പീഡാനുഭവ വെള്ളിയും യൂദാസും ഞാനും

ഈശോയുടെ പീഡാസഹനത്തേയും മരണത്തേയും ഓർമ്മിക്കുകയും ധ്യാനിക്കുകയും പ്രാർത്ഥനാപൂർവം ഒപ്പം ചേരുകയും ചെയ്യുന്ന ദിവസമാണ് പെസഹാ വ്യാഴം കഴിഞ്ഞെത്തുന്ന വെള്ളിയാഴ്ച. ഈ ദിവസത്തിന് ദു:ഖവെള്ളി എന്ന പേര് മാറ്റി കുറച്ചുകൂടി ആത്മീയാർത്ഥം പകരുന്ന പീഡാനുഭവ വെള്ളി എന്ന് പലരും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട് എന്നത് ഏറെ ശുഭകരമാണ്.

ഈശോയുടെ പീഡാനുഭവെള്ളിയിൽ ലോകമെമ്പാടുമുള്ള ക്രിസ്തുവിശ്വാസികൾ യൂദാസെന്ന അവന്റെ ശിഷ്യനെക്കുറിച്ച് കേൾക്കുമെന്നത് നിസ്തർക്കമായ കാര്യമാണ്. യൂദാസ് ചുംബനം കൊണ്ട് ഗുരുവിനെ ഒറ്റുകൊടുത്തുവെന്നും അതിനായി മുപ്പത് വെള്ളിക്കാശ് അവൻ കൈപ്പറ്റിയെന്നും നാം വചനത്തിൽ വായിക്കുന്നു. ഈ വായനകളും ഇതിനോട് ചേർത്ത് ലഭിച്ചിട്ടുള്ള ചിന്തകളും നമുക്ക് തരുന്നത് യൂദാസിനോടുള്ള ദേഷ്യമോ ഇഷ്ടക്കേടൊ ഒക്കെയാണ്.

ഈശോ പ്രാർത്ഥനാപൂർവം തിരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യരിൽ ഒരുവനാണ് യൂദാസെന്ന് നമുക്കറിയാം. മൂന്ന് കൊല്ലാം ഗുരുവിനൊപ്പം സന്തത സഹചാരിയായി ഉണ്ടായിരുന്നവൻ. ഈശോയെ അത്രമാത്രം അടുത്തറിയാവുന്നവനുമാണ് ഈ ശിഷ്യൻ. യൂദാസിന് ഈശോയിൽ അത്രമാത്രം വിശ്വാസമുണ്ടായിരുന്നു എന്ന് ഞാൻ കരുതുന്നു അതിനാലാണ് ഈശോയുടെ വിളികേട്ട് തന്റേതായതെല്ലാം ഉപേക്ഷിച്ച് അവന്റെ ഒപ്പം ചേരുന്നത്.

മനുഷ്യപുത്രന് തലചായ്ക്കാൻ ഇടമില്ല (മത്തായി 8:20) എന്ന വചനമൊക്കെ കേൾക്കുകയും അതിന്റെ പൊരുൾ കുറച്ചെങ്കിലും മനസിലാക്കുകയും ചെയ്തിട്ടുണ്ടാകും എന്നത് ഉറപ്പാണ്. 
ഒരു രാഷ്ട്രീയ നേതാവായോ അത്തരത്തിൽ പദവികളും സ്ഥാനങ്ങളും അംഗീകാരങ്ങളും ലഭിക്കാവുന്നതോ ആയ കാര്യങ്ങളല്ല ഈശോ പറഞ്ഞുകൊടുത്തിരുന്നത്. നിങ്ങളിൽ വലിയനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനുമായിരിക്കണം എന്നതാണ് ഈശോയുടെ നിലപാട് (മത്തായി 20:27)

ഇതെല്ലാം കേട്ടുകഴിയുമ്പോഴും യൂദാസ് ഈശോയുടെ കൂടെയുണ്ട് എന്നത് അവന്റെ ഉള്ളിൽ ഈശോ എത്രമാത്രം സ്വാധീനം ചെലുത്തി എന്നതിന്റെ തെളിവാണ്. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷകൾക്കപ്പുറം, ഈ ഗുരുവിന്റെ ചാരത്തായിരിക്കുന്നത് അവൻ ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് കാരണം.

അവൻ പന്ത്രണ്ടു പേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേൽ അവർക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങൾ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവൻ അവരെ അയച്ചു (ലൂക്ക 9:2) ഈ പന്ത്രണ്ടുപേരിൽ യുദാസുമുണ്ട്. ഈശോയിൽ നിന്നും ആത്മീയ അധികാരം കിട്ടിയവനാണവൻ.

അതുപോലെ ഈശോ അത്ഭുതം പ്രവർത്തിച്ച വേളകളിലും ഇടങ്ങളിലുമൊക്കെ തന്റെ കൂടെ യൂദാസുമുണ്ടായിരൂന്നു. ഇതുപോലെ എത്ര എത്ര കാര്യങ്ങളാണ് ഈശോയിൽ നിന്നും നേരിട്ട് കേൾക്കാനും മനസിലാക്കാനും യുദാസിന് സാധിച്ചത്. ഭാഗ്യം കിട്ടിയ ഒരു ശിഷ്യനാണ് യൂദാസ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ, ഭാഗ്യപൂർണമായ ഒരു ജന്മമല്ലേ യൂദാസിന്റേത് എന്ന് ചോദിക്കുന്നതിലോ ചിന്തിക്കുന്നതിലോ അതിശയമൊന്നുമില്ല.

