16- ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നയിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം
==========================================================================
33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക
പതിമൂന്നാം ദിവസം മുതൽ പത്തൊൻപതാം ദിവസം വരെയുള്ള (രണ്ടാം ഘട്ടം ) ഒരുക്ക പ്രാർത്ഥനകൾ ചൊല്ലുവാൻ ഇവിടെ ക്ലിക് ചെയ്യുക
==========================================================================
പതിനാറാം ദിവസം
2 -ാം ഘട്ടം , , ആത്മജ്ഞാനം
1. ക്രിസ്താനുകരണ വായന
സ്‌നേഹത്താല്‍ പ്രേരിതമായി പ്രവർത്തിക്കണം.
ലോകത്തിൽ ഒരു കാര്യത്തിനു വേണ്ടിയും ആരോടെടെങ്കിലുമുള്ള സ്നേഹത്തെ പ്രതിയും, യാതൊരു തിന്മയും
ചെയ്യരുത്. ഒന്നുമില്ലാത്തവരുടെ നന്മയ്ക്ക് വേണ്ടി നല്ല പ്രവൃത്തി ചിലപ്പോൾ ഇടയ്ക്ക് നിറുത്തേണ്ടിവരാം. കൂടുതൽ നല്ലവയെ തെരഞ്ഞെടുക്കേണ്ടതായും വരാം. ഇങ്ങനെ ചെയ്യുന്നു വഴി നല്ല പ്രവൃത്തി ഉപേക്ഷിക്കുന്നില്ല. കൂടുതൽ നന്നായി ചെയ്യുന്നതേയുള്ളൂ. സ്നേഹമില്ലെങ്കിൽ ബാഹ്യമായ പ്രവൃത്തിക്ക് ഒരു മൂല്യവുമില്ല. സ്നേഹത്തെ പ്രതി എതു ചെയ്താലും എത്ര ചെറുതായാലും വിലയില്ലാത്തതായാലും പൂർണ്ണമായും ഫലപ്രദമാണ്. എന്ന ചെയ്യുന്നു വെന്നതിനേക്കാൾ എന്ന കൊണ്ട് ചെയ്യുന്നുവെന്നതാണ് ദൈവം നോക്കുന്നത്.
സ്നേഹം സൽപ്രവൃത്തികളെ മഹത്താക്കുന്നു.
ഏറെ സ്നേഹിക്കുന്നവൻ ഏറെ ചെയ്യുന്നു. നന്നായി ചെയ്യുന്നവൻ ഏറെ ചെയ്യുന്നു. സമൂഹത്തിനു വേണ്ടി ചെയ്യുന്നവൻ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നവനേക്കാൾ നന്നായി ചെയ്യുന്നു. സ്നേഹമായി കാണപ്പെട്ടാലും സ്വാർത്ഥതയായിരിക്കാം, സ്വാഭാവിക പ്രവണതകളും തന്നിഷ്ടവുമാകാം. പ്രതിഫലേച്ഛയും സ്വന്തം നേട്ടങ്ങളിലുള്ള താല്പര്യവും അപൂർവ്വമായി മാത്രമേ ഇല്ലാതിരിക്കൂ.
സ്നേഹം എല്ലാത്തിലും ദൈവത്തെ അന്വേഷിക്കുന്നു.
ശരിയായതും പൂർണ്ണവുമായ സ്നേഹമുള്ളവൻ ഒന്നിലും തന്റെ നേടം നോക്കുകയില്ല. എല്ലാറ്റിലും ദൈവമഹത്വം മാത്രമേ ആ ഗ്രഹിക്കൂ. അയാൾക്ക് ആരോടും അസൂയ ഇല്ല.കാരണം സ്വന്തമായ സന്തോഷമല്ല ഇഷ്ടപ്പെടുന്നത്. തനിൽത്തന്നെ സന്തോഷിക്കാനിഷ്ടപ്പെടുന്നില്ല. പകരം എല്ലാത്തിനും ഉപരി ദൈവത്തിലുള്ള സൗഭാഗ്യം കാംക്ഷിക്കുന്നു. നന്മ വരുന്നത് മനുഷ്യനിൽ നിന്നല്ല. എല്ലാറ്റിന്റെയും ഉറവിടമായ ദൈവത്തിൽ നിന്നാണ്. എല്ലാ വിശുദ്ധരും ദൈവമാകുന്ന പ്രതിഫലത്തിൽ സംതൃപ്തിയടയുന്നു. സ്നേഹത്തിന്റെ ഒരു പൊതി ഉള്ളവർക്ക് ലൗകീകമായതെല്ലാം വ്യർത്ഥത നിറഞ്ഞതാണെന്നു മനസ്സിലാകും.
പ്രാര്‍ത്ഥന.
ദൈവമേ, ഞങ്ങളുടെ എല്ലാ പ്രവൃത്തികളും സ്‌നേഹത്താല്‍ പ്രേരിതമാകാനും എല്ലാ കാര്യങ്ങളിലും ദൈവത്തെ അന്വേഷിക്കാനും ഞങ്ങള്‍ക്ക് കൃപ നല്‍കിയരുളണമേ. ആമ്മേന്‍.
2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.
നമ്മുടെ മദ്ധ്യസ്ഥനായ ക്രിസ്തുവിന്റെ പക്കൽ നമുക്ക് പരിശുദ്ധമറിയത്തെ മദ്ധ്യസ്ഥയായി ആവശ്യമുണ്ട്.
