വിശുദ്ധ കുർബാന സമൃദ്ധിയുടെ അപ്പം- ഇന്ന് വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍


ആഗോള കത്തോലിക്കാസഭ ഇന്ന് വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്നു.
 

ലോകത്തെ മുഴുവൻ ഒത്തിരി സ്നേഹിച്ച ദൈവത്തിന്റെ  കരുണയുടെ സാക്ഷാത്കാരമാണ് ഇത്തിരി വട്ടത്തിൽ നാം അനുഭവിക്കുന്ന വിശുദ്ധ കുർബാന.
 

യോഹന്നാന്റെ സുവിശേഷത്തിൽ മറ്റ് സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയതുപോലെ വിശുദ്ധ കുർബാനയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട തിരുവചനങ്ങൾ / ഉടമ്പടിയുടെ വചനങ്ങൾ നമുക്ക് കാണാനാവില്ല. എന്നാൽ ആറാം അധ്യായം മുഴുവൻ ജീവന്റെ അപ്പവുമായി ബന്ധപ്പെട്ട വിവരണങ്ങളാണ് കാണുക.
മുൻകൂട്ടി അറിയുന്ന ദൈവം.
“എന്തു ചെയ്യണമെന്ന്‌ യേശു നേരത്തെ മനസ്‌സില്‍ കരുതിയിരുന്നു “(യോഹ 6 : 6 ).
 

തിബേരിയൂസ് എന്നുകൂടി അറിയപ്പെടുന്ന  ഗലീലിയാ കടലിന്റെ മറു തീരത്ത് വലിയ ഒരു ജനാവലി യേശുവിന്റെ വചനം കേൾക്കാൻ കാത്തിരിക്കുന്നു . ആത്മീയ ഭോജനമായി വചനം നൽകുന്നതോടൊപ്പം തന്നെ അവരുടെ ശാരീരിക കാര്യങ്ങളിലും അവിടുന്ന് അതീവ ശ്രദ്ധ ചെലുത്തുന്നതായി നമുക്ക് കാണാം.
 

തന്റെ മുൻപിലിരിക്കുന്ന ജനത്തിന്റെ ശാരീരിക വിശപ്പ് മനസ്സിലാക്കി അവർക്ക് മുഴുവൻ ഭക്ഷണം നൽകാൻ യേശു താൽപര്യമെടുക്കുന്നു. ഇക്കാര്യം ശിഷ്യരോട് പറയുമ്പോൾ (നമ്മെപ്പോലെ തന്നെ ) അവർ ഒഴിവുകഴിവു പറയുന്നതായി കാണാം.
 എന്നാൽ സ്നേഹമുള്ള അമ്മയെപ്പോലെ / പിതാവിനെപ്പോലെ അവർക്കു മുഴുവൻ അപ്പം ഒരുക്കുകയാണ്  ഈശോ.

കരുതലുള്ള മാതൃത്വവും പിതൃത്വവും.
 

യേശുവിനെ കാണാനും അവിടുത്തെ വചനങ്ങൾ കേൾക്കാനുമായി  സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഇവിടെ തടിച്ചുകൂടിയിരിക്കുന്നു. ഇതിൽ കുറച്ച് കൊച്ചു കുട്ടികളും ഉണ്ടാകും എന്ന് നമുക്കൂഹിക്കാം.
 

സാധാരണ ദൂരയാത്ര പോകുമ്പോഴും എന്തെങ്കിലും പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴും അല്ലെങ്കിൽ വിദ്യാലയത്തിലേക്ക് പറഞ്ഞു വിടുമ്പോഴും  കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും കൊടുത്തു വിടാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കും. ഇപ്രകാരമൊരു കരുതൽ ഇവിടെയും നമുക്ക് കാണാം.
 ജനക്കൂട്ടത്തിനിടയിൽ ഒരുപാട് കുഞ്ഞുങ്ങളുണ്ട് . അതിൽ ഒരു കുഞ്ഞിന്റെ കയ്യിൽ അഞ്ചപ്പവും രണ്ടു മീനും..

