12-ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നയിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

==========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

==========================================================================

പന്ത്രണ്ടാം ദിവസം

1. ക്രിസ്താനുകരണ വായന

പ്രതിസന്ധികള്‍ പ്രയോജനകരമാണ്.

ചിലപ്പോഴൊക്കെ ക്ലേശങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നത് നമുക്ക് നല്ലതാണ്. മനുഷ്യന്‍ അതു വഴി തന്നിലേക്ക് തന്നെ പ്രവേശിക്കുന്നു. താന്‍ പരദേശവാസിയാണെന്ന് ഓര്‍മിക്കുന്നു. തന്റെ പ്രത്യാശ ലോകവസ്തുക്കളില്‍ വയ്ക്കരുതെന്ന് മനസ്സിലാക്കുന്നു. എതിര്‍പ്പുകള്‍ അനുഭവപ്പെടുന്നത് നല്ലതാണ്. നല്ല ഉദ്ദേശ്യത്തോടെ നന്മ ചെയ്താലും നമ്മെ കുറിച്ച് മോശമായി ചിന്തിക്കുന്നതും നമ്മെ കുറ്റക്കാരായി കാണുന്നതും നല്ലതാണ്. അത് എളിമയില്‍ വളരുന്നതിന് സഹായിക്കുന്നു. വ്യര്‍ത്ഥാഭിമാനത്തില്‍ നിന്ന് നമ്മെ കാത്തു സൂക്ഷിക്കുന്നു. മനുഷ്യര്‍ നമ്മെ ബാഹ്യമായി നിന്ദിക്കുമ്പോള്‍, നമ്മെ കുറിച്ച് മോശമായി വിചാരിക്കുമ്പോള്‍ നമ്മുടെ ആന്തരിക സാക്ഷിയായ ദൈവത്തെ നാം തിരക്കുന്നു.

അപ്പോള്‍ ദൈവം നമുക്ക് കൂടുതല്‍ ആവശ്യമാണെന്ന് നാം മനസ്സിലാക്കുന്നു.

അപ്പോള്‍ മനുഷ്യന്‍ ദൈവത്തില്‍ ഉറച്ചു നില്‍ക്കണം. ധാരാളം മാനുഷികാശ്വാസങ്ങള്‍ ആവശ്യമായി വരുകയില്ല. സന്മനസ്സുള്ള മനുഷ്യന്‍ അസ്വസ്ഥനാകുമ്പോള്‍, പ്രലോഭിതനാകുമ്പോള്‍ മോശമായ ചിന്തകളാല്‍ പീഡിതനാകുമ്പോള്‍ ദൈവം എത്രയോ ആവശ്യമാണെന്ന് മനസ്സിലാകും. അവിടുത്തെ കൂടാതെ ഒരു നന്മയും സാധ്യമല്ലെന്ന് ഗ്രഹിക്കും. താന്‍ സഹിക്കുന്ന തിന്മകളോര്‍ത്ത് വേദനിക്കുകയും സങ്കടപ്പെടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. അപ്പോള്‍ ദീര്‍ഘനാള്‍ ജീവിക്കുന്നത് മടുപ്പായി തോന്നും. മരണം വരാന്‍ ആഗ്രഹിക്കും. അങ്ങനെ അഴിഞ്ഞ് ക്രിസ്തുവിനോടു കൂടെ ആയിരിക്കാന്‍ ആഗ്രഹിക്കും. (ഫിലി 1. 23). സമ്പൂര്‍ണമായ സുരക്ഷിതത്വവും തികഞ്ഞ ശാന്തിയും ഈ ഭൂമിയില്‍ സാധിക്കുകയില്ലെന്ന് അപ്പോള്‍ മനസ്സിലാകും.

പ്രാര്‍ത്ഥന

ദൈവമേ , ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ ലോകവസ്തുക്കളില്‍ നിന്ന് അകന്ന് അങ്ങയോട് ഒട്ടിച്ചേരാനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമേ.

2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.


നരകത്തിന്റെമേല്‍ പരിശുദ്ധ മറിയത്തിനുള്ള അധികാരം.

