷന്റെയോ പുരുഷൻ സ്ത്രീയുടെയോ വസ്ത്രമണിയരുത് ” (നിയ 22:5) എന്ന തിരുവചനതാക്കീത് എന്നത്തെക്കാളുമുപരി ഇന്നു പ്രസക്തമാണ്. ജ്ഞാനസ്നാനം വഴി
ക്രിസ്തുവിനെ ധരിച്ചവനാണ് താൻ എന്ന യാഥാർഥ്യബോധം വസ്ത്രധാരണത്തിലും ആഭരണങ്ങൾ അണിയലിലുമെല്ലാം സുവിശേഷാത്മക ലാളിത്യത്തിലേക്കും എളിമയിലേക്കും ഓരോ ക്രൈസ്തവനെയും നയിക്കണം.

ക്രൈസ്തവന്റെ ശരീരം ക്രിസ്തുവിന്റെ അവയവമാണ് എന്ന ബോധ്യത്തിൽ ആഴപ്പെടുക, ‘ശുദ്ധത പാലിക്കുക അസാധ്യം’ എന്ന നുണ തള്ളിക്കളയുക, പഞ്ചേന്ദ്രിയങ്ങൾ കർശനമായി നിയന്ത്രിക്കുക, സാമൂ ഹികമാധ്യമങ്ങളുടെ ദുരുപയോഗം പൂർണമായും നിർത്തലാക്കുക, സൃഷ്ടികളിൽ കാണുന്ന സൗന്ദര്യത്തിൽനിന്ന് സ്രഷ്ടാവിന്റെ അതിസമൃദ്ധസൗന്ദര്യത്തിലേക്ക് തിരിയുക, ഭക്താനുഷ്ഠാനങ്ങളിൽ തീക്ഷ്ണത കാണിക്കുക എന്നിവയാണ് ജഡികാസക്തിക്കുള്ള പ്രതിവിധികൾ.

II ഭോജനപ്രിയം അഥവാ ഭക്ഷണാസക്തി

ജഡത്തിന്റെ ദുരാശയുടെ ഭാഗമായ ഭക്ഷണപാനീയങ്ങളോടുള ആസക്തി പരിപൂർണതയ്ക്ക് വലിയ പ്രതിബന്ധമാകും. കാരണം, അത് സുഖലോലുപത്വം വർധിപ്പിച്ചുകൊണ്ട് മനസ്സിനെ ബലഹീനമാക്കുകയും ജഡികാഭിലാഷങ്ങൾ വളർത്തുകയും ചെയ്യുന്നു. സർവോപരി, ആത്മീയ കാര്യങ്ങളിലുള്ള താത്പര്യം അത് നശിപ്പിക്കുന്നു.

വിശഷതരത്തിൽ പാകപ്പെടുത്തിയ ഭക്ഷണ സാധനങ്ങൾ മാത്രം ഭക്ഷിക്കുക, ആവശ്യത്തിൽ അധികമായും ആരോഗ്യത്തിനു ഹാനികരമായും ഭക്ഷിക്കുക, ഒരു ക്രമവും നിയന്ത്രണവും കൂടാതെ ആർത്തിയോടെ ഭക്ഷിക്കുക എന്നിവയാണ് ഭക്ഷണാസക്തിയുടെ ലക്ഷണങ്ങൾ.

മദ്യപാനം ജഡികവികാരങ്ങൾ ആളിക്കത്തിക്കുന്നതിനാൽ ജഡത്തിന്റെ ദുരാശയിൽനിന്ന് മോചനം നേടാൻ ലഹരി കുറവെന്നു കരുതപ്പെടുന്ന മദ്യത്തിന്റെപോലും ചെറിയ അളവിലുള്ള ഉപയോഗവും പാടേ ഉപേക്ഷിക്കേണ്ടതാണ്. “വീഞ്ഞു കുടിച്ച് ഉന്മത്തരാകാതിരിക്കുവിൻ; അതിൽ ദുരാസക്തിയുണ്ട് ” (എഫേ 5:18) എന്ന് ദൈവവചനം താക്കീതു ചെയ്യുന്നു. ഉന്മാദത്തിനുവേണ്ടിയുള്ള മയക്കമരുന്നുകളുടെ ഉപയോഗം മദ്യത്തെക്കാൾ വലിയ തോതിൽ മനുഷ്യമഹത്ത്വം നശിപ്പിക്കുന്നതിനാൽ അത് പാടെ ഉപേക്ഷിക്കേണ്ടതുണ്ട്.

ഭക്ഷണാസക്തിക്കുള്ള പ്രതിവിധികൾ: “ഭക്ഷണത്താലല്ല, കൃപയാൽ ഹൃദയത്തെ ശക്തമാക്കുന്നതാണ് ഉചിതം; ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നവർക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല” (ഹെബ്രാ 13:9) എന്ന തിരുവചനത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷണ കാര്യങ്ങളിലുള്ള നിർബന്ധബുദ്ധി വെടിയുക, ഭക്ഷണത്തിനുമുമ്പും പിമ്പുമുള്ള പ്രാർഥന അർഥവത്തായി അർപ്പിക്കുക, ദൈവമഹത്ത്വത്തിനായും ഈ ഭക്ഷണത്തിനർഹതയില്ലെന്ന തിരിച്ചറിവോടെയും വിനയപൂർവം ഭക്ഷിക്കുക, ഏറ്റവും രുചികരമായവ മാത്രം ഭക്ഷിക്കുന്ന പതിവ് മാറ്റി രുചിക്കുറവുള്ളവയും ഭക്ഷിക്കുക, മിതമായി ഭക്ഷിക്കുക, ആഴ്ചയിലൊരിക്കൽ ഉപവാസമെടുക്കുക എന്നിവയാണ്.

