പ്രലോഭനങ്ങളെ നേരിടാം, ഈ പ്രാര്‍ത്ഥനയുടെ സഹായത്തോടെ..

ശരീരത്തിന്റെ ആസക്തികളെ കീഴടക്കുക അത്രമേല്‍ എളുപ്പമല്ല. നൈമിഷികമാണ് അവ നല്കുന്ന സുഖങ്ങളെങ്കിലും തീയില്‍ ചാടി മരിക്കുന്ന ഈയാംപാറ്റകളെപോലെയാകുക എന്നത് മനുഷ്യന്റെ ബലഹീനതയും സഹജപ്രവണതയുമാണ്. പ്രലോഭനങ്ങളെ ഒറ്റയ്ക്ക് നേരിടാനോ കീഴടക്കാനോ കഴിയുകയില്ല. പ്രാര്‍ത്ഥന കൊണ്ട് മാത്രമേ നമുക്ക് അതിനെ നേരിടാന്‍ കഴിയൂ. വിശുദ്ധര്‍ക്ക് പോലും പലതരത്തിലുള്ള പ്രലോഭനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവരതിനെ കീഴ്‌പ്പെടുത്തിയത് പ്രാര്‍ത്ഥനയുടെ ശക്തികൊണ്ടായിരുന്നു. എല്ലാ തരത്തിലുളള പ്രലോഭനങ്ങളെയും കീഴടക്കാന്‍ ഈ പ്രാര്‍ത്ഥന സഹായിക്കും:

വേദനാകരമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയവനായ എന്റെ കര്‍ത്താവേ, പ്രലോഭനങ്ങളെ പോലും നേരിട്ടവനേ ഇന്ന് എന്റെ ജീവിതത്തില്‍ പലതരത്തിലുള്ള ആസക്തികളും മോഹങ്ങളും തലപൊക്കുന്നു. ഞാന്‍ അവയ്ക്ക് കീഴ്‌പ്പെട്ടുപോകുമോയെന്ന് ഭയക്കുന്നു. നിന്നില്‍ നിന്ന് അകന്നുപോകരുതെന്നും പാപം ചെയ്ത് നിന്നെ വേദനിപ്പിക്കരുതെന്ന് ആഗ്രഹിക്കുമ്പോഴും ശാരീരികമായ ആസക്തികളും മാനുഷികമായ ബലഹീനതകളും എന്നെ തോല്പിച്ചുകളയുന്നു. ഓ എന്റെ ഈശോയേ പാപത്തോടുള്ള എന്റെ ചായ്വിനെ പരിഹരിക്കണമേ. എന്നിലെ തിന്മയുടെ സ്വാധീനങ്ങളെയും ശക്തിയെയും പരാജയപ്പെടുത്തണമേ. ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും അങ്ങയെ മഹത്വപ്പെടുത്തുവാനും സന്തോഷിപ്പിക്കാനും കഴിയുന്ന വിധത്തില്‍ എന്റെ വികാരവിചാരങ്ങളെ അങ്ങ് നിയന്ത്രിക്കുകയും ആശീര്‍വദിക്കുകയും ചെയ്യണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.