ലൂസിഫര്‍ അഹങ്കാരത്താല്‍ നഷ്ടപ്പെടുത്തിയതും മറിയം എളിമകൊണ്ട് കരസ്ഥമാക്കി. ഹവ്വാ അനുസരണക്കേടിനാല്‍ കളഞ്ഞുകുളിച്ചതു മറിയം വിധേയത്വംവഴി വീണ്ടെടുത്തു. സര്‍പ്പത്തിനെ അനുസരിച്ച ഹവ്വാ, തന്നെയും, തന്റെ സന്താനപരമ്പരകളെയും നശിപ്പിച്ചു. മറിയം ദൈവത്തോടുള്ള തന്റെ പരിപൂര്‍ണ്ണവിശ്വാസ്തതയാല്‍ തന്നോടുകൂടി സകലദാസരെയും മോചിപ്പിച്ച് ദൈവത്തിനു സമര്‍പ്പിച്ചു.
ദൈവം ഒരു ശത്രുത മാത്രമല്ല പല ശത്രുതകളും ഉണ്ടാക്കി.

മറിയവും ദുഷ്ടാരുപിയുമായി മാത്രമല്ല അവളുടെ സന്താനങ്ങളും അവന്റെ അനുയായിരകളും തമ്മിലും അവിടുന്നു ശത്രുതയും നിഗൂഢമായ വിദ്വേഷവും സൃഷ്ടിച്ചു. ഈ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്‌നേഹമില്ല, അനുഭാവമില്ല. ബെലിയാലിന്റെ മക്കളും പിശാചിന്റെ ദാസരും ലോകസ്‌നേഹികളും, പരിശുദ്ധ കന്യകയുടെ ദാസരെ എന്നെന്നും നിരന്തരം മര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അഭൂതപൂര്‍വ്വമായ ക്രൂരതയോടെ അവര്‍ തങ്ങളുടെ മര്‍ദ്ദനങ്ങളെ ഇനി ശക്തിപ്പെടുത്തുകയും ചെയ്യും.

ആബേലും യാക്കോബും തെരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടു പ്രതിരൂപങ്ങളാണ്. അവര്‍ക്കെതിരായി മര്‍ദ്ദന പരിപാടികളുമായി കായേനും ഏസാവും പ്രത്യക്ഷപ്പെട്ടു. അതുപോലെ പിശാച് പരിശുദ്ധ കന്യകയുടെ ദാസരെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, വിനീതയായ മറിയം അഹങ്കാരിയായ സര്‍പ്പത്തിന്മേല്‍ വിജയം വരിക്കുകതന്നെ ചെയ്യും. അവന്റെ അഹങ്കാരത്തിന്റെ ആസ്ഥാനമായ ശിരസ്സിനെ അവള്‍ തകര്‍ത്തു തരിപ്പണമാക്കി വിജയം ചൂടും. അവള്‍ അവന്റെ കുടിലതയെ പരസ്യമാക്കും, നാരകീയ ദുരാലോചനകളുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തും; പൈശാചിക ഉപദേശങ്ങളെ നിഷ്പ്രയോജനമാക്കും. അങ്ങനെ, തന്റെ വിശ്വസ്തദാസരെ അവന്റെ കരാളദംഷ്ട്രങ്ങളില്‍ നിന്ന് എന്നെന്നും അവള്‍ കാത്തുരക്ഷിക്കും.

നരകത്തിന്റെമേല്‍ മറിയത്തിനുള്ള അധികാരം അന്ത്യകാലങ്ങളില്‍ പൂര്‍വ്വാധികം പ്രശോഭിക്കും. അപ്പോള്‍ പിശാച്, അവളുടെ കുതികാലിനെതിരെ കെണിയൊരുക്കും. അവനോടു യുദ്ധം ചെയ്യുവാന്‍ മറിയം പ്രാപ്തരാക്കിയ തന്റെ വിനീത അടിമകള്‍ക്കും മക്കള്‍ക്കും എതിരായി കെണിയൊരുക്കും എന്നു സാരം. ലോകദൃഷ്ടിയില്‍ അവര്‍ പാവങ്ങളും നിസ്സാരരുമായിരിക്കും. കുതികാലിനെ മനുഷ്യശരീരത്തിലെ മറ്റ് അവയവങ്ങള്‍ കീഴിലാക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നതുപോലെ ഏറ്റവും എളിയ അവസ്ഥയിലായിരിക്കും അവര്‍. എന്നാല്‍, ഒരു കാര്യത്തില്‍ അവര്‍ എന്നെന്നും സമ്പന്നരായിരിക്കും-കൃപാവരത്തില്‍. അത് അളവറ്റ തോതില്‍ മറിയം അവരില്‍ നിക്ഷേപിക്കും. തങ്ങളുടെ വിശുദ്ധിയാല്‍ അവര്‍ ദൈവതിരുമുമ്പില്‍ സമ്പന്നരും ഉത്കൃഷ്ടരുമായിരിക്കും. സജീവ തീക്ഷ്ണതയാല്‍ സകല സൃഷ്ടികളിലും വച്ച് അവര്‍ സമുന്നതരായിരിക്കും. ദൈവസഹായം അവരെ ശക്തരാക്കും. അവര്‍ മറിയത്തോടൊത്ത് വിനയമാകുന്ന കുതികാലുകൊണ്ടു പിശാചിന്റെ തല തകര്‍ക്കുകയും, യേശുവിനെ വിജയശ്രീലാളിതനാക്കാന്‍ ഇടയാക്കുകയും ചെയ്യും.


