15- ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നയിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം
==========================================================================
33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക
പതിമൂന്നാം ദിവസം മുതൽ പത്തൊൻപതാം ദിവസം വരെയുള്ള (രണ്ടാം ഘട്ടം ) ഒരുക്ക പ്രാർത്ഥനകൾ ചൊല്ലുവാൻ ഇവിടെ ക്ലിക് ചെയ്യുക
==========================================================================
പതിനഞ്ചാം ദിവസം
2 -ാം ഘട്ടം , , ആത്മജ്ഞാനം
1. ക്രിസ്താനുകരണ വായന
ആരെയും വേഗത്തില്‍ വിധിക്കരുത്.
നിന്റെ കണ്ണുകള്‍ നിന്നിലേക്ക് തന്നെ തിരിക്കുക. ഇതരരുടെ ചെയ്തികള്‍ വിധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതരരെ വിധിക്കുന്നതില്‍ വൃഥാ സമയം പാഴാക്കുന്നു. പലപ്പോഴും തെറ്റിപ്പാകുന്നു. എളുപ്പത്തില്‍ പാപം ചെയ്യുന്നു. സ്വയം വിധിക്കുന്നതില്‍, പരിശോധിക്കുന്നതില്‍ എപ്പോഴും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഉള്ളിരുപ്പ് പോലെയാണ് നാം പലപ്പോഴും വിധിക്കുന്നത്. സ്വാര്‍ത്ഥ സ്‌നേഹം മൂലം ശരിയായി വിധിക്കാനുള്ള കഴിവ് എളുപ്പത്തില്‍ നഷ്ടപ്പെടുന്നു. നമ്മുടെ ആഗ്രഹങ്ങളുടെ വിഷയം എപ്പോഴും ദൈവം മാത്രമാണെങ്കില്‍ സ്വന്തം അഭിപ്രായങ്ങള്‍ എതിര്‍ക്കപ്പെടുന്നതില്‍ എളുപ്പം അസ്വസ്ഥരാകുകയില്ല.
അഭിപ്രായ ഭിന്നതകള്‍ ഒഴിവാക്കുക.
പക്ഷേ, പലപ്പോഴും ചിലതെല്ലാം ഉള്ളില്‍ ഒളിഞ്ഞിരിക്കും. അല്ലെങ്കില്‍ ബാഹ്യമായി സംഭവിക്കാം. അത് നമ്മെ അതോടൊപ്പം ആകര്‍ഷിക്കാം. തങ്ങളുടെ ചെയ്തികളില്‍ രഹസ്യമായി തങ്ങളെ തന്നെയാണ് അന്വേഷിക്കുന്നത്. പക്ഷേ, അത് അറിയുന്നില്ല. അവരുടെ ആഗ്രഹവും അഭിപ്രായവുമനുസരിച്ച് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ അവര്‍ തികഞ്ഞ പ്രശാന്തതയിലാണ്. തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലുമുണ്ടായാല്‍ വേഗം അസ്വസ്ഥരാകുന്നു. ദുഃഖിതരുമാകുന്നു. വിഭിന്നമായ കാഴ്ചപ്പാടുകള്‍ മൂലം സുഹൃത്തുക്കളും സമീപസ്ഥരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നു. സന്യസ്ഥരിലും ഭക്തരിലും ഇങ്ങനെ തന്നെ സംഭവിക്കുന്നു.
നമ്മുടെ പ്രകൃതിയെ ക്രിസ്തുവില്‍ വിധേയമാക്കണം.
പഴകിയ ശീലങ്ങള്‍ എളുപ്പം ഉപേക്ഷിക്കാറില്ല. സ്വന്തം കാഴ്ചപ്പാടിന് അപ്പുറത്തേക്ക് ആരും എളുപ്പം പോകാറില്ല. സ്വന്തം യുക്തിയിലും ശ്രദ്ധയിലുമാണ് ആശ്രയിക്കുന്നതെങ്കില്‍, യേശു ക്രിസ്തുവിന് കീഴ്‌പ്പെടുന്നില്ലെങ്കില്‍, നാം പ്രകാശിതരാകുന്നത് വളരെ താമസിച്ചും വല്ലപ്പോഴും ആയിരിക്കും. കാരണം, നാം ദൈവത്തിന് പൂര്‍ണമായും കീഴ്‌പ്പെടണമെന്നും നമ്മുടെ ചിന്തകള്‍ക്കുപരി സ്‌നേഹതീക്ഷണതയില്‍ ഉയരണമെന്നും ദൈവം ആഗ്രഹിക്കുന്നു.