മദ്ധ്യസ്ഥൻവഴി നാം ദൈവത്തെ സമീപിക്കുന്നതു കൂടുതൽ ശ്രേഷ്ഠമാണ്. കാരണം, അതു കൂടുതൽ വിനയപൂർണ്ണമാണല്ലോ. ഞാൻ അല്പംമുമ്പു പ്രസ്താവിച്ചതുപോലെ മനുഷ്യപ്രകൃതി പാപപങ്കിലമാകയാൽ ദൈവത്തെ സമീപിക്കുന്നതിനും പ്രീതിപ്പെടുത്തുന്നതിനും നാം നമ്മുടെ പ്രവൃത്തികളെയും പ്രയത്നങ്ങളെയും ഒരുക്കങ്ങളെയും മാത്രം ആശ്രയിച്ചാൽ ദൈവതിരുമുമ്പിൽ നമ്മുടെ സത്പ്രവൃത്തികൾ തീർച്ചയായും ദുഷിച്ചതും വിലയില്ലാത്തതുമായിരിക്കും. തന്നിമിത്തം, നമ്മെ ശ്രവിക്കുന്നതിനും നമ്മോട് ഐക്യപ്പെടുന്നതിനും ദൈവത്തെ പ്രേരിപ്പിക്കാൻ അവയ്ക്കു കഴിയുകയില്ല. മഹത്ത്വപൂർണ്ണനായ ദൈവം നമുക്കു മധ്യസ്ഥന്മാരെ തന്നിരിക്കുന്നത് അകാരണമായല്ല. നമ്മുടെ അയോഗ്യതകളും അശക്തിയും കാണുന്ന ദൈവം നമ്മോടു കരുണ കാണിക്കുന്നു. തന്റെ കാരുണ്യത്തിലേക്കു നമ്മെ എത്തിക്കുവാൻ തന്റെ മഹത്വത്തിന്റെ മുൻപിൽ ശക്തിയേറിയ മധ്യസ്ഥന്മാരെ അവിടുന്നു നമുക്കു നൽകി. ആകയാൽ അത്യുന്നതനും പരിശുദ്ധനുമായ ദൈവത്തെ, യാതൊരു ശുപാർശകരെയും കൂടാതെ നേരിട്ടു നാം സമീപിക്കുന്നെങ്കിൽ, അത് ദൈവസന്നിധിയിൽ നമുക്ക് ആദരവും എളിമയുമില്ലെന്നു തെളിയിക്കുകയാണ് ചെയ്യുന്നത്. ഒരു രാജാവിനെയോ ചക്രവർത്തിയെയോ സന്ദർശിക്കുന്നതിനുമുമ്പു നമുക്കുവേണ്ടി മാധ്യസ്ഥ്യം പറയുവാൻ ആരെയെങ്കിലും നാം അന്വേഷിക്കുന്നു. എങ്കിൽ, രാജാധിരാജനായ ദൈവത്തെ നേരിട്ടു സമീപിക്കുവാൻ തുനിയുന്നത് അവിടുത്തോടു നമുക്കു വളരെക്കുറിച്ചു ബഹുമാനം മാത്രമേയുള്ളൂ എന്നു തെളിയിക്കുകയല്ലേ ചെയ്യുന്നത്?
ക്രിസ്തുനാഥനാണ് പരിത്രാണകർമ്മത്തിൽ പിതാവായ ദൈവത്തിന്റെ പക്കൽ നമ്മുടെ അഭിഭാഷകനും മദ്ധ്യസ്ഥനും. സമരസഭയോടും വിജയസഭയോടുംകൂടി ക്രിസ്തുവഴിയാണ് നാം പ്രാർത്ഥിക്കേണ്ടതും, ദൈവസിംഹാസനത്തെ സമീപിക്കേണ്ടതും. ഇസഹാക്കിന്റെ പക്കൽ ആശിസ്സു സ്വീകരിക്കുവാൻ കുഞ്ഞാടിന്റെ തോൽധരിച്ചു യാക്കോബ് ചെന്നതുപോലെ, ദൈവപിതാവിന്റെ പക്കൽ അവിടുത്തേ പുത്രന്റെ യോഗ്യതകൾ ധരിച്ചും അവയുടെ സഹായത്തിൽ ആശ്രയിച്ചും വേണം നാം ചെല്ലുവാൻ.
എന്നാൽ, ഈ മധ്യസ്ഥന്റെ പക്കൽ മറ്റൊരു മധ്യസ്ഥനെ നമുക്കാവശ്യമില്ലേ? അവിടുത്തോടു നേരിട്ടു ഐക്യപ്പെടുവാൻ മാത്രം നിർമ്മലരാണോ നാം? അവിടുന്നും പിതാവിനു സമനായ ദൈവമല്ലേ? പിതാവിനെപ്പോലെ ബഹുമാനാർഹനല്ലേ? ദൈവകോപം ശമിപ്പിക്കുവാനും നമ്മുടെ കടം വീട്ടുവാനുംവേണ്ടി നമ്മുടെ മധ്യസ്ഥനും ജാമ്യക്കാരനും ആകുന്നതിനു തന്റെ അനന്തസ്നേഹം അവിടുത്തെ പ്രചോദിപ്പിച്ചു. പക്ഷേ, അക്കാരണത്താൽ നാം അവിടുത്തെ മഹത്ത്വത്തിന്റെയും വിശുദ്ധിയുടെയും മുമ്പിൽ ആദരവും ദൈവഭയമില്ലാത്തവരുമായി പെരുമാറുകയെന്നോ?
