കര്‍ത്താവേ ഒരുനാളും എന്നെ ലജ്ജിക്കാനിടയാക്കരുതേ.. ഈ പ്രാര്‍ത്ഥന നമുക്കേറ്റുചൊല്ലാം

ദൈവത്തില്‍ ആശ്രയിച്ചു മുന്നോട്ടുപോയിട്ടും ദൈവവിചാരത്തോടെ ജീവിച്ചിട്ടും ജീവിതത്തിലേക്ക് അടിക്കടി ദുരിതങ്ങള്‍ കടന്നുവരുന്നു. അപ്രതീക്ഷിതമായ ആഘാതങ്ങള്‍ സംഭവിക്കുന്നു. വിചാരിച്ചതുപോലെ പലതും സംഭവിക്കാതെ വരുന്നു. ആഗ്രഹിക്കാത്തതു പലതും കടന്നുവരുന്നു. അപ്പോഴൊക്കെ നമ്മുടെവിശ്വാസം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

നമ്മള്‍ മറ്റ് പലരുടെയും പരിഹാസത്തിനും വിധേയമായിട്ടുണ്ട്. ദൈവത്തെ വിളിച്ചുനടന്നിട്ട് നിനക്കെന്തു വിശേഷമാ ഉണ്ടായത് എന്ന മട്ടില്‍. പഴയനിയമത്തിലെ ജോബിനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പരിഹസിച്ചതുപോലെ.. ഈ സംഭവങ്ങളും പരിഹാസങ്ങളും ചിലപ്പോഴെങ്കിലും ദൈവത്തെ അവിശ്വസിക്കാന്‍ അവിടുന്നില്‍ നി്ന്ന് അകന്നുപോകാന്‍ നമ്മെയും പ്രേരിപ്പിച്ചിട്ടുണ്ടാവും. ഇത്തരം അവസരങ്ങളില്‍ നമുക്ക് പ്രാര്‍ത്ഥിക്കാവുന്ന, നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ട ഒരു പ്രാര്‍ത്ഥനയാണ് ചുവടെ ചേര്‍ക്കുന്നത്.

നമ്മുടെ വൈരികള്‍ക്ക് മു്മ്പില്‍, നമ്മോട് അസൂയയും പകയും വച്ചുപുലര്‍ത്തുന്നവര്‍ക്കിടയില്‍ ദൈവമേ അവിടുന്നെന്നെ പരിഹാസപാത്രമാക്കരുതേയെന്നും അങ്ങില്‍ വിശ്വസിക്കുന്നതുകൊണ്ട് എനിക്കൊരിക്കലും ല്ജ്ജിക്കാനിടയാകരുതേയെന്നും ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലാം.

കര്‍ത്താവേ അങ്ങയില്‍ഞാന്‍ ആശ്രയിക്കുന്നു. ഞാന്‍ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ. അങ്ങയുടെ നീതിയില്‍ എന്നെ മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യണമേ. എന്റെ യാചന കേട്ട് എന്നെ രക്ഷിക്കണമേ. അങ്ങ് എനിക്ക് അഭയശിലയും ഉറപ്പുള്ള രക്ഷാദുര്‍ഗ്ഗവും ആയിരിക്കണമേ. അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗ്ഗവും. എന്റെ ദൈവമേ ദുഷ്ടന്റെ കൈയില്‍നിന്ന് നീതികെട്ട ക്രൂരന്റെ പിടിയില്‍ നിന്ന് എന്നെ വിടുവിക്കണമേ. കര്‍ത്താവേ അങ്ങാണ് എന്റെ പ്രത്യാശ. ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം( സങ്കീ 71:1-5)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.