20 മുതൽ 26 വരെയുള്ള ദിവസങ്ങളിലെ (മൂന്നാം ആഴ്ച ) വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ

പരിശുദ്ധമറിയത്തെ അറിയുക.

ഒരുക്കപ്രാർത്ഥനകളിൽ ആദ്യഭാഗം (1 മുതൽ 7 വരെ ) ജഡമോഹങ്ങളിൽ നിന്നുള്ള നമ്മുടെ സ്വയംവിശുദ്ധീകരണത്തിനും, വിമലഹൃദയപ്രതിഷ്ഠാ ഒരുക്കത്തിനായി പ്രാർത്ഥിച്ചൊരുങ്ങുന്നതിനും വേണ്ടിയുള്ള പ്രത്യേകപ്രാർത്ഥനകളാണ്.(താല്പര്യമുള്ളവർക്ക് ഈ ആഴ്ചയിൽ കരുണക്കൊന്ത കൂടി ചൊല്ലാവുന്നതാണ്) തുടർന്നുള്ള 3 പ്രാർത്ഥനകളാണ്( 8,9,10 – വി.ലൂയിസ് ഡി മോൺഫോർട്ട് നിർദ്ദേശിക്കുന്നത് ) പ്രതിഷ്ഠാ ഒരുക്കത്തിന് നിർബന്ധമായും പ്രാർത്ഥിക്കേണ്ടത് )

✝️ വിശുദ്ധ കുരിശിന്റ അടയാളം.

1️⃣ മരിയൻ പ്രാർത്ഥന

പരിശുദ്ധാത്മാവേ എഴുന്നുള്ളി വരണമേ, അങ്ങേ വത്സലമണവാട്ടിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തമായ, മദ്ധ്യസ്ഥതയാൽ ഞങ്ങളിൽ വന്ന് വസിക്കണമേ.


2️⃣ കരുണയുടെ സുകൃതജപം

ഈശോയുടെ തിരുവിലാവിൽനിന്നും ഞങ്ങൾക്ക് കാരുണ്യശ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു ( 3 പ്രാവശ്യം )

3️⃣ മാതാവിൻ്റെ സ്തോത്രഗീതം
(പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം എല്ലാവരും എല്ലാ ദിവസവും ചൊല്ലുക )

മറിയം പറഞ്ഞു : എന്‍െറ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്‍െറ ചിത്തം എന്‍െറ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.
അവിടുന്ന്‌ തന്‍െറ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്‌.
അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.
അവിടുന്ന്‌ തന്‍െറ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്‍െറ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്‍െറ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്‍െറ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.
ലൂക്കാ 1 : 45-55


4️⃣ ക്രിസ്താനുകരണ ജപം
( 11 -ാം ക്ളെമന്റ് മാർപാപ്പ രചിച്ചതും സ്വർഗ്ഗത്തിന് ഏറ്റം പ്രീതികരവുമായ അനുദിനപ്രാർത്ഥന )

