ദാനം ത്യാഗമാകുന്നുണ്ടോ?

നമ്മള്‍ മറ്റുള്ളവരെ സഹായിക്കുന്നവരാണെന്നത് സമ്മതിച്ചു. അത്യാവശ്യം പണം വായ്പ കൊടുത്തും ചികിത്സയ്ക്കായി പണം നല്കിയും വീടുപണി, വിവാഹാവശ്യം തുടങ്ങിയവയിലൊക്കെ സാമ്പത്തികസഹായം നല്കിയും പലരെയും ഇക്കാലയളവില്‍ നാം സഹായിച്ചിട്ടുണ്ട്.

എന്നാല്‍ ആ സഹായങ്ങളൊക്കെ എങ്ങനെയായിരുന്നു? നമ്മുടെ സമ്പന്നതയില്‍ നിന്ന്..സമൃദ്ധിയില്‍ നിന്ന്.. ഒരിക്കലും ഇല്ലായ്മയില്‍ നിന്ന് നാം ഒന്നും പങ്കുവച്ചിട്ടില്ല. പോക്കറ്റില്‍ കാശ് കുറവായിരിക്കുന്ന അവസരത്തില്‍ ആരെങ്കിലും കൈനീട്ടിയാല്‍ ഒന്നുമില്ല എന്ന് പറഞ്ഞ് എത്രയോ പേരെ നാം മടക്കിഅയച്ചിരിക്കുന്നു. ഒരുപക്ഷേ അത്യാവശ്യത്തിനുള്ള പണം അപ്പോഴും നമ്മുടെ കയ്യിലുണ്ടായിരുന്നിരിക്കാം. എന്നിട്ടും അത് കുറഞ്ഞുപോകുമെന്ന പേടിയാല്‍ നാം ഇല്ലെന്ന് പറയുന്നു.

എന്നാല്‍ യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ ഈശോ പറയുന്നത് ഇതാണ്.

സമൃദ്ധിയില്‍ നിന്നല്ല കുറവില്‍ നിന്നും നല്കുക. അപ്പോഴാണ് അത് യഥാര്‍ത്ഥദാനമാകുന്നത്. ഇല്ലായ്മക്കാരുമായി പങ്കുവച്ചും അവര്‍ക്കുവേണ്ടി പരിത്യാഗം ചെയ്തും ജീവിക്കുമ്പോഴാണ് നിങ്ങള്‍ ആയിരിക്കേണ്ടതുപോലെ യഥാര്‍ത്ഥജീവിതം നയിക്കുന്നത് എന്നും ഈശോ തുടര്‍ന്നുപറയുന്നു.

ദാനശീലനാണെന്ന മട്ടിലുള്ള ഗര്‍വ്വുകളൊന്നും വേണ്ട. നാം കൊടുത്തതെല്ലാം നമ്മുടെ സമൃദ്ധിയില്‍ നിന്നായിരുന്നു. സമൃദ്ധിയില്‍ നിന്നുള്ളത് ദാനമാകുന്നില്ല. ഇല്ലായ്മയില്‍ നിന്ന് പങ്കുവയ്ക്കാന്‍ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.