കുരിശിന്റെ നിഴല്‍ വീണ വഴിയില്‍

ആ സായന്തനത്തില്‍ ജറുസെലമിന്റെ കുന്നിറങ്ങി കെദ്രോന്‍തോടിന് അരികിലെത്തിയപ്പോള്‍ പിന്നാലെ വന്ന ശിഷ്യരോട് നീ ചോദിച്ച ചോദ്യം ഞാന്‍ മടിശ്ശീലയോ ഭാണ്ഡമോ ഇല്ലാതെ അയച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കുറവു വന്നോ എന്നായിരുന്നു. അവര്‍ ഒരുമിച്ചുപറഞ്ഞ മറുപടി ഒന്നിനും കുറവില്ലാ എന്ന് തന്നെയാണ്.

സുവിശേഷത്തിന്റെ വഴിയിലൂടെ നടന്നുപോകുന്ന ഓരോരുത്തരോടും അങ്ങ് ചോദിച്ച ചോദ്യം ഇന്ന് എന്നോടും ചോദിക്കുന്നു. നീ പലതും ഇല്ലായെന്ന് പറഞ്ഞപ്പോഴും നിനക്ക് എന്തെങ്കിലും കുറവുണ്ടായോ?

ഈ ജീവിതം മുന്നോട്ടു പിടിച്ചുകൊണ്ടുപോകാന്‍, നയിച്ചുകൊണ്ടുപോകാന്‍ പലതും വേണമെന്ന് ഉണ്ടായിരുന്നിട്ടും അത് ഇല്ലാതെയും നടന്നുപോകുമ്പോള്‍ ഒന്നിനും കുറവില്ലായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള ഒരു പ്രകാശം അവിടുന്ന് എനിക്ക് നല്കണമേ. പലതും ഇല്ലെന്നുള്ള പരിതാപത്തിനിടയില്‍ എല്ലാറ്റിന്റെയും നന്മ കൂടെയുണ്ടായിരുന്നുവെന്നും ഒന്നിനും കുറവില്ലായിരുന്നുവെന്നും തിരിച്ചറിയാനുള്ള ഒരു ചോദ്യം ശിഷ്യന്മാരോട് മാത്രമല്ല ഇന്ന് എന്നോടും ചോദിക്കുന്നുണ്ട് .

നിനക്ക് പലതും ഇല്ലെന്ന് നീ പരാതിപ്പെട്ടപ്പോഴും പലതിന്റെയും അഭാവം നീ ജീവിതത്തില്‍ തിരിച്ചറിഞ്ഞപ്പോഴും അതൊന്നും കുറവായിരുന്നില്ലെന്ന് ചില ഇല്ലായ്മകളില്‍ ഒന്നും കുറവില്ലായിരുന്നുവെന്ന് അവിടുന്ന് എനിക്ക് നല്കുന്ന ഈ പാഠം എന്റെ ജീവിതത്തില്‍ കണ്ടെത്താനുള്ള അനുഗ്രഹം എനിക്ക് നല്കണമേ.

ഇല്ലായ്മകളെക്കുറിച്ച് ഞാന്‍ പരിതപിക്കാറുണ്ട്. പക്ഷേ അതൊന്നും ഒരു കുറവല്ലെന്ന് അങ്ങ് പഠിപ്പിക്കുകയാണ്. കര്‍ത്താവേ എന്റെ ജീവിതത്തില്‍ സ്‌നേഹത്തിനും പരിഗണനകള്‍ക്കും വിശ്വാസത്തിനും നിന്നോടുള്ള ബന്ധത്തിനും കുറവുകളൊക്കെയുണ്ടെങ്കിലും എന്റെ ജീവിതത്തില്‍ ഒന്നിനും കുറവില്ലാതെ എന്റെ ജീവിതത്തെ ചേര്‍ത്തുപിടിച്ചു നടത്തുന്ന നിന്റെ സ്‌നേഹത്തിന് മുമ്പില്‍ ഞാന്‍ ശിരസു നമിക്കുന്നു.

ഫാ. ടോമി എടാട്ട്‌



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.