നല്ല രീതിയില്‍ പ്രഭാതത്തെ സ്വീകരിക്കാം, ഇങ്ങനെ ചെയ്താല്‍ മതി

നേരത്തെ കിടക്കുന്നതും നേരത്തെ എണീല്ക്കുന്നതും ഒരു മനുഷ്യനെ ആരോഗ്യപരമായും സാമ്പത്തികമായും അറിവിന്റെ തലത്തിലും മികച്ചവനാക്കി മാറ്റുമെന്നാണ് പറയപ്പെടുന്നത്. മാര്‍ക്ക് വാല്‍ബെര്‍ഗിനെ പോലെയുള്ള ഒരേ സമയം വിശ്വാസികളും സെലിബ്രിറ്റികളുമായ വ്യക്തികള്‍ പുലര്‍ച്ചെ 2.30 ന് ഉറക്കമുണരുന്നവരാണ്. നേരത്തെ ഉറക്കമുണരുന്നതിനൊപ്പം ആ പ്രഭാതത്തെ എങ്ങനെ സ്വീകരിക്കണം എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഉറക്കമുണര്‍ന്ന ആദ്യത്തെ പത്തു മിനിറ്റ് സ്വന്തം ജീവിതത്തിലെ ഏറ്റവുംപ്രധാനപ്പെട്ട സമയമാണ്.

ഒരു വ്യക്തി തനിക്കു വേണ്ടി തന്നെ നീക്കിവയ്‌ക്കേണ്ട ഏറ്റവും പ്രധാന സമയം. അതായത് ഈ പത്തു മിനിറ്റ് ദൈവത്തിന് വേണ്ടി സമര്‍പ്പിക്കണം. അതായത് പ്രാര്‍ത്ഥിക്കണം. അന്നേ ദിവസം ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുക അവ ചെയ്തുകിട്ടാനുള്ള ശക്തിക്കും കഴിവിനും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക.

നിശ്ശബ്ദതയിലുള്ള ഈ സംഭാഷണം ആത്മീയമായി നമ്മെ കരുത്തുറ്റവരാക്കുന്നു. ഇനി ശാരീരികമായ വ്യായാമത്തെക്കുറിച്ചു പറയാം. ശരീരം സ്‌ട്രെച്ച് ചെയ്യുക.കിടക്കയിലിരുന്നുകൊണ്ട് തന്നെ ചെയ്യാവുന്ന ചില വ്യായാമങ്ങളുണ്ട്. ഇത് ശരീരത്തിനും നല്ല ഉന്മേഷം നല്കുന്നു. എണ്‍പത് ശതാനം ആളുകളും ഉറക്കമുണര്‍ന്നെണീറ്റതിന് ശേഷമുള്ള ആദ്യത്തെ പതിനഞ്ച് മിനിറ്റ് സോഷ്യല്‍ മീഡിയായില്‍ ചെലവഴിക്കുന്നവരാണ്. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഈമെയില്‍ ഇങ്ങനെ പലതും ചെക്ക് ചെയ്യുന്നവരുണ്ട്. അത്തരം രീതികള്‍ മാറ്റിവയ്ക്കുക. പലപ്പോഴും നമുക്ക് കിട്ടുന്ന സന്ദേശങ്ങള്‍ അത്ര നല്ലതായിരിക്കണം എന്നില്ല.

അവ നമ്മുടെ ദിവസത്തെയും മനോഭാവത്തെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് പോസിറ്റീവായ മനോഭാവത്തോടെ ദിവസത്തെ എതിരേല്ക്കുക. പ്രഭാതഭക്ഷണം കഴിക്കുമ്പോഴും ടിവിയോ മൊബൈലോ നോക്കാതിരിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.