വാഹനങ്ങള്‍ അമിതവേഗതയില്‍ ഓടിക്കുന്നത് പാപമാണോ?

അമിതവേഗത്തില്‍ വാഹനമോടിക്കുന്നത് പലര്‍ക്കും ഒരു രസമാണ്. ഒരു വിനോദമാണ്. എന്നാല്‍ അമിത വേഗത്തില്‍ വാഹനമോടിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് ഭൗതികമായി പോലും നമുക്ക് മനസ്സിലാകും. ആത്മീയമായും ഇത് ശരിയല്ല എന്നതാണ് വാസ്തവം. ഓടിക്കുന്ന ആള്‍ക്കും മറ്റുളളവര്‍ക്കും ഒരുപോലെഅമിത വേഗത ദോഷം ചെയ്യും. തനിക്ക് തന്നെയും മറ്റുള്ളവര്‍ക്കും മരണം സംഭവിക്കാനുള്ള സാധ്യത ഇവിടെ കൂടുതലാണ്.

പല റോഡ് അപകടങ്ങള്‍ക്കും കാരണം പലപ്പോഴും വാഹനങ്ങളുടെ അമിതവേഗതയാണ്. യുദ്ധങ്ങളില്‍ മരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ വാഹനാപകടങ്ങളില്‍ മരണമടയുന്നു എന്നതാണ് ഒരു കണക്ക്.

ഇതിനെല്ലാം കാരണം വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും അമിതവേഗതയുമാണ്. അമിതമായി ഉപയോഗിക്കുന്നത് എന്തും പാപമാണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം(2290) പറയുന്നുണ്ട്. ഏതുതരം വസ്തുവുമായിക്കൊള്ളട്ടെ അവയുടെ അമിതോപയോഗം നാശത്തിന് കാരണമാകുന്നു.

ഭക്ഷണവും മരുന്നും എല്ലാം ഇതുപോലെ തന്നെ. കരയിലും കടലിലിലും ആകാശത്തിലുമെല്ലാം നാം സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്നതുപോലെ മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. അശ്രദ്ധമൂലവും അമിതമായ വേഗത മൂലവും നമ്മള്‍ വാഹനമോടിച്ച് മറ്റൊരാളുടെ ജീവനോ ആരോഗ്യമോ അപഹരിക്കുന്നത് കൊലപാതകം തന്നെയല്ലേ? വലിയ പാപമല്ലേ?

ഞാന്‍ സഹോദരന്റെ കാവല്‍ക്കാരനോ എന്ന് കായേന്‍ ദൈവത്തോട് ചോദിക്കുന്നുണ്ട്. അതെ, ഓരോരുത്തരും സഹോദരന്റെ കാവല്‍ക്കാരന്‍ തന്നെ. അതുകൊണ്ട് മറ്റുള്ളവരുടെ ജീവന്‍ എന്റെ കൈയിലാണ് എന്ന ധാരണയോടെ ഓരോരുത്തരും വാഹനമോടിക്കട്ടെ..

അമിതമായ വാഹനവേഗത ഒരു ഭ്രാന്താണ്. അതില്‍ നിന്ന് എല്ലാവരും അകന്നുനില്ക്കട്ടെ. പ്രാര്‍ത്ഥനയോടെയും ശ്രദ്ധയോടെയും ഓരോരുത്തരും വാഹനമോടിക്കട്ടെ.. പുതിയൊരു ഡ്രൈവിംങ് കള്‍ച്ചറാണ് നമുക്ക് ഇവിടെ ഉണ്ടാകേണ്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.