വ്യക്തിപരമായി എനിക്ക് മറുനാടന്‍ ദോഷമേ ചെയ്തിട്ടുള്ളൂ, എങ്കിലും മറുനാടന്‍ നിലനില്ക്കണം: മറുനാടന്‍ ഷാജൻ സ്കറിയക്ക് പിന്തുണയുമായി കൃപാസനം ജോസഫച്ചന്‍

മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനും സാരഥി ഷാജന്‍ സ്‌കറിയക്കും എതിരെ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയശ്രമങ്ങള്‍ക്കെതിരെ വ്യക്തമായ നിലപാടു അറിയിച്ചുകൊണ്ട് കൃപാസനം ജോസഫച്ചന്‍. വ്യക്തിപരമായി തനിക്ക് മറുനാടന്‍ ദോഷമേ ചെയ്തിട്ടുള്ളൂവെങ്കിലും മറുനാടന്‍ നിലനില്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ഫാ. ജോസഫ് വലിയവീട്ടില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

നമ്മുടെ രാജ്യത്ത് മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും  ഭരണഘടന സംരക്ഷിക്കപ്പെടുന്നതിനും  ഒരേ അർത്ഥമാണ് ഉള്ളതെങ്കിൽ അതിനെ പ്രയോഗത്തിൽ വരുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണെങ്കിൽ ആ വലിപ്പമുള്ള മാധ്യമപ്രവർത്തനമാണ് മറുനാടനിൽ നിന്ന് ഞാൻ മനസ്സിലായിരിക്കുന്നത്. വ്യക്തിപരമായി പറഞ്ഞാൽ   മറുനാടൻ എനിക്ക് ദോഷം മാത്രമേ ചെയ്തിട്ടുള്ളൂ.

കൃപാസനം പോലെ ജനസഹസ്രങ്ങൾ അനുദിനം ആശ്രയിക്കുന്ന ഒരാശ്വാസ അഭയകേന്ദ്രത്തെ കരിതേക്കുന്നതിലും ആക്ഷേപിക്കുന്നതിലും മുൻപന്തിയിൽ നിന്നത് മറുനാടൻ തന്നെയാണ്. എങ്കിലും അന്നും ഇന്നും ഞാൻ മറുനാടനെതിരെ സംസാരിച്ചിട്ടില്ല ,എന്റെ മീഡിയയിലോ മറ്റു മീഡിയയിലോ. ഞാൻ വിശദീകരണക്കുറിപ്പ് ഇറക്കേണ്ടിവന്ന സാഹചര്യം ഉണ്ടായപ്പോൾപോലും  ഞാൻ മറുനാടനെ മനസ്സിലാക്കാനാണ് ശ്രമിച്ചത് .അദ്ദേഹത്തിൻറെ ചില  നിരീക്ഷണങ്ങൾ അത് സത്യത്തോട് എവിടെയെങ്കിലും യോജിക്കുന്നുണ്ടെങ്കിൽ അത് തിരുത്താൻ ഞാൻ തയ്യാർ ആണെന്ന് സുതാര്യവും സ്വതന്ത്രവുമായ ഒരു സമീപനമാണ് എടുത്തത്.

അപ്പോൾ മാധ്യമങ്ങളോട്  സുതാര്യവും സ്വതന്ത്രവുമായ ഒരു സമീപനം എടുക്കുന്നത് സാംസ്ക്കാരിക സമൂഹത്തിൻറെയും അതുപോലെതന്നെ മൂല്യവത്തായ  സമൂഹ നിരീക്ഷണത്തിന്റെയും ഒരു ഭാഗമാണ്.  മൂല്യവത്തായ സമൂഹ നിരീക്ഷണത്തിൽ മറുനാടൻ പലപ്പോഴും മുൻപന്തിയിൽ തന്നെയാണ്. അതുകൊണ്ടാണ് മറുനാടനോട് യോജിക്കാതിരിക്കുന്ന പല വിഷയങ്ങൾ ഉണ്ടെങ്കിലും  യോജിക്കുന്ന  അതിനേക്കാൾ ഒത്തിരി വിഷയങ്ങൾ ഉള്ളത്.

