തിടുക്കം കൂട്ടണ്ടാന്നേ,തക്കസമയത്ത് അവിടുന്ന് നമ്മെ ഉയര്‍ത്തിക്കോളും

കാര്യങ്ങള്‍ നാം ഉദ്ദേശിച്ചവിധത്തില്‍ നടക്കാതെ പോകുമ്പോള്‍ അസ്വസ്ഥതപ്പെടുന്നത് സ്വഭാവികം. ഒന്നും വേഗത്തില്‍ നടക്കുന്നില്ല, ആഗ്രഹിച്ച സമയത്ത് നടക്കുന്നില്ല എന്നൊക്കെയുള്ള പിറുപിറുക്കലുകള്‍ നാം നടത്താറുണ്ട്. എന്നാല്‍ വചനം പറയുന്നത് ഒന്നിനും തിടുക്കംകൂട്ടണ്ടാ തക്കസമയത്ത് ദൈവം നമ്മുടെ കാര്യത്തില്‍ ഇടപെടുമെന്നാണ്. 1 പത്രോസ് 5:6 നമ്മെ പോലെയുള്ളവര്‍ക്ക് നല്കുന്ന ആശ്വാസം വിവരണാതീതമാണ്. ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പ്പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.

അതെ നമുക്ക് അവിടുത്തെ ശക്തമായ കരത്തിന്‍കീഴില്‍ താഴ്മയോടെ നില്‍ക്കാം. അവിടുന്ന് തക്കസമയത്ത് നമ്മുടെ ആവശ്യങ്ങളില്‍ ഇടപെട്ടുകൊള്ളും.

കര്‍ത്താവേ എന്റെ മനസ്സിന്റെ ആകുലതകളും സംഘര്‍ഷങ്ങളും അങ്ങ് അറിയുന്നുവല്ലോ. തിടുക്കംകൂട്ടലുകളും അങ്ങ് മനസ്സിലാക്കുന്നു. എന്റെ ഉത്കണ്ഠകള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ഉചിതമായ സമയത്ത് ഉചിതമായ രീതിയില്‍ അങ്ങ് എന്റെ ജീവിതത്തിലും എന്റെ ആവശ്യങ്ങളിലും ഇടപെടണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.