3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും

വിഷയം : അഹങ്കാരത്തിൽ നിന്ന് സ്വതന്ത്രരാകണം

“അവിടന്ന് ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തൻമാരെ സിംഹാസനത്തിൽനിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി” (വി. ലൂക്കാ 1:51-52).

ആമുഖം

സർവപാപങ്ങളും ഉദ്ഭവിക്കുന്നത് അഹങ്കാരത്തിൽനിന്നായതിനാൽ നമ്മിലുള്ള അഹന്ത തിരിച്ചറിഞ്ഞു പരിഹരിക്കേണ്ടത് ക്രിസ്തീയ പരിപൂർണത പ്രാപിക്കാൻ അത്യാവശ്യമത്രേ.

സമ്പത്തും അധികാരവും സ്ഥാനമാനങ്ങളുമാണ് അഹങ്കാരത്തിന്റെ പ്രധാന ഹേതുക്കൾ. സ്വന്തം കഴിവുകളിലും നേട്ടങ്ങളിലും സൗന്ദര്യത്തിലും വിദ്യാഭ്യാസത്തിലും ജോലിയിലും കുടുംബ മഹിമയിലുമെല്ലാം അഹങ്കാരമുണ്ടാകാം. മക്കളുടെയോ ജീവിത പങ്കാളിയുടെയോ പ്രാധാന്യത്തിലോ നേട്ടങ്ങളിലോ ഉയർച്ചയിലോ സ്ഥാനമാനങ്ങളിലോ അഹങ്കരിക്കാനിടയായേക്കാം.

എന്താണ് അഹങ്കാരം ?

അവനവനെപ്പറ്റിയുള്ള തെറ്റായ അഭിപ്രായമാണ് അഹംഭാവം – ഞാനെന്ന ഭാവം. നാം തന്നെയാണ് നമ്മുടെ ആരംഭവും അന്ത്യവുമെന്ന് പ്രത്യക്ഷമായാ പരോക്ഷമായോ പരിഗണിക്കാൻ നമ്മെ പ്രരിപ്പിക്കുന്ന അതിരുകടന്ന ആത്മസ്നേഹമാണ് അഹങ്കാരം. സർവതും ദൈവത്തിന്റെ ദാനമാണെന്ന സത്യത്തിന്റെ നിഷേധമാകയാൽ അത് ഒരു വിധത്തിൽ പറഞ്ഞാൽ, ഒരുതരം വിഗ്രഹാരാധനയാണ്. അഹങ്കാരം സ്വയം ദൈവമാകലാണ്. എല്ലാ നന്മകളുടെയും ഉറവിടം ദൈവമായതിനാലും അവയുടെ സർവ മഹത്ത്വത്തിനുമുള്ള അവകാശം ദൈവത്തിന് മാത്രമുള്ളതായതിനാലും തങ്ങൾക്കുള്ള നന്മകളെപ്രതി അഹങ്കരിക്കുന്നവർ ദൈവത്തിന്റെ സവിശേഷാധികാരങ്ങളിൽ കൈകടത്തുകയാണ് ചെയ്യുന്നത്.

