വിശ്വാസസംബന്ധമായ പ്രതിസന്ധിയിലാണോ ജീവിതം? ഇതൊന്ന് വായിക്കൂ

വിശ്വാസസംബന്ധമായ പ്രതിസന്ധിയിലൂടെ കടന്നുപോകാത്തവരായി നമ്മളില്‍ ആരും തന്നെയുണ്ടാവില്ല. പ്രാര്‍ത്ഥിക്കുന്നവരായിട്ടും ദൈവത്തില്‍ വിശ്വസിക്കുന്നവരായിട്ടും ചില നേരങ്ങളില്‍ മനസ്സ് ആശങ്കാകുലമാകും. ദൈവമുണ്ടോ.. ബൈബിള്‍ സത്യമാണോ..

ഇത്തരം സംശയങ്ങള്‍ സ്വഭാവികമാണ്.കാരണം ഇനിയും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ദൈവത്തെയാണ് നാം ആരാധിക്കുന്നത്. ഒരിക്കല്‍പോലും കാണാനും സ്പര്‍ശിക്കാനും സാധിക്കാത്ത ഒന്നിനെയാണ് അതുണ്ടെന്ന വിശ്വാസത്താല്‍ നാം ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത്.

അക്കാരണത്താല്‍തന്നെ അവിശ്വസിക്കുന്നതുകൊണ്ട് ഒരിക്കലും വിശ്വാസം ദുര്‍ബലമാണെന്ന് കരുതാനാവില്ല. സംശയം ഒരു തിന്മയോ പാപമോ ആകുന്നില്ല. ജീവിതത്തിലൂടെ നാം ചിലതിനെയൊക്കെ അനുഭവിക്കാനുളള മാര്‍ഗ്ഗമാണ് സംശയം.

ക്രൈസ്തവജീവിതത്തില്‍ സംശയങ്ങളുണ്ടാകുന്നില്ലെങ്കില്‍, സന്ദേഹങ്ങളില്ലെങ്കില്‍ അവിടെയെന്തോ പ്രശ്‌നമുണ്ടെന്നാണ് ആത്മീയഗുരുക്കന്മാര്‍ പറയുന്നത്. തോമാശ്ലീഹായുടെ സംശയമാണ് ഇക്കാര്യത്തില്‍ അവര്‍ക്ക് ഉദാഹരിക്കാനുള്ളത്. എ്ന്നാല്‍ നമ്മുടെ കാലത്ത് മദര്‍ തെരേസ ഇതിന് മികച്ച ഉദാഹരണമാണ്. കുരിശിന്റെ വിശുദ്ധ പോളും മറ്റൊരു ഉദാഹരണമാണ്.

ദൈവമുണ്ടോയെന്ന് സംശയിച്ചവരായിരുന്നു ഇവരെല്ലാം. മറ്റെല്ലാ കാരുണ്യപ്രവൃത്തികള്‍ ചെയ്യുമ്പോള്‍ തന്നെയായിരുന്നു ഈ സംശയം എന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷേ ഈ സംശയങ്ങളും സന്ദേഹങ്ങളും ദൈവത്തെ കണ്ടെത്താനുള്ള മാര്‍ഗ്ഗമായി മാറ്റുക എന്നതാണ് നാം ചെയ്യേണ്ടത്.

അതുകൊണ്ട് ദൈവത്തെ സംശയിക്കുന്നതിനെ നാം ഒരിക്കലും ആശങ്കയോടെ കാണേണ്ടതില്ല.

ദൈവമേ എന്റെ സംശയങ്ങള്‍ എന്നെ നിന്നില്‍ നിന്ന് അകറ്റരുതേ. നിന്നോട് കൂടുതല്‍ ചേര്‍ന്നുനില്ക്കാനുംനിന്നെ സനേഹിക്കാനും എനിക്ക് ഈ സംശയങ്ങള്‍ കരുത്തുപകരട്ടെ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.