11-ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നയിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

==========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

==========================================================================

പതിനൊന്നാം ദിവസം

1. ക്രിസ്താനുകരണ വായന

ന്യായവിധിയും പാപികൾക്കുള്ള ശിക്ഷയും

1️⃣ എല്ലാ കാര്യങ്ങളിലും നീ അന്ത്യം ഓർമ്മിക്കുക. അതിനിഷ്കർഷയുള്ള ന്യായാധിപന്റെ മുമ്പിലാണു നീ നിൽക്കുക. അവിടുന്നിൽനിന്ന് ആർക്കും ഒന്നും മറച്ചുവയ്ക്കാൻ കഴിയുകയില്ല. അവിടുന്ന് കൈക്കൂലി വാങ്ങുകയോ ഒഴിവുകഴിവു കേൾക്കുകയോ ചെയ്യുകയില്ല. എല്ലാ വിധികളും നീതിയുക്തമായിരിക്കുകയും ചെയ്യും. അവിടുത്തെ മുമ്പിൽ നീ എങ്ങനെ നിൽക്കും?

ഹാ! മഹാ നിർഭാഗ്യനും ബുദ്ധിഹീനനുമായ പാപീ, കോപിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ മുഖത്തു നോക്കാൻ ഭയപ്പെടുന്ന നീ നിന്റെ സമസ്ത തെറ്റുകളും അറിഞ്ഞിരിക്കുന്ന ദൈവത്തോട് എന്തുത്തരമാണ് പറയുക?

വിധിദിവസത്തിൽ മറ്റുള്ളവർക്കുവേണ്ടി ഒഴികഴിവു പറയാനോ വാദപ്രതിവാദം നടത്താനോ ആർക്കും സാധിക്കുകയില്ല. ഓരോരുത്തനും താന്താങ്ങളെക്കുറിച്ചു സമാധാനം ബോധിപ്പിക്കാൻ വേണ്ടുവോളമുണ്ടായിരിക്കും. ആകയാൽ ആ ദിവസത്തിനുവേണ്ടി നീ എന്താണ് ഒരുങ്ങാത്തത്?

ഇന്ന് നിന്റെ അദ്ധ്വാനത്തിനു മൂല്യമുണ്ട്; നിന്റെ കണ്ണുനീരു സ്വീകാര്യമാണ്; നിന്റെ നെടുവീർപ്പുകൾ കേൾക്കപ്പെടും; നിന്റെ അനുതാപം പാപങ്ങളെ പരിഹരിച്ചു നിന്നെ ശുദ്ധിയുള്ളവനാക്കും.

2️⃣ ക്ഷമാശീലനായ മനുഷ്യൻ മഹത്തരവും രക്ഷാകരവുമായ ഒരു ശുദ്ധീകരണസ്ഥലത്താണു കഴിയുന്നത്. ദ്രോഹമേറ്റിട്ടും അവൻ തന്റെ ക്ലേശത്തെപ്പറ്റി ചിന്തിക്കാതെ അന്യന്റെ ദ്രോഹബുദ്ധിയെപ്പറ്റി ഖേദിക്കുന്നു; തന്റെ ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ച് അവരുടെ കുറ്റങ്ങൾ ഹൃദയപൂർവ്വം ക്ഷമിക്കുന്നു; അന്യരോടു ക്ഷമാപണം ചെയ്യാൻ താമസം വരുത്തുന്നില്ല; കോപിക്കുന്നതിനുപകരം സന്തോഷപൂർവ്വം കാരുണ്യം പ്രദർശിപ്പിക്കുന്നു; തന്നോടുതന്നെ ബലം പ്രയോഗിച്ച് ജഡത്തെ അരൂപിക്ക്‌ നിശ്ശേഷം കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു.

പാപങ്ങളിൽ നിന്ന് മോചനം പ്രാപിക്കുന്നതും ദുർഗ്ഗുണങ്ങളെ നിർമ്മൂലമാക്കുന്നതും ഭാവിലേയ്ക്ക് നീട്ടിവയ്ക്കാതെ ഇപ്പോൾത്തന്നെ സാധിക്കുന്നതാണ് ഉത്തമം.

ജഡത്തോട് നമുക്കുള്ള ക്രമരഹിതമായ സ്നേഹം നമ്മെ വാസ്തവത്തിൽ വഞ്ചിക്കുകയാണ്.

3️⃣ നരകാഗ്നി നിന്റെ പാപങ്ങളെയല്ലാതെ മറ്റെന്തിനെയാണ് വിഴുങ്ങാനിരിക്കുന്നത്?

നിന്നെത്തന്നെ ലാളിച്ച് എത്രയധികം നീ ജഡത്തെ പിന്തുടരുമോ അത്രയധികം പിന്നീടു നീ കഷ്ടപ്പെടും. ആ അഗ്നിക്ക് അങ്ങനെ വിറകു ശേഖരിക്കുകയാണ്.

ഒരുത്തൻ ഏതു വിഷയത്തിൽ അധികം പാപം ചെയ്തുവോ, ആ വിഷയത്തിൽത്തന്നെ കഠിനശിക്ഷയും അനുഭവിക്കും.

അലസർ ചുട്ട ഇരുമ്പാണികളാൽ കുത്തിത്തുളയ്ക്കപ്പെടും; ഭോജനപ്രിയർ വിശപ്പും ദാഹവും കൊണ്ടു മർദ്ദിക്കപ്പെടും.

