ക്രൈസ്തവ മൂല്യങ്ങള്‍ പ്രസംഗിക്കുന്നതല്ല ക്രിസ്തു രക്ഷകനാണെന്ന് പ്രസംഗിക്കുന്നതാണ് സുവിശേഷവേല: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍

ദൈവവചനം പ്രഘോഷിക്കണം എന്നതിനെക്കുറിച്ച് എനിക്ക് ശക്തമായ ബോധ്യം കിട്ടിയത് കോളജില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ്. വൈദികനായ സമയത്തിന്റെ തുടക്കകാലത്ത് ദൈവവചനം പ്രസംഗിക്കാന്‍ കിട്ടിയിരുന്ന അവസരങ്ങള്‍ ഞാന്‍ പ്രയോജനപ്പെടുത്തിയിരുന്നു. പൗരോഹിത്യശുശ്രൂഷയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സുവിശേഷപ്രഘോഷണം എന്ന് എനിക്ക് മനസ്സിലാക്കിത്തന്നത് കോളജില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന സമയമാണ്.

എനിക്ക് കുട്ടികളോട് ആഴമായ വ്യക്തിബന്ധം ഉണ്ടായിരുന്നു. കുട്ടികള്‍ക്കെല്ലാം എന്നോട് വലിയ ആത്മബന്ധം ഉണ്ടായിരുന്നു. ഇന്നും ആ ബന്ധമുണ്ട്. ക്ലാസുകള്‍ വളരെ ആസ്വദിച്ചാണ് ഞാനെടുത്തിരുന്നത്.

പക്ഷേ ഓരോ ദിവസവും ഇങ്ങനെ ക്ലാസുമുറിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴും മൂന്നുവര്‍ഷം ഞാന്‍ സ്ഥിരമായി പഠിപ്പിച്ചുകൊണ്ടിരുന്ന കുട്ടികളില്‍ കാതലായ ഒരു മാറ്റം വരുത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ലെന്നും ഞാന്‍ വഴി വലിയ പ്രയോജനം അവരുടെ ജീവിതത്തില്‍ ഉണ്ടാക്കാനായിട്ടി്‌ല്ലെന്നും പതുക്കെപതുക്കെ ഞാന്‍ മനസ്സിലാക്കിത്തുടങ്ങി.

കോളജില്‍ പഠിപ്പിച്ച അതേ സമയത്ത് തന്നെ വൈകുന്നേരങ്ങളില്‍ ഞാന്‍ സുവിശേഷവേലയ്ക്ക് പോയിരുന്നു. പകല്‍നേരത്ത് ക്ലാസുമുറികളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ കുട്ടികള്‍ക്കിടയില്‍ ഉണ്ടാകാതിരുന്ന മാറ്റം വൈകുന്നേരങ്ങളിലെ ബൈബിള്‍ പ്രഘോഷണ വേളയില്‍ ആളുകള്‍ക്കുണ്ടായത് എന്നെ അത്ഭുതപ്പെടുത്തി. വളരെ ആലങ്കാരികവും വൈകാരികവുമായ സാഹിത്യഭാഷയില്‍ പകല്‍നേരങ്ങളില്‍ സംസാരിക്കുമ്പോള്‍ ഉണ്ടാകുന്നതിലേറെ കാതലായ മാറ്റം,സാധാരണമായ, ലളിതമായ ഭാഷയില്‍ ബൈബിള്‍ പ്രസംഗിച്ചപ്പോള്‍ അത് കേട്ട ആളുകള്‍ക്കിടയിലുണ്ടായിരിക്കുന്നു.

ഈ മാറ്റം ശ്രദ്ധിച്ച ഞാന്‍ എന്നോട്തന്നെ ചോദിച്ചു, ഈ ഞാന്‍തന്നെയല്ലേ പകല്‍ നേരവും ക്ലാസെടുക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അവര്‍ക്കിടയില്‍ മാറ്റമുണ്ടാകാത്തത്? ഇതാണ് മുഴുവന്‍ സമയവും സുവിശേഷവേലയ്ക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ച ഒരു സംഭവം.