III. അലസത അഥവാ സുഖലോലുപത

അലസത പരിപൂർണതയ്ക്ക് വലിയ തടസ്സമാണ്. കാരണം, അലസതമൂലം പ്രലോഭനങ്ങൾ ശക്തിപ്പെടും. നമ്മുടെ ബുദ്ധിക്കും ഹ്യദയത്തിനും ഒന്നും ചെയ്യാതെ വളരെനാൾ വ്യഥാ ഇരിക്കാൻ സാധ്യമല്ല. അവയെ ഏതെങ്കിലും നല്ല കാര്യങ്ങളിൽ വ്യാപൃതമാക്കുന്നില്ലെങ്കിൽ നമ്മിൽ ക്രമവിരുദ്ധമായ ചിന്തകളും ആഗ്രഹങ്ങളും വികാരങ്ങളും ഭാവനകളും തിങ്ങിനിറയും. നിത്യരക്ഷ അപകടത്തിലാക്കും. അലസതമൂലം ഗൗരവാവഹമായ ജീവിതകടമകൾ ഉപേക്ഷിക്കുന്നവൻ നിത്യസമ്മാനം പ്രാപിക്കുകയില്ല.

അലസതയ്ക്കുള്ള പ്രതിവിധി ‘അധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ’ എന്ന ദൈവവചനം അനുസരിച്ചു ജീവിക്കുക എന്നതാണ്. ആത്മാർഥതയോടെ ജീവിത കടമകൾ നിറവേറ്റുക, ബൈബിൾ പഠനത്തിലും ദൈവശാസ്ത്ര പഠനത്തിലും ശ്രദ്ധിക്കുക, ദൈവത്തിൽനിന്ന് അകന്നുപോയവരെ നേടാൻ മധ്യസ്ഥപ്രാർഥന നടത്തുക തുടങ്ങിയ പ്രേഷിത്രപ്രവർത്തനങ്ങൾ ചെയ്യുക എന്നിവയാണ്.

ബൈബിൾ വായന

“ജഡികാഭിലാഷങ്ങൾ മരണത്തിലേക്കു നയിക്കുന്നു; ആത്മീയാഭിലാഷങ്ങൾ ജീവനിലേക്കും സമാധാനത്തിലേക്കും. ജഡികതാത്പര്യങ്ങളിൽ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണ്. അതു ദൈവത്തിന്റെ നിയമത്തിനു കീഴ്പ്പെടുന്നില്ല; കീഴ്പ്പെടാൻ അതിനു സാധിക്കകയുമില്ല. ജഡികപ്രവണതകളനുസരിച്ചു ജീവിക്കുന്നവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ആകയാൽ, സഹോദരരേ, ജഡികപ്രവണത കൾക്കനുസരിച്ചു ജീവിക്കാൻ നാം ജഡത്തിനു കടപ്പെട്ടവരല്ല. ജഡികരായി ജീവിക്കുന്നെങ്കിൽ നിങ്ങൾ തീർച്ചയായും മരിക്കും. എന്നാൽ, ശരീരത്തിന്റെ പ്രവണതകൾ ആത്മാവിനാൽ നിഹനിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും ” ( റോമാ 8 : 6 – 8 , 12 – 13 ).

പത്താം ദിവസത്തിലെ പ്രാർഥന

“ദൈവമേ, ശരീരത്തിന്റെ പ്രവണതകൾ നിഹനിക്കാൻ തക്കവിധം പരിശുദ്ധാത്മാവിന്റെ ശക്തി എന്നിൽ വർധമാനമാക്കണമേ. ആത്മ – മന – ശരീര വിശുദ്ധി പാലിച്ചുകൊണ്ട് ശരീരത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്താൻ എന്നെ അനുഗ്രഹിക്കണമേ. ഭക്ഷണത്തിൽ ആത്മസംയമനം പാലിക്കാനും സ്വർഗരാജ്യത്തെപ്രതി മദ്യത്തോടും ലരഹിവസ്തുക്കളോടും പൂർണമായി വിടപറയാനും എന്ന അനുഗ്രഹിക്കണമേ. “നെറ്റിയിലെ വിയർപ്പുകൊണ്ട് ഭക്ഷണം നേടുവിൻ” എന്ന ദൈവകല്പന മാനിച്ച് ഈ ലോക ജീവിതത്തിനുവേണ്ടിയും പരലോക ജീവിതത്തിനുവേണ്ടിയും അധ്വാനിക്കാൻ എന്നെ പ്രാപ്തനാക്കണമേ. പിശാചിന് ഇടംകൊടുക്കുന്ന സുഖലോലുപതയും അലസതയും വെടിഞ്ഞ് സത്കൃത്യങ്ങളിലാം സാവി ശേഷവേലയിലും സദാ വ്യാപൃതനാകാൻ എന്നെ അനുഗ്രഹിക്കയും ചെയ്യണമേ.

*******************************************************************************************************************

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക

DAY 1 പ്രതിഷ്ഠാ ഒരുക്കം

DAY 2 പ്രതിഷ്ഠാ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം

DAY 5 പ്രതിഷ്ഠാ ഒരുക്കം

DAY 6 പ്രതിഷ്ഠാ ഒരുക്കം

DAY 7 പ്രതിഷ്ഠാ ഒരുക്കം

DAY 8 പ്രതിഷ്ഠാ ഒരുക്കം

DAY 9 പ്രതിഷ്ഠാ ഒരുക്കം

✝️MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY ✝️