“ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തേതുപോലെ ആക്കണമേ”

വിലാപങ്ങളുടെ പുസ്തകം 5:21 ലെ ഒരു പ്രാര്‍ത്ഥനയാണ് ഇതിന്റെ ശീര്‍ഷകമായി കൊടുത്തിരിക്കുന്നത്.

ശരിയല്ലേ ഒരു കാലത്ത് നാം ദൈവത്തോട് ചേര്‍ന്നുനിന്നു. അവിടുത്തെ അനുഗ്രഹങ്ങളെ പ്രതി നന്ദി പറഞ്ഞു. അവിടുത്തെ കരുണയ്ക്കായി നാം യാചിച്ചു. പക്ഷേ പോകപ്പോകെ നമ്മുടെ മനസ്സില്‍ നിന്ന് ദൈവികസ്മരണ മാഞ്ഞുപോയി. ലൗകികചിന്തകളിലും വ്യാമോഹങ്ങളിലും നാം പെട്ടുപോയി. നാം നമ്മില്‍ തന്നെ ആശ്രയിക്കാന്‍ തുടങ്ങി.

ദൈവികകൃപ പതുക്കെ ചോര്‍ന്നുപോകുന്നത് വൈകാതെ നാം തിരിച്ചറിഞ്ഞു. പലപല നഷ്ടങ്ങളും ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍ മനസ്താപത്തോടെ തിരിച്ചറിഞ്ഞു, ദൈവത്തെ വിസ്മരിച്ചുപോയി. ഇത്തരമൊരു നിമിഷങ്ങളില്‍ ദൈസ്‌നേഹത്തിന്റെ പഴയ ആഴങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കാത്തവരായി ആരാണുളളത്? അപ്പോഴാണ് നാം ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത്. ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തേതുപോലെ ആക്കണമേ.

വിലാപങ്ങളുടെ പുസ്തകം 5 : 17 മുതല്‍ ഇങ്ങനെ നാം വായിക്കുന്നു

ഞങ്ങളുടെ ഹൃദയം വിങ്ങുന്നു. ഞങ്ങളുടെ കണ്ണുകള്‍ മങ്ങി. എന്തെന്നാല്‍ സീയോന്‍ മല ശൂന്യമായികിടക്കുന്നു, അവിടെ കുറുനരികള്‍ പതുങ്ങിനടക്കുന്നു. എന്നാല്‍ കര്‍ത്താവേ അങ്ങ് എന്നേക്കും വാഴുന്നു. അങ്ങയുടെ സിംഹാസനം തലമുറകളോളം നിലനില്‍ക്കുന്നു. എന്തുകൊണ്ടാണ് അവിടുന്ന് ഞങ്ങളെ എന്നേക്കുമായി മറന്നത്. എന്തുകൊണ്ടാണ് ഇത്രയേറെ നാള്‍ ഞങ്ങളെ പരിത്യജിച്ചത്? കര്‍ത്താവേ ഞങ്ങള്‍ മടങ്ങിവരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്ക് തിരിക്കണമേ. ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തേതുപോലെ ആക്കണമേ.

പഴയദിനങ്ങളിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.