ജഡമോഹികളും വിഷയലമ്പടന്മാരും വെന്തുരുകുന്ന കീലിലും ദുർഗ്ഗന്ധം വീശുന്ന ഗന്ധകത്തിലും അത്യന്തം ആമഗ്നരായിത്തീരും; അസൂയാലുക്കൾ ചെന്നായ്ക്കളെപ്പോലെ ദുഃഖത്താൽ ഓളിയിടുകയും ചെയ്യും.

4️⃣ ഓരോരോ ദുഷ്കൃത്യങ്ങൾക്ക് അവിടെ അതാതിനു തക്കതായ പീഡനങ്ങൾ സഹിക്കേണ്ടിവരും.

അവിടെ അഹങ്കാരികൾ സർവ്വദാ ലജ്ജിതരാകും; അത്യാഗ്രഹികൾ ക്ലേശഭൂയിഷ്ഠമായ ദാരിദ്ര്യത്താൽ കഷ്ടപ്പെടും.

അവിടെ ഒരു മണിക്കൂർ നേരത്തേയ്ക്കുള്ള ശിക്ഷ ഭൂമിയിൽ നൂറു സംവത്സരത്തെ കഠിനതപസ്സിനേക്കാൾ കടുപ്പമായിരിക്കും.

അവിടെ ശിക്ഷാവിധേയരായവർക്കു യാതൊരു സമാധാനവും ആശ്വാസവുമില്ല; എന്നാൽ ഭൂമിയിൽ ചിലപ്പോഴെങ്കിലും അദ്ധ്വാനം നിറുത്തിവെച്ച് സ്നേഹിതരിൽ നിന്ന് ആശ്വാസം അനുഭവിക്കാം.

വിധിദിവസത്തിൽ ഭാഗ്യവാന്മാരോടുകൂടെ ഭദ്രരായിരിക്കുവാൻ ഇപ്പോൾ ജാഗ്രതാപൂർവ്വം പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുവിൻ.

തങ്ങളെ ദ്രോഹിച്ചു ഞെരുക്കിയവരുടെ മുമ്പാകെ നീതിമാന്മാർ നിശ്ചലം, ധീരധീരം നിലകൊള്ളും.

ഇന്നു മനുഷ്യവിധിക്കായി കീഴ്പ്പെട്ടവൻ അന്നു വിധിക്കുവാനായി നിൽക്കും.

ഇന്നു ദാരിദ്ര്യവും എളിമയുമുള്ളവർക്ക് അന്നു വളരെ മനഃശ്ശരണമുണ്ടാകും; അഹങ്കാരികൾക്ക് സർവ്വവിധ ഭയവും വന്നുചേരും.

5️⃣ ക്രിസ്തുവിനുവേണ്ടി ഭോഷനും നിന്ദിതനുമാകുവാൻ ഈ ലോകത്തിൽ അഭ്യസിച്ചവനാണു യഥാർത്ഥത്തിൽ ബുദ്ധിമാനെന്ന് അപ്പോൾ വിശദമാകും.

ക്ഷമാപൂർവ്വം ഭൂമിയിൽ അനുഭവിച്ച എല്ലാ അനർത്ഥങ്ങളോടും അപ്പോഴും പ്രിയം തോന്നും. ദുഷ്ടന്മാർ വായ്പൊത്തും (സങ്കീ. 107: 42).

ദൈവഭക്തരെല്ലാവരും അപ്പോൾ ആനന്ദിക്കും; ഭക്തിവിഹീനർ ദുഃഖിക്കും.

എന്നും വിശിഷ്ടഭോജ്യങ്ങൾകൊണ്ടു പോഷിതരായവരേക്കാൾ കൂടുതലായി സ്വശരീരത്തെ നിഗ്രഹിച്ചവർ അന്ന് ആഹ്ലാദിക്കും.

ഹീനമായ വസ്ത്രം അന്നു ശോഭിക്കും; ആഡംബര വേഷം നിന്ദ്യമാകും.

പാവപ്പെട്ട കുടിൽ അന്നു പൊൻപൂമേടയേക്കാൾ വിലമതിക്കപ്പെടും.

സകല ലൗകികശക്തികളേയുംകാൾ അന്നു വിലപ്പോകുക സ്ഥിരമായ ക്ഷമാശീലമാണ്.

നിഷ്കപടമായ അനുസരണ എല്ലാ ലൗകികതന്ത്രങ്ങളേയുംകാൾ അന്ന് അമൂല്യമായിരിക്കും.

6️⃣ തത്ത്വശാസ്ത്ര പാണ്ഡിത്യത്തേക്കാൾ നിർമ്മലമായ മനസ്സാക്ഷി അന്നു കൂടുതൽ ആനന്ദം കണ്ടെത്തും.

ധനത്തോടുള്ള വെറുപ്പ് ലൗകികരുടെ സകല നിക്ഷേപങ്ങളേക്കാൾ അനർഘമാണ്.

രുചികരമായ പദാർത്ഥങ്ങൾ ഭക്ഷിച്ചതുകൊണ്ടല്ല, ഭക്തിയോടെ പ്രാർത്ഥിച്ചതുകൊണ്ടാണ് അന്നു നിനക്ക് ആശ്വാസമുണ്ടാകുക.

അതിഭാഷണത്തിനെന്നതിനേക്കാൾ മൗനത്തിന് അന്നു നിനക്കു കൂടുതൽ സന്തോഷം ലഭിക്കും.

