മരണാസന്നര്‍ക്കു വേണ്ടി ഉപവാസം അനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന യൗസേപ്പിതാവിനെക്കുറിച്ച് അറിയാമോ?

യൗസേപ്പിതാവിനെ നന്മരണത്തിന്റെ മധ്യസ്ഥനായി നാം വണങ്ങുന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പരിശുദ്ധ മറിയത്തിന്റെയും ഈശോയുടെയും സാന്നിധ്യത്തില്‍ മരിക്കാന്‍ അവസരം കിട്ടിയവനായിരുന്നു യൗസേപ്പ് എന്നും. എന്നാല്‍ ഇങ്ങനെയൊരു സൗഭാഗ്യം ജോസഫിന് കിട്ടിയത് ജീവിതകാലത്ത് മരണാസന്നര്‍ക്കുവേണ്ടി അദ്ദേഹം ചെയ്ത നന്മപ്രവൃത്തികളെ പ്രതിയായിരുന്നു. സ്വകാര്യ വെളിപാടുകളില്‍ നിന്ന് നമുക്ക് കിട്ടുന്ന ചിത്രം അങ്ങനെയുള്ളതാണ്.

ഒരാള്‍ മരണാസന്നനാണെന്ന് മനസ്സിലാക്കിയാല്‍ ഊണും ഉറക്കവും ഇല്ലാതെയായിരുന്നു ജോസഫ് അവരെ ശുശ്രൂഷിച്ചിരുന്നത്. ഒരു നല്ല മരണം പ്രാപിച്ച് അബ്രാഹത്തിന്റെ മടിയില്‍ ആ ആത്മാവ് നിത്യവിശ്രമം കൊള്ളാനായി മണിക്കൂറുകള്‍ മുട്ടിന്മേല്‍ നിന്ന് ജോസഫ് മരണാസന്നര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. വിശ്രമമെടുത്തില്ലെന്ന് മാത്രമല്ല ഭക്ഷണം പോലും വേണ്ടെന്ന് വച്ചായിരുന്നു ജോസഫ് ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നത്.

സാത്താന്റെ എല്ലാവിധ തന്ത്രങ്ങളെയും പരാജയപ്പെടുത്താനായി ജോസഫ് പൂര്‍ണ്ണമായും ദൈവകരുണയില്‍ ശരണപ്പെട്ടിരുന്നു. തീക്ഷ്ണമായ പ്രാര്‍ത്ഥനയോടെ മരണാസന്നരെ പരിപാലിക്കുകയും മരണാസന്നരായ ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയുളള ദാഹത്താല്‍ ജ്വലിക്കുകയും ചെയ്തിരുന്നതിനാലാണ് ജോസഫിനെ മരണാസന്നരുടെ പ്രത്യേക മധ്യസ്ഥനായി ദൈവം മുന്‍കൂട്ടിനിയോഗിച്ചിരുന്നത്.

അതുകൊണ്ട് മരണാസന്നരെ ശുശ്രൂഷിക്കാന്‍ അവസരം കിട്ടുന്ന ഓരോ വ്യക്തിയും- നേഴ്‌സുമാര്‍, വീടുകളിലെ രോഗികളെ ശുശ്രൂഷിക്കാന്‍ അവസരം കിട്ടുന്നവര്‍- പ്രത്യേകമായി യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കട്ടെ. യൗസേപ്പിതാവ് തങ്ങളുടെ ശുശ്രൂഷയില്‍ അവരെ സഹായിക്കും.

അതുപോലെ നമുക്ക് നമ്മുടെ മരണസമയത്തെയും യൗസേപ്പിതാവിന് സമര്‍പ്പിക്കാം. എന്നു സംഭവിക്കുമെന്ന് അറിയില്ലെങ്കിലും എന്നെങ്കിലും ഒരുനാള്‍ മരിക്കേണ്ടവരാണല്ലോ നാം. നമ്മുടെ മരണസമയത്ത് യൗസേപ്പിതാവിന്റെ സാന്നിധ്യവും പരിചരണവും എത്രയോ ആശ്വാസകരമായിരിക്കും.!മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.