ആകയാൽ, നമുക്കും വി. ബർണ്ണാർദിനോടുകൂടി പറയാം, നമ്മുടെ മധ്യസ്ഥന്റെ പക്കൽ നമുക്കു വേറൊരു മധ്യസ്ഥൻ ആവശ്യമാണെന്ന്. ഈ ദൗത്യത്തിന് അർഹയായി മറിയം മാത്രമേയുള്ളൂ. അവൾ വഴിയാണു ക്രിസ്തു നമ്മുടെ പക്കൽ വന്നത്. അവൾവഴിതന്നെ വേണം നാം അവിടുത്തെ സമീപിക്കുവാനും. ദൈവമായ ക്രിസ്തുവിനെ നേരിട്ടു സമീപിക്കുവാൻ നാം ഭയപ്പെടുന്നെങ്കിൽ – അവിടുത്തെ അനന്തമഹത്ത്വമോ നമ്മുടെ ഹീനാവസ്ഥയോ പാപമോ എന്തുമായിക്കൊള്ളട്ടെ നമ്മെ തടസ്സപ്പെടുത്തുന്നത് – നമ്മുടെ മാതാവായ മറിയത്തെ സമീപിച്ച് അവളുടെ മാധ്യസ്ഥ്യവും സഹായവും നമുക്ക് അപേക്ഷിക്കാം. അവൾ നല്ലവളാണ്; കരുണാർദ്രയാണ്. കാർക്കശ്യമോ വിലക്കുകളോ, അനന്തമായ ഔന്നത്യമോ പ്രതാപമോ അവളിലില്ല. നമ്മുടേതുപോലുള്ള മനുഷ്യപ്രകൃതിയാണ് അവളിൽ നാം കാണുന്നത്. നമുക്കു സർവ്വസ്വാതന്ത്ര്യത്തോടെ അവളുടെ പകൽ അണയാം. ബലഹീനരായ നമ്മെ തന്റെ ഉജ്ജ്വലപ്രകാശത്താൽ അന്ധരാക്കുന്ന സൂര്യനല്ല അവൾ. ചന്ദ്രനെപ്പോലെ മഞ്ജുളയും മൃദുലയുമാണവൾ (ഉത്തമ. 6:9). മധ്യാഹ്നസൂര്യന്റെ ഉഗ്രപ്രകാശത്തെ സ്വീകരിച്ച് അതിനെ നമ്മുടെ പരിമിതമായ ശക്തിക്കനുരൂപമാക്കി നൽകുക, അതാണു മറിയം ചെയ്യുന്നത്. തന്നിൽ ആശ്രയിക്കുന്ന ആരെയും – അവർ മഹാപാപികൾ തന്നെ ആയിരുന്നാലും സ്നേഹനിർഭരയായ ആ മാതാവു തിരസ്കരിക്കില്ല. ലോകം ലോകമായ കാലംമുതലേ പരിശുദ്ധ കന്യകയോട് കോൺഫിഡൻസോടുകൂടി നിരന്തരം സഹായം യാചിച്ചിട്ടുള്ള ആരെയും അവൾ തള്ളിക്കളഞ്ഞിട്ടില്ല (St. Bernard) എന്നു വിശുദ്ധർ പറയുന്നതു തികച്ചും വാസ്തവമത്രേ. അവളുടെ യാചനകൾ ഒന്നും ദൈവം നിരസിക്കുന്നില്ല; കാരണം, അവൾക്ക് അവിടുത്തെ പക്കലുള്ള സ്വാധീനശക്തി അത്ര വലുതാണ്. മറിയം അപേക്ഷയുമായി തന്റെ ദിവ്യസുതന്റെ സന്നിധിയിൽ പ്രവേശിച്ചാൽ മാത്രം മതി, അവിടുന്ന് അവളുടെ അഭ്യർത്ഥന സാധിച്ചുകൊടുക്കുവാൻ. തന്നെ ഉദരത്തിൽ വഹിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്ത പ്രിയമാതാവിന്റെ പ്രാർത്ഥന അവിടുത്തെ സ്നേഹപൂർവ്വം കീഴ്പ്പെടുത്തുന്നു (St. Bonaventure).
മേല്പറഞ്ഞവയെല്ലാം വി. ബർണ്ണാർദിന്റെയും വി. ബൊനവഞ്ചറിന്റെയും ഗ്രന്ഥങ്ങളിൽനിന്നു സ്വീകരിച്ചിട്ടുള്ളവയാണ്. അവരുടെ അഭിപ്രായത്തിൽ ദൈവത്തെ സമീപിക്കുന്നതിനു നാം മൂന്നുപടികൾ കയറണം. ആദ്യത്തേതു നമുക്ക് ഏറ്റവും സമീപസ്ഥവും നമ്മുടെ കഴിവുകൾക്ക് അനുരൂപവുമാണ്. അതു മറിയമത്രേ. രണ്ടാമത്തേതു ക്രിസ്തുവും, മൂന്നാമത്തേതു പിതാവായ ദൈവവും. ക്രിസ്തുവിന്റെപക്കൽ ചെന്നുചേരുവാൻ നാം മറിയത്തെ ആശ്രയിക്കണം. അവളാണു നമ്മുടെ പ്രാർത്ഥനകളുമായി ക്രിസ്തുസമക്ഷം മാധ്യസ്ഥ്യം വഹിക്കുന്നത്. പിതാവിലെത്തുവാൻ നാം ക്രിസ്തുവിനെ സമീപിക്കണം. അവിടുന്നാണു നമ്മുടെ പരിത്രാണത്തിനു “മദ്ധ്യവർത്തി.” ഈ ക്രമമാണു ഞാൻ വിവരിക്കുവാൻ പോകുന്ന ഭക്താഭ്യാസത്തിൽ സ്വീകരിച്ചിട്ടുള്ളത്.
ദൈവം നല്കുന്ന കൃപാവരങ്ങളും മറ്റു അമൂല്യദാനങ്ങളും സൂക്ഷിക്കുവാൻ നമുക്കു മറിയം ആവശ്യമാണ്.
ദൈവത്തിൽനിന്നു നമുക്കു കൃപാവരങ്ങളും ഇതര ദാനങ്ങളും ധാരാളം ലഭിക്കുന്നുണ്ട്. എന്നാൽ, അവയെ അഭംഗം കാത്തുസൂക്ഷിക്കുക അത്ര എളുപ്പമല്ല. കാരണം, നാം ബലഹീനരാണ്. ഇതു വിശദമാക്കാം.
