ദൈവജനത്തിന്റെ ജീവിതത്തിന്റെ ആകൃതി കുരിശിന്റെ ആകൃതിയാണ്: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ഉടനീളം പാഷണ്ഡതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയോടെല്ലാം സഭാപിതാക്കന്മാര്‍ സന്ധിയില്ലാ സമരമാണ് നടത്തിയത്.ഇന്നും പാഷണ്ഡതകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. നമ്മള്‍ അതുകൊണ്ട് അതിനെതിരെ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്. സോഷ്യല്‍ മീഡിയായിലൂടെയും ഇത്തരം പാഷണ്ഡതകള്‍ കടന്നുവരുന്നുണ്ട്.

നാം അതിനെ ഗൗനിക്കുകയേ വേണ്ട. ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന ചില പാഷണ്ഡതകളെ കുറിച്ച് നമുക്ക് ചിന്തിക്കാം. കര്‍ത്താവ് കട്ടിലില്‍ കിടന്നാണ് മരിച്ചതെങ്കില്‍ നിങ്ങള്‍ കട്ടില്‍ കഴുത്തില്‍ തൂക്കി നടക്കുമോ എന്നതാണ് അത്തരക്കാരുടെ ഒരു ചോദ്യം. കേള്‍ക്കുമ്പോള്‍ ശരിയാണല്ലോയെന്ന് തോന്നാം. അതുപോലെ വെടിവച്ചാണ് ഈശോമിശിഹായെ കൊന്നതെങ്കില്‍ തോക്ക് എടുത്ത് കഴുത്തില്‍ തൂക്കുമോ. അല്ലെങ്കില്‍ തോക്ക് പള്ളിയുടെ മുകളില്‍ സ്ഥാപിക്കുമോ.?

സാത്താന്റെ പല ചോദ്യങ്ങളും വാദഗതികളും അടിസ്ഥാനരഹിതമാണ്. എന്നാല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയുമാണ്. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം കര്‍ത്താവീശോമിശിഹാ വെടിയേറ്റു മരിക്കും അല്ലെങ്കില്‍ വയസായി കട്ടിലില്‍ കിടന്നു മരിക്കും എന്നതൊന്നുമല്ല ദൈവികപദ്ധതി. ക്രിസ്തുവിന്റെ മരണം അനാദിയിലേ നിശ്ചയിക്കപ്പെട്ടിരുന്നതായിരുന്നു. അത് എന്ന്, എങ്ങനെ, എപ്പോള്‍ വച്ച് നിറവേറപ്പെടണം എന്നത് ദൈവത്തിന്റെ പദ്ധതിയായിരുന്നു. ആ പദ്ധതി ഒരിക്കലും നിറവേറപ്പെടാതെ പോകുകയില്ല.

അനാദി മുതലേ പദ്ധതിയിട്ടിരുന്നതായിരുന്നു ക്രിസ്തുവിന്‍റെ കുരിശുമരണം. അതുകൊണ്ട് പിതാവുപുത്രന്‍ പരിശുദ്ധാത്മാവ് അനാദിയിലെ തീരുമാനിച്ചിട്ടുമ്ടായിരുന്നു ഈശോമിശിഹാ കഴുമരത്തിലേറി മരിക്കണമെന്ന്. അല്ലാതെ കട്ടിലില്‍കിടന്നോ വെടിവച്ചോ ശിരഛ്‌ഛേദം നടത്തിയോ അല്ലക്രിസ്തു മരിക്കേണ്ടതെന്ന്.

കുരിശിനെ ദൈവം അനാദിയിലെ തിരുവെഴുത്തിലൂടെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ക്രിസ്തുവിന്റെ കുരിശുമരണം അത്തരത്തിലുള്ളതായിരുന്നു. മനുഷ്യപുത്രന്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ ഫരിസേയരാലും നിയമജ്ഞരാലും പിടികൂടപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഒടുവില്‍ കുരിശില്‍ തറച്ചുകൊല്ലുകയും അവന്‍ ഉയിര്‍ത്തെണീല്ക്കുകയും ചെയ്യും എന്ന് തിരുവചനം രേഖപ്പെടുത്തിയിട്ടുണ്ട്.

