ശരീരത്തിനാവശ്യമായത് കൊടുക്കാതെ സമാധാനത്തില്‍ പോവുക എന്ന് പറയുന്നതുകൊണ്ട് എന്തര്‍ത്ഥം?

സഹായത്തിനായി കരം നീട്ടുന്നവരില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ നാം എന്നും പ്രയോഗിക്കുന്ന മാര്‍ഗ്ഗമാണ് ‘പ്രാര്‍ത്ഥിക്കാം എന്ന വാക്ക്. പ്രാര്‍ത്ഥനയുടെ പ്രാധാന്യമോ പ്രസക്തിയോ ഇല്ലാതാകുന്നില്ല.പക്ഷേ പ്രാര്‍ത്ഥനയ്‌ക്കൊപ്പം അവരെ സഹായിക്കാന്‍ കൂടി നമുക്ക് കഴിയണം. അതിനാദ്യം വേണ്ടത് മനസ്സാണ്. ആ മനസ്സില്ലാത്തവരാണ് പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞ് കൈയൊഴിയുന്നത്.

കാരണം പ്രാര്‍ത്ഥിക്കാം എന്ന് പറയുമ്പോള്‍ അവര്‍ക്ക് സാമ്പത്തികമായി യാതൊരു വിധ ബാധ്യതയും ഉണ്ടാകുന്നില്ല. അവര്‍ക്ക് ശാരീരികമായും ക്ലേശങ്ങളുണ്ടാകുന്നില്ല. ഒരു പക്ഷേ അവര്‍ പ്രാര്‍ത്ഥിക്കുന്നുമുണ്ടാവാം. എന്നാല്‍ സാമ്പത്തികമായി സഹായിക്കാന്‍ കഴിവും സാഹചര്യവും ഉള്ളവര്‍ അതുചെയ്യാതെ പ്രാര്‍ത്ഥിക്കാം എന്ന് മാത്രം പറയുന്നത് തീര്‍ച്ചയായും ഒഴിഞ്ഞുമാറലാണ്. ഇക്കാര്യം എത്രയോ വ്യക്തമായിട്ടാണ് വിശുദ്ധ ഗ്രന്ഥം പറഞ്ഞുവച്ചിട്ടുള്ളത്.

ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിന് വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്ക് കൊടുക്കാതെ സമാധാനത്തില്‍ പോവുക തീ കായുക, വിശപ്പടക്കുക എന്നൊക്കെ അവരോട് പറയുന്നെങ്കില്‍ അതുകൊണ്ട് എന്തു പ്രയോജനം? (യാക്കോബ് 2;15-16)

അതെശരീരത്തിന് ആവശ്യമുളളതുകൂടി കൊടുക്കുക. സുവിശേഷപ്രഘോഷണം കഴിഞ്ഞപ്പോള്‍ ആ മലഞ്ചെരിവില്‍ ഒന്നിച്ചുകൂടിയവരോട് യേശുവിന് കരുണ തോന്നിയെന്നാണല്ലോ ബൈബിള്‍പറയുന്നത്. അതുകൊണ്ടാണ് അവരെ അന്നമൂട്ടി അവിടുന്ന് വിട്ടതും. അതായത് അഞ്ചപ്പവും രണ്ടുമീനും കൊണ്ട് അവിടന്ന് അയ്യായിരം പേരെ പോറ്റി.

നമ്മുടെ കൈയിലുളള അഞ്ചപ്പവും രണ്ടുമീനും ഇല്ലാത്തവര്‍ക്കായി പങ്കുവയ്ക്കാന്‍ തയ്യാറാവുക. അപ്പോള്‍ ദൈവം തന്നെ അത് സമൃദ്ധമാക്കിത്തരും. ദാനധര്‍മ്മത്തോടുകൂടിയ പരിഹാരപ്രവൃത്തികള്‍ക്ക് കൂടുതല്‍ ഫലം ഉണ്ടെന്നും മറന്നുപോകരുത്.

ധനവാന്റെ മേശയില്‍ ന ിന്ന് വീഴുന്ന ഉച്ഛിഷ്ടം കൊണ്ടും ലാസര്‍ ജീവിച്ചിരുന്നു. സുഭിക്ഷതയില്‍ ജീവിച്ച ധനവാന് ഒരിക്കലും സ്വര്‍ഗ്ഗംലഭിച്ചില്ല. എന്നാല്‍ ധനവാന്റെ ഉച്ഛിഷ്ടം പെറുക്കിജീവിച്ച ലാസറിന് സ്വര്‍ഗ്ഗം കിട്ടുകയും ചെയ്തു. സ്വര്‍ഗ്ഗവും ദൈവവും ലക്ഷ്യമാക്കിയാണ് ജീവിക്കുന്നതെങ്കില്‍ ഇനിയെങ്കിലും നാം ചുറ്റിനുമുള്ളവരോട് കരുണ കാണിച്ചേ മതിയാവൂ. ഇല്ലെങ്കില്‍ നാം എത്ര ആത്മീയനാണെന്ന് പറഞ്ഞിട്ടും യാതൊരുകാര്യവുമില്ല.

പ്രാര്‍ത്ഥനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനും കൂടി തയ്യാറാകുമ്പോഴേ നമ്മുടെ സമ്പത്തിനെ,അദ്ധ്വാനത്തെ ദൈവം ഇനിയുംഅനുഗ്രഹിക്കുകയുളളൂവെന്ന് മറന്നുപോകരുത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.