വിശ്വാസം മാത്രം പോരാ ദീര്‍ഘക്ഷമയും വേണം: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ദൈവം ഒരു കാര്യം ചെയ്യുമെന്ന് പറഞ്ഞാല്‍ അത് ചെയ്തിരിക്കും. അതുകൊണ്ട് പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങള്‍ സാധിച്ചുകിട്ടാന്‍ വിശ്വാസം മാത്രം പോരാ ദീര്‍ഘക്ഷമയും വേണം. സുഖപ്പെടുത്തുമെന്ന് കര്‍ത്താവ് പറഞ്ഞാല്‍ കര്‍ത്താവ് സുഖപ്പെടുത്തിയിരിക്കും. എന്നാല്‍ ദീര്‍ഘക്ഷമയോടെ കാത്തിരിക്കണമെന്ന് മാത്രം.

മക്കളെ അഭിഷേകം ചെയ്യും എന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ടോ അത് നിറവേറിയിരിക്കും. പക്ഷേ ചിലപ്പോള്‍ അവര്‍ ഏതെങ്കിലും ഘട്ടത്തില്‍ വഴിതെറ്റിപോയിട്ടുണ്ടാവാം. എങ്കിലും പെട്ടെന്നൊരു മാറ്റം ദൈവം അവരുടെ ജീവിതത്തില്‍ വരുത്തുകയും അങ്ങനെ ദൈവത്തിന്റെ വചനത്തിന്റെ പൂര്‍ത്തീകരണം എന്നതുപോലെ അവര്‍ മാനസാന്തരപ്പെടുകയും ചെയ്യും.

നിരവധിയായ സംഭവങ്ങള്‍ അതിലേക്ക് ഉദാഹരണം പോലെ പറയാനുണ്ട്. ബാറൂക്കിന്റെ പുസ്തകത്തില്‍ പറയുന്നതുപോലെ ദൈവത്തില്‍ നിന്ന് അകലാന്‍ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവരികയാണ് ഇവിടെയെല്ലാം സംഭവിക്കുന്നത്. ഏതു സമയത്താണ് നടന്നുപോകുന്ന ഒരു മനുഷ്യന്റെ ശിരസിലേക്ക് അനുതാപത്തിന്റെ തീ വന്നിറങ്ങുന്നതെന്ന് പറയാനാവില്ല. അതുകൊണ്ട് കാത്തിരിക്കണം. പ്രതീക്ഷയില്ലാത്ത സാഹചര്യത്തിലും കാത്തിരിക്കണം. പ്രസവിക്കാനുള്ള സാധ്യതയില്ലെന്ന് അറിയാമായിരുന്നിട്ടും പ്രതീക്ഷയോടെ കാത്തിരുന്ന സാറായെപോലെ..

. വിശ്വാസത്തോടെ കാത്തിരിക്കുമ്പോള്‍ നമ്മുടെ കുടുംബത്തില്‍ ദൈവം പ്രവര്‍ത്തിക്കും. വിശുദ്ധ ആഗസ്തിനോസിന്റെ ജീവിതം നോക്കൂ. പതിനാറാം വയസില്‍ വഴിതെറ്റിപ്പോയി. 36 ാം വയസിലാണ് മാനസാന്തരം ഉണ്ടാകുന്നത്. ഇത്രയും വര്‍ഷം മോണിക്ക എന്ന അമ്മ മകന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. കണ്ണീരിന്റെ മക്കള്‍ നശിക്കുകയില്ല എന്നാണ് വിശുദ്ധ അംബ്രോസ് അന്ന് മോണിക്കയെ ആശ്വസിപ്പിച്ചിരുന്നത്. ആരെങ്കിലും കരഞ്ഞിട്ടുണ്ടെങ്കില്‍ ആ കണ്ണീരിന്റെ മക്കള്‍ നശിച്ചുപോകുകയില്ല. റോമ 13: 11 മുതല്ക്കുള്ള തിരുവചനങ്ങളാണ് ആഗസ്തീനോസിന്റെ ജീവിതത്തെ മാനസാന്തരവഴിയിലേക്ക് തിരിച്ചുവിട്ടത്.
നല്ലൊരു വായനക്കാരനായിരുന്നു ആഗസ്തീനോസ്. വീട്ടിലുള്ള എല്ലാ പുസ്തകങ്ങളും വായിച്ച് ഇനിയൊരുപുസ്തകവും പുതുതായി വായിക്കാനില്ലെന്ന മട്ടില്‍ കഴിയുമ്പോഴായിരുന്നു എടുത്തുവായിക്കുക എന്ന ശബ്ദം ആവര്‍ത്തിച്ചുകേട്ടതും വീട്ടില്‍ അതുവരെ വായിക്കാതെ കിടന്നിരുന്ന ബൈബിളെടുത്തു വായിക്കാന്‍ തുടങ്ങിയതും. ആ വചനം ആഗസ്തീനോസിന്റെ ജീവിതത്തെ മാറ്റിമറിച്ചു.