രക്ഷാകരപദ്ധതിയെക്കുറിച്ചോ തിരുവചനത്തെക്കുറിച്ചോഉള്ള അറിവില്ലായ്മ കൊണ്ടാണ് ക്രിസ്തു കട്ടിലില്‍ കിടന്ന് മരിച്ചിരുന്നുവെങ്കില്‍ കട്ടില്‍ കഴുത്തില്‍ തൂക്കി നടക്കുമായിരുന്നോ വെടിവച്ചുമരിച്ചിരുന്നുവെങ്കില്‍ തോക്കു കഴുത്തില്‍ തൂക്കി നടക്കുമായിരുന്നോ എന്നെല്ലാം ചോദിക്കുന്നത്. ആ ചോദ്യങ്ങളെല്ലാം അസാധുവാണ്. കര്‍ത്താവ് കട്ടിലില്‍ കിടന്ന് മരിക്കേണ്ടവനല്ല, കര്‍ത്താവിനെ വെടിവച്ചുകൊല്ലില്ല. കാരണം തിരുവെഴുത്ത് അപ്രകാരമല്ല.

മോശ മരുഭൂമിയില്‍ പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയിര്‍പ്പിക്കപ്പെടും എന്നതാണ് തിരുവെഴുത്ത്. അത് നിറവേറപ്പെടുക തന്നെ വേണം. പഴയ നിയമത്തില്‍ ഇതിന്റെ സൂചനകള്‍ നിരത്തികൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന് വാഗ്ദാനപേടകം. ഇസ്രായേല്‍ക്കാര്‍ പാളയമടിച്ചിരുന്നതിന്റെ ചിത്രം കുരിശിന്റെ ആകൃതിയിലാണ്. പന്ത്രണ്ടുഗോത്രങ്ങള്‍ പാളയമടിച്ചിരുന്നത് മൂന്നുവീതം നാലുവശങ്ങളിലേക്കായിട്ടാണ്.അതായത് കുരിശിന്റെ ആകൃതിയില്‍. ദൈവജനത്തിന്റെ ജീവിതത്തിന്റെ ആകൃതി കുരിശിന്റെ ആകൃതിയാണ്.

ദഹനബലിക്കുള്ള പ്രാവിനെ കീറുമ്പോള്‍ അതിനെ പൂര്‍ണ്ണമായി വേര്‍പെടുത്തില്ല. കുരിശില്‍ ഒരാള്‍ കിടക്കുന്നതുപോലെയാണ് ദഹനബലിക്കായുള്ള പ്രാവിന്റെ രൂപം. മോശ പിച്ചളസര്‍പ്പത്തെ മരുഭൂമിയില്‍ ഉയര്‍ത്തിയതിനെ നോക്കിയപ്പോള്‍ നോക്കിയവരെല്ലാം രക്ഷ പ്രാപിച്ചുവെന്ന് വചനം പറയുന്നുണ്ട്.കുരിശിന്റെ നിഴലാണ് ആ പിച്ചളസര്‍പ്പം. പെസഹാതിരുനാളില്‍ ആടിനെ ചുട്ടെടുക്കുന്നത് പഴയനിയമത്തില്‍ കാണുന്നുണ്ട്. രക്തം ഊറ്റിയെടുത്തതിന് ശേഷം ആടിനെ ചുടാനായി തൂക്കിയിടുന്നത് കുരിശില്‍കിടത്തിയിരിക്കുന്നതുപോലെയാണ്. പുരോഹിതന്‍ ബലിയര്‍പ്പിക്കുന്ന സമയത്ത് ധാന്യബലി ഉയര്‍ത്തുകയും താഴ്്ത്തുകയും വശങ്ങളിലേക്ക് ചലിപ്പിക്കുകയും ചെയ്യുന്നതും കുരിശിന്റെ ആകൃതിയിലാണ്. ഇരുപത്തിമൂന്നാം സങ്കീര്‍ത്തനത്തിലെ ഊന്നുവടിയും ദണ്ഡും എന്ന പ്രയോഗം ഓര്‍മ്മിക്കുക. അതും കുരിശിന്റെ ആകൃതിയാണ്. പഴയനിയമം മുഴുവന്‍ ഇത്തരത്തിലുള്ള സൂചനകളുണ്ട്.

കുരിശ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. കര്‍ത്താവീശോമിശിഹാ തന്റെ ബലിക്കുള്ള ബലിപീഠമായി അനാദിയിലേ കുരിശിനെ തിരഞ്ഞെടുത്തതാണ് എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇവയോരോന്നും. ലാഘവബുദ്ധിയോടെ ക്രിസ്തുവിന്റെ ബലിയെ സമീപിക്കുന്നവരുടേതാണ് അര്‍ത്ഥമില്ലാത്ത മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍.

എന്തുമാത്രം ഗൗരവം അവര്‍ ദൈവത്തിന്റെ രക്ഷാകരപദ്ധതിക്ക് നല്കുന്നുണ്ട് എന്നതാണ് എന്‍റെ ചോദ്യം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.