യൗസേപ്പിതാവിന്റെ വണക്കമാസം പത്താം ദിവസം

ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു” (മത്തായി 1:24).

വിശുദ്ധ യൗസേപ്പ്-മാതൃകാ തൊഴിലാളി

വിശുദ്ധ യൗസേപ്പ് വിശ്വകര്‍മ്മാവിന്‍റെ ജോലിയാണ് നിര്‍വഹിച്ചിരുന്നത്. അദ്ദേഹം ദാവീദിന്‍റെ രാജവംശത്തിലാണ് ജനിച്ചതെങ്കിലും ഒരു ആശാരിയുടെ ജോലി ചെയ്യുന്നതിന് വൈമുഖ്യം കാണിച്ചില്ല. വി. യൗസേപ്പ് ജോലി ചെയ്തത് കേവലം സാമ്പത്തിക നേട്ടങ്ങള്‍ക്ക്‌ വേണ്ടി മാത്രമല്ല, പ്രത്യുത സ്വന്തം കുടുംബത്തിനു സേവനമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

മനുഷ്യന്‍റെ പരിത്രാണ പരിപാടിയില്‍ തൊഴിലിനും സ്ഥാനമുണ്ട്. അത് നമ്മെ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ദൈവകുമാരനും അവിടുത്തെ വളര്‍ത്തു പിതാവും ഒരു തച്ചന്‍റെ ജോലി ചെയ്തത്. വേലയോടുള്ള നമ്മുടെ സമീപനവും വീക്ഷണവുമാണ് നമ്മുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണവും സൗഭാഗ്യദായകവുമാക്കിത്തീര്‍ക്കുന്നത്. ചിലര്‍ വേലയെ ദൈവമാക്കി പ്രതിഷ്ഠിക്കുന്നു. മനുഷ്യവ്യക്തിയുടെ മഹത്വമാണ് ഓരോ ജോലിയെയും ധന്യമാക്കുന്നത്. ക്രിസ്തുവിന്‍റെ ജീവിതമരണോത്ഥാനങ്ങളുടെ വെളിച്ചത്തില്‍ വേലയെ വിലയിരുത്തണം. നാം ചെയ്യുന്ന ഓരോ ജോലിയുടെയും സാമൂഹ്യമായ മൂല്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി കൊടുക്കേണ്ടതാവശ്യമാണ്. എന്നാല്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗം തൊഴിലിനെ സമരായുധമായി ഉപയോഗിച്ച് അതിന്‍റെ മാഹാത്മ്യത്തെ നശിപ്പിച്ചു കളയരുത്. തൊഴിലാളികളും മുതലാളികളും തമ്മിലുള്ള ബന്ധം ക്രിസ്തീയമായ ഉപവിയില്‍ നയിക്കപ്പെടണം. അല്ലെങ്കില്‍ അസ്വസ്ഥതയും അസമാധാനവും വിപ്ലവവുമായിരിക്കും അനുഭവപ്പെടുക.

തൊഴിലാളികളും മുതലാളികളും ക്രിസ്തുവിന്‍റെ മൗതിക ശരീര നിര്‍മ്മിതിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നുള്ള വസ്തുത നാം വിസ്മരിക്കരുത്. തിരുസഭ തൊഴിലാളികളുടെയും മുതലാളികളുടെയും മാതാവാണ്. രണ്ടു കൂട്ടരേയും സഭാമാതാവ് സ്നേഹപൂര്‍വ്വം അവരുടെ ചുമതലകള്‍ അനുസ്മരിപ്പിക്കുന്നുണ്ട്. ക്രിസ്തുവും അവിടുത്തെ വളര്‍ത്തു പിതാവും തൊഴിലാളികളായിരിക്കെ കത്തോലിക്കാ സഭയ്ക്ക് തൊഴിലാളികളെ വിസ്മരിക്കുവാന്‍ സാധിക്കുകയില്ല.

