യാത്രയ്ക്ക് പോകുവാണോ? ഈ വിശുദ്ധനോട് പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ…

ദിവസത്തില്‍ പലയിടങ്ങളിലേക്കും യാത്ര പോകുന്നവരാണ് നമ്മള്‍ ഓരോരുത്തരും. നിത്യവുമുള്ള ഓഫീസ് യാത്രകള്‍ മുതല്‍ പ്രത്യേകാവസരങ്ങളിലുള്ള യാത്രകള്‍ വരെ പലപല യാത്രകള്‍. പക്ഷേ ഈ യാത്രകളിലൊക്കെ നാം പ്രത്യേക സംരക്ഷണത്തിനും ഉദ്ദിഷ്ടകാര്യത്തിനുമെല്ലാം വേണ്ടി നിര്‍ബന്ധമായി മാധ്യസ്ഥം ചോദിച്ച് പ്രാര്‍ത്ഥിക്കേണ്ട ഒരു വിശുദ്ധനുണ്ട്. വിശുദ്ധ ക്രിസ്റ്റഫര്‍.

വെള്ളത്തിന് മുകളിലൂടെ പോലും സഞ്ചരിച്ച വിശുദ്ധനാണ് ഇദ്ദേഹമെന്നാണ് പാരമ്പര്യം. സഞ്ചാരികളുടെ പ്രത്യേക മധ്യസ്ഥനായിട്ടാണ് തിരുസഭ ക്രിസ്റ്റഫറെ വണങ്ങുന്നത്. തനിച്ചു പോകുമ്പോള്‍ മാത്രമല്ല കുടുംബത്തോടൊത്ത് യാത്ര ചെയ്യുമ്പോള്‍ കൂടുതലായും വിശുദ്ധ ക്രിസ്റ്റഫറിനോട് പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

അത് യാത്രയുടെ സുഗമമായ സഞ്ചാരത്തിനും സന്തോഷത്തിനും സമാധാനത്തിനുമെല്ലാം കാരണമാകും. അതുകൊണ്ട് ഇനി മുതല്‍ യാത്രകള്‍ക്ക് പോകുമ്പോള്‍ നമുക്ക് വിശുദ്ധ ക്രിസ്റ്റഫറിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.

ഓ വിശുദ്ധ ക്രിസ്റ്റഫര്‍, ഇന്ന് ഞാന്‍ നടത്താന്‍ പോകുന്ന എല്ലാ യാത്രകളെയും അങ്ങയുടെ മാധ്യസ്ഥത്തിനായി സമര്‍പ്പിക്കുന്നു. എന്റെ യാത്രകളില്‍ കൂടെയുണ്ടാവണമേ. അപകടങ്ങള്‍ അടുക്കലെത്തുമ്പോള്‍ അങ്ങെനിക്ക് അപായസൂചനകള്‍ മുന്‍കൂട്ടി നല്കണമേ. എന്റെ വഴികള്‍ നേരെയാക്കണമേ. എന്റെ കാഴ്ചകള്‍ക്ക് തെളിച്ചവും ചുവടുകള്‍ക്ക് കൃത്യതയും നല്കണമേ. എന്റെ നിര്‍ദ്ദിഷ്ട സ്ഥലത്ത് എന്നെ സുരക്ഷിതനായി എത്തിക്കണമേ ഉണ്ണീശോയെ കയ്യിലെടുത്ത വിശുദ്ധ ക്രിസ്റ്റഫര്‍ യാത്രയില്‍ ഉടനീളം എന്നെ കയ്യിലെടുക്കണമേ.

ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.