കർത്താവേ , ഞാൻ വിശ്വസിക്കുന്നു ; എന്റെ വിശ്വാസം . വർദ്ധിപ്പിക്കണമേ . ഞാൻ ശരണപ്പെടുന്നു ; ദൃഢതരമായി ഞാൻ ശരണപ്പെടട്ടെ . ഞാൻ അങ്ങയെ സ്നേഹിക്കുന്നു ; കൂടുതൽ തീക്ഷ്ണതയോടെ ഞാൻ അങ്ങയെ സ്നേഹിക്കട്ടെ . ഞാൻ അനുതപിക്കുന്നു ; കൂടുതലായി ഞാൻ അനു തപിക്കട്ടെ . എന്റെ സൃഷ്ടാവായി അങ്ങയെ ഞാൻ ആരാധിക്കുന്നു ; എന്റെ അന്ത്യമായി ഞാൻ അങ്ങയെ കാത്തിരിക്കുന്നു ; നിത്യോപകാരിയായി അങ്ങയെ ഞാൻ സ്തുതിക്കുന്നു . എന്റെ പരമരക്ഷകനായി അങ്ങയെ ഞാൻ വിളിച്ചപേക്ഷിക്കുന്നു .അങ്ങയുടെ വിജ്ഞാനത്തിൽ എന്നെ നയിക്കണമേ . അങ്ങയുടെ നീതി എന്നെ നിയന്ത്രിക്കട്ടെ ; അങ്ങയുടെ കാരുണ്യം എന്നെ സുഖപ്പെടുത്തട്ടെ ; അങ്ങയുടെ ശക്തി എന്നെ രക്ഷിക്കട്ടെ . അങ്ങയെപ്പററി വിചാരിക്കുന്നതിന് എന്റെ ചിന്തകളേയും അങ്ങയെപ്പററി സംസാരിക്കുന്നതിന് എന്റെ വാക്കുകളേയും അങ്ങയുടെ പരിശുദ്ധ ഇഷ്ടം പോലെയാകുന്നതിന് എന്റെ പ്രവൃത്തികളേയും അങ്ങയുടെ കൂടുതൽ മഹത്വത്തിന് എന്റെ സഹനങ്ങളേയും ഞാൻ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു . അങ്ങ് ആഗ്രഹിക്കുന്നതുതന്നെ , അങ്ങ് ആഗ്രഹിക്കു ന്നതുപോലെ , അങ്ങ് ആഗ്രഹിക്കുന്നതുവരെ ഞാനാഗ്രഹിക്കുന്നു . എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കാനും എന്റെ മനസ്സിനെ ശക്തിപ്പെടുത്താനും എന്റെ ശരീരത്തെ പവിത്രീകരിക്കാനും എന്റെ ആത്മാവിനെ വിശുദ്ധീകരിക്കാനും ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു .കഴിഞ്ഞ കാലത്തെ പാപങ്ങളോർത്തു ഞാൻ കരയട്ടെ ; ഭാവി പ്രലോഭനങ്ങൾ തള്ളിക്കളയട്ടെ ; എന്റെ തിന്മയിലേയ്ക്കുള്ള ചാച്ചിലുകളെ ഞാൻ തിരുത്തട്ടെ ; പരിശുദ്ധമായ പുണ്യങ്ങൾ അഭ്യസിക്കട്ടെ . എന്റെ ദൈവമേ , അങ്ങയോടുള്ള സ്നേഹം എനിക്കു തരിക ; എന്നെ വെറുക്കാനും അയൽക്കാരെപ്രതി തീക്ഷ്ണത പ്രദർശിപ്പിക്കാനും ലോകത്തെ നിന്ദിക്കാനും എനിക്കു കൃപചെയ്യണമേ . ഞാൻ സദാ തലവന്മാരെ അനുസരിക്കാനും കീഴുള്ള വരെ സഹായിക്കാനും എന്റെ സ്നേഹിതന്മാരോട് വിശ്വസ്തത കാണിക്കാനും എന്റെ ശത്രുക്കളോടു ക്ഷമിക്കാനും ഇടവരട്ടെ . ആഹ്ലാദ തൃഷ്ണയെ പ്രായശ്ചിത്തം കൊണ്ടും അത്യാഗ്രഹത്തെ ഔദാര്യം കൊണ്ടും കോപത്തെ ശാന്തതകൊണ്ടും മന്ദതയെ തീക്ഷ്ണത കൊണ്ടും ഞാൻ കീഴ്പ്പെടുത്തട്ടെ . എന്റെ ആസുത്രണങ്ങളിൽ വിവേകവും ആപത്തുകളിൽ സ്ഥിരതയും അനർത്ഥങ്ങളിൽ ക്ഷമയും ഐശ്വര്യങ്ങളിൽ വിനയവും എനിക്കു തരിക . കർത്താവേ , പ്രാർത്ഥനയിൽ ശ്രദ്ധയും ഭക്ഷണത്തിൽ മിതത്വവും കൃത്യനിർവ്വഹണത്തിൽ ഉത്സാഹവും പ്രതിജ്ഞകളിൽ ദാർഢ്യവും എനിക്കു നൽകുക . എന്റെ പ്രകൃതിയെ നിയന്ത്രിക്കുന്നതിലും വരപ്രസാദം നേടാൻ വേണ്ടി യത്നിക്കുന്നതിലും ദൈവകല്പനകൾ അനുസരിക്കുന്നതിലും നിത്യരക്ഷയ്ക്കുവേണ്ടി കഷ്ടപ്പെടുന്നതിലും ഞാൻ ജാഗ്രത പ്രകാശിപ്പിക്കുമാറാകട്ടെ . കർത്താവേ , ഈ ലോകത്തിന്റെ നിസ്സാരത്വവും ദിവ്യവരങ്ങളുടെ മഹത്വവും സമയത്തിന്റെ ഹ്രസ്വതയും നിത്യത്വത്തിന്റെ ദൈർഘ്യവും എന്നെ പഠിപ്പിക്കണമേ . ഞാൻ എന്നും മരണത്തിന് ഒരുങ്ങിയിരിക്കുവാനും വിധിയെ ഭയപ്പെടാനും നരകത്തെ ഒഴിഞ്ഞുമാറാനും സ്വർഗ്ഗത്തിന് അർഹമായിത്തീരാനും എനിക്ക് കൃപചെയ്യണമേ . ആമ്മേൻ .

