ജപമാല ചൊല്ലിക്കൊണ്ടിരിക്കവെ അത്ഭുതസുഗന്ധം, മുന്‍ ആഭിചാരക കത്തോലിക്കാ വിശ്വാസിയായി

ജപമാല ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ മാതാവിന്റെ സാന്നിധ്യമുണ്ടെന്നത് നമ്മുടെ വിശ്വാസമാണ്. എന്നാല്‍ ചിലര്‍ക്ക് മാത്രമേ അത് മാതാവിന്റെ സ്‌നേഹസുഗന്ധമായും മറ്റും അനുഭവിക്കാന്‍ സാധിക്കാറുള്ളൂ. അത്തരമൊരു അനുഭവം ഒരു സ്ത്രീയെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ച സംഭവമാണ് ഇത്. അവര്‍ തന്നെയാണ് ഈ കുറിപ്പെഴുതിയിരിക്കുന്നതും. ആഞ്ചെലിക്വെ ബ്ലിക്കെ എന്ന സ്ത്രീ നേരത്തെ ആഭിചാരകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു. പ്രൊട്ടസ്റ്റന്റ് അനുഭാവിയുമായിരുന്നു അവര്‍. കത്തോലിക്കയാകുന്നതിനെക്കാള്‍ പ്രൊട്ടസ്റ്റന്റാണ് നല്ലത് എന്നതായിരുന്നു അവരുടെ ധാരണ.

ഇങ്ങനെയൊക്കെയാണെങ്കിലും രണ്ടാഴ്ച മുമ്പ് അവര്‍ ജപമാല പ്രാര്‍ത്ഥന പഠിച്ച് അത് ചൊല്ലിത്തുടങ്ങി. ആ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരിക്കവെ അലൗകികമായ ഒരു സൗരഭ്യം അവിടെയെങ്ങും പരക്കുന്നതായി അവര്‍ മനസ്സിലാക്കി. ആദ്യം വിചാരിച്ചത് ബോഡി സ്‌പ്രേയോ മറ്റോ ആണെന്നായിരുന്നു. എന്നാല്‍ അങ്ങനെയൊരു സുഗന്ധം അവര്‍ക്ക് പരിചിതമല്ലായിരുന്നു. അപ്പോഴാണ് തന്റെ കൈയില്‍ജപമാല ഉള്ളതും താന്‍ ജപമാല പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നതും അവര്‍ മനസ്സിലാക്കിയത്. ജപമാല ചൊല്ലിക്കൊണ്ടിരിക്കവെ ഇത്തരം സൗരഭ്യം പരക്കാറുണ്ടെന്ന് വായിച്ചിട്ടുള്ളതും അവര്‍ മനസ്സിലാക്കി.

അടുത്തമുറിയില്‍ ചെന്ന് നോക്കിയപ്പോഴോ പുറത്തു പരിശോധിച്ചപ്പോഴോ ഒന്നും സൗരഭ്യം മനസ്സിലായതുമില്ല. അപ്പോഴാണ് ഇതൊരു അത്ഭുതമാണെന്ന് അവര്‍ക്ക് മനസ്സിലായത്. മാതാവ് യാഥാര്‍ത്ഥ്യമാണ്. മറിയത്തിന്റെ സാന്നിധ്യം ഇവിടെയുണ്ട്. ഞാനൊരു കത്തോലിക്കാവിശ്വാസിയാകണമെന്നാണ് മാതാവ് ആഗ്രഹിക്കുന്നത്. അവര്‍
കുറിപ്പില്‍ പറയുന്നു.

ഒക്ടോബര്‍ മാസത്തില്‍ ജപമാല പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ ഈ സാക്ഷ്യം നമുക്കും പ്രചോദനമാകട്ടെ. സുഗന്ധവാഹിനിയായ അമ്മേ സുഗന്ധമായി ഞങ്ങളുടെ അരികിലെത്തണമേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.