പ്രലോഭനങ്ങളുടെയും തിരസ്‌ക്കരണങ്ങളുടെയും വേളയില്‍ പരിശുദ്ധ അമ്മയോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

ജീവിതത്തിലെ ദു:ഖങ്ങളിലും പ്രയാസങ്ങളിലും തിരസ്‌ക്കരണങ്ങളിലും ഒറ്റപ്പെടലുകളിലും ഭൂരിപക്ഷം കത്തോലിക്കാ വിശ്വാസികളുടെയും നാവിന്‍ത്തുമ്പത്ത് ആദ്യം ഓടിയെത്തുന്ന നാമം എന്റെ മാതാവേ എന്നായി രിക്കും. പരിശുദ്ധ അമ്മയുമായി അത്രയേറെ ആഴപ്പെട്ട ബന്ധമാണ് നമുക്കുള്ളത്. അമ്മേയെന്ന് ദിവസത്തിലൊരിക്കലെങ്കിലും വിളിക്കാതെയും അമ്മേയെന്ന് ഓര്‍ക്കാതെയും നാം കടന്നുപോകുന്നുമില്ല.

ഇങ്ങനെ നമ്മുടെ ആത്മീയജീവിതവുമായി അഭേദ്യമായി പരിശുദ്ധ അമ്മ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ നാം അമ്മയുടെ മാധ്യസ്ഥം തേടി എപ്പോഴും പ്രാര്‍ത്ഥിക്കണം. പ്രത്യേകിച്ച് ജീവിതത്തിലെ തിക്താനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍..

ഇതാ മാതാവിന്റെ മാധ്യസ്ഥം തേടിയുള്ള ഒരു ചെറിയ പ്രാര്‍ത്ഥന:

ഏറ്റവും നിര്‍മ്മലയും പരിശുദ്ധയുമായ കന്യാമാതാവേ, ക്രൈസ്തവരുടെ സഹായമായവളേ അമ്മയുടെ സംരക്ഷണത്തിനും സ്‌നേഹത്തിനുമായി ഞാനിതാ അമ്മയ്ക്ക എന്നെ സമര്‍പ്പിക്കുന്നു. സഹായത്തിനായി വിളിക്കുന്നവരുടെ അരികിലേക്ക് ഓടിയെത്തുന്നവളാണ് അമ്മയെന്ന് എനിക്കറിയാം.. ജീവിതത്തിലെ നിരാശാഭരിതമായ നിരവധി സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അമ്മയാണ് എനിക്കുള്ള ഏക ആശ്വാസം.

അമ്മയ്‌ക്കെന്നെ മനസ്സിലാകുമെന്നും അമ്മയെന്നെ സ്‌നേഹിക്കുന്നുവെന്നുമുള്ള വിശ്വാസം എനിക്ക് ബലമാകുന്നു.. ഓ എന്റെ അമ്മേ എന്റെ കൈപിടിച്ച് നടത്തണമേ.. എന്നെ ഈശോയിലേക്ക് വഴി നയിക്കണമേ. ഞാനിപ്പോള്‍ കടന്നുപോകുന്ന എന്റെ എല്ലാ പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും എനിക്ക് ആശ്വാസം നല്കണമേ.

പെറ്റമ്മയുടെ മടിയില്‍ മാറോട് ചേര്‍ന്നിരിക്കുമ്പോള്‍ ഒരു കൊച്ചുകുട്ടി അനുഭവിക്കുന്ന വാത്സല്യവും സമാധാനവും എനിക്ക് അമ്മയില്‍ നിന്നും അനുഭവിക്കാന്‍ ഇടയാകട്ടെ. എന്നെ അമ്മയുടെ നീലക്കാപ്പയ്ക്കുളളില്‍ പൊതിഞ്ഞുപിടിച്ചാലും. ഞാന്‍ എന്നും അമ്മയുടെ സ്വന്തം മകനായിരിക്കട്ടെ. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.