ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുതേ.. തിരുവചനം പറയുന്നത് കേള്‍ക്കൂ

ജീവിതത്തിലേക്ക് പലപ്പോഴും അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ കടന്നുവരാം. അവ നമ്മുക്ക് സന്തോഷം നല്കുന്നവയായിരിക്കണമെന്നുമില്ല. അപ്രതീക്ഷിതമായ ആ ആഘാതങ്ങളുടെ നടുവില്‍ നാം മനസ്സ് മരവിച്ചവരും നിരാശരും ദു:ഖിതരുമായിത്തീര്‍ന്നേക്കാം. ദൈവനീതിയെ ചോദ്യം ചെയ്യുന്നവരോ ദൈവത്തെ നിഷേധിക്കുന്നവരോ ആയിമാറിയേക്കാം. എന്നാല്‍ നമ്മുടെ ഈ അവസ്ഥ , ദൗര്‍ഭാഗ്യങ്ങളില്‍ നാം എങ്ങനെയൊക്കെ പ്രതികരിച്ചേക്കാം എന്നെല്ലാം ദൈവം മുന്‍കൂട്ടി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് നമുക്ക് തിരുവചനങ്ങളിലൂടെ ദൈവം നല്കിയിരിക്കുന്ന നിര്‍ദ്ദേശം ഇപ്രകാരമാണ്.

വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക. ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്.( പ്രഭാഷകന്‍ 2: 4)

എന്തുകൊണ്ടാണ് നാം തുടര്‍ച്ചയായി സഹിക്കേണ്ടിവരുന്നത് എന്നതിനും വിശുദ്ധ ഗ്രന്ഥം വിശദീകരണം നല്കുന്നുണ്ട്. അത് ഇങ്ങനെയാണ്.

എന്തെന്നാല്‍ സ്വര്‍ണ്ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു. സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിന് സ്വീകാര്യരായ മനുഷ്യരും ( പ്രഭാഷകന്‍ 2:5)

അപ്പോള്‍ ഈ തിരുവചനങ്ങളില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് രണ്ടു കാര്യങ്ങളാണ്. ദൈവത്തിന് സ്വീകാര്യരായ മനുഷ്യര്‍ക്കെല്ലാം സഹനങ്ങളുണ്ടാവും. എന്നാല്‍ ഒരു തരത്തിലുള്ള സഹനത്തിലും നാം ശാന്തത കൈവെടിയരുത്. ഈ തിരുവചനവും അതിന്റെ ആന്തരികാര്‍ത്ഥവും നമുക്ക് ഏറെ സമാധാനവും സന്തോഷവും നല്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.