രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങളുടെ പഠനത്തിൻ്റെ പ്രസക്തി.

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ വിശ്വാസികൾ പ്രത്യേകിച്ച് ശുശ്രൂഷകർ അറിഞ്ഞിരിക്കേണ്ടതിൻ്റെ പ്രസക്തി വളരെയധികമാണ്. ഏറ്റം പ്രധാനപ്പെട്ടതും ആധികാരികവുമായ ഈ പ്രബോധനങ്ങൾ സഭയിൽ ഒളിഞ്ഞിരിക്കുന്ന നിധി പോലെയുണ്ട്. ദൈവസ്നേഹത്തെപ്രതി സഭയെയും സഭാ പ്രബോധനങ്ങളെയും തെറ്റുകൂടാതെയും കുറവുകൂടാതെയും പങ്കുവച്ചു നൽകുവാൻ പ്രതിജ്ഞാബദ്ധമായിരിക്കുന്ന IHS മിനിസ്ട്രി, ഈ ‘നിധിയെ’ സാധ്യമാകും വിധം വിശ്വാസികൾക്ക് പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ്.

വിശുദ്ധ ഗ്രന്ഥം കഴിഞ്ഞാൽ സഭയിൽ ഏറ്റം ആധികാരികമായി ഇന്ന് സ്വീകരിയ്ക്കേണ്ടത് ഈ പ്രമാണരേഖകളെയാണ് എന്ന് വിശ്വാസികൾക്ക് അറിവില്ല. നാം രണ്ടാം വത്തിക്കാൻ കൗൺസിൽ കാലഘട്ടത്തിൽ ജീവിക്കുന്നതിനാൽ സഭയുടെ ഈ അടിസ്ഥാന പ്രബോധനങ്ങളെ അറിയാതിരിക്കുന്നത് വിശ്വാസ ധാർമ്മിക ജീവിതത്തെ ദുർബലപ്പെടുത്താം. സഭയ്ക്കുള്ളിൽ സഭയെ സ്നേഹിക്കാതെ, സ്നേഹിക്കുന്നുണ്ട് എന്ന് വിചാരിച്ച് ജീവിക്കുവാൻ ഇത് കാരണമായിത്തീരും. നമ്മുടെ ആത്മരക്ഷയുമായി പോലും കൗൺസിൽ പ്രബോധനങ്ങൾക്ക് അടുത്ത ബന്ധം ഉണ്ട് എന്നിരിക്കെ ഇതേക്കുറിച്ച് അറിയാതിരിക്കുന്നത് നിർഭാഗ്യകരമാണ്.

ഈ പ്രമാണരേഖകളെ കുറിച്ച് അറിവുള്ള ചിലർ ഇതിനെ തെറ്റായി മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് കൂടുതൽ അപകടകരമായ അവസ്ഥയാണ്. ഇത്തരം നിലപാടുകൾവഴി പതിനായിരങ്ങൾ സഭയിൽതന്നെ സഭയുടെ ചൈതന്യത്തിന് വിരുദ്ധമായി ജീവിക്കുന്നുണ്ട്‌. അതുകൊണ്ട് തന്നെ ഈ പ്രമാണരേഖകളെക്കുറിച്ച് ശരിയായ അറിവ് വിശ്വാസികൾക്ക് ലഭിക്കേണ്ടത് അനിവാര്യമാണ്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തെ (CCC) അനുകൂലിക്കുന്ന പലരും CCC രൂപപ്പെടുന്നതിന് മൂലകാരണമായി നിൽക്കുന്ന ഒന്നായ രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെ സ്വീകരിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇതുപോലെയുള്ള ചില അടിസ്ഥാന പ്രശ്നങ്ങൾ ഈ ഗ്രന്ഥവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇതിൻ്റെ പഠനം ആരംഭിക്കുന്നത്. അനേകർക്ക് തിരുസഭയോടും തിരുസഭാ പ്രബോധനങ്ങളോടും കൂടുതൽ സ്നേഹവും ആഭിമുഖ്യവും ഉണ്ടാകുവാനും അതുവഴി ദൈവസ്നേഹത്തിൽ യഥാസ്ഥാനപ്പെടുവാനും ഇത് കാരണമായിത്തീരുമെന്ന് പ്രത്യാശിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നവർ ചുവടെ നൽകുന്ന ലിങ്ക് കാണുക
https://youtu.be/Ikuw1y3qkaEമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.