മക്കളുടെ കാര്യത്തിൽ മാതാപിതാക്കളെ പോലെ കരുതലുള്ള ഒരു ദൈവത്തെ വരച്ചുകാണിക്കുകയാണ് ഈശോ ഈ സംഭവത്തിലൂടെ..
എല്ലാ ദിവസവും ദിവ്യബലിയിൽ സംബന്ധിക്കുകയും വിശുദ്ധ കുർബാന സ്വീകരിച്ച് മുന്നോട്ടു പോകുകയും ചെയ്യുന്ന വ്യക്തി ഇപ്രകാരം പിതാവായ ദൈവത്തിന്റെ കരുതലിൻ കരങ്ങളിലാണ്. അമ്മയെ പോലെ താതൻ സ്നേഹിച്ചു നയിക്കുന്ന അനുഭവം.

സമൃദ്ധി നൽകുന്ന ദൈവം.
 

അടുത്തതായി നമുക്ക് കാണാൻ കഴിയുക ഭക്ഷണം വിളമ്പാൻ വേണ്ടി ജനങ്ങളെ ഇരുത്തിയ സ്ഥലമാണ്.”ആ സ്‌ഥലത്തു പുല്ലു തഴച്ചുവളര്‍ന്നിരുന്നു”(യോഹ 6 : 10). കുന്നിൻമുകളിലോ പാറയുടെമുകളിലോ പുല്ല് തഴച്ചു വളരുക പ്രയാസമാണ് .പുല്ലും ചെടികളും തഴച്ചുവളരണമെങ്കിൽഅവിടെ വെള്ളവും വളവും  സമൃദ്ധമായി ഉണ്ടാകണം.

വീട്ടിൽ പൂച്ചെടികൾ നടുന്നവരാണ് നമ്മൾ. പശുവിനെ വളർത്തുന്നവർ പുല്ലു നട്ടു വളർത്തുന്നവരുമാണ്.  ഇതൊക്കെ നല്ലതുപോലെ വളർന്നു വിളവു നൽകുന്നതിനും പുഷ്പിക്കുന്നതിനും വേണ്ട പരിചരണം ദിവസവും നൽകാൻ സമയം കണ്ടെത്തുന്നവരാണ് നമ്മൾ. ഇതുതന്നെയാണ് അനുദിന ബലിയിൽ പങ്കെടുത്ത് വിശുദ്ധകുർബാന സ്വീകരിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ ഈശോ ചെയ്യുന്നതും.

അപ്പമായവൻ അപ്പമേകുന്ന വിശുദ്ധ കുർബാനയോട് ചേർന്നിരിക്കുന്ന സ്ഥലങ്ങളിലും വ്യക്തികളിലും പച്ചപ്പും സമൃദ്ധിയും ധാരാളമുണ്ടാകും.

ഒരോ ദിവസവും ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കാവശ്യമായ  പോഷകവസ്തുക്കൾ സമൃദ്ധമായി ചൊരിഞ്ഞുകൊണ്ട് ഈശോ നമ്മെ നയിക്കുന്നു.

അപ്പം  കൃതജ്ഞതയാണ്.

ഈശോ  അപ്പം തന്റെ കരങ്ങളിൽ എടുത്ത് പിതാവായ ദൈവത്തിന് നന്ദി പറയുന്നു .ഈശോ ഏത് പ്രവർത്തി ചെയ്യുമ്പോഴും അത് നന്ദി നിറഞ്ഞ മനസ്സോടെ കൃതജ്ഞതയർപ്പിച്ചു കൊണ്ടാണ് ചെയ്യുന്നത്.എന്തിലും ഏതിലും നന്ദിയുള്ളവരാകാൻ അപ്പമായവർ നമ്മെ പ്രചോദിപ്പിക്കുന്നതാണ് വിശുദ്ധ കുർബാന.