5️⃣ വിമലഹൃദയ പ്രതിഷ്ഠാജപം

പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവഹൃദയത്തിനുള്ള പ്രതിഷ്ഠാജപം.

ഏറ്റവും മഹത്വമുള്ള കന്യകയും കരുണയുടെ മാതാവും സ്വർഗ്ഗത്തിന്റെ രാജ്ഞിയും പാപികളുടെ സങ്കേതവുമായ പരിശുദ്ധ മറിയമേ, ഞങ്ങൾ അങ്ങയുടെ വിമലഹൃദയത്തിന് ഞങ്ങളെത്തന്നെ പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ജീവനെത്തന്നെയും, ജീവിതത്തിനെ മുഴുവനായും ഞങ്ങൾക്കുള്ളതെല്ലാം, ഞങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം, ഞങ്ങൾ എന്തായിരിക്കുന്നുവോ അതെല്ലാം ഞങ്ങൾ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കു ന്നു. അങ്ങേയ്ക്ക് ഞങ്ങൾ ഞങ്ങളുടെ ശരീരത്തയും ഹൃദയത്തെയും ആത്മാവിനെയും നൽകുന്നു. അങ്ങേയ്ക്ക് ഞങ്ങൾ ഞങ്ങളുടെ ഭവനങ്ങളേയും, ഞങ്ങളുടെ കുടുംബങ്ങളേയും, ഞങ്ങളുടെ രാജ്യത്തെയും നൽകുന്നു. ഞങ്ങളുടെ അന്തരംഗങ്ങളിലുള്ളതെല്ലാം, ഞങ്ങളുടെ പരിസരങ്ങളിലുള്ളതെല്ലാം അങ്ങയുടേതാകണമെന്നും അങ്ങയുടെ മാതൃവാത്സല്യത്തിന്റെ പരിലാളനയ്ക്ക് ഞങ്ങൾ പങ്കാളികളാകണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ പ്രതിഷ്ഠാജപം തീർച്ചയായും ഫലമണിയുന്നതിനും നിലനിൽക്കുന്നതിനും ഇന്നേദിവസം ഞങ്ങൾ അങ്ങയുടെ തൃപ്പാദങ്ങളിൽ ഞങ്ങളുടെ ജ്ഞാനസ്നാനത്തിന്റെയും ആദ്യകുർബ്ബാന സ്വീകരണത്തിന്റെയും വാഗ്ദാനങ്ങൾ നവീകരിക്കുന്നു. സുധീരം എന്നും പരിപാവനമായ ഞങ്ങളുടെ വിശ്വാസ സത്യങ്ങൾക്കനുസൃതമായും മാർപ്പാപ്പയുടെയും അദ്ദേഹത്തോട് വിധേയരായ മെത്രാന്മാരുടെയും എല്ലാനിർദ്ദേശങ്ങളോടും അനുസരണയുള്ളവരായ കത്തോലിക്കർക്ക് ചേർന്നതു പോലെയും ജീവിച്ചു കൊള്ളാമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. ദൈവത്തിന്റെയും അവിടുത്തെ സഭയുടെയും നിയമങ്ങൾ പാലിക്കു മെന്നും പ്രത്യേകിച്ച് കർത്താവിന്റെ ദിനം പരിപാവനമായി ആചരിക്കു മെന്നും ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. ക്രൈസ്തവ സഭയുടെ സാന്ത്വനദായകമായ ശുശ്രൂഷകൾ, എല്ലാറ്റിനും ഉപരി പരിശുദ്ധ കുർബ്ബാനയുടെ സ്വീകരണം ഞങ്ങളാൽ കഴിയുംവിധം ഞങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായിരിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. അവസാനമായി ഓ, ദൈവത്തിന്റെ മഹത്വമേറിയ മാതാവേ, മനുഷ്യകുലത്തിന്റെ സ്നേഹമയിയായ അമ്മേ, അങ്ങയുടെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് സർവ്വാത്മനാ പ്രയത്നിക്കുമെന്നും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതുവഴി അവിടുത്തെ അമലോത്ഭവ ഹൃദയത്തിന്റെരാജ്ഞീ പദത്തിനനുസൃതമായ വാഴ്ചയിലൂടെ അങ്ങയുടെ ആരാധ്യനായ പുത്രന്റെ തിരുഹൃദയത്തിന്റെ രാജ്യം സംസ്ഥാപിതമാകുന്നത് ത്വരിതപ്പെടുത്തുകയും സുനിശ്ചിതമാക്കുകയും ചെയ്യുന്നതാണ്. അതുവഴി ഞങ്ങളുടെ സ്വന്തഹൃദയങ്ങളിലും എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളിലും ഞങ്ങളുടെ രാജ്യത്തിലും ലോകം മുഴുവനിലും സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആയിത്തീരട്ടെ.
ആമ്മേൻ.