പ്രാര്‍ത്ഥന
ദൈവമേ, അന്യരെ വിധിക്കാതരിക്കാനും സ്വാര്‍ത്ഥതയെ അകറ്റി നിര്‍ത്താനും അവിടുത്തെ തിരുഹിതത്തിന് കീഴ് വഴങ്ങി ജീവിക്കാനും ഞങ്ങള്‍ക്കു കൃപ അരുളണമേ.
2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.
സത്യദൈവവും സത്യമനുഷ്യനുമായ നമ്മുടെ രക്ഷകനായ ക്രിസ്തുവാണ് സകല ഭക്തകൃത്യങ്ങളുടെയും പരമാന്ത്യം. ഈ അന്ത്യത്തില്‍നിന്നു നമ്മെ അകറ്റുന്ന സകലതും അബദ്ധജടിലവും അസത്യപൂര്‍ണ്ണവുമാണ്. ക്രിസ്തുവാണ് എല്ലാത്തിന്റെയും ‘ആല്‍ഫയും ഒമേഗയും’ അഥവാ ‘ആദിയും അന്ത്യവും’ പൗലോസ് അപ്പസ്‌തോലന്‍ പറയുന്നു: ക്രിസ്തുവില്‍ എല്ലാവരെയും പരിപൂര്‍ണ്ണരാക്കുവാനാണല്ലോ നമ്മുടെ പ്രയത്‌നം. കാരണം, ദൈവത്തിന്റെ പൂര്‍ണ്ണത അവിടുത്തേക്കു മാത്രമാണുള്ളത്. കൃപാവരത്തിന്റെയും വിശുദ്ധിയുടെയും സുകൃതങ്ങളുടെയും പൂര്‍ണ്ണതയും വിളനിലവുമാണ് അവിടുന്ന്. ആദ്ധ്യാത്മിക അനുഗ്രഹങ്ങളാല്‍ നാം സമ്പന്നരാകുന്നതു ക്രിസ്തുവില്‍ മാത്രമാണ്. അവിടുന്നൊരുവനാണ് നമ്മെ പഠിപ്പിക്കേണ്ട ദിവ്യഗുരു. നാം ആശ്രയിക്കേണ്ട ഒരേയൊരു നാഥന്‍. നമ്മുടെ ശിരസ്സാണ് അവിടുന്ന്. നാം അനുകരിക്കേണ്ട ഏക മാതൃകയും നമ്മെ സുഖപ്പെടുത്തേണ്ട ഏക ഭിഷഗ്വരനും തീറ്റിപ്പോറ്റേണ്ട ഏക ഇടയനും നമ്മെ നയിക്കേണ്ട ഏക വഴിയും നാം വിശ്വസിക്കേണ്ട ഏക സത്യവും നമ്മെ ഉത്തേജിപ്പിക്കേണ്ട ഏക ജീവനും ക്രിസ്തുവാണ്. നമ്മെ തൃപ്തരാക്കാന്‍ എല്ലാറ്റിലും എല്ലാമായ അവിടുത്തേക്കു മാത്രമേ കഴിയൂ.
ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. യേശുക്രിസ്തുവിനെയല്ലാതെ നമ്മുടെ രക്ഷയ്ക്കും പുണ്യപൂര്‍ണ്ണതയ്ക്കും മഹത്വത്തിനും അടിസ്ഥാനക്കല്ലായി മറ്റാരെയും ദൈവം നമുക്ക് തന്നിട്ടില്ല. ആ ഉറപ്പേറിയ കല്ലില്‍ കെട്ടിപ്പടുക്കാത്ത സകല സൗധങ്ങളും അത്ര വിദൂരമല്ലാത്ത ഭാവിയില്‍ നിലംപതിക്കുക തന്നെ ചെയ്യും. കാരണം, ഇളകുന്ന പൂഴിയിലാണ് അവയുടെ അടിത്തറ കെട്ടപ്പെട്ടിരിക്കുന്നത്. അവിടുത്തോടു ചേര്‍ന്നു നില്ക്കാത്ത സകല വിശ്വാസികളും തായ്ത്തണ്ടില്‍നിന്നു വേര്‍പെട്ട ശിഖിരം പോലെ വാടിത്തളര്‍ന്നുപോകും. ഉണങ്ങി നിലംപതിക്കും. അഗ്നിയാല്‍ ദഹിപ്പിക്കുവാന്‍ മാത്രമേ അതുപകരിക്കുകയുള്ളൂ. അവിടുത്തേ സഹായമില്ലെങ്കില്‍തെറ്റുകളും അസത്യവും അലച്ചിലും ദൂഷണവും വഷളത്തരവും വ്യര്‍ത്ഥതയും പരാജയവും മരണവും നിത്യനാശവുമേ ശേഷിക്കൂ.
