മറ്റുള്ളവര്‍ നിങ്ങളെ അകാരണമായി അസഭ്യം പറയുന്നുണ്ടോ, വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തിലെ ഈ സംഭവം കേള്‍ക്കൂ

തിന്മ ചെയ്യുന്നവര്‍ക്ക് മാത്രമാണോ ശത്രുക്കളുള്ളത്? ഒരാള്‍ ചീത്ത കേള്‍ക്കപ്പെടുന്നത് അയാള്‍ അതിന് അര്‍ഹനായതുകൊണ്ടാണോ.. ഒരിക്കലുമല്ല നല്ല മനുഷ്യരും തിന്മയ്ക്ക് ഇരയാക്കപ്പെടാറുണ്ട്. സല്‍പ്രവൃത്തികള്‍ ചെയ്തുമുന്നോട്ടുപോകുന്നവരു അസഭ്യവചനങ്ങള്‍ കേള്‍ക്കാറുണ്ട്.

ചിലപ്പോള്‍ അപരിചിതരാവണം എന്നുപോലുമില്ല. നമ്മുടെ നന്മകള്‍ കൈപ്പറ്റിജീവിച്ചവരും ഉയര്‍ന്നുപോയവരുമെല്ലാം ചിലപ്പോള്‍ അകാരണമായി നമുക്കെതിരെ തിരിഞ്ഞെന്നിരിക്കാം. സാത്താന്‍ നന്മയ്‌ക്കെതിരെ പ്രയോഗിക്കുന്ന ആക്രമണമായിട്ടാണ് ഇതിനെ നാം കാണേണ്ടത്.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. യൗസേപ്പിതാവിനും മേല്‍പ്പറഞ്ഞ വിധത്തിലുള്ള ശത്രുക്കളുണ്ടായിരുന്നുവെന്നാണ്. ജോസഫില്‍ തിളങ്ങിനിന്നിരുന്ന അത്ഭുതാവഹമായ വിശുദ്ധിയില്‍ അസൂയപൂണ്ടവനും രോഷാകുലനുമായ പിശാച് ജോസഫിന്റെ സുകൃതങ്ങള്‍ മറ്റ് പലരെയും നന്മയിലേക്ക് നയിക്കാന്‍ കാരണമാകുമെന്നുമനസ്സിലാക്കി അതെങ്ങനെയും നശിപ്പിക്കാനായി കച്ച കെട്ടിയിറങ്ങിയിരുന്നു.

അതിനായി പിശാച് ഉപയോഗിച്ചത് മോശം ജീവിതം നയിച്ച വ്യക്തികളെ ജോസഫിനെതിരെ ഇളക്കിവിടുകയായിരുന്നു. ജോസഫിനെ കാണുമ്പോഴെല്ലാം അവര്‍ അസഭ്യവചനം പറഞ്ഞുകൊണ്ടിരുന്നു. ആക്രമിക്കാന്‍ ഗൂഢാലോചനകള്‍ നടത്തി. നിരന്തരമായി നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തു. പക്ഷേ ജോസഫ് അപ്പോഴെല്ലാം ചെയ്തത് ദൈവികമായ ക്ഷമയോടെ അതിനെ അവഗണിക്കുകയായിരുന്നു.

ഹൃദയം ദൈവത്തിങ്കലേക്ക് ഉയര്‍ത്തിയും ശാന്തതയോടെ തല താഴ്ത്തിയും ജോസഫ് അവരെ കടന്നുപോകുകയായിരുന്നു. തങ്ങളുടെ അശ്ലീലവും അസഭ്യവുമായ ഭാഷണങ്ങള്‍ ജോസഫിനെ സ്പര്‍ശിക്കുന്നുപോലുമില്ലെന്ന് മനസ്സിലാക്കി നിരാശരായ യുവാക്കള്‍ പിന്നീട് തങ്ങളുടെ ഉദ്യമങ്ങളില്‍ നിന്ന് പിന്തിരിയുകയാണ് ചെയ്തത്. ഇവിടെ സംഭവിച്ചത് സാത്താന്‍ പരാജയപ്പെടുകയായിരുന്നു. താന്‍ നേരിട്ട അപമാനങ്ങളെയും അസഭ്യവചനങ്ങളെയും ജോസഫ് വെറുതെവിട്ടു. അതിനെ പ്രതി ആരോടും പരാതിപറയാന്‍ പോയില്ല. ഈ രീതി ജോസഫിന് അനുഗ്രഹമായിത്തീരുകയും ചെയ്തു.

ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ട ഒരു ആത്മീയതത്വമുണ്ട്. നാം നിന്ദിക്കപ്പെടുന്നതിന് നാം കാരണക്കാര്‍ ആയിരിക്കണമെന്നില്ല. മറിച്ച് സാത്താന്‍ ചില വ്യക്തികളെ അതിന് നിയോഗിക്കുന്നുവെന്നേയുള്ളൂ. അപ്പോള്‍ നാം സംയമനം പാലിക്കുക.

അത് ചിലപ്പോള്‍ പെട്ടെന്ന് ലഭിക്കണം എന്നില്ല. പക്ഷേ നാം അതിന് ശ്രമിക്കണം, ആഗ്രഹിക്കണം. പ്രാര്‍ത്ഥിക്കണം. ക്രമേണ നാം അത്തരമൊരു കൃപയ്ക്ക് പാത്രമാകും.

ജോസഫിന്റെ ഈ സദ്ഗുണം കഴിയുന്നതുപോലെ നമുക്ക് സാംശീകരിക്കാന്‍ ശ്രമിക്കാം. പുലഭ്യം പറയുകയും അശ്ലീലവാക്കുകള്‍ നമുക്കെതിരെ പ്രയോഗിക്കുകയും ചെയ്യുന്നവരെ ദൈവം തന്നെ നിശ്ശബ്ദരാക്കട്ടെ. നമുക്ക് ഇക്കാര്യത്തിന് വേണ്ടി യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.