പരിശുദ്ധ കന്യകാമറിയത്തി വിമലഹൃദയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

യേശുവിന്റെ തിരുഹൃദയമേ,
ഞങ്ങളുടെമേൽ കരുണയുണ്ടാകണമെ.

യേശുവിൻറെ അമൂല്യരക്തമേ
ഞങ്ങൾക്ക് സംരക്ഷണമേകണമേ.

പ്രതിഷ്ഠാ നവീകരണ സുകൃതജപം ( ഹൃദ്ദിസ്ഥമാക്കിക്കൊണ്ട് എല്ലായ്പ്പോഴും ചൊല്ലേണ്ടത് )

” അമ്മേ മാതാവേ, ഞാൻ മുഴുവനും എനിക്കുള്ളതെല്ലാം അമ്മയുടേതാണ്.ഈശോയെ ഞാൻ മുഴുവനും എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്.

6️⃣ വി.ജത്രൂദിൻ്റെ പ്രാർത്ഥന

(ശുദ്ധീ കരണാത്മാക്കളുടെ മോചനത്തിനും പാപികളുടെ മാനസാന്തരത്തിനും വേണ്ടിയുള്ള പ്രാർത്ഥന )

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായയേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കൾക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

✝ 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

7️⃣ പരിശുദ്ധരാജ്ഞി ജപം

പരിശുദ്ധരാജ്ഞീ, കരുണയുടെ മാതാവേ സ്വസ്തി . ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി . ഹവ്വായുടെ പുറം തള്ളപെട്ട മക്കളായ ഞങ്ങള്‍ അങ്ങേ പക്കല്‍ നിലവിളിക്കുന്നു . കണ്ണീരിന്‍റെ ഈ താഴ്‌വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞു അങ്ങേ പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു . ആകയാല്‍ ഞങ്ങളുടെ മധ്യസ്ഥേ , അങ്ങയുടെ കരുണയുളള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രിഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരണമെ. കരുണയും വാത്സല്യവും, മാധുര്യവും നിറഞ്ഞ കന്യകമറിയമെ. ആമ്മേന്‍

പരിശുദ്ധ പിതാവിൻ്റെയും തിരുസഭയുടെയും നിയോഗങ്ങൾക്കായി
1സ്വർഗ്ഗ 1നന്മ 1ത്രീത്വ .

( പരിശുദ്ധ അമ്മയെ അറിയാനുള്ള ഈ ആഴ്ചയിൽ സാധിക്കുന്ന ത്രയും ജപമാലകൾ , മാതാവിൻ്റെ സ്തോത്രഗീതം , മറ്റു മരിയൻ പ്രാർത്ഥനകൾ , സുകൃതജപങ്ങൾ തുടങ്ങിയവ ചൊല്ലി അമ്മയോടുള്ള ആത്മബന്ധത്തിൽ ആഴപ്പെടുക )


✝️ വി.ലൂയിസ് ഡി മോൺഫോർട്ട് നിർദ്ദേശിച്ചിട്ടുള്ള പ്രത്യേകപ്രാർത്ഥനകൾ

8️⃣പരിശുദ്ധാത്മാവിനോടുള്ള ലുത്തിനിയ

(മറുപടിയായി ‘ഞങ്ങളുടെമേൽ കൃപ ചൊരിയണമേ’ എന്നു പ്രാർത്ഥിക്കുക)