മനംകുളിർപ്പിക്കുന്ന വാക്കുകളേക്കാൾ സൽകർമ്മങ്ങൾ അന്നു കൂടുതൽ പ്രകീർത്തിക്കപ്പെടും.

അന്ന് ലൗകികസന്തോഷങ്ങളേക്കാൾ സംപ്രീതമായിരിക്കുക കണിശമായ ജീവിതരീതിയും കഠിനമായ തപസ്സുമത്രേ.

അന്ന് ഉൽക്കടമായ ദുഃഖങ്ങളെ തരണം ചെയ്യാൻ ഇപ്പോൾ നിസ്സാരകാര്യങ്ങളിൽ സഹനം പരിശീലിക്കണം.

ഭാവിയിൽ എന്തു സഹിക്കാൻ കഴിയുമെന്ന് ഇവിടെത്തന്നെ പരീക്ഷിച്ചുനോക്കിക്കൊള്ളുക.

ഇന്നു നിസ്സാര സഹനങ്ങൾ വഹിക്കാൻ കഴിയുന്നില്ലെങ്കിൽ, നീ എങ്ങനെ നിത്യശിക്ഷ സഹിക്കും?

ഇന്നു ലഘുവായ പീഡനം നിന്നെ അക്ഷമനാക്കുന്നെങ്കിൽ, നിത്യാഗ്നി നിന്നെ എന്തുചെയ്യും?

ഈ ലോകത്തിൽ സുഖിച്ചാനന്ദിക്കുക, പരത്തിൽ ക്രിസ്തുവിനോടുകൂടെ വാഴുക എന്നീ രണ്ടു സന്തോഷങ്ങളും അനുഭവിക്കുവാൻ നിനക്ക് സാധിക്കുകയില്ല.

7️⃣ ഇന്നുവരെ സദാ ബഹുമാനവും സുഖവും ആസ്വദിച്ചവനാണെങ്കിൽക്കൂടി, ഈ ക്ഷണത്തിൽ മരണം വന്നുചേരുകയാണെങ്കിൽ അവകൊണ്ടെല്ലാം അവനെന്തു പ്രയോജനം?

ആകയാൽ ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ സേവിക്കുകയും ചെയ്യുന്നതൊഴികെ ശേഷമെല്ലാം മായയാണ്.

പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുന്നവൻ മരണത്തെയോ ശിക്ഷാവിധികളെയോ നരകത്തെയോ ഭയപ്പെടുന്നില്ല. പൂർണ്ണസ്നേഹം ദൈവത്തിങ്കലേയ്ക്കു നിർഭയമായ പ്രവേശനം നൽകുന്നു.

പാപം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ മരണത്തെയും വിധിയെയും ഭയപ്പെടുന്നതിൽ ആശ്ചര്യമൊന്നുമില്ല.

ദൈവസ്നേഹം നിന്നെ തിന്മയിൽ നിന്ന് അകറ്റുകയില്ലെങ്കിൽ, നരകഭയം നിന്നെ അതിൽനിന്ന് അകറ്റുന്നത് ഉത്തമം.

ദൈവഭയമില്ലാത്തവൻ നന്മയിൽ ദീർഘകാലം നിലനിൽക്കുകയില്ല; അവർ താമസംവിനാ പിശാചിന്റെ കെണിയിൽ അകപ്പെടുകയാണ്.

വിചിന്തനം

ദൈവത്തിന്റെ വിധികളോടും നിത്യശിക്ഷയോടുമുള്ള ഭയം നമ്മുടെ ദുരാശകൾക്ക് ഒരു കടിഞ്ഞാണാണ്. അതു പാപവാസനകളെ അമർത്തുന്നു. പ്രതികാരം, അശുദ്ധത, കോപം, അനീതി, നുണ മുതലായ പാപങ്ങളിലുള്ള സന്തോഷം എത്ര ക്ഷണികമാണ്! എന്നാൽ അവ വരുത്തിക്കൂട്ടുന്ന ശിക്ഷ നിത്യവുമത്രേ. മരണാനന്തരമുള്ള ശിക്ഷയിൽനിന്നു മുക്തി നേടാൻ ഈ ലോകത്തിൽ നാം തന്നെ നമ്മെ ശിക്ഷിക്കുകയാണ് വേണ്ടത്.

പ്രാർത്ഥിക്കാം

ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ന്യായാധിപനായ കർത്താവേ, മരണനിമിഷത്തിൽ ഞങ്ങളുടെ നിത്യഭാഗധേയം നിർണ്ണയിക്കുന്നവനേ, അങ്ങു ഞങ്ങളുടെ രക്ഷകനും ന്യായാധിപനുമാണ്. ഞങ്ങളുടെ പാപം അങ്ങയെ കോപിപ്പിച്ചിരിക്കുന്നു; അങ്ങയുടെ തിരുമുറിവുകൾ അങ്ങയുടെ കാരുണ്യത്തെ പ്രദ്യോതിപ്പിക്കുന്നു. ഈ തിരുമുറിവുകളും പാപപ്പൊറുതിക്കായി അങ്ങു ചിന്തിയ രക്തവും കാണുക. ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടു ക്ഷമിക്കുകയും ചെയ്യുക.
ആമ്മേൻ

അനുസ്മരണാവിഷയം:
പാപങ്ങളിൽനിന്നു മോചനം പ്രാപിക്കുന്നതും ദുർഗ്ഗുണങ്ങളെ നിർമ്മൂലമാക്കുന്നതും ഭാവിയിലേയ്ക്ക് നീട്ടിവയ്ക്കാതെ ഇപ്പോൾത്തന്നെ സാധിക്കുന്നതാണുത്തമം.

