ക്ഷമിക്കാത്ത വ്യക്തി പൂര്‍വ്വിക ശാപം കൊണ്ടുനടക്കും: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

രാജാവിന് പതിനാലായിരംതാലന്താണ് ദാസന്‍ കൊടുത്തുതീര്‍ക്കാനുണ്ടായിരുന്നത്. ഒര ുദിവസത്തെ കൂലി ഒരു ദെനാറയാണ്. ഒരു താലന്ത് ആറായിരം ദെനാറയാണ്. ഒരു താലന്ത് ഉണ്ടാക്കാന്‍ ഒരു മനുഷ്യന്‍ 20 കൊല്ലം ജോലി ചെയ്യണം. സേവകന്‍ കടപ്പെട്ടിരിക്കന്നത് പതിനായിരം ദനാറയാണ്. അഞ്ചു ജന്മം കൊണ്ടേ ഇയാള്‍ക്ക് കടം വീട്ടാനാവൂ. അല്ലെങ്കില്‍ ഇയാളുടെ അഞ്ചു തലമുറ വീട്ടണം. അതുകൊണ്ടാണ് ചില പാപങ്ങള്‍ തലമുറകളെ വേട്ടയാടുന്നത്. ചില പാപങ്ങള്‍ വീട്ടാന്‍ അപ്പന് പറ്റിയില്ല. അതുകൊണ്ട് മക്കള്‍ നാലും അഞ്ചും തലമുറകൊണ്ട് വീട്ടണം.

അഞ്ചു തലമുറ കൊണ്ടും വീട്ടിത്തീര്‍ക്കാനാവാത്ത വിധത്തിലുള്ള കടങ്ങള്‍ ഓരോ വ്യക്തിയുടെയും തലയ്ക്ക് മുകളിലുണ്ട്. പാപത്തിന്റെ സ്വാധീനം ജീവിതപങ്കാളിയിലും മക്കളിലും പ്രകടമാണ്. വീട്ടിത്തീര്‍ക്കാന്‍ നിവത്തിയില്ലങ്കില്‍ സമസ്തവസ്തുക്കളും ഭാര്യയെയും മക്കളെയും വിറ്റുതീര്‍ക്കാനാണ് രാജാവ് ആവശ്യപ്പെടുന്നത്. പാപത്തിന്റെ സ്വാധീനം മക്കളിലും ജീവിതപങ്കാളിയിലും ബിസിനസിലും വരുന്നതിന്റെ കണക്ഷന്‍ ഇതാണ്. നിങ്ങളെക്കൊണ്ട് വീട്ടിത്തീര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അത് മക്കള്‍ക്കും ജീവിതപങ്കാളിക്കും അനുഭവിക്കേണ്ടിവരുന്നത്. നിന്നെക്കൊണ്ട് അത് വീട്ടാന്‍ പറ്റാത്തതുകൊണ്ടാണ് നിന്റെ ബിസിനസില്‍ ദൈവം സാത്താന് ഇടം കൊടുക്കുന്നത്.

യേശുക്രിസ്തുവിലൂടെ വന്ന രക്ഷയുടെ വില ഇവിടെ മനസ്സിലാക്കണം. ജന്മജന്മാന്തരങ്ങളായി കടം വീട്ടിത്തീര്‍ക്കാന്‍ കഴിയാത്ത ഒരു ജനത ഞങ്ങളെക്കൊണ്ട് ഇത് വീട്ടീത്തീര്‍ക്കാന്‍ കഴിയില്ലെന്ന് രാജാവിനോട് കേണപേക്ഷിച്ചു പറഞ്ഞപ്പോള്‍, ആ കടം തന്റെ മകന്റെ ശിരസിലേക്ക് വച്ചുകൊടുത്തതിന്റെ പേരാണ് സുവിശേഷം.

ഒരു മനുഷ്യനും സ്വന്തം കടം വീട്ടാനുള്ള കഴിവില്ല. അല്ലെങ്കില്‍ അഞ്ചു തലമുറകള്‍ കൊണ്ട് വീട്ടണം. നമ്മളും നമ്മുടെ മാതാപിതാക്കളും മക്കളും ജീവിതപങ്കാളിയും കൂടി അനുഭവിക്കേണ്ട കടങ്ങള്‍, എനിക്ക് വരേണ്ട, എന്റെ തലയില്‍ പതിയേണ്ട അപകടമാണ് ക്രിസ്തു ഏറ്റെടുത്തത്. നമ്മള്‍ ചെയ്തുകൂട്ടൂന്ന പാപത്തിന്റെ വില അത്ര വലുതാണ്. രക്ഷയുടെ വില നാം തിരിച്ചറിയണം.