ദൈവദാനങ്ങളെ സ്വന്തമെന്നു ഭാവിക്കുന്നവർ, സ്വന്തം നേട്ടങ്ങൾ തങ്ങളുടെ സാമർഥ്യത്തിന്റെ ഫലമാണെന്നു കരുതുന്നവർ, സ്വന്തം തെറ്റുകൾ അവഗണിച്ച് സ്വന്തം നന്മകളെ അതിമാത്രം വിലമതിക്കുന്നവർ, ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്നു ഭാവിക്കുന്നവർ, മറ്റുള്ളവരെക്കാൾ നല്ലവരാണെന്ന അഭിപ്രായമുള്ളവർ, മറ്റുള്ളവരുടെ തെറ്റുകൾ കണ്ടുപിടിക്കാൻ തത്രപ്പെടുകയും അവരുടെ നല്ല പ്രവൃത്തികൾ പോലും ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നവർ, അധികാരികളുടെ നിസ്സാര കുറവുകളെപ്പോലും വിമർശിക്കുകയും അവരെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവർ എന്നിവരെല്ലാം അഹങ്കാരികളാണ്.

അഹങ്കാരത്തിൽ നിന്നുളവാകുന്ന ഗുരുതരമായ മൂന്ന് പാപങ്ങളാണ് ഔദ്ധത്യം, ബഹുമാനേച്ഛ, വ്യർഥാഭിമാനം.

1. ഔദ്ധത്യം

നമ്മുടെ ശക്തിക്കതീതമായ കാര്യങ്ങൾ ചെയ്യാനുള്ള സാഹസികമായ ആഗ്രഹത്തിലും പരിശ്രമത്തിലും ഇത് അടങ്ങിയിരിക്കുന്നു.

ബുദ്ധിശക്തിയുടെ കാര്യത്തിലുള്ള ഔദ്ധത്യം, ഏത് വിഷമകരമായ പഠനം നടത്താനും ഏത് വിഷമ പ്രശ്നങ്ങൾക്കും സമാധാനം കണ്ടെത്താനും തനിക്കു സാധിക്കുമെന്ന അന്ധമായ ആത്മവിശ്വാസത്തിലും അതിനുവേണ്ടിയുള്ള പരിശ്രമത്തിലുമാണ് അടങ്ങിയിരിക്കുന്നത്. സാന്മാർഗിക കാര്യങ്ങളിൽ ഔദ്ധത്യമുള്ളവരാണ് പഴയ പരാജയങ്ങൾ പരിഗണിക്കേണ്ടതില്ലെന്നു ധരിച്ച് ഒരിക്കലും ഇനി തെറ്റുപറ്റുകയില്ല എന്ന മിഥ്യാബോധത്തോടെ പാപസാഹചര്യങ്ങളിൽ വ്യാപരിക്കുകയും ഗൗരവമുള്ള തെറ്റുകളിൽ പെട്ടെന്നു വീഴുകയും ചെയ്യുന്നത്. സ്വന്തം ജീവിതം ക്രമപ്പെടുത്താൻ തനിക്ക് വേണ്ട അറിവുണ്ടെന്നും ഒരാധ്യാത്മിക പിതാവിന്റെ ശിക്ഷണം സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും ഇക്കൂട്ടർ ധരിച്ചുവശാകുന്നു. ആത്മീയ കാര്യങ്ങളിലുള്ള ഔദ്ധത്യം കൂടുതൽ നിഗൂഢമായതിനാൽ കൂടുതൽ അപകടകരമാണ്. ഇത്തരത്തിലുളളവർ രഹസ്യവും പരിത്യാഗപരവുമായ സൽകൃത്യങ്ങൾ ത്യജിച്ചിട്ട് കൂടുതൽ പ്രശംസ ലഭിക്കാവുന്ന ബാഹ്യകാര്യങ്ങൾ ചെയ്യാൻ താത്പര്യപ്പെടുന്നു. അധികാരികളുടെ അനുവാദം വാങ്ങാതെ ഇക്കൂട്ടർ കടുത്ത പ്രായശ്ചിത്തം ചെയ്യാൻ തുടങ്ങും. ഒടുവിൽ പ്രായശ്ചിത്തം ഉപേക്ഷിച്ച് നിരാശപ്പെടുകയും പല തെറ്റുകളിലേക്കും വീഴുകയും ചെയ്യുന്നു (മോൺസിഞ്ഞോർ മാത്യു മങ്കുഴിക്കരി, ആധ്യാത്മിക ജീവിതം – രണ്ടാം ഭാഗം, പേജ് 85).