കൃപാവരം ഭൂസ്വർഗ്ഗങ്ങളെക്കാൾ അമൂല്യമാണ്. തീർത്തും നശ്വരമായ പേടകത്തിലാണ് ഈ നിധി നാം സൂക്ഷിക്കുക. ഈ പേടകം നമ്മുടെ അധഃപതിച്ച ശരീരവും ദുർബലവും ചഞ്ചലമായ ആത്മാവുമാണ്. ഒരു കഥയില്ലാത്ത കാര്യംപോലും അതിനെ തകിടം മറിയ്ക്കുകയും ദുഃഖപൂർണ്ണമാക്കുകയും ചെയ്യും. “ഈ നിധി മൺപാത്രങ്ങളിലാണ് ഞങ്ങൾക്കു ലഭിച്ചിട്ടുള്ളത്” (2 കോറി. 4:7).
പിശാചുക്കൾ കുടിലതയിൽ അതിനിപുണരായ കള്ളന്മാരാണ്. നാം നിനച്ചിരിക്കാത്തപ്പോൾ ആയിരിക്കും അവർ നമ്മെ കൊള്ളയടിക്കുന്നത്. അനുകൂല സാഹചര്യങ്ങൾ പ്രതീക്ഷിച്ച് അവർ ദിനരാത്രങ്ങൾ കാത്തിരിക്കുന്നു. ആ ലക്ഷ്യപ്രാപ്തിക്കായി നമ്മെ വട്ടമിട്ടു നടക്കുന്നു. നമ്മെ നിരന്തരം വിഴുങ്ങുവാൻ കാത്തിരിക്കുകയാണവർ. ഒരു ദുർബലനിമിഷത്തിൽ ഒരു പാപം ചെയ്യിപ്പിച്ച് പല വർഷങ്ങൾക്കൊണ്ടു നാം നേടിയ കൃപാവരങ്ങളും യോഗ്യതകളും തട്ടിയെടുക്കും. അവരുടെ എണ്ണവും വിദ്വേഷവും പരിചയസമ്പത്തും സൂത്രവും മൂലം അതിദാരുണമായ വിധത്തിൽ വലിയ നഷ്ടം സഹിക്കേണ്ടിവരുമെന്ന ഭയം നമ്മിൽ ഉണ്ടാകണം. നമ്മെക്കാൾ സുകൃതസമ്പന്നരും കൃപാവരപൂരിതരും അനുഭവപാഠങ്ങളാൽ ദൃഢചിത്തരും, വിശുദ്ധിയുടെ പരകോടിയിൽ എത്തിയവരും അതിദയനീയമായി കവർച്ചക്കടിപ്പെട്ടു; കൊള്ളചെയ്യപ്പെട്ടു. ഇതു നമ്മെ അത്ഭുതപരതന്ത്രരാക്കേണ്ടതല്ലേ. ഹാ!എത്ര എത്ര ലബനോനിലെ കാരകിൽ വൃക്ഷങ്ങൾ ദാരുണമായി നിലംപതിച്ചു! നഭോമണ്ഡലത്തിൽ പ്രകാശിച്ചുകൊണ്ടിരുന്ന ഉജ്ജ്വലങ്ങളായ താരങ്ങൾ എത്രയാണ് കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട് അവയുടെ ഔന്നത്യവും ശോഭയുമറ്റു തിരോഭവിച്ചത്! എപ്പോഴാണ് ഈ ദുഃഖകരവും അപ്രതീക്ഷിതവുമായ മാറ്റം സംഭവിച്ചത്? കൃപാവരത്തിന്റെ അഭാവമാണോ കാരണം? അല്ല, അതു സകലർക്കും നൽകപ്പെടുന്നുണ്ട്. എളിമ കൈമോശം വന്നതിന്റെ തിക്തഫലം! തങ്ങളുടെ നിധി സൂക്ഷിക്കുവാൻ തങ്ങൾ ശക്തരാണെന്നവർ വ്യാമോഹിച്ചുപോയി. അവർ തങ്ങളെ വിശ്വസിച്ചു; തങ്ങളിൽതന്നെ ആശ്രയിച്ചു. കൃപാവരമാകുന്ന നിധി സൂക്ഷിക്കുവാൻ മാത്രം തങ്ങളുടെ ഭവനം സുരക്ഷിതമെന്നും നിക്ഷേപപാത്രം ബലവത്താണെന്നും അവർ കരുതി. കൃപാവരത്തിൽ ആശ്രയിച്ചു തങ്ങൾ മുന്നേറുന്നുവെന്ന് അവർ നിനച്ചു. എന്നാൽ സത്യത്തിൽ, തങ്ങളിൽത്തന്നെയാണ് ആശ്രയിച്ചതെന്നത് അവരൊട്ടു തിരിച്ചറിഞ്ഞതേയില്ല. അപ്പോൾ ഏറ്റവും നീതിമാനായ ദൈവം, അവരെ തങ്ങൾക്കു തന്നെ വിട്ടുകൊടുത്തുകൊണ്ടു ദയനീയമായി കൊള്ളയടിക്കപ്പെടാൻ അനുവദിക്കുന്നു.
കഷ്ടം! ഞാൻ വിശദമാക്കുവാൻ പോകുന്ന, അത്ഭുതകരമായ ഭക്തകൃത്യത്തെപ്പറ്റി അറിഞ്ഞിരുന്നെങ്കിൽ, സുശക്തവും വിശ്വസ്തയുമായ പരിശുദ്ധ കന്യകയെ അവർ ആ നിധി ഏൽപ്പിക്കുമായിരുന്നു. അവൾ അതു സ്വന്തമെന്നോണം സൂക്ഷിക്കുകയും ചെയ്യും. പോരാ, താൻ നീതിപൂർവ്വം സംരക്ഷിക്കുവാൻ കടപ്പെട്ടവളാണെന്ന ബോധ്യത്താൽ അവർക്കുവേണ്ടി അതു കാത്തുസൂക്ഷിക്കുകയും ചെയ്തേനെ.
