ഷെവ. ബെന്നി പുന്നത്തറയുടെ ഈ പ്രസംഗം എല്ലാ ദൈവശുശ്രൂഷകരും കേള്‍ക്കണം


ദൈവശുശ്രൂഷയില്‍ പലവിധ മേഖലകളില്‍ വ്യാപൃതരായിരിക്കുന്നവരോ ദൈവികകാര്യങ്ങളില്‍ ആഭിമുഖ്യമുള്ളവരോ ആണ് നാം ഓരോരുത്തരും. പലപ്പോഴും ദൈവികശുശ്രൂഷയില്‍ വ്യാപരിക്കുമ്പോഴും നമുക്ക് പലവിധ നെഗറ്റീവ് ചിന്തകളും അനുഭവങ്ങളും ഉണ്ടായിട്ടുമുണ്ടാകാം. അത്തരക്കാരെല്ലാം കേട്ടിരിക്കേണ്ട ഒരു പ്രസംഗമാണ് ഷെവ. ബെന്നി പുന്നത്തറയുടെ ഈ പ്രസംഗം.

വ്യക്തിപരമായ ഒരു സാക്ഷ്യം പറയട്ടെ ബെന്നി സാറിന്‍റെ ഈ പ്രസംഗം കേട്ടപ്പോള്‍ എനിക്ക് ആത്മാവ് ജ്വലിക്കുന്നതുപോലെയുള്ള അനുഭവം ഉണ്ടായി. ശുശ്രൂഷയെക്കുറിച്ച് പുതിയ ബോധ്യമുണ്ടായി. വല്ലാത്തൊരു ആത്മീയ നിറവ്. സെഹിയോനിലെ ലീഡേഴ്‌സ് കോണ്‍ഫ്രന്‍സില്‍ ബെന്നിപുന്നത്തറ നടത്തിയ ഈ പ്രസംഗം വാട്‌സാപ്പിലൂടെയാണ് എനിക്ക് ലഭിച്ചത്.

എന്നെ പ്രചോദിപ്പിച്ച ആ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ മരിയന്‍ പത്രത്തിന്റെ വായനക്കാര്‍ക്കായി ചേര്‍ക്കുന്നു. നമ്മെ എല്ലാവരെയും ഈ പ്രസംഗം ആഴത്തില്‍ സ്പര്‍ശിക്കുമെന്ന് എനിക്കുറപ്പുണ്ട്.
ബ്ര. തോമസ് സാജ്
മാനേജിങ് ഡയറക്ടര്‍
മരിയന്‍ മിനിസ്ട്രി

ദൈവത്തിന് ഒരാളെ ഉപയോഗിക്കാന്‍ ആ വ്യക്തിയുടെ പ്രായമോ ജീവിതാന്തസോ കഴിഞ്ഞകാലത്തെ പരാജയങ്ങളോ ഒന്നും പ്രശ്നമല്ല. നമ്മള്‍ ഒരുപാട് പ്രവര്‍ത്തിക്കുന്നു എന്നതില്‍ കാര്യമില്ല. ദൈവം നമ്മളെ ഉപയോഗിക്കുന്നില്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍വ്യര്‍ത്ഥമാിത്തീരും.

ദൈവം ഉപയോഗിക്കുന്ന വ്യക്തിയായിത്തീരാന്‍ നാം എന്തു ചെയ്യണം . മത്താ 9:38 അടിസ്ഥാനമാക്കി നമുക്ക് ധ്യാനിക്കാം. ഇറങ്ങികൊയ്യാന്‍ ഒന്നും ദൈവം ആവശ്യപ്പെടുന്നില്ല. എനിക്ക് തോന്നുന്പോള്‍ ആഗ്രഹിക്കുന്നതുപോലെ ചെയ്യാന്‍ കഴിയുന്ന വേലയല്ല ദൈവശുശ്രൂഷ. ദൈവം പറയാതെ, നിയോഗിക്കാതെ ദൈവികശുശ്രൂഷയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടാല്‍ അസ്വസ്ഥതയായിരിക്കും ഫലം.

ദൈവവേല ചെയ്യാന്‍ ദൈവം നിയോഗിക്കണം. ദൈവം നിയോഗിക്കാതെ എന്റെ ഇഷ്ടമനുസരിച്ച് എനിക്ക് ദൈവവേല ചെയ്യാന്‍ കഴിയില്ല. പ്രേഷിതരാകാന്‍ പലര്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ ദൈവം പറയുന്നിടത്തേക്ക് പോകണം. അവിടെ കൊയ്യണം. വിളവിന്‌റെ നാഥന്‍ പറയുന്നിടത്തേക്ക് പോകാന്‍ ആളില്ല. എന്നാല്‍ പൊതുവെ പറഞ്ഞാല്‍ പലര്‍ക്കും ദൈവവേല ചെയ്യാന്‍ താല്പര്യമുണ്ട് താനും.