പരിശുദ്ധാത്മാവായ ദൈവമേ, പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ, പിതാവിന്റെയും പുത്രന്റെയും ജീവനായ പരിശുദ്ധാത്മാവേ, പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ,
പിതാവിന്റെയും പുത്രന്റെയും സ്നേഹമായ പരിശുദ്ധാത്മാവേ,
സർവശക്തനായ പരിശുദ്ധാത്മാവേ, ജീവദാതാവായ പരിശുദ്ധാത്മാവേ, സ്നേഹദാതാവായ പരിശുദ്ധാത്മാവേ,
ശക്തിദാതാവായ പരിശുദ്ധാത്മാവേ, ഞങ്ങളിൽ വസിക്കുന്ന പരിശുദ്ധാത്മാവേ,
സഹായകനായ പരിശുദ്ധാത്മാവേ, സർവനന്മസ്വരൂപിയായിരിക്കുന്ന പരിശുദ്ധാത്മാവേ,
കരുണയാകുന്ന പരിശുദ്ധാത്മാവേ, നീതിയുടെ ഉറവിടമാകുന്ന പരിശുദ്ധാത്മാവേ,
ഭയമകറ്റുന്ന പരിശുദ്ധാത്മാവേ, പ്രത്യാശ നല്കുന്ന പരിശുദ്ധാത്മാവേ,
ജ്ഞാനം നല്കുന്ന പരിശുദ്ധാത്മാവേ,
ബുദ്ധി നല്കുന്ന പരിശുദ്ധാത്മാവേ, അറിവു നല്കുന്ന പരിശുദ്ധാത്മാവേ, വിവേകം നല്കുന്ന പരിശുദ്ധാത്മാവേ,
ആലോചന നല്കുന്ന പരിശുദ്ധാത്മാവേ,
ദൈവഭക്തി നല്കുന്ന പരിശുദ്ധാത്മാവേ,
ദൈവഭയം നല്കുന്ന പരിശുദ്ധാത്മാവേ,
ആത്മശക്തി നല്കുന്ന പരിശുദ്ധാത്മാവേ,
സ്നേഹമാകുന്ന പരിശുദ്ധാത്മാവേ,
ശാന്തി നല്കുന്ന പരിശുദ്ധാത്മാവേ, ആനന്ദമാകുന്ന പരിശുദ്ധാത്മാവേ, ക്ഷമ നല്കുന്ന പരിശുദ്ധാത്മാവേ,
ദയ നല്കുന്ന പരിശുദ്ധാത്മാവേ,
നന്മ നല്കുന്ന പരിശുദ്ധാത്മാവേ, സൗമ്യശീലം നല്കുന്ന പരിശുദ്ധാത്മാവേ,
ബ്രഹ്മചര്യം നല്കുന്ന പരിശുദ്ധാത്മാവേ,
അനുസരണം നല്കുന്ന പരിശുദ്ധാത്മാവേ,
വിശ്വാസം നല്കുന്ന പരിശുദ്ധാത്മാവേ,
സകലത്തെയും പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവേ,
സകലത്തെയും ശക്തിമത്കരിക്കുന്ന പരിശുദ്ധാത്മാവേ, പ്രലോഭനങ്ങളിൽനിന്ന് വിമോചിപ്പിക്കുന്ന പരിശുദ്ധാത്മാവേ, സാത്താന്റെ കുടിലതന്ത്രങ്ങളിൽനിന്നു ഞങ്ങളെ രക്ഷിക്കുന്ന പരിശുദ്ധാത്മാവേ,
പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കാൻ ശക്തി നല്കുന്ന പരിശുദ്ധാത്മാവേ,
വചനം ഹൃദയത്തിൽ സംഗ്രഹിപ്പിക്കുന്ന പരിശുദ്ധാത്മാവേ, വിശുദ്ധ കുർബാനയിൽ നിറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവേ, കൂദാശകളിലൂടെ ഞങ്ങളെ പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവേ,
ജീവജലത്തിന്റെ അരുവിയായ പരിശുദ്ധാത്മാവേ,
നിത്യജീവനിലേക്ക് എന്നെ നയിക്കുന്ന പരിശുദ്ധാത്മാവേ,
എന്റെ ഹൃദയത്തിലേക്ക് ചൊരിയപ്പെട്ടിരിക്കുന്ന സ്നേഹമേ.

