ഉറങ്ങുമ്പോള്‍ ചീത്ത സ്വപ്‌നങ്ങളുണ്ടാവുന്നത് പാപമാണോ? ഈശോ പറയുന്ന മറുപടി കേള്‍ക്കൂ

ഉറങ്ങുമ്പോള്‍ നല്ലതും ചീത്തയുമായ സ്വപ്‌നങ്ങള്‍ കാണാത്തവരായിആരുംതന്നെയുണ്ടാവില്ല. ചില സ്വപ്‌നങ്ങള്‍ പാപത്തിന്റെ മേഖലയില്‍ നിന്നുള്ളതാവാം.മറ്റ് ചിലത് പേടിപ്പെടുത്തുന്നവയാകാം. വേറെ ചിലത് സന്തോഷിപ്പിക്കുന്നതും ആനന്ദിപ്പിക്കുന്നതുമാവാം.

എന്നാല്‍ ചീത്ത സ്വപ്‌നങ്ങള്‍കാണുന്നത് തെറ്റാണെന്ന ഒരുവിചാരം നമ്മളില്‍ പലര്‍ക്കുമുണ്ട്.എന്തിന് മത്തായി ശ്ലീഹായ്ക്കും അത്തരമൊരു ചിന്തയുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരു നാള്‍ അദ്ദേഹം ഈശോയോട് ഇങ്ങനെ ചോദിച്ചത്,

ഗുരോ ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ ചീത്തസ്വപ്‌നങ്ങളുണ്ടാവാറുണ്ട്. അല്ലെങ്കില്‍ ചീത്ത പ്രവൃത്തികളിലേര്‍പ്പെടുന്നതായും സ്വപ്‌നംകാണാറുണ്ട്.ഇത് തെറ്റാണോ? ഈശോ അതിന് പറഞ്ഞ മറുപടി നാം ഓരോരുത്തരും ശ്രദ്ധിച്ചുകേള്‍ക്കേണ്ടതാണ്.

മത്തായീ,നീ ഏറ്റവും പ്രലോഭിപ്പിക്കപ്പെടാന്‍ പോകുന്ന അവസ്ഥയില്‍ പിശാച് നിന്നെ ചിന്താക്കുഴപ്പത്തിലാക്കുമെന്ന് പ്രതീക്ഷിക്കുക തന്നെ ചെയ്യണം.ദൈവത്തോട് കൂടുതല്‍ അടുത്തായിരിക്കുന്നവര്‍ ഉറങ്ങുമ്പോള്‍ മാത്രമേ അവന്റെ തന്ത്രങ്ങള്‍ നടക്കുകയുള്ളൂ. ഉറക്കത്തില്‍നിനക്ക് വേണ്ടാത്തത് ഉണര്‍ന്നിരിക്കുമ്പോള്‍ നീ വേണ്ടെന്ന് വയ്ക്കുകയാണെങ്കില്‍ അതൊരു പാപമല്ല. എന്നാല്‍ തിന്മയുടെയോ ഭോഗേച്ഛയുടെയോ അല്ലെങ്കില്‍ അത്യാര്‍ത്തിയുടെയോ സ്വപ്‌നങ്ങള്‍ നീ സ്വാഗതം ചെയ്യുമ്പോഴാണ് അത് പാപമാകുന്നത്. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

അതായത് ചീത്തസ്വപ്‌നങ്ങള്‍ കണ്ടതില്‍ ഖേദമോ ഇച്ഛാഭംഗമോ അനുഭവപ്പെടുന്നത് അവയെ സ്വാഗതം ചെയ്യുന്നില്ല എന്നുതന്നെയാണ് അര്‍ത്ഥം. ഇത്തരം ചിന്തകളെ നിരസിക്കുന്നിടത്തോളം കാലം അവയൊരിക്കലും പാപമാകുന്നില്ല. ചീത്തസ്വപ്‌നങ്ങളെ സ്വാഗതം ചെയ്യുമ്പോള്‍ മാത്രമാണ് അവ പാപമാകുന്നത്.അതുകൊണ്ട് ഒരിക്കലും ചീത്തസ്വപ്‌നം കണ്ടുവെന്നതിന്റെ പേരില്‍ നമുക്ക് അപമാനം തോന്നേണ്ട കാര്യമില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.