എന്നെ കയ്യിലെടുക്കുന്ന ദൈവം.
 

ഹൃദയസ്പർശിയായ ഒരു അനുഭവമാണിവിടെ… ഒരു കൊച്ചു കുഞ്ഞിനെ അമ്മ തന്റെ കയ്യിൽ എടുക്കുന്നതുപോലെ ഈശോ എന്നെ കരങ്ങളിലെടുക്കുന്ന അനുഭവം. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കേണ്ട ഒന്നാണിത്.. വിശ്വാസികളുടെ പ്രാർത്ഥന ചൊല്ലുന്ന സമയത്ത് പുരോഹിതൻ ബലി വസ്തുക്കളായി  അപ്പവും വീഞ്ഞും ഒരുക്കുകയും അൾത്താരയിൽ സമർപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം സമർപ്പിക്കപ്പെടുന്ന അപ്പത്തോടും വീഞ്ഞിനോടുമൊപ്പം ദിവ്യബലിയിൽ പങ്കെടുക്കുന്ന വ്യക്തികളെയും അവരുടെ നിയോഗങ്ങളെയും പുരോഹിതൻ അൾത്താരയിൽ സമർപ്പിക്കുന്നു.

തുടർന്ന് അപ്പം കരങ്ങളിൽ എടുത്തു പുരോഹിതൻ ദൈവ സന്നിധിയിലേക്ക് ഉയർത്തി നന്ദി പറഞ്ഞ് പ്രാർത്ഥിക്കുമ്പോൾ അത് എന്നെയും നിന്നെയും ആണെന്ന്  തിരിച്ചറിയാൻ കഴിയണം. ഞാനും നീയും അവിടെ ബലിവസ്തുവായി മാറുന്നു .പുരോഹിത നോടൊപ്പം ബലി അർപ്പകനായിമാറുന്നു. ഇപ്രകാരം ഓരോ ദിവ്യബലിയിലും പങ്കെടുക്കുന്നവരെയും അവരുടെ നിയോഗങ്ങളെയും കാർമ്മികൻ യേശുവാകുന്ന നിത്യപുരോഹിതൻ വഴി പിതാവായ ദൈവത്തിന്റെ സന്നിധിയിൽ നന്ദി നിറഞ്ഞ മനസ്സോടെ സമർപ്പിക്കുകയും നമുക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

സംതൃപ്തി നൽകുന്ന അപ്പം.
 

രണ്ട് അപ്പവും അഞ്ച് മീനും അവിടെയുള്ള മുഴുവൻ വ്യക്തികളും കഴിച്ചു തൃപ്തനാകുന്നു. ഒരാൾക്കുപോലും അവിടെ ഭക്ഷണം കിട്ടാതെ വരുന്നില്ല. ദൈവ സന്നിധിയിൽ വിശ്വാസത്തോടെ കടന്നുചെല്ലുന്നവർക്ക് സമൃദ്ധി ചൊരിയുന്ന അനുഭവമാണ് ഓരോ വിശുദ്ധ ബലിയും സംഭവിക്കുന്നത്.
 

ലോകത്തിൽ ഏറ്റവും കൂടുതൽ രോഗശാന്തികൾ നടക്കുന്നതും അത്ഭുതങ്ങൾ സംഭവിക്കുന്നതും വിശുദ്ധ കുർബാന അർപ്പിക്കുന്ന സ്ഥലങ്ങളിലും വിശുദ്ധ കുർബാന എഴുന്നള്ളിച്ചു വച്ച് ആരാധന നടത്തുന്ന സ്ഥലങ്ങളിലുമാണ്.ആശുപത്രികളിൽ പതിനായി ങ്ങളും ലക്ഷങ്ങളും ചിലവാക്കിയിട്ടും മോചനം ലഭിക്കാത്ത രോഗികൾ അനുതപിച്ച് വിശ്വാസത്തോടെ ദിവ്യബലിയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുമ്പോൾ…ഒരു പൈസപോലും വാങ്ങാതെ ആയിരങ്ങളെ അത്ഭുതകരമായി വിവിധ രീതിയിൽ സുഖപ്പെടുത്തി സംതൃപ്തരാക്കി തിരിച്ചയക്കുന്ന വലിയ അത്ഭുതമാണ് വിശുദ്ധ കുർബാന.

