നന്നായിട്ടുറങ്ങണോ ഈ വിശുദ്ധരെ അനുകരിച്ചാല്‍ മതി

ഉറക്കം നല്ലതുപോലെയായാല്‍ പ്രഭാതത്തിലും ഒരു ഉന്മേഷമുണ്ട്. നന്നായി ഉറങ്ങിയെണീക്കാതെയാണ് ദിവസം ആരംഭിക്കുന്നതെങ്കില്‍ ആ ദിവസം മഹാബോറായിരിക്കും. പക്ഷേ ഇന്ന് പലര്‍ക്കും രാത്രികാലങ്ങളില്‍ സുഖകരമായി ഉറങ്ങാന്‍ കഴിയുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ചില വിശുദ്ധരുടെ ഉറക്കരീതികളെക്കുറിച്ച് അറിയുന്നത് നല്ലതായിരിക്കും.

വിശുദ്ധ ജസീന്തയും ഫ്രാന്‍സിസ്‌ക്കോയും ഫാത്തിമായിലെ വിശുദ്ധരാണല്ലോ. പരിശുദ്ധ അമ്മയെ കാണാന്‍ ഭാഗ്യം ലഭിച്ചവര്‍. അമ്മ പറഞ്ഞത് അനുസരിച്ച് അവരെന്നും ജപമാല ചൊല്ലിയതിന് ശേഷം മാത്രമേ ഉറങ്ങാന്‍ പോയിരുന്നുള്ളൂ. ആ രീതി നമുക്കും അനുകരിക്കാം.

വാഴ്ത്തപ്പെട്ട സ്റ്റാന്‍ലി റോഥര്‍ ഒക്കലോമയില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയാണ്. അദ്ദേഹം സ്ഥിരമായി വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോയിരുന്നു. ഇത് സുഖകരമായ ഉറക്കത്തിന് സഹായകരമെന്നാണ് അദ്ദേഹം പറയുന്നത്. തിരക്കുണ്ടെങ്കിലും വൈകുന്നേരങ്ങളില്‍ നടക്കാന്‍ സമയം കണ്ടെത്തുക.

താപസനായ വിശുദ്ധ ബെനഡിക്ട് ശിഷ്യന്മാര്‍ക്ക് നല്കിയിരുന്ന ഒരു നിര്‍ദ്ദേശമുണ്ട് കിടപ്പുമുറി മറ്റൊന്നിനും ഉള്ള ഇടമായിരിക്കരുത്. അതായത് വിനോദത്തിനോ ജോലിക്കോ. സ്വചഛമായ കിടപ്പുമുറി, വൃത്തിയും മെനയുമുള്ള കിടപ്പുമുറി നല്ല ഉറക്കം നല്കും. അതുകൊണ്ട് കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുക.

ദൈവദാസി എലിസബത്ത് ലെഷ്വര്‍ കിടക്കാന്‍ പോകുന്നതിന് മുമ്പ് ആത്മീയപ്രസിദ്ധീകരണം വായിച്ചിരുന്നു. ഇത് നല്ല ഉറക്കം കിട്ടാന്‍ സഹായകരമായിരുന്നു. ഡൊരോത്തി ഡേ ഓരോ ദിവസവും കിടക്കാന്‍ പോകുന്നതിന് മുമ്പ് ഒരു കാരുണ്യപ്രവൃത്തി ചെയ്തിരുന്നു. ഇത് സന്തുഷ്ടകരമായ ഉറക്കം നല്കിയിരുന്നു

ഉത്കണ്ഠകളെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചതിന് ശേഷം മാത്രമായിരുന്നു പാദ്രെ പിയോ കിടക്കാന്‍ പോയിരുന്നത്. ഇത് അദ്ദേഹത്തിന് സുഖനിദ്ര പ്രദാനം ചെയ്തിരുന്നു.

മേല്‍പ്പറഞ്ഞ വിശുദ്ധവഴികള്‍ നമുക്കും അനുകരിക്കാം, നല്ല ഉറക്കം നമുക്കും ലഭിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.