9️⃣ പ്രഭയോലും സമുദ്രതാരമേ സ്വസ്തി

(വി. ബൊനവെഞ്ചർ രചിച്ച വിശ്വ പ്രസിദ്ധ മരിയൻ കീർത്തനം )

പ്രഭയോലും സമുദ്രതാരമേ സ്വസ്തി
ദേവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ.
ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടതു നീ സ്വീകരിച്ചു
മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ
ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ.
അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവ്വരോഗവുമകറ്റണേ അമ്മേ
സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ.
ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും.
സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ.
കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നന്നേക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ.
അത്യുന്നസുരലോകത്തെങ്ങും സദാ
സർവ്വശക്തനാം ത്രിത്വൈക ദേവാ
പിതാവേ, പുത്രാ, റൂഹായേ സ്തുതി
എന്നുമെന്നന്നേക്കുമാമ്മേനാ’മ്മേൻ.

🔟 വിശുദ്ധ, ലൂയിസ് ഡി മോൺ ഫോർട്ടിന്റെ പരിശുദ്ധ അമ്മയോടുള്ള ഏറ്റം ഫലവത്തായ പ്രാർത്ഥന.

പിതാവായ ദൈവത്തിന്റെ പുത്രിയായ പരിശുദ്ധ മറിയമേ സ്വസ്തി, പുത്രനായ ദൈവത്തിന്റെ മാതാവേ സ്വസ്തി, പരിശുദ്ധാത്മാവിന്റെ മണവാട്ടിയേ സ്വസ്തി. പരിശുദ്ധ ത്രിത്വത്തിന്റെ ആലയമായ പരിശുദ്ധമറിയമേ സ്വസ്തി. എന്റെ നാഥേ, എന്റെ നിധിയേ, എന്റെ ആനന്ദമേ, എന്റെ ഹൃദയത്തിന്റെ രാജ്ഞിയേ, എന്റെ അമ്മേ, എന്റെ ജീവനേ, എന്റെ മാധുര്യമേ, എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രത്യാശയേ, ഹാ! എന്റെ ഹൃദയമേ, എന്റെ ആത്മാവേ! ഞാൻ മുഴുവനും അങ്ങയുടേതും എനിക്കുള്ളതെല്ലാം അങ്ങയുടേതുമാണ്. ഓ! കന്യകേ അങ്ങ് എല്ലാറ്റിനേയുംകാൾ അനുഗ്രഹീതയത്രേ. അങ്ങയുടെ ആത്മാവ് എന്നിലായിരുന്നുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തട്ടെ. അങ്ങയുടെ അരൂപി എന്നിലായിരുന്നുകൊണ്ട് ദൈവത്തിൽ ആനന്ദം കൊള്ളട്ടെ. ഓ വിശ്വസ്തയായ കന്യകേ അങ്ങ് എന്റെ ഹൃദയത്തിന്റെ മുദ്രയായിരിക്കണമേ. അങ്ങനെ, അങ്ങിലും അങ്ങു വഴിയും ഞാൻ ദൈവത്തോടു വിശ്വസ്തതയുള്ളവനായിരിക്കട്ടെ. ഓ കാരുണ്യമുള്ള കന്യകേ അവിടുന്നു സ്നേഹിക്കുകയും, പഠിപ്പിക്കുകയും, നയിക്കുകയും, പരിപോഷിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ എന്നെയും സ്വീകരിക്കേണമേ. അങ്ങയുടെ വിശ്വസ്ത വരനായ പരിശുദ്ധാത്മാവുവഴിയും അവിടുത്തെ വിശ്വസ്ത വധുവായ അങ്ങുവഴിയും അങ്ങയുടെ പുത്രനായ ഈശോമിശിഹാ, പിതാവിന്റെ മഹത്ത്വത്തിനായി എന്നിൽ രൂപപ്പെടുന്നതു വരെ അങ്ങയോടുള്ള സ്നേഹത്താൽ ലൗകികമായ എല്ലാ സന്തോഷങ്ങളെയും ഉപേക്ഷിക്കുവാനും സ്വർഗ്ഗീയമായവയോട് എപ്പോഴും ഒന്നായിരിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.


ആവേ..ആവേ..ആവേ മരിയ…



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.