ക്രിസ്തു നമ്മിലും നാം ക്രിസ്തുവിലുമെങ്കില്‍ നിത്യനാശത്തെ നാം ഒരിക്കലും ഭയപ്പെടേണ്ട. മനുഷ്യര്‍ക്കോ പിശാചിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മെ ഉപദ്രവിക്കുവാന്‍ സാധിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ യേശുക്രിസ്തുവിലൂടെയുള്ള സ്‌നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്തുവാന്‍ അവര്‍ അപര്യാപ്തരാണ്. ക്രിസ്തു വഴിയും ക്രിസ്തുവിനോടുകൂടിയും ക്രിസ്തുവിലും എന്തു ചെയ്യുവാന്‍ നമുക്കു കഴിയും. പരിശുദ്ധാത്മാവിന്റെ ഐക്യത്തില്‍ പിതാവിനു സകല പുകഴ്ചയും മഹത്വവും സമര്‍പ്പിക്കുവാനും പുണ്യപൂര്‍ണത പ്രാപിക്കുവാനും സഹോദരര്‍ക്കു നിത്യജീവന്റെ പരിമളമായി മാറുവാനും നാം ശക്തരാകും.
ആകയാല്‍ യഥാര്‍ത്ഥ മരിയഭക്തി നാം അഭ്യസിക്കുകവഴി ക്രിസ്തുവിനോടുള്ള ഭക്തിയും വണക്കവും പൂര്‍ണ്ണതരമാക്കുകയാണ് ചെയ്യുക. അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള സുനിശ്ചിതവും സുഗമവുമായ മാര്‍ഗ്ഗം നാം തുറന്നിടുകയാണ്. മരിയഭക്തി നമ്മെ ക്രിസ്തുവില്‍നിന്ന് അകറ്റുന്നെങ്കില്‍ അതിനെ പിശാചിന്റെ തട്ടിപ്പായി കരുതി തിരസ്‌കരിക്കുകയാണു വേണ്ടത്. എന്നാല്‍, ഈ ഭക്തിയെ സംബന്ധിച്ചിടത്തോളം ഇതുവരെ വിവരിച്ചവയില്‍നിന്നും തുടര്‍ന്നു വിശദമാക്കാനിരിക്കുന്നവയില്‍നിന്നും മനസിലാക്കാം, ക്രിസ്തുവിനെ പൂര്‍ണ്ണമായി അറിയുന്നതിനും ആര്‍ദ്രമായി സ്‌നേഹിക്കുന്നതിനും വിശ്വസ്തതയോടെ സേവിക്കുന്നതിനും നമ്മെ സഹായിക്കുകയാണ് മരിയഭക്തി ചെയ്യുന്നത്.
നമുക്കു പ്രാര്‍ത്ഥിക്കാം.
പരിശുദ്ധ മറിയമേ , എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും
ധ്യാനവിഷയവും പ്രാർത്ഥനയും
സ്വയോന്മുഖത എന്ന ദൗർബല്യം
സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരൻമാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആർക്കും എന്റെ ശിഷ്യനായിരിക്കാൻ സാധിക്കുകയില്ല ‘ (വി. ലൂക്കാ 14 : 26).
ആമുഖം
പാപം അവശേഷിപ്പിക്കുന്ന ദുരന്തങ്ങളിൽ ഏറ്റവും അടിസ്ഥാനപരമായത് സ്വയോന്മുഖതയാണ്.
