പ്രാര്‍ത്ഥനയെന്നാല്‍ ദൈവത്തോടൊത്ത് നടക്കുകയാണെന്ന് എത്രപേര്‍ക്കറിയാം?

പ്രാര്‍ത്ഥനയെക്കുറിച്ച് പലതരം വിചാരങ്ങളുണ്ട്. പ്രാര്‍ത്ഥന തന്നെ പലതരമുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പ്രാര്‍ത്ഥനാരീതി നമുക്ക് ഉല്പത്തിപുസ്തകത്തില്‍ കാണാന്‍ കഴിയുന്നുണ്ട്.

മനുഷ്യനൊപ്പം നടക്കുന്ന, മനുഷ്യനുമായി മുഖാമുഖം സംസാരിക്കുന്ന ദൈവത്തെയാണ് നാം അവിടെ കണ്ടുമുട്ടുന്നത്. കൃത്യമായതും നേരിട്ടുള്ളതുമായ അനുഭവതലമാണ് ഇത്, ദൈവത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്ന, അവിടുത്തെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുന്ന രീതിയാണ് അത്.

ആദം മുതല്‍ അത്തരമൊരു രീതി നാം കാണുന്നുണ്ട്. ഏദെന്‍തോട്ടത്തില്‍ ഉലാത്തുന്ന ദൈവത്തെയും നാം കണ്ടുമുട്ടുന്നുണ്ട്. സത്യത്തില്‍ ഇതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന. ദൈവത്തോടൊത്തുള്ള സഞ്ചാരം..ദൈവത്തോടൊത്തുള്ള യാത്ര. അവിടുത്തെ സ്വരം കേള്‍ക്കുകയും അവിടുത്തെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുന്ന രീതി. പ്രാര്‍ത്ഥനയെന്നാല്‍ ദൈവത്തോടുള്ള സൗഹൃദമാണ്. ദൈവത്തോടൊത്തുള്ള സഞ്ചാരമാണ്.

ഇനി മുതല്‍ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ഇങ്ങനെയൊരു അനുഭവമുണ്ടാകുന്നത് നല്ലതാണ്. ദൈവത്തോടൊത്ത് സഞ്ചരിക്കാനും അവിടുത്തെ സ്വരം ശ്രവിക്കാനും അവിടുത്തെ വാക്കുകള്‍ക്ക് അനുസരിച്ച് ജീവിതം ക്രമപ്പെടുത്താനും കഴിയത്തക്കവിധത്തില്‍ എന്റെ ജീവിതത്തെ അവിടുന്ന് ഏറ്റെടുക്കണമേ. പ്രാര്‍ത്ഥനയെന്നാല്‍ അങ്ങയോടൊത്തുള്ള സഞ്ചാരമാണെന്ന് എനിക്ക് ബോധ്യപ്പെടുത്തിത്തരണമേ. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.