അനുദിനജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കണോ, ഇതാ ചില മാര്‍ഗ്ഗങ്ങള്‍

പരിശുദ്ധാത്മാവിന് വേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടതും ആഗ്രഹിക്കേണ്ടതും പെന്തക്കോസ്തു തിരുനാള്‍ ദിനത്തില്‍ മാത്രമായിരിക്കരുത്. എല്ലാ ദിവസവും പരിശുദ്ധാത്മാവിനെ നാം നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കണം. നമ്മുടെ അനുദിന ജീവിതത്തിലെ എല്ലാ വ്യാപാരങ്ങളിലും പരിശുദ്ധാത്മാവിനെ നാം ആഗ്രഹിക്കണം. അളവില്ലാതെയും സമ്പൂര്‍ണ്ണമായും പരിശുദ്ധാത്മാവിനെ നല്കാന്‍ അവിടുന്ന് തയ്യാറാണ്.

എന്നാല്‍ അതിന് നാം നമ്മുടെ ജീവിതങ്ങളെ ഒരുക്കണം. നമ്മുടെ ജീവിതത്തില്‍ അത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തണം. അതിനാദ്യം ചെയ്യേണ്ടത് നമ്മുടെ ആത്മാവിനെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ ഒരുക്കുകയാണ്. നല്ല ഒരു ഭക്ഷണം ആരും അഴുക്കു നിറഞ്ഞ പാത്രത്തില്‍ വിളമ്പാറില്ലല്ലോ.

അതുപോലെയാണ് പരിശുദ്ധാത്മാവിന്റെ സ്വീകരണ കാര്യവും. നമ്മുടെ പാപപങ്കിലവും അസൂയയും കോപവും വെറുപ്പും നിറഞ്ഞതുമായ ഹൃദയത്തിലേക്ക് ഒരിക്കലും പരിശുദ്ധാത്മാവ് കടന്നുവരികയില്ല. പരിശുദ്ധാത്മാവിന് ആതിഥേയത്വം അരുളാന്‍ മാത്രം നാം നമ്മുടെ ഹൃദയങ്ങളെ ഒരുക്കേണ്ടിയിരിക്കുന്നു.

ദൈവത്തിന്റെ ക്ഷമയ്ക്കുവേണ്ടി യാചിക്കുകയാണ് മറ്റൊന്ന്. പാപം ചെയ്ത് മലിനപ്പെട്ടുപോയ, ക്രമരഹിതമായ നമ്മുടെ ജീവിതത്തിലേക്ക് പരിശുദ്ധാത്മാവ് കടന്നുവരണമെങ്കില്‍ നമുക്ക് പാപങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. പശ്ചാത്താപമുണ്ടായിരിക്കണം. ദൈവത്തോട് നാം പാപങ്ങള്‍ ഏറ്റുപറയണം.

നിരാശപ്പെട്ടതോ കോപാകുലമോ ആയ മനസ്സുകളിലേക്ക് പരിശുദ്ധാത്മാവ് കടന്നുവരില്ല. നമുക്കറിയാം പരിശുദ്ധാത്മാവിന്റെ ദാനങ്ങളെയും ഫലങ്ങളെയും കുറിച്ച്. നമ്മുടെ മനസ്സ് എപ്പോഴും സന്തോഷഭരിതമായിരിക്കണം.

ഓരോ ദിവസവും പരിശുദ്ധാത്മാവിനെ ജീവിതത്തിലേക്ക്, ഹൃദയത്തിലേക്ക് ക്ഷണിക്കുകയാണ് നാം ചെയ്യേണ്ട മറ്റൊരു പ്രവൃത്തി.

ചുരുക്കത്തില്‍ പാപരഹിതവും സന്തോഷം നിറഞ്ഞതും സനേഹമുള്ളതമായ ഒരു ജീവിതത്തിലേക്കാണ് പരിശുദ്ധാത്മാവ് കടന്നുവരുന്നത്. പരിശുദ്ധാത്മാവേ എന്റെ ഹൃദയത്തിലേക്ക് കടന്നുവരണമേയെന്ന് നമുക്ക് എപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാം. പരിശുദ്ധാത്മാവിന് വിരുദ്ധമായ എല്ലാ ചിന്തകളെയും ഹൃദയങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.