ദൈവവചനം ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ മാറ്റം മനസ്സിലാക്കാന്‍ കഴിഞ്ഞപ്പോള്‍ അതിന് വേണ്ടി ഇറങ്ങിത്തിരിക്കണമെന്ന് തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്ന് ഞാന്‍ അതിന് വേണ്ട നടപടികള്‍ എടുക്കാനാരംഭിച്ചു.

ഇക്കഴി്ഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ എനിക്ക് രണ്ടാമതൊരു ചിന്ത സുവിശേഷവേലയെക്കുറിച്ചുണ്ടായി. അത് റോമാ ലേഖനം സവിശേഷമായ രീതിയില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ്. റോമ 1: 16 ാം തിരുവചനത്തില്‍ ഇങ്ങനെയൊരു വാക്യമുണ്ട്. സുവിശേഷത്തെപ്രതി ഞാന്‍ ലജ്ജിക്കുന്നില്ല.

ഒരുപാട് തവണ വായിച്ചിട്ടുള്ളതാണെങ്കിലും അന്ന് ഗൗരവമായി വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അത് വായിച്ചപ്പോള്‍ വാവിട്ടുകരഞ്ഞുപോയി. വല്ലാത്തൊരു ആത്മീയാനുഭവം എനിക്ക് ആ നേരത്ത് ഉണ്ടായി. സുവിശേഷത്തെ പ്രതി ഞാന്‍ ലജ്ജിക്കുന്നില്ല, ഞാന്‍ ആ വാക്യം വീണ്ടും വീണ്ടും ധ്യാനവിഷയമാക്കി.35 വര്‍ഷം സുവിശേഷവേല ചെയ്ത ഒരാള്‍ പറയുന്നതാണ് സുവിശേഷത്തെപ്രതി ഞാന്‍ ലജ്ജിക്കുന്നില്ല എന്ന്.

സുവിശേഷം പറയുന്ന ഒരാളാണെങ്കിലും എനിക്ക് സുവിശേഷത്തെപ്രതി ലജ്ജയുണ്ട് എന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. ഒന്നാമതായി ഞാന്‍ ചിന്തിച്ചു, ഞാന്‍ ആരോടാണ് സുവിശേഷം പ്രസംഗിച്ചിട്ടുള്ളത്? എന്നെ വലിയ ബഹുമാനത്തോടെ, വളരെ സ്‌നേഹത്തോടെ, ആദരവോടെ, വിളിച്ചിട്ടുളള സമൂഹത്തോട്. സുവിശേഷം നേരത്തെ കേട്ടിട്ടുള്ളവരോട്. സുവിശേഷത്തെ പരിചയമുള്ളവരോട്.. സുവിശേഷം പറഞ്ഞതിന്റെ പേരില്‍ എനിക്ക് പ്രതിഫലവും ആദരവും കിട്ടിയിട്ടുണ്ട്. വളരെ കംഫര്‍ട്ട് സോണില്‍ നിന്നുകൊണ്ടുമാത്രമേ ഞാന്‍ ഇതുവരെയും സുവിശേഷം പറഞ്ഞിട്ടുള്ളൂ. സുരക്ഷിതമായ ഇടങ്ങളില്‍ മാത്രം

സുവിശേഷം പറഞ്ഞതിന്റെ പേരില്‍ കരണത്ത് അടി കിട്ടാന്‍ ഇടയുളള ഒരിടത്തും ഞാന്‍ സുവിശേഷം പറഞ്ഞിട്ടി്‌ല്ലെന്ന് എനി്ക്ക് മനസ്സിലായി. സുവിശേഷം പറഞ്ഞതിന്റെ പേരില്‍ പീഡനങ്ങളെക്കാള്‍ ഏറെ പാരിതോഷികങ്ങളാണ് എനിക്ക് ലഭിച്ചതെന്നും എനിക്ക് മനസ്സിലായി. സുവിശേഷം പറഞ്ഞതിന്‌റെ പേരില്‍ ബഹുമാനവും സ്‌നേഹവും ആദരവുമാണ് എനിക്ക് കിട്ടിയിരിക്കുന്നത്.