കുമ്പസാരക്കൂട്ടില്‍ നാം ഈ സമാധാനം അനുഭവിക്കുന്നു. കുമ്പസാരക്കൂട്ടില്‍ നിന്ന് സമാധാനവും പാപമോചനവും മേടിച്ച് നാം പുറത്തിറങ്ങിവരുമ്പോഴാണ് നമുക്ക് കടം തരാനുളള ആള്‍ വരുന്നത് കാണുന്നത് .അഞ്ചു തലമുറകൊണ്ട് വീട്ടിത്തീര്‍ക്കാന്‍ കഴിയാത്ത കടം ഇളച്ചുകിട്ടിയ നമ്മള്‍ മൂന്നു മാസം കൊണ്ട് വീട്ടിത്തീര്‍ക്കാന്‍ മാത്രം ലഘുവായ കടമുളള ആളുടെ കഴുത്തിന് കുത്തിപിടിക്കുകയും അയാളെ പിടിച്ച് കാരാഗൃഹത്തിലടയ്ക്കുകയും ചെയ്യുന്നു.

എന്തിന്റെ കാരാഗൃഹം? വെറുപ്പിന്റെ, വിദ്വേഷത്തിന്റെ, അകല്‍ച്ചയുടെ കാരാഗൃഹത്തില്‍..വെറുപ്പിലും വിദ്വേഷത്തിലും എപ്പോഴും കഴിയുന്നവര്‍ ഓരോ കാരാഗൃഹത്തിലാണ്. അവര്‍ എപ്പോഴും ജയിലിലാണ്. ക്ഷമിക്കുന്നവന്‍ കൈവിലങ്ങ് അഴിച്ച് സ്വാതന്ത്ര്യം അനുഭവിക്കുന്നു. അഞ്ചു ജന്മം കൊണ്ട് വീട്ടിത്തീര്‍ക്കാന്‍ കഴിയാത്ത കടം ഇളച്ചുകിട്ടിയവന്‍, മൂന്നുമാസം കൊണ്ട് വീട്ടിത്തീര്‍ക്കാന്‍ കഴിയുമായിരുന്നവനോട് ദയ കാണിക്കാത്തതുകൊണ്ട് ദൈവം അവനെ കാരാഗൃഹത്തിലടയ്ക്കുന്നതായും വിശുദ്ധഗ്രന്ഥത്തില്‍ നാം വായിക്കുന്നു.

സകല പാപങ്ങളുടെയും കെട്ട് അഴിയും. പക്ഷേ വിദ്വേഷത്തിലും പകയിലും കഴിയുന്ന വ്യക്തി തന്റെ സകലപാപങ്ങളുടെയും കെട്ട് തന്റെ തലയിലും വീട്ടിലും വയ്ക്കും. ക്ഷമിക്കാത്തവ്യക്തി പൂര്‍വ്വികശാപം തലയില്‍ കൊണ്ടുനടക്കുന്ന വ്യക്തിയാണ്. വെറുപ്പില്‍ കഴിയുന്ന വ്യക്തി പൂര്‍വ്വികശാപം തലയില്‍ ചുമന്നുകൊണ്ടു നടക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് ക്ഷമിക്കണം, മറ്റൊരു മാര്‍ഗ്ഗവുമില്ല.

പീഡിപ്പിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക. എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ വൈരാഗ്യത്തിലാണ് കഴിച്ചുകൂട്ടുന്നതെങ്കില്‍ അഞ്ചുതലമുറയുടെ ശാപം നിങ്ങളുടെ തലയ്ക്ക് മുകളിലുണ്ട്. പീഡിപ്പിച്ചവരോട് ക്ഷമിക്കാതെ, വിദ്വേഷം വച്ചുപുലര്‍ത്തുകയാണ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ മറ്റെന്തു പുണ്യപ്രവൃത്തി ചെയ്താലും അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല. പിണക്കത്തിലാണെങ്കില്‍, കലഹത്തിലാണെങ്കില്‍ അഞ്ചു തലമുറയുടെ ശാപം നിങ്ങളുടെ തലയിലുണ്ട്. ക്ഷമിക്കാതിരിക്കുമ്പോള്‍ ആ വ്യക്തിയുംഅയാളുടെ മക്കളും അതിന്റെ കടം വീട്ടേണ്ടതായിവരും. തലമുറകളോളം ആ ശാപം നിങ്ങളെ പിന്തുടരും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.