അഭ്യാസം:
നിന്റെ അന്ത്യത്തെപ്പറ്റി ചിന്തിക്കുക; എന്നാൽ, പാപം ചെയ്യുകയില്ല.

2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

പരിശുദ്ധ മറിയവും പിശാചും തമ്മിലുള്ള യുദ്ധം.

പിശാചിനെതിരായ യുദ്ധത്തില്‍

അന്തിക്രിസ്തുവിന്റെ ആഗമനം വരെ പിശാചിന്റെ മര്‍ദ്ദനങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുതന്നെവരും. ദൈവം ഭൗമിക പറുദീസായില്‍വച്ചു സര്‍പ്പത്തിനെതിരായി ഉച്ചരിച്ച പ്രഥമവും പ്രധാനവുമായ ആ പ്രവചനവും ശാപവും ഇതിനെപ്പര്‌റിയാണെന്നു നാം മനസ്സിലാക്കണം. മഹത്ത്വപൂര്‍ണ്ണയായ നിത്യകന്യകയുടെ മഹിമപ്രതാപത്തിനു മാറ്റുകൂട്ടുവാനും, അവളുടെ അരുമസുതരുടെ നിത്യരക്ഷ സാധിക്കുവാനും, പിശാചു തന്റെ തന്ത്രങ്ങളില്‍നിന്ന് ലജ്ജിച്ചു പിന്‍വാങ്ങുവാനും, ഇവിടെ അതു വിവരിക്കുന്നതു തികച്ചും അവസരോചിതം തന്നെ.
”നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുതകള്‍ ഉളവാക്കും. അവള്‍ നിന്റെ തല തകര്‍ക്കുകയും നീ അവളുടെ കുതികാലില്‍ പരുക്കേല്പ്പിക്കുകയും ചെയ്യും.” (ഉത്പ 3:15).

ഒരു ശത്രുതയെ മാത്രമേ ദൈവം ഉളവാക്കിയുള്ളൂ. എന്നാല്‍, അതു രഞ്ജിപ്പു സാധ്യമല്ലാത്തതും അവസാനിക്കാത്തതുമാണ്. അനുദിനം അതു വളര്‍ന്നുകൊണ്ടേയിരിക്കും. അതു മറിയവും പിശാചും തമ്മിലും, അവളുടെ ദാസരും സന്താനങ്ങളും, ലീസിഫറിന്റെ അനുയായികളും സന്താനങ്ങളും തമ്മിലാണ്. അപ്രകാരം പിശാചിനെതിരായി ദൈവം സൃഷ്ടിച്ച വന്‍ ശത്രുവാണ് അവിടുത്തേ മാതാവായ മറിയം. ദൈവത്തിന്റെ ചിന്തയില്‍ മാത്രമായി വസിച്ചിരുന്ന മറിയത്തില്‍, ഏദന്‍ തോട്ടത്തിന്റെ കാലത്തുതന്നെ, ദൈവത്തിന്റെ ശപിക്കപ്പെട്ട ശത്രുവിനോടു കടുത്ത അമര്‍ഷവും, പഴയ സര്‍പ്പത്തിന്റെ കാപട്യത്തെ പുറത്തുകൊണ്ടുവരുവാന്‍ പറ്റുന്ന നിഷ്ങ്കളങ്കതയും, അഹങ്കാരിയും ധിക്കാരിയുമായ അവനെ അടിപ്പെടുത്തി കടപുഴക്കി എറിയുവാനുള്ള ശക്തിയും, അന്നേ അവിടുന്ന് അവളില്‍ നിക്ഷേപിച്ചു.

തന്നിമിത്തം, പിശാച് മാലാഖമാരെയും മനുഷ്യരെയുംകാള്‍ ഒരുവിധത്തില്‍ പറഞ്ഞാല്‍ ദൈവത്തെക്കാളും അധികമായി മറിയത്തെ ഭയപ്പെടുന്നു.

എന്നാല്‍, ദൈവത്തിന്റെ ശക്തിയും കോപവും വെറുപ്പും മറിയത്തിന്റെതിനെക്കാള്‍ അനന്തമാംവിധം വലിയതല്ലെന്ന് ഇതുകൊണ്ടു വിവക്ഷിക്കുന്നില്ല. മറിയത്തിന്റെ പരിപൂര്‍ണ്ണത പരിമിതമാണ്. എന്നാല്‍ പിശാച് ഒരുവിധത്തില്‍ ദൈവത്തെക്കാള്‍ കൂടുതല്‍ അവളെ ഭയപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍, ദൈവത്തിന്റെ ഒരു വിനീതദാസിയാല്‍ തോല്പിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും, അഹങ്കാരിയായ അവന് അത്യന്തം വേദനാജനകമാണ്. ദൈവത്തിന്റെ ശക്തിയെക്കാള്‍ മറിയത്തിന്റെ വിനയമാണ് അവനെ എളിപ്പെടുത്തുന്നത്.