ദൈവോന്മുഖത : അടിസ്ഥാന മനുഷ്യസ്വഭാവം
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആദിമനുഷ്യൻ സർവാംഗം ദൈവകേന്ദ്രീകൃതനായിരുന്നു. അവന്റെ അസ്തിത്വത്തിന്റെ ലക്ഷ്യവും അവന്റെ ആരാധനാവിഷയവും ദൈവമായിരുന്നു. അവന്റെ ആനന്ദം ദൈവത്തിലും അവന്റെ സായുജ്യം ദൈവകല്പന പാലിക്കുന്നതിലുമായിരുന്നു. തന്മൂലം പതനത്തിനുമുമ്പുള്ള ആദി മാതാപിതാക്കന്മാരുടെ ജീവിതം സൗഭാഗ്യത്തിന്റെ പരകോടിയായിരുന്നു.
ദൈവം ജീവിതത്തിന്റെ കേന്ദ്രമായിരുന്നതിന്റെ ഫലമായി അവർക്ക് നാലുതരത്തിലുള്ള അതിസ്വാഭാവിക ഗുണങ്ങളുണ്ടായിരുന്നു. ഒന്നാമത്തേത്, ആന്തരിക സംഘർഷമില്ലാത്ത അവസ്ഥയാണ്. തത്ഫലമായി ദുഃഖദുരിതങ്ങൾ അവർക്കുണ്ടായിരുന്നില്ല. രണ്ടാമത്തേത്, മരണമില്ലായ്മയാണ്. ആദിമാതാപിതാക്കന്മാർ പാപം ചെയ്തില്ലായിരുന്നുവെങ്കിൽ അവർക്ക് ശാരീരിക മരണം ഉണ്ടാകുമായിരുന്നില്ല. (മതബോധനഗ്രന്ഥം, 376 കാണുക). മൂന്നാമത്തേത്, ചായ്‌വുകൾ അഥവാ പാപാസക്തികൾ ഇല്ലാത്ത അവസ്ഥ. ജഡികാസക്തി, ഭൗതിക വസ്തുക്കളോടുള്ള ആർത്തി, അഹന്ത എന്നിവ അവർക്കുണ്ടായിരുന്നില്ല. നാലാമത്തേത്, നിവേശിതജ്ഞാനമാണ്. അതായത്, ശാശ്വതാനന്ദത്തിലേക്കു നയിക്കുന്ന കാര്യങ്ങളെപ്പറ്റി അവർ അജ്ഞരായിരുന്നില്ല. പാപത്തോടെ സ്വയോന്മുഖരായിത്തീർന്ന നിമിഷംമുതൽ ഇവയെല്ലാം നഷ്ടമായി.
പാപഫലം : സ്വയോന്മുഖത
“ആദ്യപാപത്തിൽ മനുഷ്യൻ തനിക്കുതന്നെ ദൈവത്തെക്കാൾ പ്രാധാന്യം നല്കുകയും ദൈവത്തിനെതിരായി, ദൈവത്തേക്കാൾ ശ്രേഷ്ഠനായി സ്വയം തിരഞ്ഞെടുക്കുകയും ചെയ്തു” (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 398). “നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം പ്രതീകാത്മകമായി ദ്യോതിപ്പിക്കുന്നത്, സൃഷ്ടി എന്ന നിലയ്ക്ക് മനുഷ്യനുള്ള മറികടക്കാനാവാത്ത പരിമിതികളെയാണ് ” (മതബോധനഗ്രന്ഥം, 396). എന്നാൽ, നന്മയും തിന്മയും അറിഞ്ഞുകൊണ്ടും തീരുമാനിച്ചുകൊണ്ടും ദൈവത്തെപ്പോലെയാകാൻ അവൻ ശ്രമിക്കുകയാണു ചെയ്തത്. ഇതാണ് ആദ്യപാപത്തിന്റെ അന്ത:സത്ത. “പാപം എന്നത് ദൈവത്തെ നിന്ദിച്ചുകൊണ്ടുപോലുമുള്ള ആത്മസ്നേഹമാണ് ” (മതബോധനഗ്രന്ഥം’, 1850). ഈ തല തിരിഞ്ഞ ആത്മസ്നേഹത്തെയാണ് സ്വയോന്മുഖത എന്ന് പറയുക.