അവർ ഉയർത്തുന്ന വിഷയങ്ങൾ പലതും മറ്റു പല മാധ്യമങ്ങളും ഉയർത്താൻ  മടിക്കുന്നതോ ഉയർത്തിക്കൊണ്ടുവരുന്നതിനു പകരം അങ്ങനെയുള്ള  തമോശക്തികളോട് ഒത്തുതീർപ്പിന് വിധേയമാകുന്നതോ ആകേണ്ടി വരുന്ന  സാഹചര്യങ്ങളിൽ എല്ലാം സത്യത്തിന്റെ ഒരു മുഖം കാണിക്കുന്നത് പലപ്പോഴും മറുനാടൻ ആണ്.

ഞാൻ പലപ്പോഴും തന്നെ ശ്രദ്ധിക്കുന്ന അദ്ദേഹത്തിൻറെ പല വീഡിയോകളും  ശ്രദ്ധിക്കുകയും കേൾക്കുകയും ചെയ്യുന്ന പല വീഡിയോകളും_ എല്ലാ മാധ്യമങ്ങളെയും ശ്രദ്ധിക്കുന്നത് പോലെ തന്നെ_ പക്ഷേ അപ്പോഴൊക്കെ എനിക്ക് മനസ്സിലായിരിക്കുന്നത്   ചില വിഷയങ്ങൾ പറയേണ്ടതാണ് പക്ഷെ  പറയാൻ ആളില്ല.

പൂച്ചക്ക് ആര് മണികെട്ടും എന്ന അവസ്ഥയാണ്. പൂച്ചയ്ക്ക് മണി കെട്ടുന്ന വിധം പറ്റിയ പല വാർത്തകളും ഇറക്കുന്നത് മറുനാടനാണ്.  അത് നിഷേധിക്കുവാൻ നമ്മളുടെ കേരള പൊതുസമൂഹത്തിന് കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ മറുനാടന്റെ മാധ്യമപ്രവർത്തനത്തിൽ പിശക് ഉണ്ടോ എന്ന് ചോദിച്ചാൽ  ചില സമയത്ത്   പക്ഷപാതം ഉള്ളതായിട്ട് എനിക്ക് എനിക്ക് തോന്നിയിട്ടുണ്ട് . പ്രത്യേകിച്ച് കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധമായ പല നടപടികളെയും കണ്ണടച്ച് വെള്ളപൂശുന്ന പല വിഫല ശ്രമങ്ങളും  മറുനാടന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.കേന്ദ്രസർക്കാരിന് ഒത്തിരിയേറെ വളരെയേറെ നല്ല മുന്നേറ്റങ്ങൾ പല മേഖലകളിലും  വിദേശ നയങ്ങളിലും ഒക്കെയുണ്ട്. അത്   എല്ലാവരും അംഗീകരിക്കുന്നതാണ്. പക്ഷേ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ജനവിരുദ്ധമായിട്ടുള്ള  നടപടികളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ ജനവിരുദ്ധ നടപടികളെ മറുനാടൻ പലപ്പോഴും വെള്ളപൂശി കളയാറുണ്ട്.

അവിടെ പക്ഷപാതപരമായിട്ടുള്ള സമീപനങ്ങൾ എടുക്കുന്നതുകൊണ്ടാണ് മറുനാടനെ പലപ്പോഴും സംഘി ചാനൽ എന്ന് വിളിക്കുന്നത്. അതേസമയം തന്നെ നമ്മുടെ മുഖ്യമന്ത്രി  കേരളത്തിന് ഒരു പ്രളയവും രണ്ട് കോവിഡ് വർഷങ്ങളും പിന്നിടാൻ _കേരള ജനതയോടൊപ്പം നിന്ന് പിന്നിടാൻ നിർഭയത്വത്തോടുകൂടി അതിജീവിക്കുവാൻ_  കേരള സമൂഹത്തിന് ഇച്ഛാശക്തി കൊടുത്ത അദ്ദേഹത്തിന്റെ നൻമകളെ പലപ്പോഴും മറന്നുകളയുന്നത് പത്രപ്രവർത്തനമായി എ നിക്ക് തോന്നിയിട്ടില്ല.

