സഹനങ്ങള്‍ അനുഗ്രഹമായി മാറ്റുന്നതെങ്ങനെ?

സഹനം എന്ന് കേള്‍ക്കുന്നത് തന്നെ നമുക്ക് ഭയമാണ് എല്ലാവിധ സഹനങ്ങളില്‍ നിന്നും രക്ഷപ്പെടണമേയെന്നാണ് നാം ആഗ്രഹിക്കുന്നത്. അപ്പോഴാണ് സഹനങ്ങളെ പ്രതി ദൈവത്തിന് നന്ദി പറയുന്നത് അല്ലേ? ഓരോ സഹനങ്ങളിലും ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നതും ദൈവത്തിന് അതിന്റെ പേരില്‍ നന്ദി പറയുന്നതും നമുക്കേറെ അനുഗ്രഹപ്രദമാണ്.

പക്ഷേ സഹനങ്ങളില്‍ ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നത് വളരെ ദുഷ്‌ക്കരമാണ്. എന്നാല്‍ ദൈവത്തിന്റെ കൃപ ഉണ്ടെങ്കില്‍ നമുക്ക് അതിന് സാധിക്കും. ദൈവത്തിന്റെ കൃപയുണ്ടെങ്കില്‍ മാത്രമേ സഹനങ്ങളെ ദൈവസമ്മാനമായി കാണാന്‍ നമുക്ക് കഴിയൂ. എന്താണ് സഹനം എന്നുകൂടി മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.

തെറ്റു ചെയ്യാതെ ജീവിതത്തിലേക്ക് കടന്നുവരുന്ന ദുരിതങ്ങളാണ് സഹനങ്ങള്‍. സ്‌നേഹത്തോടെ പെരുമാറിയിട്ടും ജീവിതപങ്കാളി നിങ്ങളെ വേദനിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത് സഹനമാണ്. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തിട്ടും മേലധികാരി കുറ്റപ്പെടുത്തുകയും നിന്ദിക്കുകയും ചെയ്യുന്നത് സഹനമാണ്.

മക്കളെ നല്ലരീതിയില്‍ മാതൃകാപരമായി വളര്‍ത്തിയിട്ടും അവരില്‍ നിന്ന് തിരിച്ചടിയാണ് ഉണ്ടാകുന്നതെങ്കില്‍ അതും സഹനമാണ്. നന്മ ചെയ്തിട്ടും തിന്മയാണ് പ്രതിഫലമായി കിട്ടുന്നതെങ്കില്‍ അതും സഹനമാണ്. ജീവിതപങ്കാളിയില്‍ നിന്നുണ്ടാകുന്ന വിശ്വാസവഞ്ചന, മാതാപിതാക്കളുടെ പക്ഷഭേദം ഇതൊക്കെയും സഹനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നയാണ്.

എന്നാല്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മാനുഷികമായി പ്രതികരിക്കാനും സങ്കടപ്പെടാനുമായിരിക്കും നാം മുതിരുക. അപ്പോള്‍ നമുക്ക് തിന്മ ചെയ്തവരും നമ്മളും ഒരുപോലെയാകുകയാണ്.

അതുകൊണ്ട് ഇനി മുതല്‍ ജീവിതത്തിലേക്ക് സഹനങ്ങള്‍ കടന്നുവരുമ്പോള്‍ അവ ദൈവത്തില്‍ നിന്ന് സമ്മാനം പോലെ സ്വീകരിക്കുക. അവയ്ക്ക് നന്ദി പറയുക. ദൈവം നാളെ അത് അനുഗ്രഹമായി മാറ്റാതിരിക്കില്ല. ഉറപ്പ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.