ഇത് ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ് ഇനിവരുന്ന തലമുറയ്ക്കുകൂടി..  അതിന്റെ പ്രത്യക്ഷമായ അടയാളമാണ് അവിടെ കൂടിയിരുന്നവരെല്ലാം വയറുനിറയെ ഭക്ഷിച്ചതിനുശേഷവും പന്ത്രണ്ട് കുട്ട നിറയെ അപ്പം ശേഖരിച്ചു എന്നത്.മനുഷ്യർ ഒരുക്കുന്ന സദ്യകൾ തികയാതെ വരാം. സംതൃപ്തി നൽകാതെയിരിക്കാം.. എന്നാൽ പിതാവായ ദൈവം പുത്രനായ യേശുവാകുന്ന അപ്പം കൊണ്ട് ഒരുക്കുന്ന സ്വർഗീയ സദ്യ ആർക്കും തികയാതെ വരുന്നില്ല.. 
 

കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം പന്ത്രണ്ട് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാരണം പന്ത്രണ്ട് ശിഷ്യന്മാരാകുന്ന തൂണുകളിൽ ഉയർത്തപ്പെട്ടതാണ് ലോകവ്യാപകമായി വ്യാപിച്ചുകിടക്കുന്ന കത്തോലിക്കാ സഭ. വിശ്വാസി ലോകത്തിന്റെ ഏത് കോണിലാണെങ്കിലും  അവിടെയെല്ലാം സമൃദ്ധി നൽകാൻ കഴിയുന്ന ഒന്നാണ് വിശുദ്ധ കുർബാനയെന്ന് ഇത് വ്യക്തമാക്കുന്നു. 

ഇനി ഒരു വർഷത്തെ കണക്ക് നോക്കിയാൽ 365 ദിവസങ്ങൾ പന്ത്രണ്ട് മാസങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു .ഈ പന്ത്രണ്ടു മാസവും കാലാവസ്ഥ വ്യതിയാനങ്ങൾപോലും പരിഗണിക്കാതെ നമുക്ക് ആവശ്യമായ ഊർജ്ജവും ഉണർവും ഉന്മേഷവും പ്രദാനം ചെയ്തുകൊണ്ട് നമ്മെ ജീവിക്കാൻ ശക്തിയുള്ളതാണ് വിശുദ്ധ കുർബാന.

മന്നപോലെയല്ല വി.കുർബാന.

അപ്പം വർധിപ്പിക്കുന്ന സംഭവം കഴിഞ്ഞ് നാം കാണുന്നത്  ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രതിപാദ്യമാണ്. ഇസ്രായേൽ ജനത്തിന് ഭക്ഷിക്കാൻ ദിവസവും സ്വർഗ്ഗത്തിൽനിന്ന് മന്നവർഷിച്ചുനൽകി അവരെ കാത്തു പരിപാലിച്ചത് ദൈവത്തിന്റെ കരുണയാണെന്ന് വ്യക്തമായി പറയുന്ന യേശു.  മോശയല്ല ഇസ്രായേൽ ജനത്തിന് അപ്പം നൽകിയതെന്നും വ്യക്തമാക്കുന്നു.  മോശവഴി തന്റെ സ്വർഗ്ഗീയപിതാവാണ്  ഇസ്രായേൽജനമായ നിങ്ങളുടെ പൂർവ്വപിതാക്കന്മാർക്ക് അപ്പം നൽകി അവരെ നയിച്ചത് .അതുപോലെ ഇന്ന് നിങ്ങൾക്കാവശ്യമായ ആത്മീയവും ബൗദ്ധികവുമായ അപ്പം നൽകാൻ ഞാൻ പിതാവിനാൽ നിയോഗിക്കപ്പെട്ടവനാണ്. ഞാൻ  എന്നെ മുഴുവനും നിങ്ങൾക്കായി സമർപ്പിക്കുന്നു.
 

