നല്ലൊരു കുമ്പസാരക്കാരന്‍ ഇങ്ങനെയായിരിക്കണം

കുമ്പസാരം മനസ്സിന്റെ കെട്ടഴിക്കലാണ്,ഭാരം ഇറക്കിവയ്ക്കലാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും കുമ്പസാരം അത്ര നല്ലതല്ലാത്ത അനുഭവമായി തോന്നിയിട്ടില്ലേ.ചെന്നുകയറിപ്പോഴത്തെക്കാളും കൂടുതല്‍ ഭാരത്തോടെ അവിടെ നിന്ന് ഇറങ്ങിപ്പോരേണ്ടിവന്ന സാഹചര്യങ്ങള്‍? കുമ്പസാരത്തിന്റെ കുറവുകൊണ്ടല്ല അത് സംഭവിച്ചത്. ക്രിസ്തുവിന്റെ പ്രതിനിധിയായി കുമ്പസാരക്കൂട്ടിലിരിക്കുന്ന വ്യക്തിയുടെ മാനുഷികമായ ചില കുറവുകള്‍ ദൈവകൃപയെ പോലും പിന്തള്ളിക്കൊണ്ട് പ്രത്യക്ഷപ്പെടുമ്പോള്‍സംഭവിക്കുന്ന ദുരന്തമാണത്.

നല്ലൊരു കുമ്പസാരക്കാരനാകാന്‍ അദ്ദേഹത്തിന് ഡോക്ടറേറ്റോ വലിയ പദവികളോ ഉണ്ടായിരിക്കേണ്ടതില്ല. ആര്‍സിലെ വിശുദ്ധ വിയാനിയുടെ കഥ മാത്രം ഓര്‍ത്താല്‍ മതിയല്ലോ.. ഇതാ കുമ്പസാരക്കാരനുണ്ടായിരിക്കേണ്ട ചില നല്ല ഗുണങ്ങളെക്കുറിച്ച് പറയാം.

നല്ലൊരു കുമ്പസാരക്കാരന്‍ ക്ഷമയുള്ള വ്യക്തിയായിരിക്കണം. പറയുന്നകാര്യങ്ങള്‍ മുഴുവന്‍ അനുകമ്പയോടെയും തുറവിയോടെയും കേള്‍ക്കാന്‍സന്നദ്ധനായിരിക്കണം. കുമ്പസാരിക്കുന്ന വ്യക്തിയുടെ യഥാര്‍ത്ഥഅവസ്ഥ തിരിച്ചറിയാന്‍കഴിവുണ്ടായിരിക്കണം. ഉടനടി പോംവഴികള്‍ നിര്‍ദ്ദേശിക്കാനും ആത്മീയമായ ഉപദേശങ്ങള്‍ നല്കാനും കഴിവുണ്ടായിരിക്കണം.

നല്ല ആത്മീയപുസ്തകങ്ങള്‍ ശുപാര്‍ശചെയ്യണം. ഏതൊരു സാഹചര്യത്തിലും കുമ്പസാരിപ്പിക്കാന്‍ സന്നദ്ധനായിരിക്കണം. ഇന്ന് പറ്റില്ല നാളെ വാ എന്ന മട്ടില്‍ നിസ്സാരമായി ഈ കൂദാശയെ കാണരുത്.

പാപത്തിന് അനുസൃതമായ പ്രായശ്ചിത്തങ്ങള്‍ നല്കിയിരിക്കണം. ആ്ത്മനിന്ദയിലേക്കോ കുറ്റബോധത്തിലേക്കോ വ്യക്തിയെ വലിച്ചിഴയ്ക്കരുത്. ആവശ്യമെങ്കില്‍ കുമ്പസാരത്തിന്‌ശേഷവും പ്രത്യേകരീതിയിലുള്ള തെറാപ്പികള്‍ക്കോ കൗണ്‍സലിംങിനോ സന്നദ്ധതയുമുണ്ടായിരിക്കണം.

ഇതിനെല്ലാം ഉപരിയായി പ്രാര്ത്ഥനയും വിശുദ്ധിയുമുളളവ്യക്തിയായിരിക്കണം കുമ്പസാരക്കാരന്‍. മറുഭാഗത്ത് മുട്ടുകുത്തിയിരിക്കുന്ന വ്യക്തി ആരാണെന്ന് അറിയേണ്ടതില്ല. വ്യക്തിയെ സംബന്ധിക്കുന്നസ്വകാര്യകാര്യങ്ങള്‍ ചോദിച്ചറിയുകയും വേണ്ട.

നല്ലൊരു കുമ്പസാരം നടത്താന്‍ കുമ്പസാരിക്കുന്ന വ്യക്തി മാത്രമല്ല കുമ്പസാരിപ്പിക്കുന്ന വ്യക്തിയും പ്രാര്‍ത്ഥിച്ചൊരുങ്ങേണ്ടതുണ്ട്. പ്രാര്‍ത്ഥനയില്ലാതെ, ഒരുക്കമില്ലാതെ, കുമ്പസാരിക്കുക മാത്രമല്ല കുമ്പസാരിപ്പിക്കുകയും പാടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.