സ്വയോന്മുഖതയുടെ ലക്ഷണങ്ങൾ
സ്വയോന്മുഖതയുടെ അന്ത:സത്ത നന്മയും തിന്മയും സ്വയം നിശ്ചയിക്കലാണ്. അത് ദൈവത്തെ ജീവിതത്തിൽനിന്നു പുറത്താക്കലാണ്. സ്വയോന്മുഖത വാസ്തവത്തിൽ ദൈവനിഷേധമാണ്, സ്വയം ദൈവമാകലാണ് . നാം പാപം ചെയ്യുമ്പോഴെല്ലാം ഇതാണ് നാം ആവർത്തിക്കുന്നത്. അധികാരമോഹം, പേരിനും പ്രശസ്തിക്കുമുള്ള ആഗ്രഹം, അംഗീകാരത്തിനും പരിഗണനയ്ക്കുമുള്ള ദാഹം, പ്രശംസയ്ക്കും മനുഷ്യപ്രീതിക്കുമുള്ള താത്പര്യം എന്നിവയൊക്കെ സ്വയോന്മുഖതയുടെ ലക്ഷണങ്ങളാണ്. നന്മ ചെയ്യുന്നതിന്റെ പിന്നിൽ അറിയപ്പെടാനും ശ്രദ്ധിക്കപ്പെടാനുമുള്ള പരോക്ഷമായ ആഗ്രഹവും സ്വയോന്മുഖതയുടെ അടയാളം തന്നെ. ചെയ്ത നന്മയ്ക്ക് കുറ്റപ്പെടുത്തലും വിമർശനവും ലഭിക്കുമ്പോൾ ദു:ഖത്തിലാഴുന്നതിന്റെ ഗുപ്തകാരണവും ഇതുതന്നെ. സ്വന്തം ഇഷ്ടം, സ്വന്തം അഭിപ്രായം, സ്വന്തം താത്പര്യം, സ്വന്തം നേട്ടം, സ്വന്തം അഭിരുചി എന്നിവ തിരഞ്ഞെടുപ്പുകളുടെയും പ്രവർത്തനങ്ങളുടെയും മുഖ്യമാനദണ്ഡമാക്കുക എന്നതും സ്വജയോന്മുഖതയുടെ ലക്ഷണങ്ങളാണ്.
സ്വന്തം വലുപ്പം കാണിക്കാൻ വേണ്ടി ചെയ്യുന്നതെന്തും സ്വയോന്മുഖതയുടെ പ്രകാശനങ്ങളാണ് – ആവശ്യത്തിലധികം വലുപ്പവും സൗകര്യങ്ങളുമുള്ള ഭവനങ്ങൾ നിർമിക്കുക, വിവാഹം മുതലായ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ പണം വാരിയെറിയുക, ദാതാവിന്റെ പേര് രേഖപ്പെടുത്തുമെന്ന് അറിയാവുന്ന കാര്യങ്ങൾക്ക് വലിയ സംഭാവനകൾ ചെയ്യുക മുതലായവ. ആത്മസംതൃപ്തിക്കുവേണ്ടിയോ സ്വാർഥതാത്പര്യങ്ങൾ സഫലീകരിക്കാൻ വേണ്ടിയോ ചെയ്യുന്ന ‘ആത്മീയ ശുശ്രൂഷകൾ’ പോലും സ്വയോന്മുഖതയുടെ ബഹിർസ്ഫുരണമാണ്.
സ്വയോന്മുഖത നേരിട്ട് പ്രകടമാക്കപ്പെടുന്ന മറ്റുചില സ്വഭാവരീതികളുണ്ട്. അവയിലൊന്നാണ് ഫാഷൻ വസ്ത്രധാരണം. അത് ദൈവകല്പനാലംഘനമാണ് (1 തിമോ 2:9 കാണുക). തന്നെത്തന്നെ പ്രദർശിപ്പിക്കലാണ് വിനയത്തോടുകൂടെയല്ലാത്ത ഫാഷൻ വസ്ത്രധാരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം. ശരീരത്തിൽ ടാറ്റു ചെയ്യുക, വളരെ അസാധാരണ രീതിയിലുള്ള ഹെയർ സ്റ്റൈൽ ചെയ്യുക, മുക്കുത്തി, സെക്കന്റ് സ്റ്റെഡ് ധരിക്കുക, സിംഗിൾ ലെഗ് ആംഗ്ലെറ്റ് ( Single leg anklet ) അണിയുക, പുരുഷന്മാർ കമ്മലിടുക, ടോൺഡ് അഥവാ റിപ്പ്ഡ് ( torned / ripped ) ജീൻസ് ധരിക്കുക എന്നീ ആധുനിക ഫാഷൻ ഭ്രമങ്ങൾ സ്വയോന്മുഖതയുടെ സ്പഷ്ടമായ പ്രകടനങ്ങളാണ്. ജീവിതത്തിന്റെ കേന്ദ്രം ദൈവമാക്കിയ വ്യക്തിക്ക് അസാധ്യമായ കാര്യമാണിത്.
