പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ…

അങ്ങയുടെ സന്നിധിയില്‍നിന്ന്‌ എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെ എന്നില്‍ നിന്ന്‌ എടുത്തുകളയരുതേ! “(സങ്കീര്‍ത്തനങ്ങള്‍ 51 : 11 ).

മാമ്മോദിസയിലൂടെയും മറ്റു കൂദാശകളിലൂടെയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി … ആത്മീയവും ഭൗതികവുമായ ദാനങ്ങളും വരങ്ങളും അനുഗ്രഹങ്ങളും നൽകുന്നതിനുവേണ്ടി ദൈവം നമുക്ക് നൽകിയ പരിശുദ്ധാത്മാവ്… നമ്മുടെ പാപകരമായ ജീവിതം വഴി നാം തന്നെ നിർജ്ജീവമാക്കി വെച്ചിരിക്കുന്ന പരിശുദ്ധാത്മാവ്  വീണ്ടും നമ്മിൽ സജീവമാക്കപ്പെടേണ്ടിയിരിക്കുന്നു.

 ഇപ്രകാരം നമുക്കു ലഭിച്ച പരിശുദ്ധാത്മാവിനെ പൂർവ്വാധികം ശക്തിയോടെ നമ്മിൽ പ്രവർത്തിക്കുന്ന ഒരു അവസ്ഥയിലേക്ക്  കൊണ്ടുവരാനുള്ള ഒരുക്കമാണ് ഈ ദിവസങ്ങളിൽ നാമെല്ലാം ചെയ്യുന്നത്.

ഇന്ന് പന്തക്കുസ്താ തിരുനാൾ ആഘോഷിക്കുമ്പോൾ സെഹിയോൻ ഊട്ടു ശാലയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു മാതാവിന്റെയും ശിഷ്യന്മാരുടെയുംമേൽ ശക്തമായി പരിശുദ്ധാത്മാവ് വന്നു നിറഞ്ഞത് പോലെ നമ്മുടെ ജീവിതത്തിൽ ആത്മാവിന്റെ അഭിഷേകം ഉണ്ടാകാൻ നാം പ്രാർത്ഥനാപൂർവ്വം ചെലവഴിക്കണം.
 പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിൽ സജീവമായി പ്രവർത്തിക്കാൻ നാം അനുവദിക്കുമ്പോൾ പ്രതിസന്ധികളും പ്രതിബന്ധങ്ങളും വിട്ടകന്നു പോകും എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
 

വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നമുക്കിത് കാണാൻ കഴിയും. ജലത്തിനു മുകളിൽ സജീവമായി ചലിച്ചുകൊണ്ടിരുന്ന ദൈവത്തിന്റെ ചൈതന്യം… ഈ പ്രപഞ്ചത്തെ മുഴുവൻ നയിച്ചു കൊണ്ടിരിക്കുന്ന ചൈതന്യം …ഇസ്രായേൽ മക്കളെ കാലാകാലങ്ങളിൽ വഴിനടത്തിയ ചൈതന്യം… ശിഷ്യന്മാരെയും ആദിമസഭയേയും നയിച്ച  ദൈവീക ചൈതന്യം….  ദൈവത്തിന്റെ ആത്മാവ് എന്നിലും നിന്നിലും സജീവമാകുമ്പോൾ… വലിയ ഉണർവ് നമ്മുടെ ജീവിതത്തിലും നമ്മോടൊപ്പമുള്ളവരുടെ ജീവിതത്തിലും സജീവമാകും.
 

ഇപ്രകാരം നാം ആത്മാവിനാൽ നിറയപ്പെടുമ്പോൾ തിന്മയുടെ ശക്തികൾ നമ്മെയും നമ്മുടെ ഭവനത്തെയും വിട്ടു പോകും.
 മൊബൈൽ ഫോണിന്റെയും മറ്റു ലഹരി വസ്തുക്കളുടേയും അടിമകളായി കഴിയുന്ന നമ്മുടെ മക്കളെയും നമ്മുടെ സഹോദരങ്ങളെയും ഈ തിന്മയുടെ ബന്ധനത്തിൽ നിന്ന് വിടുവിക്കാൻ പരിശുദ്ധാരൂപിയുടെ പ്രവർത്തനത്തിന് സാധിക്കും.
 തിന്മ വിട്ട് അകന്നു നന്മ നിറഞ്ഞ ഒരു ജീവിതത്തിലേക്ക് മുന്നേറാൻ തക്ക രീതിയിൽ പന്തക്കുസ്താ അനുഭവം നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
 

ഇനിയുള്ള മണിക്കൂറുകളിൽ മാതാവിനോട് ചേർന്ന്. .. ശിഷ്യന്മാരോട് ചേർന്ന്.. സകല വിശുദ്ധരോടും ചേർന്ന്…. തീവ്രമായി നമുക്ക് പ്രാർത്ഥിക്കാം. ആത്മാവേ… പരിശുദ്ധാത്മാവേ എന്നിൽ വന്ന് നിറയണമേ… മറ്റുള്ളവരിലേക്ക് കവിഞ്ഞൊഴുകേണമെ.

പ്രേംജി



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.