2. ബഹുമാനേച്ഛ

നിലയും വിലയുമുള്ള സ്ഥാനങ്ങൾ ലഭിക്കാനുള്ള താത്പര്യമാണിത്. ഇതു പ്രകടമാകുന്നത് മൂന്നു വിധത്തിലാണ് :
a) കിട്ടാൻ ഒരു വിധത്തിലും അർഹതയില്ലാത്ത സ്ഥാനം ആഗ്രഹിക്കുക
b) അർഹതയുള്ളതാണെങ്കിലും അത് ആഗ്രഹിക്കുന്നത് മറ്റുള്ളവർക്ക് നന്മ ചെയ്യാനെന്നതിലുപരി സ്വന്തം ബഹുമാനത്തിനുവേണ്ടി
c) ആ സ്ഥാനം ലഭിക്കാൻ തെറ്റായ മാർഗങ്ങൾ സ്വീകരിക്കുക.

3. വ്യർഥാഭിമാനം

അന്യരിൽനിന്ന് പ്രശംസ കിട്ടാനുള്ള താത്പര്യമാണിത്. തന്നെപ്പറ്റിത്തന്നെ അതിരുകടന്ന മതിപ്പുണ്ടാകുന്നതിന്റെ ഫലമായി മറ്റുള്ളവരിൽ നിന്ന് സർവദാ പ്രശംസയും സ്തുതിയും കിട്ടാൻ ആഗ്രഹിക്കുന്നു.

വിശുദ്ധ ഫ്രാൻസിസ് സാലസ് പഠിപ്പിക്കുന്നത് ദൈവത്തിനു നല്കേണ്ട മഹത്ത്വം തനിക്കുതന്നെ കിട്ടണമെന്ന താത്പര്യമാണ് വ്യർഥാഭിമാനം എന്നാണ്.

വ്യർഥാഭിമാനത്തിൽ നിന്നുടലെടുക്കുന്ന തിന്മകൾ ആത്മപ്രശംസ, പ്രകടന മനോഭാവം, കപടഭക്തി, ഗോപനമനോഭാവം എന്നിവയാണ്. സ്വന്തം വിജ്ഞാനമോ കുടുംബത്തിന്റെ മേന്മയോ പ്രദർശിപ്പിക്കത്തക്കവിധം സംസാരിക്കുന്നത് ആത്മപ്രശംസയുടെ അടയാളമാണ്. അന്യരുടെ പ്രശംസ നേടാൻ നടപ്പിലും ഇരിപ്പിലും സംസാരത്തിലും വസ്ത്ര ധാരണത്തിലും ഭിന്നമായവിധം വ്യാപരിക്കുക പ്രകടന മനോഭാവത്തിന്റെ ലക്ഷണമാണ്. ഇല്ലാത്ത ഭക്തി അഭിനയിക്കുകയും നന്മയുടെ ഭാവത്തിൽ തിന്മചെയ്യലും കപട ഭക്തിയുടെ അടയാളങ്ങളാണ്. പാപഗോപന മനോഭാവം എന്ന തിന്മയുടെ ലക്ഷണങ്ങൾ, സ്വന്തം തെറ്റ് മറ്റുള്ളവരിൽനിന്ന് മറച്ചുവയ്ക്കുക, കളവ് പറയുക, പാപം മറച്ചുവച്ച് കുമ്പസാരിക്കുക. തെറ്റ് സമ്മതിക്കാതിരിക്കുക, തെറ്റ് നിഷേധിക്കാൻ കഴിയാതെ വന്നാൽ അമിതമായി ദുഃഖിക്കുകയും നിരാശപ്പെടുകയും ചെയ്യുക എന്നിവയാണ്. ഈ തിന്മ ചിലപ്പോൾ ആത്മഹത്യയ്ക്ക് പാലും പ്രേരിപ്പിച്ചേക്കാം (ആധ്യാത്മിക ജീവിതം – രണ്ടാം ഭാഗം, പേജ് 87 – 88).