കൂടാതെ, പിശാചുക്കളുടെമേല്‍ വലിയ ശക്തി അവിടുന്നു മറിയത്തിനു നല്കിയിട്ടുണ്ട്. സന്മനസ്സോടെയെങ്കിലും, അശുദ്ധാത്മാവു ബാധിച്ചവരുടെ അധരങ്ങള്‍ വഴി അവര്‍ സമ്മതിച്ചിട്ടുള്ള സത്യമാണിത്. മറിയത്തിന്റെ ഒരു നെടുവീര്‍പ്പിനെയാണ് സകല വിശുദ്ധരുടെയും പ്രാര്‍ത്ഥനയെക്കാള്‍ അവര്‍ ഭയപ്പെടുന്നത്. അവളുടെ ഒരു ഭീഷണിപ്പെടുത്തല്‍ മറ്റു സകല പീഡനങ്ങളെയുംകാള്‍ അവര്‍ക്കു ഭീതിജനകമാണ്.


3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും.

ധ്യാനവിഷയവും, പ്രാർത്ഥനയും

കണ്ണുകളുടെ ദുരാശ ജയിക്കണം

“അത്യാഗ്രഹമുള്ള കണ്ണ് ദുഷിച്ചതാണെന്നോർക്കുക; കണ്ണിനെക്കാൾ കൊതിയുള്ളതായി സൃഷ്ടികളിൽ എന്താണുള്ളത് ? അതു നിമിത്തം ഓരോ മുഖവും കണ്ണീർവാർക്കുന്നു” (പ്രഭാ 31:13 – 14).

ആമുഖം

നമ്മുടെ ആത്മീയ ശത്രുക്കളായ ദുരാശകളിൽ രണ്ടാമത്തേത് കണ്ണുകളുടെ ദുരാശയാണ്. ഇതിൽ രണ്ട് തിന്മകൾ അടങ്ങിയിരിക്കുന്നു; 1. ഭൗതിക വസ്തുക്കളോടുള്ള ആർത്തി അഥവാ ദ്രവ്യാശ.

  1. ജിജ്ഞാസ.
(a) ഭൗതികവസ്തുക്കളോടുള്ള ആർത്തി അഥവാ ദ്രവ്യാശ

“ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല” (1 യോഹ 2:15-16) എന്ന തിരുവചനത്തിൽ പരാമർശിക്കപ്പെടുന്ന കണ്ണുകളുടെ ദുരാശ അനേകർ തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ, ലൈംഗികാസക്തിയോടെയുള്ള നോട്ടമല്ല, പ്രത്യുത, കണ്ണിന് കൗതുകകരമായിത്തോന്നുന്ന ഭൗതികവസ്തുക്കളെല്ലാം സ്വന്തമാക്കാനുള്ള ദുരാഗ്രഹമാണത് (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 377 കാണുക). സ്രഷ്ടാവായ ദൈവത്തെക്കാൾ സ്യഷ്ടവസ്തുക്കളുടെ സൗന്ദര്യത്താൽ വശീകരിക്കപ്പെടുന്ന സ്ഥിതിവിശേഷമാണത്. ലോകവസ്തുക്കളെല്ലാം അസ്തിത്വം സ്വീകരിക്കുന്നത് ദൈവത്തിൽനിന്നാകയാൽ, അവയെല്ലാം നല്ലതാണ്; പക്ഷേ, ദൈവവുമായുള്ള അവയുടെ ബന്ധത്തിലാണ് അവയുടെ നന്മ അടങ്ങിയിരിക്കുന്നത്. ദൈവത്തിൽ നിന്നകറ്റിയാൽ അവയ്ക്കൊന്നും മൂല്യമില്ല.

ഭൗതികലോകം വരാനിരിക്കുന്നതിന്റെ നിഴൽ മാത്രം

ഭൂലോകം താത്കാലികവും അപൂർണവുമാണ്. അത് നിത്യമായുള്ള സ്വർഗലോകത്തിന്റെ ഒരു പ്രതിരൂപം മാത്രം. ഭൂലോകത്തിന്
അതിൽത്തന്നെ വിലയില്ല; സ്വർഗലോകത്തേക്കു ഹൃദയം ഉയർത്താനുള്ള പ്രേരകഘടകം മാത്രമാണ് അത്.

ഈ ലോകവും അതിലെ വസ്തുക്കളും നല്ലതാണെങ്കിലും ദൈവോന്മുഖനാകേണ്ട മനുഷ്യൻ അവയാൽ വശീകരിക്കപ്പെടരുത്. അവയിലൂടെ ഉന്നതത്തിലുള്ളവയിലേക്ക് അവൻ ഹൃദയം ഉയർത്തുകയാണ് വേണ്ടത്.
“ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിൻ. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയിൽ ശ്രദ്ധിക്കുവിൻ” (കൊളോ 3:1-2).

“ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്… ” (വി. മത്താ 6:19 – 21) എന്ന് യേശു പറയുന്നത് ഇക്കാരണത്താലല്ലേ ? ലോകവസ്തുക്കളോടുമുള്ള ക്രമരഹിതമായ താത്പര്യം മനുഷ്യമഹത്വത്തിന് ചേർന്നതല്ല. സ്വർഗത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ഉന്നതപദവിയിൽനിന്ന് താഴേക്കുള്ള പോക്കാണത്. “…വാങ്ങുന്നവർ ഒന്നും കൈവശമില്ലാത്തവരെപ്പോലെയും, ലോകകാര്യങ്ങളിൽ ഇടപെടുന്നവർ ഇടപെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാൽ ഈ ലോകത്തിന്റെ രൂപഭാവങ്ങൾ മാറിമറഞ്ഞുകൊണ്ടിരിക്കുന്നു” (1 കോറി 7:30 – 31) എന്നാണ് ദൈവവചനം അനുശാസിക്കുന്നത്.

