ക്രിസ്ത്വാനുകരണത്തിലാണ് പ്രസക്തമായ ഈ ചോദ്യമുള്ളത്. പാപസങ്കീര്‍ത്തനം നീട്ടിക്കൊണ്ടുപോയതുകൊണ്ടോ ദിവ്യകാരുണ്യസ്വീകരണം താമസിപ്പിച്ചതുകൊണ്ടോ നിനക്കെന്തുപ്രയോജനം എന്നാണ് ക്രിസ്ത്വാനുകരണകാരന്‍ ചോദിക്കുന്നത്. ശരിയല്ലേ കോവിഡ് ഏല്പിച്ച ആഘാതത്തിന്റെ പേരു പറഞ്ഞ് ഇനിയും വിശുദ്ധ കുമ്പസാരത്തിലേക്കും ദിവ്യകാരുണ്യസ്വീകരണത്തിലേക്കും മടങ്ങാന്‍ അമാന്തം കാണിക്കുന്നവര്‍ നമുക്കിടയിലില്ലേ?
ഇതിലൊക്കെ വിശ്വാസമില്ലെന്ന് പറയുന്നവരെയും ഇക്കാലത്ത് നാം കണ്ടിട്ടുണ്ട്. ഇതിന് പരിഹാരമായി തോമസ് അക്കമ്പിസ് പറയുന്നത് ഇതാണ്.
നിന്നെ വേഗം ശുചീകരിക്കുക. വിഷം അതിവേഗം പുറത്തുകളയുക. ഔഷധം സേവിക്കാന്‍ ധൃതികൂട്ടുക. നീട്ടിവയ്ക്കുന്നതിനെക്കാള്‍ നല്ലത് ഉടനടി ചെയ്യുകയാണൈന്ന് നീ ഗ്രഹിക്കും. വല്ല നിസ്സാരകാരണത്താലും ഇന്ന് ദിവ്യകാരുണ്യംസ്വീകരിക്കാതിരുന്നാല്‍നാളെ അതിനെക്കാള്‍ വലിയ കാരണമുണ്ടായേക്കാം. അങ്ങനെ ദിവ്യകാരുണ്യസ്വീകരണം കൂടാതെ പല നാളുകള്‍ കടന്നുപോകും.നീ കൂടുതല്‍ അയോഗ്യനായിഭവിക്കും. ആവും വേഗം ഈ പ്രതിബന്ധങ്ങളും ആലസ്യവും തള്ളിക്കളയുക. ദീര്‍ഘനാള്‍ വിഷാദിച്ചിരി്ക്കുന്നതും ഏറെനാള്‍ആകുലതയോടെജീവിക്കുന്നതും ദിനംപ്രതിയുണ്ടാകുന്ന പ്രതിബന്ധങ്ങളോര്‍ത്ത് ദിവ്യരഹസ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നില്ക്കുന്നതും അനാശാസ്യമാകുന്നു.
മുടങ്ങികിടക്കുന്ന ദിവ്യകാരുണ്യസ്വീകരണവും വിശുദ്ധകുമ്പസാരവും നമുക്ക് ഇന്ന് തന്നെ തിരിച്ചുപിടിക്കാം. ദൈവത്തില്‍ നിന്ന് അകന്നുപോയതിനെക്കാള്‍ഇരട്ടി തീക്ഷണതയോടെ നമുക്ക് ദൈവത്തിലേക്ക് തിരികെ ചെല്ലാം.