അതെനിക്ക് മനസ്സിലായി. അതെന്നെ കരയിപ്പിച്ചു. ഞാന്‍ നോക്കുമ്പോള്‍ കണ്ടത് ഞാന്‍ താമസിക്കുന്നിടത്ത് പണിക്കെത്തിയ ചില ബംഗാളികളെയാണ്. അവരോട് ഇന്നുവരെ സുവിശേഷം പറഞ്ഞിട്ടില്ലല്ലോയെന്ന ചിന്ത എനിക്ക് അപ്പോഴാണ് ഉണ്ടായത്. ഇക്കാര്യം ഞാന്‍ എനിക്ക് അടുപ്പമുള്ള ഒരാളുമായി പങ്കുവച്ചതിന് ശേഷം ഞാന്‍ ഫിയാത്ത് മിഷനുമായി ബന്ധപ്പെട്ട് 100 ബംഗാളി ബൈബിളുകള്‍ വാങ്ങി. അവര്‍ക്ക് ബൈബിള്‍ കൊടുത്തു.് പറഞ്ഞാല്‍ മനസ്സിലാവുന്ന വിധത്തില്‍ അവരോട് സുവിശേഷം പറയാനുള്ള ക്രമീകരണങ്ങള്‍ നല്കി.

ഞാന്‍ താമസിക്കുന്നതിന്റെ സമീപപ്രദേശങ്ങളില്‍ കുറെ ഹൈന്ദവകുടുംബങ്ങളുണ്ട്. ഞാന്‍ അവരോട് സുവിശേഷം പറയാനാരംഭിച്ചു. ഓരോവീട്ടിലും ബൈബിള്‍ കൊടുത്തു. പിന്നീട് എന്റെ മനസ്സിലേക്ക് വന്നത് സുവിശേഷം ഒരിക്കല്‍ പോലും കേള്‍ക്കാന്‍ ഇടയില്ലാത്ത നോര്‍ത്തിന്ത്യയിലെ ജനങ്ങളെക്കുറിച്ചാണ്. അവരോട് ആരു സുവിശേഷം പറയും?

സുവിശേഷത്തെക്കുറിച്ച് എനിക്ക് ലജ്ജയുണ്ടെന്ന് എനിക്ക് ബോധ്യപ്പെടുത്തിത്തന്നത് ആ തിരുവചനമാണ്. സുവിശേഷപ്രഘോഷണത്തിന്റെ രണ്ടാം ഘട്ടമായി എന്നെ നയിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ അതാണ്. സുവിശേഷം ഒരിക്കലും കേള്‍ക്കാന്‍ പ്രിവില്ലേജ് ഇല്ലാത്ത ആളുകളോട് സുവിശേഷം പറയാനുള്ള ഒരുപ്രേരണ എനിക്ക് ലഭിച്ചു. അതാണ് ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ദൈവവചനം എല്ലാ ഇടങ്ങളിലും പങ്കുവയ്ക്കണം. ദൈവവചനം ഒരിക്കലും കേള്‍ക്കാനിടയില്ലാത്തവരോട് ദൈവവചനം പറയണം. സുവിശേഷവേല എന്തെങ്കിലും ചെയ്യുന്നതല്ല യേശുവിനെക്കുറിച്ച് മാത്രം പറയുന്നതാണ്. ക്രൈസ്തവമൂല്യങ്ങള്‍ പ്രസംഗിക്കുന്നതല്ല ക്രിസ്തു രക്ഷകനാണെന്ന് പ്രസംഗിക്കുന്നതാണ് സുവിശേഷവേല. അപ്പസ്‌തോലന്മാര്‍ യേശുവിലൂടെ വന്ന രക്ഷയെക്കുറിച്ച് മാത്രമേ പ്രസംഗിച്ചിട്ടുള്ളൂ. ആ അപ്പസ്‌തോലന്മാര്‍ പ്രസംഗിച്ചതല്ലാതെ നമുക്ക് പ്രഘോഷിക്കാന്‍ മറ്റൊരു വിഷയവുമില്ല.

സുവിശേഷം പങ്കുവയ്ക്കുക എന്നത് യേശുവെന്ന വ്യക്തിയെ,യേശുവെന്ന ദൈവപുത്രനെ, പുത്രനിലൂടെ വന്ന രക്ഷയെ പങ്കുവയ്ക്കുക എന്നതാണ്.

( ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിച്ച സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ പ്രസംഗിച്ചത്)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.