അതുപോലെതന്നെ മോദിയുടെ വലിയ നൻമകൾ പ്രകീർത്തിക്കുമ്പോൾ 50 കൊല്ലം കേന്ദ്രം ഭരിച്ച ജനാധിപത്യം എന്താണെന്ന് ഇന്ത്യയെ മനസ്സിലാക്കിക്കൊടുത്ത കോൺഗ്രസ് പാർട്ടിയുടെ തിന്മകളെ ഊതി കത്തിക്കുന്നതും പത്രപ്രവർത്തനമല്ല.   മറുനാടന് പത്രപ്രവർത്തനത്തിന്  ഒരു പുതിയ കാലം ദൈവം നൽകുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.  സത്യസന്ധമായി ഒരു മാധ്യമധർമ്മം- ഒരു  രാഷ്ട്രീയത്തിന്റെയും വാലില്ലാതെ സത്യസന്ധമായി , സത്യത്തോടൊപ്പം സഞ്ചരിക്കാനുള്ള_ കുറച്ചുകൂടി സത്യത്തോടൊപ്പം  സത്യത്തോട് അടുത്ത് സഞ്ചരിക്കാനുള്ള കാലം ആശംസിക്കുന്നു.  നിർഭാഗ്യവശാൽ നമ്മുടെ മാധ്യമങ്ങളെല്ലാം സത്യത്തിൽ നിന്ന് എത്രയോ അകലെയാണ് .പുരാതനമായ മാധ്യമങ്ങളിൽ സത്യത്തോട് അടുത്ത് നിന്നവർ പോലും  അകന്നു പോയിട്ട് വളരെ അകന്നു നിൽക്കുന്നത് നാം കാണുന്നുണ്ട്. ഈ മാധ്യമ പ്രതിസന്ധി, സാംസ്കാരിക കേരളത്തിൻറെ  പ്രതിസന്ധി തന്നെയാണ്. അതിനെ പരിഹരിക്കുന്നതിൽ ഒരു പരിധിവരെ  നമുക്ക് ഈടുവയ്ക്കാവുന്ന ഒരു മാധ്യമമാണ്  മറുനാടൻ. പ്രത്യേകിച്ച് മറുനാടൻ എന്ന് പറയുമ്പോൾ ഒരു ഓൺലൈൻ മാധ്യമം എന്നതിനേക്കാൾ ഉപരി #ഷാജൻസ്കറിയ എന്ന വ്യക്തിയുടെ നിലപാടുകളാണ് എന്നെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ളത്.

മറുനാടൻ എന്നുപറയുന്നത് ഒരു ഗ്രൂപ്പ് മാധ്യമപ്രവർത്തകരാണെന്നുണ്ടെങ്കിലും അതിനെ നയിച്ചു കൊണ്ടു പോകുന്ന നട്ടെല്ലായി നിൽക്കുന്നത് ഷാജൻ സ്കറിയ എന്ന വ്യക്തിയാണ്, ആ വ്യക്തിയുടെ നിലപാടുകൾ നയങ്ങൾ,സമീപനങ്ങളാണ്. അത്  ഒരുപക്ഷേ വർത്തമാനകാലത്തിൽ ഏറ്റവും അനിവാര്യമായ നിലപാടുള്ള  ശക്തമായ നട്ടെല്ലുള്ള ഒരു മനുഷ്യനായിട്ടാണ്  എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. അതായത് നിർഭയത്വത്തോടെ,  നേരോടെ നിർഭയം എന്നൊക്കെ പറയുമ്പോൾ ആ വാക്കുകളോട് കുറച്ചു കൂടി സത്യസന്ധത പുലർത്തുന്ന ഒരു നിലപാടാണ് ഷാജൻ സ്കറിയ എടുത്തിട്ടുള്ളത്.