വ്യർഥാഭിമാനത്തിന്റെ നാശഫലങ്ങൾ ഭയാനകമാണ് : നമ്മുടെ നല്ല പ്രവൃത്തികൾക്കുപോലും സ്വർഗത്തിൽ പ്രതിഫലം ലഭിക്കുകയില്ല. പരസ്പരസ്നേഹം നശിപ്പിക്കുകയും സ്വാർഥം വർധിപ്പിക്കുകയും ചെയ്യുന്നതിനാൽ അത് അനേകം പരാജയങ്ങൾ ക്ഷണിച്ചുവരുത്തും.

അഹങ്കാരത്തോടു ബന്ധപ്പെട്ട രണ്ട് തിന്മകൾ

അസൂയയും കോപവുമാണ് അഹങ്കാരത്തോടു ബന്ധപ്പെട്ട് മറ്റു പ്രധാന തിന്മകൾ.

അസൂയ

അന്യരുടെ നന്മ സ്വന്തം പ്രതാപത്തിന് വിഘാതമാണെന്നവിധം അതെപ്പറ്റി ദുഃഖിക്കുന്നതാണ് അസൂയ (ENVY). അന്യർക്കുള്ള നന്മ ഇല്ലാതായിക്കാണാനുള്ള ഒരാഗ്രഹം ഇതിൽ അടങ്ങിയിരിക്കാം. തനിക്ക് മുകളിലായി ആർക്കും ഒന്നും ഉണ്ടായിരിക്കരുത് എന്ന അഹങ്കാര മനോഭാവമാണ് ഇതിന്റെ അടിസ്ഥാനം.

അസൂയയുടെ ഹീനത ഭയങ്കരമാണ്. അസൂയ അതിൽത്തന്നെ ചാവുദോഷമാകാം. കാരണം, നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കുക എന്ന സുപ്രധാന കല്പനയ്ക്കെതിരാണ് അന്യരുടെ നന്മയിൽ സന്തോഷിക്കാതിരിക്കുക എന്നത്. പ്രത്യേകിച്ച്, മറ്റുള്ളവരുടെ ആധ്യാത്മിക നന്മകളിൽ.

അസൂയ വിരോധം ജനിപ്പിക്കും. അന്യരുടെ കുറ്റം പറയുകയും അവരെപ്പറ്റി അപവാദം പറഞ്ഞുപരത്തുകയും ചെയ്യും. അത് കലഹത്തിനും കലാപത്തിനും ഇടയാക്കും. ആബേലിനെ കായേൻ കൊലപ്പെടുത്തിയതും പൂർവയൗസേപ്പിനെ സ്വസഹോദരന്മാർ വിറ്റതും അസൂയമൂലമാണല്ലോ. അസൂയയ്ക്കുള്ള പ്രതിവിധി നാമെല്ലാം മിശിഹായുടെ മൗതികശരീരത്തിലെ അവയവങ്ങളായതിനാൽ, ഒരവയവത്തിനുള്ള മേന്മ മറ്റവയവങ്ങളായ നമുക്കുമുള്ള മഹത്ത്വമായി കാണാൻ ശ്രമിക്കുക എന്നതാണ്.

കോപം

പ്രതികാരം ചെയ്യാനുള്ള യുക്തിരഹിതമായ ആഗ്രഹമാണ് കോപം (വിശുദ്ധ തോമസ് അക്വിനാസ്). തെറ്റു തിരുത്താനുള്ള ആത്മാർഥതയിൽനിന്നല്ലാതെ വിദ്വേഷത്തിൽ നിന്നാകുമ്പോഴും കുറ്റത്തിന് ആനുപാതികമല്ലാതാകുമ്പോഴും നീണ്ടുപോകുമ്പോഴും കോപം പാപമാകും.

കോപം നിയന്ത്രണാതീതമാകുന്നുവെങ്കിൽ വലിയ നാശം ഉണ്ടാകാം. വിശുദ്ധ ബേസിൽ പഠിപ്പിക്കുന്നത്, “കോപം മനുഷ്യബോധത്ത കലക്കുകയും ആത്മനിയന്ത്രണം നശിപ്പിക്കുകയും മനുഷ്യനെ മൃഗതുല്യനാക്കുകയും ചെയ്യുന്നു; മനുഷ്യത്വം തന്നെ കൈവിട്ട് ഒരു പട്ടിയെപ്പോലെ കുരയ്ക്കുന്നതിനും സർപ്പത്തെപ്പോലെ ദംശിക്കുന്നതിനും മനുഷ്യനെ പ്രേരിപ്പിക്കുന്നു” എന്നാണ്. അത് മനുഷ്യനെ നികൃഷ്ടനാക്കുന്നു. സമാധാനം നശിപ്പിക്കുന്നു, ആയുസ്സുതന്നെ കുറയ്ക്കാനിടയാകുന്നു.