സോഷ്യൽ മീഡിയവഴി തങ്ങളെത്തന്നെ പ്രചരിപ്പിക്കുന്ന സ്വഭാവമാണ് മറ്റൊന്ന്. സ്വയം പ്രസിദ്ധമാക്കുകയാണ് ഇതുവഴി ഒരാൾ ചെയ്യുന്നത്. സ്വന്തം ഫോട്ടോയാ പേരോ പ്രദർശിപ്പിക്കാനുള്ള തത്രപ്പാടിലും സ്വയോന്മുഖത ഒളിഞ്ഞുകിടപ്പുണ്ട്.
എപ്പോഴും ഒന്നാമനാകാനും മറ്റെല്ലാവരിലുംനിന്നു വ്യത്യസ്തനാകാനുമുള്ള നിർബന്ധ ബുദ്ധിയുടെ പിന്നിലുള്ള ലക്ഷ്യം പലപ്പോഴും അറിയപ്പെടുക എന്നതാണ്. അത് സ്വയോന്മുഖതയുടെ സ്പഷ്ടമായ ലക്ഷണമാണ്. പഠനത്തിലോ വിവിധ കഴിവുകളിലോ ഒന്നാമനാകാൻ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും അതിൽത്തന്നെ തെറ്റല്ല. എന്നാൽ, മറ്റാരെങ്കിലും തന്നെ കവച്ചുവയ്ക്കുമ്പോൾ അസ്വസ്ഥതയാണുണ്ടാകുന്നതെങ്കിൽ അതു സ്വയോന്മുഖതയുടെ അടയാളമാണ്.
ന്യു എയ്ജ് അഥവാ നവയുഗവിശ്വാസമതങ്ങൾ സ്വജയോന്മുഖതയുടെ തീവ്രരൂപമാണ്. ഈ മതങ്ങളിൽ വ്യാപകമായി കാണുന്ന നിഗൂഢ വിദ്യ ദൈവമെന്ന യാഥാർഥ്യം അവഗണിക്കുന്നു ; ദൈവത്തിന്റെ വ്യക്തിത്വം തള്ളിക്കളഞ്ഞുകൊണ്ട് പ്രാപഞ്ചിക ഊർജമായി മാത്രം ദൈവം കണക്കാക്കപ്പെടുന്നു. ക്രൈസ്തവ വിശ്വാസപ്രകാരം മനുഷ്യൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവനും പാപത്താൽ മുറിവേറ്റവനുമാകയാൽ വീണ്ടെടുപ്പ് ആവശ്യമായിരിക്കുന്നവനാണ്. എന്നാൽ, നിഗൂഢവിദ്യയുടെ മിക്ക വക്താക്കളും കരുതുന്നത് മനുഷ്യന് സ്വയം രക്ഷിക്കാൻ കഴിയുമെന്നാണ്. ആ വീക്ഷണപ്രകാരം ആളുകൾക്ക് മാന്ത്രിക ശക്തികൾ നേടാമെന്നോ നിഗൂഢാരൂപികളെ വശത്താക്കാമെന്നോ, “ അജ്ഞരി ” ൽ നിന്ന് മറഞ്ഞിരിക്കുന്ന നിഗൂഢ ജ്ഞാനം “ഉപനയിക്കപ്പെട്ട” വർക്ക് ഉണ്ടാകുമെന്നോ ആളുകൾ കരുതുന്നു. ” ദൈവികമായതിനെ ” പിടിച്ചെടുക്കാനോ വശീകരിക്കാനോ ഒരുവന്റെ ആഗ്രഹങ്ങളെ പ്രപഞ്ചത്തിന്റെമേൽ പ്രയോഗിക്കാനോ ഒരുവന് തന്നെത്തന്നെ രക്ഷിക്കാനോ സാധിക്കുമെന്ന അന്ധമായ വിശ്വാസങ്ങളാണ് ന്യൂ എയ്ജ് മതങ്ങളുടെ തത്ത്വങ്ങൾ. മനുഷ്യൻതന്നെ തന്റെ ഭാഗധേയം, ഭൗതിക വസ്തുക്കൾ, സാഹചര്യം എന്നിവയുടെമേൽ അധികാരം നേടുമെന്നു സങ്കല്പിക്കുന്ന നിഗൂഢവിദ്യ അന്ധവിശ്വാസമോ നിഗൂഢ ജ്ഞാനവാദമോ ആണ് (കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം, 356).