പിന്നീട് തന്റെ ആത്മകഥയില്‍ ആഗസ്തീനോസ് ദൈവത്തോട് ചോദിക്കുന്ന ചോദ്യമുണ്ട് . 19 വര്‍ഷമാണ് എന്റെ അമ്മ എന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചത്. അമ്മ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച ആ നിമിഷം തന്നെ സ്വര്‍ഗ്ഗത്തില്‍ ആ പ്രാര്‍ത്ഥന കേട്ടതല്ലേ. എന്നിട്ടും എന്തിനാണ് ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കാന്‍ ഇത്രയും വര്‍ഷം കാത്തിരിക്കേണ്ടിവന്നത്? ആഗസ്തീനോസ് അതിന് ഉത്തരം നല്കുന്നത് ഇപ്രകാരമാണ്.

എന്റെ മാനസാന്തരത്തിന് വേണ്ടി അമ്മ പ്രാര്‍ത്ഥിച്ച നിമിഷം തന്നെ എന്റെ മാനസാന്തരം സ്വര്‍ഗ്ഗം കുറിച്ചുവച്ചതാണ്. എന്നാല്‍ ഉടനടി ദൈവം അതിന് ഉത്തരം കൊടുത്തിരുന്നുവെങ്കില്‍ ഒരു ആഗസ്തീനോസ് മാത്രമേ കത്തോലിക്കാസഭയില്‍ ഉണ്ടാകുമായിരുന്നുള്ളൂ.

പക്ഷേ എന്റെ മാനസാന്തരം പത്തൊമ്പതു വര്‍ഷം നീണ്ടതുകൊണ്ട് ഒരു മോണിക്ക കൂടി കത്തോലിക്കാസഭയിലുണ്ടായി. ഏതെങ്കിലും കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ട് ഉടനടി ഫലം കിട്ടാത്തതിന്റെ പേരില്‍ നിരാശയില്‍ കഴിയുന്നവരെല്ലാവരും ഇക്കാര്യം ഓര്‍ത്തിരിക്കണം. ദീര്‍ഘക്ഷമയോടെ പ്രാര്‍ത്ഥിക്കുക. പല കാര്യങ്ങളും വൈകുന്നതോര്‍ത്ത് ഭാരപ്പെടാതിരിക്കുക. കുറച്ചുകൂടി ദൈവം നമ്മെ മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് അത്. ദൈവം പറഞ്ഞകാര്യങ്ങള്‍ വാക്കുമാറ്റില്ല. ബൈബിളില്‍ പറയുന്ന അഭിഷേകമുള്ള പ്രവാചകന്മാരുടെ കാര്യം എടുത്തുനോക്കൂ അവരെല്ലാം വൈകിയുണ്ടായ സന്താനങ്ങളാണ് ഒരുപാട് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ലഭിച്ച സന്താനങ്ങള്‍. സാമുവല്‍..ഇസഹാക്ക്..സ്‌നാപകയോഹന്നാന്‍.. നിര്‍വഹിക്കാനുണ്ടായ ശുശ്രൂഷ വലുതായിരുന്നതുകൊണ്ട് അത്രയും വര്‍ഷം നീണ്ട പ്രാര്‍ത്ഥന അവരുടെ മാതാപിതാക്കള്‍ക്ക് ആവശ്യമായിരുന്നു.

കുഞ്ഞുങ്ങളുണ്ടാകാന്‍ വേണ്ടി അനേകവര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന ദമ്പതികളുണ്ട്. നിരാശപ്പെടരുത്. ഒരു വിശുദ്ധനോ വിശുദ്ധയക്കോ വേണ്ടി പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥന നിറഞ്ഞ്,പ്രാര്‍ത്ഥന നിറഞ്ഞ് കുഞ്ഞുങ്ങള്‍ ജനിക്കട്ടെ. വിവാഹം കഴിഞ്ഞ് ആദ്യവര്‍ഷങ്ങളില്‍ ജനിക്കുന്ന കുഞ്ഞിനെക്കാള്‍ കൃപ നിറഞ്ഞകുട്ടിയായിരിക്കും അത്.

അതുകൊണ്ട് പ്രാര്‍ത്ഥിച്ചിട്ട് കിട്ടാതെ വരുമ്പോള്‍ നിരാശപ്പെടാതെ കാലതാമസം വരുമ്പോള്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ ക്ഷമയോടെ പ്രാര്‍ത്ഥന തുടരുക.. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിങ്ങളുടെ കാര്യത്തില്‍ ഉള്ളതിനെക്കാളേറെ ഉത്തരവാദിത്തം നിങ്ങളുടെ കാര്യത്തില്‍ നിങ്ങളുടെ ദൈവത്തിനുണ്ട്. ഇക്കാര്യം നിങ്ങള്‍ വിശ്വസിക്കണം. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്.അതുകൊണ്ട് ദീര്‍ഘക്ഷമയോടെ കാത്തിരിക്കുക



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.