ഭൗതികവസ്തുക്കൾ നമ്മെ ദൈവത്തിൽനിന്നകറ്റും

ദൈവത്തെ കാണാൻ പറ്റാത്തവിധം ഭൗതികവസ്തുക്കൾ നമ്മെ അന്ധരാക്കാം. ദൈവത്തിൽ മാത്രം കണ്ടെത്തേണ്ട യഥാർഥ സംത്യപ്തിക്കുപകരം ഭൗതികവസ്തുക്കൾ തരുന്ന അയഥാർഥവും താത്കാലികവും വ്യർഥവുമായ സന്തോഷത്തിൽ മതിമറന്നുപോയെന്നുവരാം.

സമവീക്ഷണ സുവിശേഷകന്മാർ എല്ലാവരും പരാമർശിക്കുന്ന ധനികനായ യുവാവ് പ്രമാണങ്ങളെല്ലാം ചെറുപ്പം മുതൽ പാലിക്കാൻ തക്കവിധം നല്ലവനായിരുന്നെങ്കിലും യേശുവിനെ അനുഗമിക്കാൻ പറ്റാതെ സങ്കടത്തോടെ തിരിച്ചുപോകാൻ കാരണം, ഭൗതിക സ്വത്തുക്കളോടുള്ള അവന്റെ പ്രതിപത്തിയായിരുന്നു !

ഭൗതികവസ്തുക്കളോടുള്ള ക്രമരഹിത താത്പര്യം വെടിയണം

നൂറ്റാണ്ടുകളായി ക്രൈസ്തവ ചിന്തയെ ഏറെ സ്വാധീനിച്ച് തോമസ് അക്കെമ്പിസിന്റെ “ക്രിസ്താനുകരണം” തരുന്ന അമൂല്യമായ ഉപദേശം ശ്രദ്ധേയമാണ് : “ദൈവത്തെ സ്നേഹിക്കുകയും അവിടത്തെ മാത്രം സേവിക്കുകയും ചെയ്യുക. മറ്റ് സകലവും മിഥ്യയാണ്. ഏറ്റവും ഉത്കൃഷ്ടമായ ജ്ഞാനം ലോകത്തെ വെറുത്ത് സ്വർഗരാജ്യാന്മുഖമായി ജീവിതം നയിക്കുന്നതാണ്. നശ്വരമായ സമ്പത്ത് തേടുന്നതും അവയെ ശരണീകരിക്കുന്നതും മിഥ്യയത്രേ”. യേശുവിന്റെ വാക്കുകൾ സുവ്യക്തമാണ് : “ജാഗരൂകരായിരിക്കുവിൻ, എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ ” (വി.ലൂക്കാ 12:15).

ദൈവത്തിലുള്ള ആനന്ദം ഭൗതികവസ്തുക്കളോടു വിരക്തിയുളവാക്കും

“എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. (വി. ലൂക്കാ 1:47) എന്ന് ഉദ്ഘോഷിച്ച പരിശുദ്ധ മറിയത്തിനും ക്രിസ്തുവിനെപ്രതി അവകാശമായുണ്ടായിരുന്ന വൻ സമ്പത്തുപേക്ഷിച്ച വിശുദ്ധർക്കും ഭൗതികവസ്തുക്കൾ നിരർഥകമായിത്തീർന്നു. ദൈവത്തിലുള്ള ആനന്ദം ഭൗതികവസ്തുക്കളോടുള്ള ക്രമരഹിതമായ താത്പര്യം ഇല്ലാതാക്കുകയും അവയോടുള്ള ആരോഗ്യകരമായ സമീപനത്തിലേക്ക് എത്തിക്കുകയും ചെയ്യും. എല്ലാത്തിനും മുകളിൽ ദൈവത്തെ പ്രതിഷ്ഠിക്കുന്ന വ്യക്തിക്ക് സമ്പത്ത് ഒരിക്കലും സർവപ്രധാനമായി തോന്നുകയില്ല.

കണ്ണുകളുടെ ദുരാശയ്ക്കുള്ള പ്രതിവിധികൾ

ദരിദ്രരേ, നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങളുടേതാണ് എന്ന വചനത്തിൽ വിശ്വസിച്ച് ദാരിദ്ര്യം എന്ന ക്രൈസ്തവ സുകൃതത്തെ സ്നേഹിക്കണം. ആദിമ ക്രൈസ്തവരെ അനുകരിച്ച് സമ്പത്ത് സുവിശേഷവേലയ്ക്കും കാരുണ്യപ്രവൃത്തികൾക്കുമായി ചെലവഴിക്കണം (അപ്പ 4:32-36 കാണുക). ആഡംബര വീടുകൾ, വളരെ വിലകൂടിയ വാഹനങ്ങൾ, അമിത ഫാഷൻ വസ്ത്രങ്ങൾ, മതിപ്പുള്ള ആഭരണങ്ങൾ എന്നിവ ദൈവസ്നേഹത്തെപ്രതി ഒഴിവാക്കി ലളിതജീവിതം നയിക്കണം.

( b ) ജിജ്ഞാസ

കണ്ണുകളുടെ ദുരാശയിൽപ്പെട്ട രണ്ടാമത്തെ തിന്മയാണ് ജിജ്ഞാസ. ലോകത്തിലെങ്ങും നടക്കുന്ന സംഭവങ്ങൾ കാണുന്നതിനും കേൾക്കുന്നതിനും അറിയുന്നതിനുമുള്ള ക്രമാതീതമായ ആഗ്രഹമാണ് ജിജ്ഞാസ. ഈ ആഗ്രഹം ആത്മീയമായ ഉപകാരം ഉണ്ടാകാനല്ല, പ്രത്യുത, നിരർഥകമായ ജ്ഞാനതൃഷ്ണയെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ്.

