വിശുദ്ധ ജലം ഉപയോഗിച്ചാല്‍ സാത്താന്‍ ഓടിപ്പോകുമോ?

കത്തോലിക്കാസഭാവിശ്വാസത്തില്‍ വിശുദ്ധ ജലത്തിന് പ്രമുഖ സ്ഥാനമുണ്ട്. നമ്മുടെ വിവിധ തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി ഹന്നാന്‍ വെള്ളം ഉപയോഗിക്കുന്നുമുണ്ട്. പല അര്‍ത്ഥത്തിലും വിശുദ്ധജലം ഉപയോഗിക്കുന്നുമുണ്ട്.

എന്നാല്‍ ഇതിനൊക്കെ പുറമെ വിശുദ്ധ ജലത്തിന് സാത്താനെ ഓടിക്കാനുള്ള ശക്തിയുമുണ്ട്. വെഞ്ചരിപ്പ് കര്‍മ്മങ്ങളില്‍ ഹന്നാന്‍ വെള്ളം ഉപയോഗിക്കുന്നത് ഇത്തരമൊരു കാരണം കൊണ്ടാണ്. പല വിശുദ്ധരും വിശുദ്ധജലത്തിന്റെ ശക്തി ജീവിതകാലത്ത് തിരിച്ചറിഞ്ഞവരായിരുന്നു. ആവിലായിലെ വിശുദ്ധ തെരേസ അതിലൊരാളാണ്.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിനിയും മിസ്റ്റിക്കും ആയിരുന്നുവല്ലോ തെരേസ. വിശുദ്ധയുടെ ജീവിതത്തില്‍ നിരവധി തവണ സാത്താനും അവന്റെ കൂട്ടാളികളും ചേര്‍ന്നുള്ള ആക്രമണം ഉണ്ടായിട്ടുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ വിശുദ്ധയ്ക്ക് കഴിഞ്ഞിരുന്നത് വിശുദ്ധജലത്തിന്റെ സഹായത്താലാണ്.

തന്റെ ആത്മകഥയില്‍ വിശുദ്ധ എഴുതിയതില്‍ നിന്ന് നാം മനസ്സിലാക്കുന്നത് ഇപ്രകാരമാണ്. ഒര ുതവണ സാത്താന്റെ ആക്രമണം ഉണ്ടായപ്പോള്‍ അതിനെ കുരിശുവരച്ചുകൊണ്ടാണ് വിശുദ്ധ നേരിട്ടത്. പെട്ടെന്ന് സാത്താന്‍ അപ്രത്യക്ഷനായി. അടുത്തതവണ സാത്താന്‍ ആക്രമിക്കാന്‍ വന്നപ്പോഴും കുരിശു കാണിച്ചു. അപ്പോഴും സാത്താന്‍ ഓടിപ്പോയി.

പക്ഷേ മൂന്നാം തവണ സാത്താന്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ തെരേസ ചെയ്തത് വിശുദ്ധജലം സാത്താന് നേരെ ഒഴിക്കുകയായിരുന്നു. അതിന് ശേഷം സാത്താന്‍ വിശുദ്ധയെ ഉപദ്രവിക്കാന്‍ വന്നിട്ടേയില്ല.

നമ്മുടെ കൈയില്‍ എപ്പോഴും വിശുദ്ധജലം ഉണ്ടായിരിക്കണം എന്ന് പറയുന്നത് ഇതുകൊണ്ടാണ്. സന്ദര്‍ഭത്തിന് അനുസരിച്ച് നാം അത് സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനായി ഉപയോഗിക്കേണ്ടിയിരിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.