ദൈവത്തെ അറിഞ്ഞും സ്നേഹിച്ചും അവിടത്തെ കല്പനകൾ പാലിച്ചു ജീവിച്ചും നിത്യകാലം അവിടത്തെ സേവിക്കാൻ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ അസ്തിത്വലക്ഷ്യം തന്നെ ഈ സ്വയോന്മുഖത മൂലം തകർക്കപ്പെടുകയാണ്. ഇത് പരിഹരിക്കുന്നില്ലെങ്കിൽ ജീവിതം മുഴുവൻ പരാജയമായിത്തീരുകയും നിത്യശിക്ഷയിൽ പതിക്കുകയും ചെയ്യും.
വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃക
വിശുദ്ധ അൽഫോൻസാമ്മയുടെ പ്രാർഥന ഇത്തരുണത്തിൽ വിചിന്തന വിഷയമാക്കുന്നത് വളരെ സഹായകമാണ്. വിശുദ്ധിയുടെ ജീവിതാദർശമാണ് ഇതു വ്യക്തമാക്കുന്നത്. “ഈശാനാഥാ ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ, സ്നേഹിക്കപ്പെടാനും വില മതിക്കപ്പെടാനുമുള്ള എന്റെ ആശയിൽനിന്ന് എന്നെ വിമുക്തയാക്കണമേ. കീർത്തിയും ബഹുമാനവും സമ്പാദിക്കാനുള്ള ദുഷിച്ച ഉദ്യമത്തിൽനിന്ന് എന്നെ രക്ഷിക്കണമേ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിൽ എരിയുന്ന സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമേ “.
സ്വയോന്മുഖതയെ ജയിക്കുക ശിഷ്യനാകാൻ അത്യന്താപേക്ഷിതം
“ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ ” (വി. മത്താ 16:20 ) എന്നു യേശു പറഞ്ഞപ്പോൾ ഈ സ്വയോന്മുഖത നീക്കിയാൽ മാത്രമേ അവിടത്തെ ശിഷ്യനാകാൻ സാധിക്കുകയുള്ളൂ എന്നല്ലേ അവിടന്നു വ്യക്തമാക്കുന്നത് ? സ്വയം ത്യജിക്കലാണ് സ്വയോന്മുഖതയെ ജയിക്കാനുള്ള പോംവഴി. ഇതൊരു യഥാർഥ രക്തസാക്ഷിത്വമാണ്. വാളാലാ തോക്കാലോ പെട്ടെന്ന് ജീവനൊടുക്കാൻ സമ്മതമരുളുന്നതുപോലെതന്നെ, സ്വയം ഉപേക്ഷിക്കലാണ് സ്വയം ത്യജിക്കലിൽ അടങ്ങിയിരിക്കുന്നത്. അത് രക്തസാക്ഷിത്വം അനുദിനം ജീവിക്കലാണ്. സ്വയം പൂജിക്കാനുള്ള അടിസ്ഥാന ബലഹീനതയെ വീരോചിതമായി നേരിടുകയാണ് ഓരോ തവണയും സ്വയം ത്യജിക്കലിലൂടെ സാധിക്കുന്നത്.
മരിയൻ പ്രതിഷ്ഠ : സ്വയോന്മുഖതാ നിവാരണ മാർഗം
ആകയാൽ, സ്വയാന്മുഖത പരിഹരിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി തന്നെത്തന്നെ ത്യജിച്ചുകൊണ്ട്, ദൈവത്തെ ജീവിതത്തിന്റെ സർവസ്വവുമാക്കുക എന്നതാണ്. ഇതുതന്നെയാണ് വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് നിർദേശിക്കുന്ന മരിയൻ സമർപ്പണത്തിന്റെ കാതലും. കന്യകമറിയത്തിന്റെ കരങ്ങളിലൂടെ യേശുവിനു നമ്മെത്തന്നെ സമ്പൂർണമായി സമർപ്പിക്കലാണത്. സ്വയോന്മുഖതയിൽനിന്നു മോചനം ലഭിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴി ഈ സ്വയം ഉപേക്ഷിക്കലാണ്.