സംഭവം

കത്തോലിക്കാ മതാന്തരീക്ഷത്തില്‍ വളര്‍ന്ന ഒരു യുവാവ് വിദ്യാഭ്യാസ യോഗ്യതകള്‍ പലതും കൈവരിച്ച ശേഷം വീട് വിട്ടിറങ്ങിപ്പോയി. അക്രമ പ്രവര്‍ത്തനങ്ങളില്‍ മുഴുകി വയനാടന്‍ മലകളില്‍ കഴിഞ്ഞിരിന്ന ഒരു‍ സംഘവുമായി കൂട്ടുചേര്‍ന്ന്‍ വളരെ ഹീനമായ പല കൊലപാതകങ്ങള്‍ക്കും അയാള്‍ കൂട്ടുനിന്നു. ഈ യുവാവിന്‍റെ വീടിന്‍റെ സമീപത്തുള്ള ഒരു കുടുംബത്തില്‍ കവര്‍ച്ച നടത്തുവാന്‍ അക്രമസംഘം തീരുമാനിച്ചു. കവര്‍ച്ചയുടെ തലേദിവസം കവര്‍ച്ച ചെയ്യപ്പെടുന്ന കുടുംബത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുവാന്‍ മേല്‍പ്പറഞ്ഞ യുവാവ് നിയുക്തനായി. അതനുസരിച്ച് അവന്‍ സ്വന്തം വീട്ടിലെത്തി. തന്‍റെ വീട്ടില്‍ അന്ന് വി. യൗസേപ്പ് പിതാവിന്‍റെ ഭക്തി ആചരിക്കുകയും ഈ പിതാവിന്‍റെ സ്തുതിക്കായി പാവപ്പെട്ട ഒരു കുടുംബത്തിന് അത്താഴം കൊടുക്കുകയും ചെയ്തിരുന്നു. ഈ കാഴ്ച കണ്ടപ്പോള്‍ ആ യുവാവിന്‍റെ മനസ്സലിഞ്ഞു. താനും കൂട്ടുകാരും പിറ്റേദിവസം ചെയ്യുവാന്‍ തുനിയുന്ന ഹീനമായ പ്രവൃത്തിയെക്കുറിച്ച് മനസ്താപമുണ്ടായി. അയാള്‍ കുടുംബാംഗങ്ങളുടെ മുമ്പാകെ, പിറ്റേന്ന് ചെയ്യുവാന്‍ തീരുമാനിച്ചിട്ടുള കാര്യമെല്ലാം വെളിപ്പെടുത്തി. ഇനിയൊരിക്കലും അക്രമാസക്തരായ തന്‍റെ കൂട്ടുകാരുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ലെന്ന് പ്രതിജ്ഞ ചെയ്തു. ആ യുവാവിനുണ്ടായ മന:പരിവര്‍ത്തനം വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ മദ്ധ്യസ്ഥതയിലാണെന്ന് ആ കുടുംബത്തിലുള്ള എല്ലാവരും വിശ്വസിച്ചു.

ജപം

ദൈവകുമാരന്‍റെ വളര്‍ത്തു പിതാവായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു ആശാരിയുടെ ജോലി ചെയ്തുകൊണ്ട് തിരുക്കുടുംബത്തെ പരിപാലിച്ചു വന്നല്ലോ. അതിലൂടെ തൊഴിലിന്‍റെ മാഹാത്മ്യവും രക്ഷാകര്‍മ്മത്തില്‍ തൊഴിലിനുള്ള സ്ഥാനവും ഞങ്ങള്‍ക്കു കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ജീവിതാന്തസ്സിന്‍റെ ചുമതലകളും ദൈവപരിപാലനയില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ജോലികളും തൊഴിലുകളും വിശ്വസ്തതാപൂര്‍വം നിര്‍വഹിച്ചു കൊണ്ട് ജീവിതം ധന്യമാക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. ജോലികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ത്യാഗങ്ങളും ഞങ്ങള്‍ ദൈവതിരുമനസ്സിനോടു യോജിപ്പിച്ചുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നതാണ്.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, ജോലിയുടെ മഹത്വം ഞങ്ങളെ പഠിപ്പിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.