ഇസ്രായേൽ ജനത്തിന്  സ്വർഗ്ഗത്തിൽനിന്ന് പിതാവായ ദൈവം അപ്പം നൽകിയതുപോലെ ഇന്ന് ഇപ്പോൾ നിങ്ങൾക്ക് അപ്പമാകാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നവനാണ് ഞാൻ .ഇതു നിങ്ങൾ വിശ്വസിക്കുകയും എന്നോടുകൂടി ആയിരിക്കുകയും ചെയ്യുമെങ്കിൽ നിങ്ങൾക്ക് ഒരു കാലത്തും വിശക്കുകയും ദാഹിക്കുകയും ഇല്ല. 
ഈശോ പഴയ നിയമത്തിലെ അപ്പവുമായി തന്നെ താരതമ്യം ചെയ്തുകൊണ്ട് പറയുന്നു ഇസ്രായേൽജനം മന്നയാകുന്ന അപ്പം ഭക്ഷിച്ചുവെങ്കിലും മരണമടഞ്ഞു. പലർക്കും നിത്യജീവനിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. എന്നാൽ ഞാൻ  ജീവൻ നൽകുന്ന അപ്പമാണ്.”ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്‌. പിതാക്കന്‍മാര്‍ മന്നാ ഭക്‌ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്‌ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും”(യോഹ 6 : 58).

ശരീരം ഭക്ഷിക്കുക. രക്തം പാനം ചെയ്യുക.

നമുക്ക്  നിത്യജീവൻ നൽകാൻ അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ എല്ലാദിവസവും വിശുദ്ധ കുർബാനയായി ഈശോ ബലിവേദിയിൽ ആഗതനാകുന്നു.
പലതവണ യേശു എടുത്തു പറയുന്നതാഴെ പറയുന്ന വാക്കുകൾ വളരെ പ്രാധാന്യം അർഹിക്കുന്നതുമാണ് 
“യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.എന്തെന്നാല്‍, എന്‍െറ ശരീരം യഥാര്‍ഥ ഭക്‌ഷണമാണ്‌. എന്‍െറ രക്‌തം യഥാര്‍ഥ പാനീയവുമാണ്‌.എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും”(യോഹ 6 : 53-57).

ശരീരത്തിന്റെ ഭാഗമാണ് രക്തം എന്ന് വാദിക്കുന്നവരുണ്ട്.. യേശുവിനും ഇത് അറിയാമായിരുന്നില്ലെ? എങ്കിൽ എന്തിന് നാല് തവണ ആവർത്തിച്ച് രക്തം പാനം ചെയ്യപ്പെടണം എന്ന് യേശു പറഞ്ഞു എന്ന് ചിന്തിക്കുന്നത് ഉചിതം. 1 കൊറി 11:23-30 വരെയുള്ള വചനങ്ങളിൽ വിശുദ്ധപൗലോസ് ശ്ളീഹയും ഇത് എടുത്തു പറയുന്നുണ്ട്..
 വിശ്വാസത്തോടെ അൾത്താരയെ സമീപിക്കുന്നവരെയെല്ലാം സ്വർഗ്ഗീയ അപ്പമായ ഈശോ സംതൃപ്തരാക്കുന്നു.

ജീവവചനമാണ് അപ്പം.
 