ഇതിന് താഴെപ്പറയുന്നവ നാം പരിശുദ്ധ അമ്മയ്ക്ക് നൽകണം.
1. ശരീരത്തെ അതിന്റെ അവയവങ്ങളോടും ഇന്ദ്രിയങ്ങളോടുംകൂടെ.
2. ആത്മാവും അതിന്റെ എല്ലാ ശക്തികളും.
3.നമുക്കിപ്പോഴുള്ള വയും ഭാവിയിൽ ലഭിക്കാനിരിക്കുന്നവയുമായ ബാഹ്യമായ എല്ലാ നന്മകളും സമ്പന്നതകളും.
4. നമ്മുടെ പുണ്യങ്ങളും യോഗ്യതകളുമാകുന്ന ആത്മീയവും ആന്തരികവുമായ സമ്പത്തും, കഴിഞ്ഞ കാലങ്ങളിൽ ചെയ്തതും ഇപ്പോൾ ചെയ്യാൻ പോകുന്നതുമായ എല്ലാ സത്പ്രവൃത്തികളും (‘യഥാർഥ മരിയഭക്തി’, 121).
സന്ന്യാസ വ്രതവാഗ്ദാനത്തിൽപ്പോലും സത്പ്രവൃത്തികൾ യഥേഷ്ടം വിതരണം ചെയ്യാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും നാം ദൈവത്തിനു നല്കുന്നില്ല. ഒരു ക്രിസ്ത്യാനി ഏറ്റവും അമൂല്യവും പ്രിയങ്കരവുമായി കരുതുന്ന തന്റെ പുണ്യ യോഗ്യതാഫലവും പരിഹാരഫലവും അവർ സമർപ്പിക്കുന്നില്ല. എന്നാൽ ഈ ഭക്ത്യാഭ്യാസംവഴി അവയുടെ മേലുള്ള അവകാശംകൂടെ നാം ഉപേക്ഷിക്കുന്നു (യഥാർഥ മരിയഭക്തി, 123).
ബൈബിൾ വായന
“യേശു ശിഷ്യന്മാരോട് അരുൾ ചെയ്തു : ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ, സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും ; എന്നാൽ, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതു കണ്ടെത്തും ” (വി. മത്തായി 16 : 24 – 25 ).
പതിനഞ്ചാം ദിവസത്തെ പ്രാർഥന
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിക്കുകയും കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തുകയും ചെയ്ത കർത്താവായ യേശുവേ, എന്നെത്തന്നെ ജീവിത കേന്ദ്രമാക്കുന്ന സ്വയോന്മുഖതയിൽനിന്ന് എന്നെ വീണ്ടെടുക്കണമേ. നന്മയും തിന്മയും സ്വയം തീരുമാനിക്കാനും ദൈവത്തെ നിന്ദിച്ചുകൊണ്ടുപാലുമുള്ള ആത്മസ്നേഹത്തിൽ നിപതിക്കാനും എനിക്കിടയാക്കിരുതേ. അധികാരമോഹം, പ്രശസ്തിക്കുള്ള ആഗ്രഹം, അംഗീകാരത്തിനും പരിഗണനയ്ക്കുമുള്ള ദാഹം എന്നീ സ്വയാന്മുഖസ്വഭാവങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ. എന്റെ താത്പര്യങ്ങൾക്കുപരി ദൈവമഹത്ത്വം മുഖ്യലക്ഷ്യമാക്കാൻ എന്നെ അനുഗ്രഹിക്കണമേ. ‘എന്റെ ഇഷ്ടമല്ല, അങ്ങേ ഇഷ്ടം നിറവേറട്ടെ’ എന്ന് പ്രാർഥിച്ച യേശുവേ, നിന്റെ ഈ മനോഭാവത്തിലേക്ക് എന്നെ വളർത്തണമേ. പരിശുദ്ധ മാതാവേ, നിന്നോടൊപ്പം എന്നെയും ദൈവത്തിനു നല്കണമേ, ആമേൻ.
സത്കൃത്യം.
ചെറുതും വലുതുമായ എല്ലാ പ്രവൃത്തികളും ദൈവമഹത്ത്വത്തിന് എന്ന നിയോഗംവച്ച് ചെയ്യുക.
***********************************************************************************************************
ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .
+++++++++++++
MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY