പ്രാര്‍ത്ഥന ഫലദായകമാകാന്‍ നാം എന്തു ചെയ്യണം?

പ്രാര്‍ത്ഥന ഒരു ചെപ്പടിവിദ്യയൊന്നുമല്ല. സ്വന്തം കാര്യസാധ്യത്തിന് വേണ്ടി ദൈവത്തെ ഉപയോഗിക്കാനുള്ള വിദ്യയുമല്ല. അമിതമായ പ്രകടനപരത പ്രാര്‍ത്ഥനകള്‍ക്ക് ആവശ്യവുമില്ല.

എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം തന്നെ വ്യക്തമായി നമ്മോട് പറയുന്നുണ്ട്. പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത് എന്നാണ് ക്രിസ്തുവിന്റെ ഓര്‍മ്മപ്പെടുത്തല്‍. അതുപോലെ ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കാന്‍ വിശുദ്ധ പൗലോസ് അപ്പസ്‌തോലനും ഓര്‍മ്മിപ്പിക്കുന്നു.

ഇവിടെ നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. നാം ഏതുനേരവും ദൈവത്തിലേക്ക് മുഖം ഉയര്‍ത്തിപിടിച്ചിരിക്കുന്നവരായിരിക്കണം. അവിടുത്തെ സാന്നിധ്യത്തിനായി ആഗ്രഹിക്കുന്നവരായിരിക്കണം. അവിടുന്ന് പറയുന്നത് കേള്‍ക്കാന്‍ സന്നദ്ധതയുള്ളവരായിരിക്കണം നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം സന്തോഷിക്കുന്നുണ്ട് എന്നത് സത്യമാണ്.

പക്ഷേ നാം എന്താണ് പ്രാര്‍ത്ഥനയിലൂടെ ആവശ്യപ്പെടുന്നത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ആദ്യം അവിടുത്തെ രാജ്യം അന്വേഷിക്കണമെന്നാണ് ക്രിസ്തുപറയുന്നത്. അതിനോടുകൂടി എല്ലാം കൂട്ടിച്ചേര്‍ത്തുകിട്ടുമെത്ര. (വിശുദ്ധമത്തായി 6:33)

നമ്മുടെ ആഗ്രഹത്തിന് എതിരായി ഒന്നും പ്രവര്‍ത്തിക്കാന്‍ ദൈവം എന്ന അപ്പന്‍ ഒരിക്കലും ആഗ്രഹിക്കാറില്ല. പക്ഷേ അവ നമുക്ക് പ്രയോജനപ്പെടുമോ നമ്മുടെ ഭാവിക്കും ജീവിതത്തിനും ആത്മാവിനും നല്ലതാണോ എന്നകാര്യം ദൈവത്തിന് മാത്രമേ അറിയൂ. അതുകൊണ്ടാണ് നാം ചോദിക്കുന്നതുചിലതൊക്കെ കിട്ടാതെ പോകുന്നത്. പ

ഒരു കാര്യം ഉറപ്പാണ്. പ്രാര്‍ത്ഥനയിലുള്ള നമ്മുടെ നിഷ്‌ക്കളങ്കത, ആത്മാര്‍ത്ഥത, പ്രതിബദ്ധത, പങ്കാളിത്തം ഇതൊക്കെ ദൈവത്തിന് ഏറെ ഇഷ്ടമുള്ള കാര്യങ്ങളാണ്. അതുകൊണ്ട് പ്രാര്‍ത്ഥനയില്‍ ഇവയൊക്കെ ഉണ്ടായിരിക്കട്ടെ.

ഈശോയേ ഞാനിക്കാര്യം പ്രാര്‍ത്ഥിക്കുന്നു, യാചിക്കുന്നു. എനിക്കിത് വേണം.എങ്കിലും നിന്റെ ഇഷ്ടം പോലെ നിറവേറട്ടെയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇങ്ങനെയൊരു വരികൂടി പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയാല്‍ ഏറെ നല്ലത്.

നമ്മുടെ ഉള്ളം കാണുന്ന ദൈവം പ്രതിഫലം തരാതിരിക്കില്ല. നമ്മുടെ ആവശ്യങ്ങളുടെ മേല്‍ ഇടപെടാതിക്കുകയുമില്ല. അങ്ങനെ പ്രാര്‍ത്ഥന ഫലദായകമായിത്തീരുകയും ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.