ഇത്രയേറെ ദൈവീകകാര്യങ്ങളുടെ ഭാഗമാകാൻ അല്ലെങ്കിൽ, ഈ മണ്ണിൽ അവതരിച്ച ദൈവപുത്രന്റെ പക്കൽ നിന്നും നേരിട്ട് വിളി ലഭിക്കുകയും അവന്റെ ഒപ്പം മൂന്ന് കൊല്ലം എപ്പോഴും കൂടെയുണ്ടാകുകയും ചെയ്ത യൂദാസിന് എവിടെയാണ് പിഴവുപറ്റിയത്?, എങ്ങിനെയാണ് തന്റെ എല്ലാമായിരുന്ന ഗുരുവിനെ ഒറ്റുകൊടുക്കാൻ തോന്നിയത് എന്നീ ചോദ്യങ്ങൾ ഉയർത്തുമ്പോൾ തന്നെ മറുചോദ്യം ഉയർന്നു നിൽക്കുന്നത് ഞാൻ കാണുന്നുണ്ട്.

യൂദാസിന് ലഭിച്ചതിന് സമാനമായ കൃപകൾ തന്നെയല്ലേ നിനക്കും കർത്താവിൽ നിന്നും ഇന്നോളം ലഭിച്ചിട്ടുള്ളത്, എന്നിട്ടും എന്തേ നീ നിന്റെ കർത്താവിനെ മറന്ന് തിന്മയുടെ വഴിയിലൂടെ, സ്വാർത്ഥതയുടെ കൂടാരമായി, അപരവിദ്വേഷത്തോടെയൊക്കെ ജീവിക്കുന്നത്? ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും മികച്ച ആത്മീയ പരിപോഷണമല്ലേ എന്നും ലഭിക്കുന്നത്? എന്നിട്ടുമെന്തേ നീ മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടാത്തത്? കൃത്യമായതും വ്യക്തമായതുമായ ഉത്തരം കൊടുക്കുക അത്ര എളുപ്പമല്ലെന്ന് ഞാൻ മനസിലാക്കുന്നു.

എവിടെയാണ് യൂദാസിന് തെറ്റുപറ്റിയത് എന്ന ചോദ്യം ഉയർത്താൻ ഏറെ എളുപ്പമാണ്. അതുപോലെ എനിക്കും എവിടെയാണ് തെറ്റുപറ്റിയത് എന്ന ചോദ്യവും അതിനോട് ചേർത്തുള്ള അന്വേഷണവും നിത്യേനയെന്നോണം ചോദിക്കുന്നത് ആത്മീയതയിൽ മുന്നോട്ടുപോകാൻ അത്യാവശ്യമാണ്. യൂദാസിനെ കുറ്റപ്പെടുത്താനും മോശക്കാരനായി സ്ഥാപിച്ചെടുക്കാനും, അങ്ങനെ അതിൽ സന്തോഷം കണ്ടെത്താനും പലർക്കും ഇഷ്ടമാണ്. എന്നാൽ യൂദാസിന്റെ നേർക്കുയർത്തുന്ന ചോദ്യങ്ങൾ ഞാൻ എന്റെ നേർക്കുയർത്തുമ്പോൾ, ഒരിക്കൽ മാത്രം തന്റെ കർത്താവിനെ ഒറ്റിക്കൊടുത്ത യൂദാസിനേക്കാളും ഞാനാകും വലിയ തെറ്റുകാരൻ എന്ന തിരിച്ചറിവ് എന്നിൽ ഉണ്ടാകും.

എന്റെ വാക്കിലൂടേയും ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും ഞാൻ കർത്താവിനെ ഒറ്റുകൊടുക്കാത്ത ഏതെങ്കിലും ദിനമുണ്ടോ എന്നതാണ് എന്റെ സംശയം.
ഒരുതെറ്റും ചെയ്യാതിരുന്നിട്ടും ഈശോ എന്റെ രക്ഷയ്ക്കായി ഏറ്റെടുത്ത പീഡാസഹനത്തേയും മരണത്തേയും ഈ പീഡാനുഭവവെള്ളിയിൽ ധ്യാനിക്കുന്നത് ആത്മീയജീവിതത്തെ ബലപ്പെടുത്താൻ സഹായിക്കുന്ന വിശുദ്ധമായ കാര്യമാണ്. ഇതിനോടൊപ്പം തന്നെ ഗുരോ സ്വസ്തി എന്നു പറഞ്ഞുകൊണ്ടുള്ള യൂദാസിന്റെ ഒറ്റുകൊടുക്കലും ഞാൻ ചെയ്തുകൂട്ടുന്ന തെറ്റുകളും ധ്യാനിക്കപ്പെടണം. എങ്കിലേ ഈ ദിനം പൂർണമാകൂ.

എല്ലാവർക്കും തങ്ങളിലേക്ക് ഒരിക്കൽകൂടി നോക്കുവാനും തെറ്റുകൾ തിരുത്തി ജീവിത യാത്രതുടരുവാനുമുള്ള സാധ്യത, കർത്താവീശോമിശിഹായുടെ പീഡകളേയും മരണത്തേയും ധ്യാനിക്കുന്ന ഈ പുണ്യദിവസം ലഭിക്കട്ടെ.

പോൾ കൊട്ടാരം കപ്പൂച്ചിൻ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.