ഒരു വ്യക്തിയുടെ ദൈവവിളി തടയാന്‍ ഈ ലോകത്തില്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ. അത് മറ്റാര്‍ക്കുമല്ല നമുക്ക് തന്നെയാണ്. അഭിഷേകമുള്ള വ്യക്തിക്ക് അവസരമുണ്ട്. അവസരം കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ് നടക്കുന്ന ഒരുപാട് ദൈവശുശ്രൂഷകരുണ്ട്. പരാതി പറഞ്ഞ് നടക്കുന്നവര്‍ക്ക് അഭിഷേകമില്ല. സഭയുടെ എല്ലാ മേഖലയിലും അഭിഷേകമുള്ളവരെ ആവശ്യമുണ്ട്.

പഠിച്ചവരുണ്ട്, എക്‌സ്പീരിയന്‍സ് ഉള്ളവരുണ്ട്. പക്ഷേ അഭിഷേകമുള്ളവരെയാണ് നമുക്ക് വേണ്ടത്. നിനക്ക് അഭിഷേകമുണ്ടെങ്കില്‍ നിന്നെ തേടി അവസരം വരും. ഈ തിരിച്ചറിവു ഉണ്ടായിക്കഴിയുമ്പോള്‍ നമ്മില്‍ പലരുടെയും ഓട്ടം നിലയ്ക്കും. അഭിഷേകമുള്ളവര്‍ മാത്രമേ നിലനില്ക്കുകയുള്ളൂ. ആത്മാവ് വിളിച്ച് അഭിഷേകം ചെയ്യുന്നവരുടെ ശുശ്രൂഷ മാത്രമേ നിലനില്ക്കുകയുള്ളൂ. എന്റെ പ്രശ്‌നം എന്‍റെഅഭിഷേകത്തിന്റെ കുറവാണ്. ഈ തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകണം.

അവസരങ്ങള്‍ക്ക് വേണ്ടിയല്ല അഭിഷേകത്തിന് വേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. ദൈവം നിയോഗിക്കാതെ നാം ഒരു ശുശ്രൂഷയും ഏറ്റെടുക്കരുത്. കഴിവുകള്‍ പ്രകടിപ്പിക്കാനോ മറ്റുള്ളവരുടെ സ്‌നേഹം കൊണ്ടോ ശുശ്രൂഷകള്‍ ചെയ്യരുത്. അത്തരം ശുശ്രൂഷകള്‍ സ്ഥിരമായി നിലനില്ക്കുകയില്ല. ദൈവം നിയോഗിക്കുന്ന ശുശ്രൂഷകള്‍ ഏറ്റെടുക്കണം. എന്റെ ദൈവം എന്നെ അഭിഷേകം ചെയ്താല്‍ മാത്രമേ എനിക്ക് ശുശ്രൂഷ ചെയ്യാന്‍ കഴിയൂ. ദൈവത്തിന്റെ വിളിയാണ് ദൈവശുശ്രൂഷകന്റെ യോഗ്യത. അല്ലാതെ അയാളുടെ കഴിവോ എക്‌സ്പീരിയന്‍സോ അല്ല.

മോശയുടെ വൈകല്യം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ദൈവം മോശയെ ലോകത്തിലെ തന്നെ വലിയ നേതാവായി മാറ്റിയത്. എല്ലാ കുറവുകളും പരിഹരിച്ച് പരിപൂര്‍ണ്ണതയില്‍ എത്തിച്ചിട്ടേ ദൈവം എന്നെ ഉപയോഗിക്കൂ എന്ന് കരുതരുത്. ദൈവം അപൂര്‍ണ്ണരായ മനുഷ്യരെയാണ് വിളിക്കുന്നത്. ആ വിളി കേള്‍ക്കുന്നവരാണ് പൂര്‍ണ്ണതയിലേക്ക് സഞ്ചരിക്കുന്നത്. ദൈവം വലിയവരെയല്ല വിളിക്കുന്നത്. ദൈവത്തിന്റെ വിളി കേള്‍ക്കുന്നവരാണ് വലിയവരാകുന്നത്.