വളരെ ദാരുണമായി അധഃപതിച്ച ഈ ലോകത്തിൽ നീതി നിർവ്വഹിച്ചു ജീവിക്കുക ദുഷ്കരമത്രേ. ആകയാൽ ലോകത്തിന്റെ ചെളിപുരണ്ടിട്ടില്ലെങ്കിൽതന്നെയും അതിലെ ധൂളിയേറ്റുപോലും എത്ര അടിയുറച്ച ആത്മീയതയുള്ളവരായാലും കറപറ്റാതിരിക്കുക അസാദ്ധ്യം. അതിശക്തമായി ഇരമ്പി ആർക്കുന്ന ഈ ലോകമാകുന്ന അഗാധജലധിയിൽ മുങ്ങി നശിക്കാതെയും അതിന്റെ കുത്തിയൊഴുക്കിൽപെടാതെയും കടൽകൊള്ളക്കാരാൽ ആക്രമിക്കപ്പെടാതെയും വിഷക്കാറ്റടിയേറ്റു നശിക്കാതെയും ഇരിക്കുക ഒരത്ഭുതം തന്നെ. അതുകൊണ്ട് ഇപ്പോൾ ഞാൻ വിവരിക്കാൻപോകുന്ന മാധുര്യമേറിയ വഴിയിലൂടെ വിശ്വസ്തയായ കന്യകാമറിയത്തെ ശുശ്രൂഷിച്ചാൽ പിശാച് ഒരിക്കൽപോലും എത്തിനോക്കാൻ ധൈര്യപ്പെടാത്ത അവൾ ഈ അത്ഭുതം നമ്മിൽ പ്രവർത്തിക്കും.
3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും
*
ധ്യാനവിഷയവും പ്രാർത്ഥനയും
പ്രാർഥനയിലും ആധ്യാത്മികകാര്യങ്ങളിലുമുള്ള അലംഭാവം
“എന്റെ നാമത്തെപ്രതി പീഡകൾ സഹിച്ചിട്ടും നീ ക്ഷീണിച്ചില്ല. എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്. നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു ” (വെളി 2:3-5).
ആമുഖം
പാപത്തിന്റെ പരിണിതഫലമാണ് പ്രാർഥനയിലും ആധ്യാത്മിക കാര്യങ്ങളിലുമുള്ള അലംഭാവം.
പ്രാർഥനയിലുള്ള അലംഭാവം
പ്രാർഥനയിൽ തീക്ഷ്ണതയില്ലായ്മ പാപസാന്നിധ്യത്തിന്റെ തെളിവാണ്. പാപം ദൈവത്തിൽനിന്നകറ്റുന്നു.
“പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ നിങ്ങൾ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ” (വി. മത്താ 26:41). ഇതാണ് പാപത്തിൽ വീണുപോകാതിരിക്കാനുള്ള മാർഗമായി യേശു നിർദേശിച്ചത്. എന്നാൽ ഉദ്ഭവപാപത്തിന്റെ പ്രഥമഫലം പ്രാർഥിക്കാൻ പറ്റാത്തവിധം ദൈവത്തിൽനിന്നുള്ള അകല്ചയാണ്. പാപം ചെയ്തു തകർന്ന തന്റെ വത്സല മകനായ ആദത്തെ അന്വേഷിച്ച് ‘ആദം, നീ എവിടെ’ എന്നു ചോദിച്ചുവന്ന ദൈവത്തിൽനിന്ന് അവൻ ഓടിയൊളിക്കുകയാണു ചെയ്തതെന്നാണ് വിശുദ്ധഗ്രന്ഥം പറയുന്നത്. പാപം അവന് ദൈവസാന്നിധ്യം ഭാരമാക്കിതീർത്തു !
ദൈവത്തിൽ നിന്നുള്ള അകല്ച : പ്രാർഥനയ്ക്കുള്ള പ്രധാന തടസ്സം
ആദ്യപാപത്തിന്റെ ഫലമായുള്ള ദൈവമനുഷ്യബന്ധത്തകർച്ച എല്ലാവരിലേക്കും വ്യാപിച്ചിരിക്കുന്നതിനാൽ എല്ലാവർക്കും പ്രാർഥനയിൽ മുഴുകുക വളരെ ശ്രമകരമായ ഒന്നായിത്തീർന്നിരിക്കയാണ്. വ്യക്തിപരമായ പാപം ഇത് രൂക്ഷമാക്കിത്തീർക്കുന്നു.
പാപജീവിതത്തിന്റെ ദൈർഘ്യമനുസരിച്ചും പാപത്തിന്റെ കാഠിന്യമനുസരിച്ചും ദൈവത്തോടുള്ള അകല്ച്ച വർധിക്കും. ദൈവസന്നിധിയിൽ സദാ വ്യാപരിച്ചിരുന്ന മാലാഖമാർക്ക് ഒരൊറ്റ പാപം മൂലം ദൈവത്തിൽ നിന്നുണ്ടായ അകല്ച്ച എത്ര വലുതായിരുന്നു. അവർ എന്നേക്കുമായി ദൈവത്തിൽ നിന്നകലുകയും നരകത്തിലേക്കെറിയപ്പെടുകയും ചെയ്തു !
ഒരൊറ്റ പാപം ദൈവത്തിൽനിന്ന് മാലാഖമാരെ ഇപ്രകാരം അകറ്റിയെങ്കിൽ, എണ്ണമില്ലാത്ത പാപങ്ങൾ ആവർത്തിച്ചാവർത്തിച്ച് ചെയ്ത നമ്മൾ ദൈവത്തിൽനിന്ന് എത്രയേറെ അകലെയായിരിക്കും ! ദൈവത്തിൽ നിന്നുള്ള ഈ അകല്ച മൂലമാണ് നാം പ്രാർഥിക്കാൻ പരിശ്രമിക്കുമ്പോഴും ഏറെ പ്രാർഥിക്കാൻ സാധിക്കാത്തതും മടുപ്പ്, പലവിചാരം, വരൾച്ച, വിശ്വാസരാഹിത്യം, ക്ഷീണം, ഉറക്കം എന്നിവയുണ്ടാകുന്നതും.