അതുപോലെതന്നെ   മറ്റു പല മാധ്യമങ്ങളും. മാധ്യമങ്ങൾ ഇപ്പോൾ ജാതിയുടെയും മതത്തിന്റെയും പേരിൽ തിരിച്ചു വച്ചിരിക്കുകയാണെന്നുണ്ടെങ്കിൽ പോലും അവർ അവരുടെ കാര്യങ്ങൾ മാത്രമാണ് പറയുന്നുണ്ടെങ്കിൽ പോലും  അതുകൊണ്ടുതന്നെ മഞ്ഞയായ മാധ്യമമായി അവരുടെ മാധ്യമ ധർമ്മത്തെ നാട്ടുകാർ കാണുന്നുണ്ടെങ്കിലും മനപ്പൂർവ്വം മറ്റു മാധ്യമങ്ങൾ കാണാതിരിക്കുന്നവർ പോലും  മറുനാടനെ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ അതിന് കാരണം കുറെയൊക്കെ നിഷ്പക്ഷത മറുനാടനിൽ തോന്നിയതു കൊണ്ടാണ് എന്നാണ് എൻറെ ഒരു ധാരണ.നിക്ഷ്പക്ഷമായി മൗലീക അവകാശത്തെയും ഭരണഘടനയെയും ജനാധിപത്യത്തെയും സ്നേഹിക്കുന്ന ഒരു മാധ്യമവും ഇവിടെ മറഞ്ഞു പോകരുത് അത് നിരോധിക്കാൻ പാടില്ല എന്നത് കേരള സമൂഹത്തിൻറെ ആവശ്യമായിട്ട് സാംസ്കാരിക സമൂഹം കരുതും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
 

മണിപ്പൂരിൽ വംശീയ കുടിയൊഴിപ്പിക്കലിന്റെ മറവിൽ ഒരു വിശ്വാസ സമൂഹത്തെ ഇവാക്വേറ്റ് ചെയ്യുന്ന ഒരു പ്രവണത വൈകിയ വേളയിൽ എങ്കിലും സഭയ്ക്ക് മനസ്സിലായിട്ടുണ്ട്. പക്ഷേ മറുനാടന് ഇപ്പോഴും മനസ്സിലായിട്ടില്ല.അപ്പോൾ ഇതിനകത്ത് ഒരു പക്ഷപാതത്വം വരുന്നുണ്ട് ഇതൊക്കെഅംഗീകരിച്ചു തന്നെയാണ് മറുനാടനെ സപ്പോർട്ട് ചെയ്യുന്നത്.
മറുനാടൻ നലം തികഞ്ഞ നല്ല ഒരു മാധ്യമമായി ഉയർന്നുവരണമെന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് .അതിന്റെ വെളിച്ചത്തിൽ ഈ  സമൂഹത്തിൽ പലതരത്തിലുള്ള മൗലിക അവകാശത്തെ അതേസമയം തന്നെ നമ്മുടെ രാജ്യത്തിൻറെ ഭദ്രതയ്ക്കും സമൂഹത്തിന്റെ സുരക്ഷിതത്വത്തിനും പൊതുസമൂഹത്തിന്റെ സമാധാനത്തിന്  വിരുദ്ധമായ പല പ്രവണതകൾ പല വ്യക്തികളിൽ നിന്ന്  രൂപപ്പെട്ടു വരുമ്പോൾ മുഖം നോക്കാതെ ആ വിഷയത്തെ മറുനാടൻ  അഭിമുഖീകരിക്കുകയും  പൊതുസമൂഹത്തിന്റെ മുമ്പിൽ മറനീക്കി മുഖംമൂടി മാറ്റി കാണിക്കുകയും ചെയ്യുന്ന നട്ടെല്ലുള്ള ഒരു മാധ്യമപ്രവർത്തകനിൽ നിന്ന് നാം ഉദ്ദേശിക്കുന്ന നട്ടെല്ല് പലപ്പോഴും മറുനാടൻ കാണിച്ചിട്ടുണ്ട് എന്നുള്ളതിനാലാണ് മറുനാടൻ നിലനിൽക്കുക എന്നുള്ളത്  കേരള പൊതുസമൂഹത്തിന്റെ ആവശ്യമായിട്ട് ഞാൻ കരുതുന്നത് .