നിന്റെ പുണ്യമോ ക്വാളിഫിക്കേഷനോ എക്‌സ്പീരിയന്‍സോ അതിന് ബാധകമല്ല. എവിടെ നാം ശുശ്രൂഷ ചെയ്താലും നമുക്ക് ഇങ്ങനെയൊരു ബോധ്യമുണ്ടായിരിക്കണം. ഞാന്‍ അയ്ക്കപ്പെട്ടവനാണ്. വ്യക്തിപരമായ കുറവുകള്‍ നമ്മുടെ ആത്മവിശ്വാസം കെടുത്തിക്കളയാന്‍ പാടില്ല. മറ്റുള്ളവര്‍ നോക്കുമ്പോള്‍ നാം കുറവുകളുള്ള മനുഷ്യരായിരിക്കാം. പക്ഷേ ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരു നില്ക്കും.

അ തുകൊണ്ട് വിളിയെക്കുറിച്ച് നമുക്കൊരിക്കലും ശങ്ക വേണ്ട. കര്‍ത്താവിന്റെ വിളിക്കായി കാതോര്‍ത്തിരിക്കുക. അവിടുത്തെ വിളിയോട് വിശ്വസ്തരായിരിക്കുക. ദൈവത്തിന്റെ വിളിയാണോ പദ്ധതിയാണോ എന്നൊക്കെ ശാലോം ശുശ്രൂഷയുടെ തുടക്കക്കാലത്ത് എനിക്കും ചില നേരങ്ങളില്‍ ചില ആശങ്കകള്‍ഉണ്ടാക്കിയിട്ടുണ്ട്. സാത്താന്‍ നമ്മെ തകര്‍ക്കാന്‍ നമ്മിലേക്ക് ഇഞ്ചക്റ്റ് ചെയ്യുന്നതാണ് അത്.

എപ്പോഴും ദൈവത്തിന്‌റെ ശക്തി നമ്മിലൂടെ പ്രകടമാകണം എന്നില്ല. ചിലപ്പോള്‍ ചില നിരാശാജനകമായ അനുഭവങ്ങളിലൂടെ നാം കടന്നുപോകേണ്ടതായി വരും. പക്ഷേ അപ്പോഴും നിരാശപ്പെടരുത്. ബലം പ്രാപിക്കാന്‍ ആരുമില്ലാതാകുമ്പോഴും ദൈവമായ കര്‍ത്താവില്‍ ബലം പ്രാപിക്കുന്ന ദാവീദിനെ നാം വിശുദ്ധ ഗ്രന്ഥത്തില്‍ കാണുന്നുണ്ട്. പലരും അവന്റെ അഭിഷേകം തട്ടിപ്പാണെന്ന് പറയുന്നുണ്ട്. ഇങ്ങനെ ആരുമില്ലാതാകുമ്പോഴും ദാവീദ് ദൈവത്തില്‍ ബലം പ്രാപിക്കുന്നു.സിക്ക്‌ലാഗിലെ തകര്‍ച്ച ദൈവം ദാവീദിനെ പരിശീലിപ്പിക്കാന്‍ വേണ്ടി ഒരുക്കിയതാണെന്ന് പിന്നീട് നാം തിരിച്ചറിയുന്നുണ്ട്.

ഓരോ വ്യക്തികളെയും ദൈവം പരിശീലിപ്പിക്കുന്നത് വ്യത്യസ്തമായിട്ടാണ്. മറ്റുള്ളവര്‍ പോകുന്നതു പോലെ എനിക്ക് പോകാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ അതില്‍ അസ്വസ്ഥപ്പെടാന്‍ പാടില്ല. അപ്പനും അമ്മയും സഹോദരങ്ങളുമുള്‍പ്പടെ എല്ലാവരും തന്നെ താണുവണങ്ങുമെന്ന് ദര്‍ശനം കിട്ടിയ ജോസഫിന് പിന്നീട് കിട്ടിയത് പൊട്ടക്കിണറാണ്. തടവറയാണ്. ജോസഫിന്റെ ദര്‍ശനം തട്ടിപ്പാണെന്ന് നമുക്ക് ആ സമയങ്ങളില്‍ തോന്നാം. പക്ഷേ ആ സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ദൈവം ജോസഫിനെ നിഗൂഢമായ വഴികളിലൂടെ കടത്തിക്കൊണ്ടുപോയത്.

നമ്മുടെ ജീവിതത്തിലും പൊട്ടക്കിണറിന്റെയും തടവറയുടെയും അനുഭവം ഉണ്ടാകുമ്പോഴും വിളിച്ച ദൈവത്തെ സംശയിക്കരുത്. അപ്പോഴും അവനോട് വിശ്വസ്തത പുലര്‍ത്തുക. എന്നെ വിളിച്ചവന്‍ വിശ്വസ്തനാണ്. അവന്‍ എന്നെ തനിയെ വിടുകയില്ല. അവനറിയാതെ എന്റെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയുമില്ല.

(ഷെവ. ബെന്നി പുന്നത്തറയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.