ജഡികമനുഷ്യനായി തുടരുന്നത് : പ്രാർഥനയ്ക്ക് വൻ തടസ്സം
ഇതിനും പുറമേ, അധഃപതിച്ച നമ്മുടെ മനുഷ്യപ്രകൃതിതന്നെ പ്രാർഥന അത്യന്തം ദുഷ്കരമാക്കുന്നു. അധഃപതിച്ച മനുഷ്യപ്രകൃതിമൂലം നാം ജഡികരാണ് : “ഞാൻ പാപത്തിന് അടിമയായി വിലക്കപ്പെട്ട ജഡികനാണ് (റോമാ 7:14). ദൈവമാകട്ടെ, അരൂപിയും : “ദൈവം ആത്മാവാണ് ” (വി. യോഹ 4:23). ജഡികനായി കഴിയുവോളം അരൂപിയായ ദൈവവുമായി മനുഷ്യന് എങ്ങനെ സംഭാഷണത്തിൽ ഏർപ്പെടാനാകും ? (പ്രാർഥന ദൈവവുമായുള്ള സംഭാഷണമാണല്ലോ). ദൈവവും മനുഷ്യനും തമ്മിലുളള ഈ അടിസ്ഥാനപരമായ അന്തരമാണ് പ്രാർഥനയ്ക്കുള്ള പ്രധാന തടസ്സം. അരുപിയായ ദൈവത്തോട് സമ്പർക്കം പുലർത്താൻ മനുഷ്യനുള്ള പോംവഴി അവൻ ആത്മീയനായിത്തീരുകയാണ്.
ആത്മീയമനുഷ്യരായിത്തീരുന്നത് നാം പരിശുദ്ധാത്മാവാൽ നിറയുകയും ആത്മാവാൽ നയിക്കപ്പെടുകയും ചെയ്യുമ്പോഴാണ്: ജഡത്തിന്റെ പ്രവണതകൾ ആത്മാവാൽ നിഹനിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും. ദൈവാത്മാവാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്. ഈ ആത്മാവുമൂലമാണു നാം ആബ്ബാ പിതാവേ – എന്നു വിളിക്കുന്നത്. നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോടു ചേർന്ന് സാക്ഷ്യം നല്കുന്നു ” (റോമാ 8:13-17).
ദൈവപുത്രസ്ഥാനത്തേക്കുയർന്ന് ദൈവത്തെ ആബ്ബാ എന്നു വിളിച്ചപേക്ഷിക്കാൻ നാം പ്രാപ്തരാകുന്നത് പരിശുദ്ധാത്മാവാൽ നിറയുമ്പോഴാണ് എന്ന് മുകളിലുദ്ധരിച്ച തിരുവചനം വ്യക്തമാക്കുന്നു.
ഇവിടെയാണ് മരിയൻ പ്രതിഷ്ഠയുടെ പ്രസക്തി. ഒരു സൃഷ്ടിക്ക് പരിശുദ്ധാത്മാവിനാൽ എത്രമാത്രം നിറയാൻ കഴിയുമോ അതിന്റെ പരമാവധി നിറഞ്ഞ ഏകവ്യക്തിയാണ് പരിശുദ്ധ കന്യകമറിയം. പരിശുദ്ധാരൂപിയാൽ നിറഞ്ഞും നയിക്കപ്പെട്ടും ജീവിച്ച് നന്നായി പ്രാർഥിക്കുന്നവരായി നാം മാറാൻ മാതാവിനെപ്പോലെ നമ്മെ സഹായിക്കാൻ പറ്റിയ മറ്റാരുമില്ല.
ആത്മീയകാര്യങ്ങളിലുള്ള അലംഭാവം
പാപം നമ്മിൽ വരുത്തിവച്ച വിനാശത്തിന്റെ ലക്ഷണമാണ് ഭൗതികകാര്യങ്ങളിൽ വളരെ താത്പര്യമുള്ളപ്പോൾതന്നെ ആത്മീയ കാര്യങ്ങളിൽ അനുഭവപ്പെടുന്ന വലിയ നിസംഗത.
പാപത്തിന്റെ പരിണതഫലം : ആത്മീയകാര്യങ്ങളിലുള്ള നിസ്സംഗത
ഉദാഹരണത്തിന്, ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ഭക്ഷണം, വിശ്രമം, വ്യായാമം എന്നിവയിൽ വളരെ ശ്രദ്ധയും കൃത്യനിഷ്ഠയും കാണിക്കുന്ന നാം നമ്മുടെ ആത്മാവിനെ പോഷിപ്പിക്കുന്ന പ്രാർഥനയ്ക്കും മറ്റ് ആധ്യാത്മിക അനുഷ്ഠാനങ്ങൾക്കും അത്രയും പ്രാധാന്യം കൊടുക്കുന്നില്ല. ഈ നശ്വരജീവിതം ഭദ്രമാക്കാൻ കഠിനമായി അധ്വാനിക്കുകയും കാര്യക്ഷമമായി പ്രവർത്തിക്കുകയും ധാരാളമായി സമ്പാദിച്ചുകൂട്ടുകയും ചെയ്യുന്ന നാം, നിത്യജീവിതത്തിനുവേണ്ടി അധ്വാനിക്കുന്നതിലോ സമ്പാദിക്കുന്നതിലോ ഭൗതികകാര്യങ്ങൾക്കുള്ളതിന്റെ ഒരംശംപോലും താത്പര്യം കാണിക്കുന്നില്ല !