കോപം : പുണ്യപുർണതയ്ക്ക് വൻ തടസ്സം

കോപം പുണ്യപൂർണതയ്ക്ക് തടസ്സമാകാൻ കാരണം കോപിഷ്ഠന് ശരിയായി വിധിക്കാൻ സാധിക്കുകയില്ല എന്നതാണ്. സമചിത്തത നഷ്ടമാകുന്നതു കൂടാതെ പരസ്പരം സ്നഹിക്കാനാവശ്യമായ ശാന്തത ഇല്ലാതാകുന്നു. വികാരാവേശം മൂലം ബുദ്ധി അന്ധമായിത്തീരുന്നതിനാൽ
അന്യരോട് നീതിപൂർവകമായി പ്രവർത്തിക്കാൻ കഴിയുകയില്ല. സർവോപരി, ദൈവഹിതത്തോട് യോജിക്കാനോ മനഃസമാധാനം പാലിക്കാനോ ദൈവ നിവേശനം അനുവർത്തിക്കാനോ ആവശ്യമായ ഏകാഗ്രത ഇല്ലാതാകുന്നതിനാൽ കോപിഷ്ഠന് പരിപൂർണതയിലേക്കെത്തുക അസാധ്യമാകുന്നു.

കോപം നിയന്ത്രിക്കാനുള്ള പ്രതിവിധികൾ ലഹരിസാധനങ്ങളും വികാരങ്ങളെ ഉണർത്തുന്ന ഭക്ഷണ സാധനങ്ങളും വർജിക്കുക, ഉണ്ടാകുമ്പോൾത്തന്നെ മനസ്സിനെ വേറെ ഏതെങ്കിലും കാര്യത്തിലേക്ക് തിരിച്ചുവിട്ട് കോപത്തെ ഉടനെ തള്ളിക്കളയുക, വികാരങ്ങളുടെ കോളിളക്കത്തിൽ കർത്താവിനെ വിളിച്ചപേക്ഷിക്കുക, കോപത്തിനിരയായവരോട് ആത്മാർഥമായി ക്ഷമായാചനം നടത്തുക എന്നിവയാണ്.

കൂടാതെ, ഞാൻ ഇല്ലായ്മയാണ് (I am nothing), എനിക്ക് സ്വന്തമായി ഒന്നിനും കഴിവില്ല (of myself I can do nothing), എനിക്ക് സ്വന്തം നിലയ്ക്ക് ഒരു വിലയുമില്ല (I am worth nothing by myself), ഞാൻ പാപിയാണ്; സ്വന്തമായുള്ളത് പാപം മാത്രം (I am a sinner) എന്ന തിരിച്ചറിവോടെ എല്ലാ നന്മകളും ദൈവത്തിൽനിന്നു മാത്രമാണെന്ന് സ്വയം ബോധ്യപ്പെടണം. അവയ്ക്കോരോന്നിനുമായി ദൈവത്തിന് നന്ദി പറയണം. എളിമ എന്ന പുണ്യത്തിനുവേണ്ടി പ്രതിദിനം പ്രാർഥിക്കുകയും വേണം.

ബൈബിൾ വായന

“അഹങ്കാരം കർത്താവിനെയും മനുഷ്യരെയും വെറുപ്പിക്കുന്നു; അനീതി, അഹങ്കാരം, അത്യാഗ്രഹം ഇവമൂലം സാമ്രാജ്യം കൈമാറിപ്പോകുന്നു. പൊടിയും ചാരവുമായ മനുഷ്യന് അഹങ്കരിക്കാനെന്തുണ്ട് ? ജീവിച്ചിരിക്കെത്തന്നെ അവന്റെ ശരീരം ജീർണിക്കുന്നു. നിസ്സാര രോഗമെന്ന് ഭിഷഗ്വരൻ പുച്ഛിച്ചുതള്ളുന്നു; എന്നാൽ, ഇന്നു രാജാവ്; നാളെ ജഡം. മരിച്ചുകഴിഞ്ഞാൽ പുഴുവിനും കീടങ്ങൾക്കും വന്യമൃഗങ്ങൾക്കും അവകാശം ! അഹങ്കാരം തുടങ്ങുമ്പോൽ കർത്താവിൽനിന്ന് അകലുന്നു; ഹൃദയം അവന്റെ സ്രഷ്ടാവിനെ പരിത്യജിച്ചിരിക്കുന്നു. അഹങ്കാരത്തോടൊപ്പം പാപവും മുളയെടുക്കുന്നു; അതിനോട് ഒട്ടിനില്ക്കുന്നവൻ ല്ലേച്ഛത വമിക്കും” (പ്രഭാ 10:7 – 13).