തുടർന്ന് എന്ന് യേശു പറയുന്നു.”ആത്‌മാവാണു ജീവന്‍ നല്‍കുന്നത്‌; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌ “(യോഹ 6 : 63).വിശുദ്ധ കുർബാനയിൽ വിശ്വസിക്കുന്നവരിൽനിന്ന് നിത്യജീവന്റെ വചസ്സുകൾ ഒഴുകും.
 സ്വർഗ്ഗാരോഹണം ചെയ്യുമ്പോൾ ഈശോ നൽകിയ വാഗ്ദാനമാണ് നിങ്ങൾക്ക് ഒരു സഹായകനെ നൽകും. ദൈവാത്മാവ് വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. പരിശുദ്ധാത്മാവ് നിങ്ങളിൽ പ്രവർത്തിക്കുമ്പോൾ ഞാൻ ചെയ്തതിനേക്കാൾ വലിയ കാര്യങ്ങൾ ഭൂമിയിൽ നിങ്ങൾ ചെയ്യും . 
രണ്ടായിരം വർഷമായി ഇന്നും ഈ വചനങ്ങൾ സജീവമായി നിലനിൽക്കുന്നു. അനേകായിരം വ്യക്തികളിലൂടെ ജീവിക്കുന്ന അപ്പമായി ഈശോ പ്രവർത്തിക്കുന്നു. അടയാളങ്ങളും അത്ഭുതങ്ങളും വഴി വിശുദ്ധ കുർബാനയിലൂടെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ശക്തി അനുഭവിച്ചറിയുകയാണ് ജനലക്ഷങ്ങൾ.
 

ജീവിതത്തിന്റെ പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും തകർച്ചകളിലും രോഗാവസ്ഥകളിലും വിശ്വാസപൂർവ്വം വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു യേശുവാകുന്ന ജീവന്റെ അപ്പം ഉൾക്കൊള്ളുകയും ചെയ്യുന്നവർ നിറമനസ്സോടെ അത്ഭുതരോഗശാന്തി ഉൾപ്പെടെയുള്ളവ അനുഭവിച്ചറിഞ്ഞു സംതൃപ്തരായി അവരവരുടെ ഭവനങ്ങളിലേക്ക് തിരിച്ചു പോകുന്നു.
 ഇന്ന് വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ ഒരു ദിവ്യകാരുണ്യ അനുഭവം ഉണ്ടാകുന്നതിനുവേണ്ടി വേണ്ടി ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.

അപ്പമാകാനുള്ള ക്ഷണം.

വിശുദ്ധ കുർബാനയിൽ കേവലം കാഴ്ചക്കാരായി മാറിനിൽക്കാതെ, പ്രാർത്ഥനകൾ ചൊല്ലി തീർക്കുന്നവർ മാത്രമാകാതെ ബലിവസ്തുവും ബലി അർപ്പകനുമായിമാറി ദിവ്യബലിയിൽ പങ്കുചേർന്നുകൊണ്ട് യേശുവിൽ ഒന്നായിതീരാം. അങ്ങനെ വലിയ കൃപകൾ അനുഭവിക്കുന്നവരും ലഭിച്ച നന്മകൾ പങ്കുവെക്കുന്നവരുമായി തീർന്ന് യേശുവിന്റെ സാക്ഷികളാകാം.
 

ഓരോ വിശുദ്ധ കുർബാനയും യേശുവിനു സാക്ഷിയാകാനുള്ള വിളിയാണ്. അതിനു ഉചിതമായി പ്രതികരിക്കേണ്ടത് ഞാനും നീയുമാണ്.നമുക്ക് അത് സാധിക്കുമ്പോൾ വിശുദ്ധകുർബാന ഒരു അത്ഭുതം ആയി മാറും. അനുഗ്രഹമായി മാറും. അതിലേറെ അഭിഷേകം ആയിമാറും .

പ്രേംജി മുണ്ടിയാങ്കൽ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.