യേശു യേശു എന്ന് എല്ലായ്‌പ്പോഴും ഉരുവിടാമോ.. ജീവിതം മാറിമറിയും

യേശുവിന്റെ നാമം പരിശുദ്ധനാമമാണ്. രക്ഷയുടെ നാമമാണ്.ഈ നാമം ഇടവിട്ട് ഉച്ചരിക്കുമ്പോള്‍ ജീവിതത്തില്‍ പലതരത്തിലുള്ള സല്‍ഫലങ്ങളും ഉണ്ടാകും.

ഓരോ പ്രാവശ്യവും യേശു എന്ന് പറയുമ്പോള്‍ യേശുവിന്റെ രക്ഷിക്കുന്ന രക്തം നമ്മുടെ ആത്മാക്കള്‍ക്ക് നാം നല്കുകയാണെന്നാണ് യേശുനാമത്തിന്റെ ശക്തിയെക്കുറിച്ചുള്ള പുസ്തകങ്ങളില്‍ നിന്ന് വായിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. നല്ല മരണം ലഭിക്കാനും ശുദ്ധീകരണസ്ഥലത്തിലെ കാലാവധി കുറയ്ക്കാനും എല്ലാം യേശുനാമം ഉച്ചരിച്ചാല്‍ മതിയത്രെ.

എല്ലാവിശുദ്ധരും യേശു എന്ന നാമം ഉച്ചരിച്ചുകൊണ്ടാണ് ഈലോകവാസം വെടിഞ്ഞിട്ടുള്ളത്. യേശുനാമം കൂടെക്കൂടെ ആവര്‍ത്തിച്ചു പറയുന്ന ശീലമുള്ളവന്‍ സന്തോഷത്തോടെ മരിക്കുമെന്നാണ് വിശുദ്ധ ഫ്രാന്‍സിസ് സാലസ് പറഞ്ഞിട്ടുള്ളത്. ഈശോസഭാ സ്ഥാപകനായ ഇഗ്നേഷ്യസ് ലൊയോള താന്‍ സ്ഥാപിച്ച സന്യാസസമൂഹത്തിന് പേരു നല്കിയതിന് പിന്നിലും ഈശോയോടുള്ള അദമ്യമായ സ്‌നേഹമായിരുന്നുവത്രെ.

യേശുനാമം ഇടവിടാതെ ഉരുവിട്ടുകൊണ്ടിരുന്നപ്പോള്‍ വാഴ്ത്തപ്പെട്ട ഗൈല്‍സ് വായുവിലേക്ക് ഉയര്‍ത്തപ്പെട്ടതായി ജീവചരിത്രം പറയുന്നു. വിശുദ്ധ എഡ്മണ്ടിനും യേശുനാമത്തോട് വലിയഭക്തിയുണ്ടായിരുന്നു.

യേശു നാമം അതിശയ നാമം എന്നാണല്ലോ പാട്ടില്‍ നാം പാടുന്നത്. അതെ യേശുനാമം അതിശയകരമായ നാമമാണ്. അതു നാം എപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുക. യേശു നമ്മെ അനുഗ്രഹിക്കും. ഉറപ്പ്. ആ നാമം ചൊല്ലുന്നതുവഴി ക്രമേണ നമ്മുടെ ജീവിതങ്ങളില്‍ വലിയ മാറ്റങ്ങളുമുണ്ടാവും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.