പന്ത്രണ്ടാം ദിവസത്തെ പ്രാർഥന

കർത്താവായ യേശുവേ എന്നെത്തന്നെ ദൈവത്തിനുമുകളിൽ പ്രതിഷ്ഠിക്കുന്നതും അപരനെ തരംതാഴ്ത്തുന്നതുമായ അഹങ്കാരത്തിൽനിന്ന് എന്നെ രക്ഷിക്കണമേ. എന്റെ കഴിവുകളെപ്പറ്റിയും നേട്ടങ്ങളെപ്പറ്റിയും സൗന്ദര്യത്തെപ്പറ്റിയുമൊക്കെയുള്ള അഹന്തയിൽനിന്ന് എന്നെ മോചിപ്പിക്കണമേ. എന്നിലുള്ള സർവകഴിവുകളും ദൈവത്തിൽ നിന്നാണ് എന്ന് എന്നെ സദാ ഓർമപ്പെടുത്തണമേ. ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവ കൃപയാലാണ് എന്ന് എന്നോടു തന്നെ പറയാൻ എന്നെ അനുഗ്രഹിക്കണമേ. ഞാൻ ചെയ്ത സത്പ്രവൃത്തികളെല്ലാം ദൈവമേ, അങ്ങ് എന്നിലൂടെ പ്രവർത്തിച്ചതാണെന്ന് ഞാൻ ഏറ്റുപറയുന്നു. അഹങ്കാരത്തിൽ നിന്നുദ്ഭവിക്കുന്ന ഔദ്ധത്യം, ബഹുമാനേച്ഛ, വ്യർഥാഭിമാനം എന്നിവയിൽനിന്ന് എന്നെ സ്വതന്ത്രനാക്കണമേ. എന്റെ കോപത്തിന്റെ ഉറവിടം എന്റെ അഹങ്കാരമാണെന്ന് ബോധ്യപ്പെടുത്തുകയും ആത്മസംയമനത്തിനാവശ്യമായ എളിമ നൽകി എന്നെ അനുഗ്രഹിക്കുകയും ചെയ്യണമേ. ഞാൻ ഇല്ലായ്മയാണെന്നും എനിക്ക് സ്വന്തമായി ഒന്നുമില്ലെന്നും സ്വന്തം നിലയ്ക്ക് എനിക്കൊരു വിലയുമില്ലെന്നും എനിക്കു സ്വന്തമായുള്ളത് പാപം മാത്രമാണെന്നുമുള്ള യാഥാർഥ്യബോധ്യത്തിൽ എന്നെ വളർത്തി എളിമയുള്ളവനാക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ, എന്റെ ഹൃദയം അങ്ങ് ഹൃദയത്തിന് ഒത്തതാക്കിയരുളണമേ, ആമേൻ.

സത്കൃത്യം

കോപത്തിനുള്ള സന്ദർഭത്തിൽ വിനയപൂർവം ക്ഷമിക്കുക.

*******************************************************************************************************************

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

DAY 1 പ്രതിഷ്ഠാ ഒരുക്കം

DAY 2 പ്രതിഷ്ഠാ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം

DAY 5 പ്രതിഷ്ഠാ ഒരുക്കം

DAY 6 പ്രതിഷ്ഠാ ഒരുക്കം

DAY 7 പ്രതിഷ്ഠാ ഒരുക്കം

DAY 8 പ്രതിഷ്ഠാ ഒരുക്കം

DAY 9 പ്രതിഷ്ഠാ ഒരുക്കം

DAY 10 പ്രതിഷ്ഠാ ഒരുക്കം

DAY 11 പ്രതിഷ്ഠാ ഒരുക്കം

✝️MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY ✝️