പ്രാർഥനയും ഉത്തരവാദിത്വങ്ങളും ജീവിത കടമകളുംപോലും അവഗണിച്ചുകൊണ്ട് ടെലിവിഷൻ സീരിയലുകളും സിനിമകളും കാണുന്നവരും ഭക്ഷണവും ഉറക്കവും പോലും ത്യജിച്ച് സ്പോർട്ട് പരിപാടികൾ വീക്ഷിക്കുന്നതിൽ മുഴുകുന്നവരും തെറ്റായ ജിജ്ഞാസയ്ക്ക് അടിമപ്പെട്ടവരാണ്. ഫേസ്ബുക്ക്, വാട്സ് ആപ്പ് എന്നിവ വഴി എല്ലാം അപ്പപ്പോൾ അറിയാൻ നിർബന്ധബുദ്ധി പിടിക്കുന്നതും ഇത്തരം ജിജ്ഞാസ മൂലമല്ലേ ?

ശകുനം നോക്കുക, പ്രശ്നം വയ്പ്പിക്കുക, ജാതകം എഴുതിക്കുക, കൈനോക്കിക്കുക തുടങ്ങിയ അന്ധവിശ്വാസങ്ങൾ ജിജ്ഞാസയിൽപ്പെടും. ശാസ്ത്രത്തിന്റെ പേരിൽ നടത്തുന്ന ഈ അന്ധമായ അനുഷ്ഠാനങ്ങൾവഴി മനുഷ്യൻ മറഞ്ഞിരിക്കുന്ന കാര്യങ്ങളിലേക്കും വരാൻ പോകുന്ന സംഭവങ്ങളിലേക്കും ചുഴിഞ്ഞുനോക്കാൻ ശ്രമിക്കുന്നു. ഇത് സർവശക്തനായ ദൈവത്തിന്റെ അവകാശങ്ങളുടെമേൽ നടക്കുന്ന ഒരു കൈയേറ്റമാണ്. ദൈവത്തിന്റെ പരിപാലനത്തിന് സ്വയം ഏല്പിച്ചുകൊണ്ട് അവിടത്തൊടു പാലിക്കേണ്ട വിശ്വാസം, പ്രത്യാശ എന്നിവ നശിപ്പിക്കുന്ന ഒരു പ്രവണതയുമാണ്. തങ്ങളുടെ ഗൗരവമായ ജീവിതകടമകൾ അവഗണിച്ചുകൊണ്ട് ഒരു നിയന്ത്രണവുമില്ലാതെ ലോകകാര്യങ്ങളുടെ പഠനത്തിൽ സമയമെല്ലാം വിനിയോഗിക്കുന്നത് തെറ്റായ ജ്ഞാനതൃഷ്ണയാണ്. ഒരു വിവേകവുമില്ലാതെ കൈയിൽ കിട്ടുന്ന പ്രസിദ്ധീകരണങ്ങളെല്ലാം വായിച്ചുകൂട്ടുന്നതും കുറ്റകരംതന്നെ.

ആധുനിക കാലത്തെ ഏറ്റവും ശക്തമായ പ്രലോഭനമാണ് ഇന്റർനെറ്റ് മുതലായവ വഴി എല്ലാം അറിയാനുള്ള ജിജ്ഞാസ. ലോകകാര്യങ്ങളും വ്യർഥകാര്യങ്ങളും അറിയാനും അശ്ലീല കാര്യങ്ങൾ ആസ്വദിക്കാനും അനിയന്ത്രിതമായ ജിജ്ഞാസ കാരണമാക്കുന്നു. ദൈവത്തിൽനിന്ന് ഹൃദയം പെട്ടെന്ന് വ്യതിചലിക്കാനും പാപത്തിൽ വീഴാനും ഇതു കാരണമാക്കും. കൂടാതെ, പ്രാർഥനയും കുടുംബ ബന്ധങ്ങളും തകരാറിലാക്കും. “നിങ്ങളുടെയിടയിലായിരുന്നപ്പോൾ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു” (1 കോറി 2:2) എന്ന വിശുദ്ധ പൗലോസിന്റെ മാതൃകയല്ലേ ക്രൈസ്തവരായ നാം അനുകരിക്കണ്ടത് ?

പ്രതിവിധികൾ
നിത്യമല്ലാത്ത ഒന്നിനും നിത്യജീവികളായ നമ്മുടെ ശ്രദ്ധയെ സ്വാധീനിക്കാൻ അർഹതയില്ലെന്ന് നാം ഓർക്കണം. ദൈവമഹത്ത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ഉപകരിക്കുന്നേടത്താളം മാത്രമേ അവയിൽ ഏർപ്പെടാവു. ദൈവത്തിലേക്ക് നമ്മെ നയിക്കാത്ത കാര്യങ്ങളെപ്പറ്റി പഠിക്കേണ്ട ആവശ്യമില്ല. നമ്മുടെ സമയം ശരിയായി ക്രമപ്പെടുത്തി ഓരോ കാര്യത്തിനും അതതിന്റെ പ്രാധാന്യം അനുസരിച്ച് സമയം വിനിയോഗിക്കണം. വേണ്ടാത്ത താത്പര്യങ്ങൾക്കു വഴങ്ങരുത് (മോൺ. മാത്യു മങ്കുഴിക്കരി, ആധ്യാത്മിക പാഠങ്ങൾ, പേജ് 160, 161).

