വെഞ്ചരിച്ച മെഴുകുതിരികള്‍ വീട്ടിലുണ്ടാകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

വെഞ്ചരിച്ച വസ്തുക്കള്‍ക്കെല്ലാം ശക്തിയുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ വെഞ്ചരിച്ച മെഴുകുതിരികള്‍ക്ക് പ്രതീകാത്മകമായിക്കൂടി മറ്റുള്ളവയെക്കാള്‍ ശക്തിയുണ്ട്. പ്രകാശം എന്ന് പറയുന്നത് ക്രിസ്തീയ പാരമ്പര്യത്തില്‍ ക്രിസ്തുവിന്റെ പ്രതീകമാണ്. ഞാന്‍ ലോകത്തിന്റെ പ്രകാശമാണ് എന്നാണല്ലോ ക്രിസ്തു പറഞ്ഞിരിക്കുന്നത്.

എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ വീഴുകയില്ലെന്നും അവന് നിത്യമായ ജീവിതമുണ്ടായിരിക്കുമെന്നും ക്രിസ്തു പറയുന്നുണ്ട്. ക്രിസ്തീയ തിരുക്കര്‍മ്മങ്ങളിലെല്ലാം മെഴുകുതിരികള്‍ അല്ലെങ്കില്‍ സമാനമായ വെളിച്ചം ഉപയോഗിക്കുന്നത് ഇതുകൊണ്ടാണ്. പ്രതീകമായും കൗദാശികമായ രീതിയിലും മെഴുകുതിരികള്‍ ഉപയോഗിക്കുന്നുണ്ട്.

വെളിച്ചം ഉളളിടത്ത് ഇരുട്ടിന് നിലനില്ക്കാന്‍ ആവില്ലല്ലോ. ക്രിസ്തു വെളിച്ചമാണെങ്കില്‍ സാത്താന്‍ ഇരുട്ടാണ്. ക്രിസ്തുവാകുന്ന വെളിച്ചം തെളിഞ്ഞുനില്ക്കുമ്പോള്‍ സാത്താന്‍ ഓടിമറയും. ഈശോയെ ദേവാലയത്തില്‍ കാഴ്ചവയ്ക്കുന്ന തിരുനാള്‍ ദിനമായ ഇന്ന്- ഫെബ്രുവരി രണ്ട്- വെഞ്ചരിച്ച മെഴുകുതിരികള്‍ വിതരണം ചെയ്യുന്ന ഒരു പാരമ്പര്യം പണ്ടുകാലങ്ങളില്‍ നിലവിലുണ്ടായിരുന്നു. എങ്കിലും മെവുകുതിരികള്‍ വെഞ്ചരിക്കുന്നതിന് ഇന്ന ദിവസം മാത്രമായിരിക്കണമെന്ന് നിര്‍ബന്ധമില്ല.

ഏതു ദിവസവും നമ്മുടെ പളളിയില്‍ ചെന്ന് അച്ചനെ ക്കൊണ്ട് നമുക്ക് മെഴുകുതിരികള്‍ വെഞ്ചിരിപ്പിക്കാവുന്നതാണ്. ഈ മെഴുകുതിരികള്‍ വീട്ടില്‍ സൂക്ഷിക്കുന്നതും പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്നതും വീട്ടിലെ പൈശാചിക സ്വാധീനങ്ങളില്‍ നിന്ന് മോചനം പ്രാപിക്കാന്‍ സഹായിക്കും. വെഞ്ചരിച്ച മെഴുകുതിരികള്‍ കത്തിച്ച് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.:

നിത്യപ്രകാശമായ ഈശോയെ അങ്ങയുടെ വെളിച്ചം ഈ കുടുംബത്തില്‍ പ്രസരിക്കട്ടെ, എന്നും നിലനില്ക്കട്ടെ. സാത്താനെയും ഇരുട്ടിന്റെ എല്ലാ സ്വാധീനങ്ങളെയും ഞങ്ങളുടെ ജീവിതപരിസരങ്ങളില്‍ നിന്നും ഭവനത്തില്‍ നിന്നും അങ്ങേ പ്രകാശത്തില്‍ നിര്‍വീര്യമാക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.