പാപത്തിന്റെ ഫലം, പ്രാർഥിക്കാനുള്ള ബുദ്ധിമുട്ടിൽ എന്നതു പോലെ മറ്റെല്ലാ ആത്മീയകാര്യങ്ങളിലുമുള്ള ശുഷ്കാന്തിക്കുറവിലും പ്രകടമാണ്. ഭൗതിക കാര്യങ്ങളിൽ വളരെ ശ്രദ്ധയും താത്പര്യവും ജാഗ്രതയുമുള്ളവരാണ് നാം, അവയുടെ നിർവഹണത്തിൽ നാംതന്നെ മുൻകൈയെടുക്കുകയും ചെയ്യുന്നു. എന്നാൽ, ആത്മീയ കാര്യങ്ങളിലാകട്ടെ, നാം അലസരാണ്. അവയുടെ നിർവഹണത്തിന് പുറമേനിന്ന് ഒരു പ്രേരണയോ പ്രാത്സാഹനമോ, നിർബന്ധമാവേണ്ടിവരുന്നു !
പാപത്തിന്റെ അനിവാര്യഫലം : സുവിശേഷവേലയിലുള്ള നിസ്സംഗത
പാപജീവിതത്തിന്റെ ദോഷഫലങ്ങളിൽ മുഖ്യമായ ഒന്ന് സഭയുടെ സുവിശേഷവേലയിൽ നാം കാണിക്കുന്ന താത്പര്യക്കുറവാണ്. മാനസാന്തരപ്പെടുന്നതിനു മുമ്പും പിമ്പുമുള്ള വിശുദ്ധ പൗലോസിന്റെ ജീവിതം ഒന്നാംതരം ഉദാഹരണമാണ്. “നസറായനായ യേശുവിന്റെ നാമത്തിന് വിരുദ്ധമായി പലതും ചെയ്യേണ്ടതുണ്ടെന്ന് ഒരിക്കൽ ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. ജറുസലെമിൽ ഞാൻ അങ്ങനെ പ്രവർത്തിക്കുകയും ചെയ്തു. പുരോഹിതപ്രമുഖന്മാരിൽനിന്നു ലഭിച്ച അധികാരത്തോടെ വിശുദ്ധരിൽ പലരെയും ഞാൻ തടവിലാക്കുകയും അവരുടെ വധത്തെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട് ” (അപ്പ 26:9 – 11). മാനസാന്തരത്തിനു മുമ്പുള്ള അവസ്ഥയായിരുന്നു ഇത്. മാനസാന്തരശേഷമോ ? എണ്ണമറ്റ ദേശങ്ങൾ കാല്നടയായും കടലിലൂടെയും യാത്രചെയ്ത് അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. (അന്ന് അറിയപ്പെട്ട ലോകത്തിന്റെ മൂന്നിലൊന്നു ഭാഗങ്ങളിലും പൗലോസ് സുവിശേഷം അറിയിച്ചുവെന്നാണ് പറയപ്പെടുന്നത്). സുവിശേഷവേല ജീവിതത്തിന്റെ മുൻഗണന തന്നെയായിത്തീർന്നു പൗലോസിന് !
സുവിശേഷത്തെപ്രതി “ എണ്ണമറ്റവിധം പ്രഹരമേറ്റു; പലതവണ മരണവക് ത്രത്തിലകപ്പെട്ടു. അഞ്ചുപ്രാവശ്യം യഹൂദരുടെ കൈകളിൽനിന്ന് ഒന്നുകുറയെ നാല്പത് അടിവീതം ഞാൻ കൊണ്ടു. മൂന്നുപ്രാവശ്യം വടികൊണ്ട് അടിക്കപ്പെട്ടു. ഒരിക്കൽ കല്ലെറിയപ്പെട്ടു… കഠിനാധ്വാനത്തിലും വിഷമസന്ധികളിലും നിരവധി രാത്രികളിലെ ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും പലപ്പോഴും ഉപവാസത്തിലും തണുപ്പിലും നഗ്നതയിലും ഞാൻ ജീവിച്ചു ” ( 2 കോറി 11:23 – 27).
സുവിശേഷവേലയോടുമുള്ള നിസ്സംഗതയ്ക്കുള്ള പ്രതിവിധി : പരിശുദ്ധാത്മാവാൽ നിറയുക
ഗുരുതരമായ ഈ ബലഹീനതയ്ക്ക് എന്താണ് അടിസ്ഥാന കാരണം ? വിശുദ്ധ പൗലോസ് കൃത്യമായ ഉത്തരം തരുന്നുണ്ട്. “ജഡികമായി ജീവിക്കുന്നവർ ജഡികകാര്യങ്ങളിൽ മനസ്സുവയ്ക്കുന്നു. ആത്മീയമായി ജീവിക്കുന്നവരാകട്ടെ, ആത്മീയ കാര്യങ്ങളിൽ മനസ്സുവയ്ക്കുന്നു ” (റോമാ 8:5). പരിശുദ്ധാത്മാവാൽ നിറയാത്തതും നയിക്കപ്പെടാത്തതുമാണ് ദൈവിക കാര്യങ്ങളിലുള്ള അലംഭാവത്തിന്റെ കാരണമെന്ന് മേല്പറഞ്ഞ തിരുവചനം വ്യക്തമാക്കുന്നു. അതിനാൽ, ദൈവകാര്യങ്ങളിലും സുവിശേഷവേലയിലും നാം ഉണർവുള്ളവരാകാൻ പരിശുദ്ധാത്മാവാൽ അധികമായി നിറയേണ്ടിയിരിക്കുന്നു.
പരിശുദ്ധ മറിയത്തിന്റെ സഹായം അനിവാര്യം
പാപത്തിന്റെ കെടുതികളിൽ നിന്നു നമ്മെ മോചിപ്പിച്ച് പരിശുദ്ധാത്മാവാൽ നമ്മെ നിറയ്ക്കാൻ പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ പരിശുദ്ധ മറിയത്തിനു സാധിക്കുന്നതുപോലെ മറ്റാർക്കു സാധിക്കും ?
വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് നിർദേശിക്കുന്ന യേശുവിനുള്ള സമ്പൂർണ സമർപ്പണത്തിനൊരുക്കമായി നാം നമ്മെത്തന്നെ പരിശുദ്ധ മറിയത്തിനു നല്കുന്നതോടുകൂടെ പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകം നമ്മിൽ നടക്കുമെന്ന് വിശുദ്ധൻ ഉറപ്പുതരുന്നു. പരിശുദ്ധാത്മാവ് വിശുദ്ധിയുടെ സ്രോതസ്സെങ്കിൽ പരിശുദ്ധ മറിയം പരിശുദ്ധാത്മാവിന്റെ മണവാട്ടിയത്രേ. ഇതാ, കർത്താവിന്റെ ദാസി; നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ എന്നു മറിയം പറഞ്ഞതിൽനിന്ന് അവൾ പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണെന്നു വ്യക്തമാവുകയാണ്. തന്റെ ഉദരത്തിൽ യേശുവിനെ രൂപപ്പെടുത്താൻ പരിശുദ്ധാത്മാവിനു പരിശുദ്ധ മറിയം അനുവാദം നല്കുകയായിരുന്നു. അങ്ങനെ, മാതാവിന്റെ അമലോദ്ഭവജനനനിമിഷം മുതൽ അമ്മയും പരിശുദ്ധാത്മാവും തമ്മിലുണ്ടായിരുന്ന അത്യഗാധമായ ഐക്യം, മംഗളവാർത്താനിമിഷം മുതൽ, അവർ ഇനിമേൽ രണ്ടല്ല, ഒന്നാണ് എന്നു പറയത്തക്ക തരത്തിൽ പരിപൂർണ ഐക്യത്തിലേക്കു വളർന്നു ! ഈ അതിവിശിഷ്ട സംഗമംവഴി പരിശുദ്ധാരൂപി അതിമോദത്തോടെ ആത്മാക്കളുടെ വിശുദ്ധീകരണത്തിനായി പരിശുദ്ധ മറിയത്തിലൂടെ പ്രവർത്തിക്കുന്നു. നമ്മുടെ വിശുദ്ധീകരണത്തിൽ നമ്മുടെ പങ്കോ ? ഓരോരുത്തരും മറിയത്തിലൂടെ ജനിക്കണം; മറിയത്തിലൂടെ വളരണം.
ബൈബിൾ വായന
“ആ ദിവസങ്ങളിൽ, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്ര പുറപ്പെട്ടു. അവൾ സഖറിയായുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവൾ ഉദ്ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്, ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു എന്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചുചാടി. കർത്താവ് അരുൾചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി ” (വി. ലൂക്കാ 1:39,49).
പതിനാറാം ദിവസത്തെ പ്രാർഥന
കർത്താവായ യേശുവേ, പാപഫലമായി എന്നിലുളവായിരിക്കുന്ന ആത്മീയ മന്ദത അങ്ങ് പരിഹരിക്കണമേ. പ്രാർഥനയിലുള്ള മടുപ്പും പ്രാർഥനയോടുള്ള തീക്ഷ്ണതയില്ലായ്മയും എന്നിൽനിന്ന് എടുത്തുമാറ്റണമേ. ആത്മീയ കാര്യങ്ങളിലുള്ള എന്റെ നിസ്സംഗതയും താത്പര്യമില്ലായ്മയും നീക്കണമേ. സഭയുടെ സുവിശേഷവേലയിലും മറ്റു പ്രേഷിത പ്രവർത്തനങ്ങളിലും എന്നെ ഉത്സുകനാക്കണമേ. ലോകകാര്യങ്ങളിലുള്ള താത്പര്യത്തിൽനിന്ന് ദൈവകാര്യങ്ങളിലുള്ള തീക്ഷ്ണതയിലേക്ക് എന്നെ ഉയർത്തണമേ. പരിശുദ്ധ മറിയമേ, ദൈവാത്മാവാൽ പൂരിതയായി നീ ഉദ്ഘോഷിച്ചുവല്ലോ : “എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു”. എന്റെ അമ്മയായ മറിയമേ, മരിയൻ പ്രതിഷ്ഠയ്ക്കുള്ള എന്റെ ഒരുക്കം നന്നായി പൂർത്തിയാക്കി പരിശുദ്ധാത്മാവാൽ ഞാൻ നിറഞ്ഞ് പ്രാർഥനയിലും പ്രേഷിതപ്രവർത്തനങ്ങളിലും അത്യന്തം ഉത്സാഹം പ്രാപിക്കാൻ എനിക്കുവേണ്ടി പ്രാർഥിക്കണമേ, ആമേൻ.
സത്കൃത്യം.
ദിവ്യകാരുണ്യ വിസീത്ത നടത്തുക അഥവാ ഭവനസന്ദർശനം നടത്തി
***********************************************************************************************************
ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ ,അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .
xxxxxxxxxxxxxxxxxxxxxxxxxxx
DAY 1 പ്രതിഷ്ഠാ ഒരുക്കം DAY 9 പ്രതിഷ്ഠാ ഒരുക്കം
DAY 2 പ്രതിഷ്ഠാ ഒരുക്കം DAY 10 പ്രതിഷ്ഠാ ഒരുക്കം
DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 11 പ്രതിഷ്ഠാ ഒരുക്കം
DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 12 പ്രതിഷ്ഠ ഒരുക്കം
DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 13 പ്രതിഷ്ഠ ഒരുക്കം
DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 14 പ്രതിഷ്ഠ ഒരുക്കം
DAY 7 പ്രതിഷ്ഠാ ഒരുക്കം DAY 15 പ്രതിഷ്ഠ ഒരുക്കം
MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY