മരിച്ചുകിടക്കുന്ന ആളുടെ ഹൃദയം ശരീരത്തില്‍ ഇല്ല. പിന്നെയെവിടെ? വിശുദ്ധ അന്തോണീസിന്റെ ജീവിതത്തിലെ ഈ സംഭവകഥ കേള്‍ക്കൂ

ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അയാളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും പ്രവര്‍ത്തനരഹിതമായിട്ടുണ്ട് എന്നല്ലാതെ അവയൊരിക്കലും ശരീരത്തില്‍നിന്ന് അപ്രത്യക്ഷമാകാറില്ല. പക്ഷേ അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ട്. വിശുദ്ധ അന്തോനീസിന്റെ ജീവിതത്തിലാണ് ഇത്തരത്തിലുള്ള ഒരു സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്.

അത് ഇപ്രകാരമാണ്.

അമിത പലിശക്കാരനായ ഒരാള്‍ മരിച്ചു. പക്ഷേ അയാളുടെവലിയ ആഗ്രഹമായിരുന്നു മരണാനന്തരശുശ്രൂഷകളില്‍ ഫാ. അന്തോണി കാര്‍മ്മികനായിരിക്കണമെന്ന്. അതനുസരിച്ച് ഫാ. ആന്റണി ചരമശുശ്രൂഷകളില്‍ പങ്കെടുത്തു.

ചരമപ്രസംഗം നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു,ഈ മനുഷ്യന്റെ ഹൃദയം ശരീരത്തില്‍ ഇല്ല പണപ്പെട്ടിയിലാണ്. ആളുകള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സംശയമുള്ളവര്‍ക്ക് പരിശോധിച്ചുനോക്കാമെന്ന് ആന്റണി പറഞ്ഞപ്പോള്‍ ചിലര്‍ ചെന്ന് അയാളുടെ പണപ്പെട്ടി തുറന്നുനോക്കി. അവര്‍ അത്ഭുതപ്പെട്ടുപോയി. അന്തോണീസ് പറഞ്ഞതുപോലെ ആ പലിശക്കാരന്റെ ഹൃദയം പണപ്പെട്ടിയിലുണ്ടായിരുന്നു. രക്തം കിനിയുന്ന ഹൃദയം.

നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും എന്ന തിരുവചനം അന്വര്‍ത്ഥമാണെന്ന് വ്യക്തമാക്കിക്കൊടുക്കുകയായിരുന്നു അന്തോണീസ് ചെയ്തത്.

നമ്മള്‍ മരിക്കുമ്പോള്‍ നമ്മുടെ ഹൃദയം എവിടെയായിരിക്കും?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.