മറുനാടൻ മാത്രമല്ല മറുനാടനെ പോലെയുള്ള മാധ്യമങ്ങളും. പല മാധ്യമങ്ങൾക്കും പുരാതനമായ പല മാധ്യമങ്ങൾക്കും അവർക്ക് പണ്ട് ഉണ്ടായിരുന്ന നിർഭയത്വം ഇന്ന് പല കാര്യങ്ങൾക്കും അവർ  കാണിക്കാത്തതിന്റെ പേരിൽ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും  ആന്തരികമായി ഹൈജാക്ക് ചെയ്യപ്പെട്ടു എന്നുള്ള സത്യം കേരളത്തിന്റെ വർത്തമാനകാല യാഥാർത്ഥ്യമാണ്.ആ ഒരു സാംസ്കാരിക ദുരന്തം -സാമൂഹിക ദുരന്തം-ജനാധിപത്യ ദുരന്തം  സാമൂഹ്യ മൂല്യങ്ങളുടെ അപാചയം- ജീർണത നമ്മൾ അനുഭവിക്കുമ്പോൾതന്നെയാണ്, അതിനെതിരെ ചെറുത്തുനിൽക്കുന്ന ഒരു മാധ്യമത്തെ തല്ലി കെടുത്താനുള്ള ശ്രമങ്ങൾ പരാജയപെടുത്തണമെന്നും ഒപ്പം തന്നെ പൊതുസമൂഹം അതിന് ഉണരണം എന്നും നമ്മൾ നിഷ്പക്ഷമായി  ആഗ്രഹിക്കുന്നത്.
 

ഞാൻ എൻറെ ജീവചരിത്രം എഴുതിയപ്പോൾ 50 കൊല്ലത്തെ ശുശ്രൂഷകളുടെ സത്യാവസ്ഥയെ   എൻറെ ആദ്ധ്യാത്മിക സാംസ്കാരിക സാമൂഹിക സത്യാവസ്ഥകളെ അസ്ഥിവാരങ്ങളെ  പൊതുസമൂഹത്തിന്റെ മുമ്പിൽ വെളിപ്പെടുത്തുന്ന  ആത്മകഥ എഴുതിയപ്പോൾ അതിന്റെ പ്രസിദ്ധീകരണ ദിവസം  തന്നെ തിരുവനന്തപുരത്ത് അദ്ദേഹത്തെ നേരിട്ട് കണ്ട് ആത്മകഥ കൈമാറാൻ ഞാൻ ആഗ്രഹിച്ചെങ്കിലും അപ്പോയിൻമെന്റ് കിട്ടാതെ വന്നതിനാൽ അന്ന് എൻറെ സഹപ്രവർത്തകരാണ് ഓഫീസിൽ  ആത്മകഥ അദ്ദേഹത്തിന് കൊടുക്കാൻ പറഞ്ഞ് കൈമാറിയത്. അത് അദ്ധേഹത്തിന് എന്തെങ്കിലും  തെറ്റിദ്ധാരണകൾ വന്നു പോയിട്ടുണ്ടെങ്കിൽ  തിരുത്താൻ ഞാൻ ഒരു അവസരം കൊടുത്തതാണ് .

തിരുത്താൻ അവസരം കൊടുക്കുക എന്നത് പൊതുസമൂഹത്തിന്റെ ആരോഗ്യത്തിന്റെ ഭാഗമാണ് .അത് ആർക്കായാലും തിരുത്താൻ അവസരം കൊടുക്കണം. അല്ലാതെ എന്തെങ്കിലും വിഷയം കേൾക്കുമ്പോൾ തല്ലിക്കെടുത്തി കളയാൻ അതുമല്ലെങ്കിൽ അവസാനിപ്പിച്ചുകളയാൻ വേണ്ടി ബോധപൂർവ്വമായ രാഷ്ട്രീയ ശ്രമങ്ങളെ നമ്മൾ പിന്തുണയ്ക്കരുത് എന്ന് പറഞ്ഞുകൊണ്ടുതന്നെ മറുനാടനെ പോലുള്ള പലമാധ്യമങ്ങൾ നിലനിൽക്കുക എന്നത് പൊതുസമൂഹത്തിന്റെ അവകാശമാണെന്നു കൂടി പ്രഖ്യാപിച്ചുകൊണ്ട് ഞാൻ മറുനാടന് ആശംസകൾ അർപ്പിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.