ബൈബിൾ വായന

“അവൻ ശിഷ്യരുടെ നേരെ കണ്ണുകളുയർത്തി അരുൾചെയ്തു : ദരിദ്രരേ, നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോൾ വിശപ്പു സഹിക്കുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ത്യപ്തരാക്കപ്പെടും. ഇപ്പോൾ കരയുന്നവരേ, നിങ്ങൾ ഭാഗ്യവാൻമാർ. നിങ്ങൾ ചിരിക്കും. എന്നാൽ, സമ്പന്നരേ, നിങ്ങൾക്കു ദുരിതം !.
നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങൾക്കു ദുരിതം ! നിങ്ങൾക്കു വിശക്കും, ഇപ്പോൾ ചിരിക്കുന്നവരേ നിങ്ങൾക്കു ദുരിതം ! നിങ്ങൾ ദുഖിച്ചു കരയും ” (വി. ലൂക്കാ 6:20 – 21, 24 – 25).

“ധനത്തിലുള്ള അതിശ്രദ്ധ ആരോഗ്യം നശിപ്പിക്കുകയും അതെക്കുറിച്ചുള്ള ഉത്കണ്ഠ ഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു. ഉത്കണ്ഠ ഉറക്കം തടസ്സപ്പെടുത്തുകയും കഠിനരരോഗം നിദ്ര ഇല്ലാതാക്കുകയും ചെയ്യുന്നു. സ്വർണത്തെ സ്നേഹിക്കുന്നവന് നീതിമത്കരണമില്ല; പണത്തെ പിന്തുടരുന്നവന് മാർഗഭ്രംശം സംഭവിക്കും. സ്വർണംനിമിത്തം പലരും നശിച്ചിട്ടുണ്ട് ; നാശം അവർ മുഖാഭിമുഖം ദർശിക്കുന്നു. അതിനുവേണ്ടി ജീവിതമർപ്പിച്ചിരിക്കുന്നവർക്ക് അതു കെണിയാണ് ; ഭോഷന്മാർ അതിൽ വീഴും ” (പ്രഭാ 31:1-2, 5 – 7).

പതിനൊന്നാം ദിവസത്തെ പ്രാർഥന

സൃഷ്ട വസ്തുക്കളിലൂടെ ഞാൻ അങ്ങയെ കണ്ടെത്തേണ്ടതിന് സർവചരാചരങ്ങളെയും എനിക്കുവേണ്ടി സൃഷ്ടിച്ച ദൈവമേ, സൃഷ്ടവസ്തുക്കളിൽ ആശ്രയംവയ്ക്കാനും അവയിൽ ആനന്ദം കണ്ടെത്താനുമുള്ള പ്രലോഭനങ്ങളിൽനിന്ന് എന്നെ സദാ രക്ഷിക്കണമേ. സൃഷ്ടാവിനെ കാണാൻ പറ്റാത്തവിധം ഭൗതിക വസ്തുക്കളാൽ ഞാൻ അന്ധനാകാതിരിക്കട്ടെ. സമ്പത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന പക്വതയിലേക്ക് എന്നെ വളർത്തണമേ. എന്റെ ദൈവം എന്റെ സമസ്തവുമാകട്ടെ. ഭൗതികവസ്തുക്കൾ അതിരില്ലാതെ കൂമ്പാരം കൂട്ടുന്നതിനുള്ള ആഗ്രഹം എന്നിൽനിന്ന് നീക്കണമേ.

ലൗകിക കാര്യങ്ങളറിയാനുള്ള അമിതാർത്തിയിൽനിന്ന് സ്വർഗീയ രഹസ്യങ്ങളറിയാനുള്ള ഉദാത്തമായ ആഗ്രഹത്തിലേക്ക് എന്നെ വളർത്തണമേ. ദൈവത്തിന്റെ അനന്ത സൗന്ദര്യം കാണാനുള്ള എന്റെ കണ്ണുകൾ അതിനെക്കാൾ കുറഞ്ഞ സൗന്ദര്യത്താൽ ആകൃഷ്ടമാകാതിരിക്കട്ടെ. ആധുനിക സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം സുവിശേഷ വേലയ്ക്കായി പരിമിതപ്പെടുത്താനുള്ള ആത്മസംയമനം എനിക്കു നല്കണമേ. അവയുടെ എല്ലാ സാധ്യതകളും സുവിശേഷ പ്രഘോഷണത്തിനായി പ്രയോജനപ്പെടുത്താൻ എന്നെ സഹായിക്കുകയും ചെയ്യണമേ, ആമേൻ

*******************************************************************************************************************

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

DAY 1 പ്രതിഷ്ഠാ ഒരുക്കം

DAY 2 പ്രതിഷ്ഠാ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം

DAY 5 പ്രതിഷ്ഠാ ഒരുക്കം

DAY 6 പ്രതിഷ്ഠാ ഒരുക്കം

DAY 7 പ്രതിഷ്ഠാ ഒരുക്കം

DAY 8 പ്രതിഷ്ഠാ ഒരുക്കം

DAY 9 പ്രതിഷ്ഠാ ഒരുക്കം

DAY 10 പ്രതിഷ്ഠാ ഒരുക്കം

✝️MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY ✝️