ഈശോയും എന്റെ കുരിശും                                              ️

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം വെറും കെട്ടുകഥകളാണ്‌?” ബെന്യാമിൻ എന്ന നോവലിസ്റ്റ്‌ ആടുജീവിതം എന്ന നോവലിൽ പറയുന്നതാണിത്‌. 

ഇന്ന്‌ ഈശോയുടെ പീഡാനുഭവം അനുസ്മരിക്കുന്ന ദിവസം. മനുഷ്യനായ ഈശോയുടെ മണ്ണിലെ അവസാന ദിവസവും. ആണ്ടുവട്ടത്തിലെ ഈ ദിവസം ധാരാളംപേർ ദേവാലയങ്ങളിലും അതുപോലെ മറ്റിടങ്ങളിലുമായി ഈശോ സഹിച്ച വേദനകളെ അനുസ്മരിക്കുക പതിവാണ്‌. ചില ഇടങ്ങളിൽ ഈശോയുടെ പീഢാനുഭവത്തെ വളരെ നാടകീയമായി അവതരിപ്പിക്കുന്ന പതിവുമുണ്ട്‌. ഇവയിലൂടെയെല്ലാം അവന്റെ നോവുകളെ ധ്യാനിക്കാൻ ശ്രമിക്കുകയാണ്‌ വിശ്വാസികളുടെ പതിവുരീതി. 

ഉയരമുള്ള മലകളിലേക്ക്‌ ഭാരമുള്ള കുരിശും ചുമന്ന്‌ നടന്നുപോകുന്ന പലരേയും കാണാനിടവന്നിട്ടുണ്ട്‌. ചിലരെങ്കിലും വലുപ്പവും ഭാരമുള്ളതെന്നും മറ്റുള്ളവരെ തോന്നിപ്പിക്കുന്ന കുരിശുമായി അഭിനയിച്ച്‌ മലകയറുന്നവരുണ്ട്‌. സാമൂഹ്യമാധ്യമങ്ങളിൽ അതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കപ്പെടുന്നതോടെ അവരുടെ പീഢാനുഭവെള്ളിയും തപസ്സുകാലവും പൂർണമാകും. അതിനപ്പുറം അവർക്കൊരു ജീവിതമില്ല. ബാഹ്യമായ ഇത്തരം കാര്യങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നതാണോ എന്റെ ആത്മീയ യാത്രകളും ക്രിസ്താനേഷണങ്ങളും?. 

ഈശോയുടെ പീഢാസഹനം എന്നെ ഏതെങ്കിലും വിധത്തിൽ ഇതുവരെ തൊട്ടിട്ടുണ്ടോ? ഇപ്പോഴും തൊടുന്നുണ്ടോ..? ഇത്‌ ഇന്നേ ദിവസം മാത്രം ഉള്ളിൽ ഉയരേണ്ട ഒരു ചിന്തയല്ല. ഇതെപ്പോഴും എന്റെ കൂടെയുണ്ടാകണം എന്നാണ് ഞാൻ കരുതുന്നത്. 

“ഈശോയെ നിന്നെ എനിക്കെന്തൊരിഷ്ടം…”, ക്രിസ്തീയ വിശ്വാസികൾ കുറേക്കാലം പാടിനടന്നിരുന്ന ഒരു ഗാനത്തിന്റെ ആദ്യവരിയാണിത്‌.  കുരിശും സഹനവും മരണവും ഉറപ്പുള്ളതാണ് ക്രിസ്തു വിശ്വാസിയുടെ ജീവിതത്തിൽ എന്നറിയുമ്പോഴും എനിക്ക്‌

എത്രമാത്രമുണ്ട്‌  എന്റെ ഈശോയോടുള്ള ഇഷ്ടം എന്ന്‌ അവൻ്റെ പീഢാസഹനത്തെ ധ്യാനിക്കുന്ന ഈ ദിവസം  പരിശോധിക്കുന്നതും നല്ലതാണ്‌. അല്ലെങ്കിൽ ഞാൻ ചെയ്യുന്നവയെല്ലാം വെറും കെട്ടുകാഴ്ചകളായി മാറിപ്പോകും. ഉപരിപ്ലവമായ ചില പ്രവർത്തികളിൽ ഒതുങ്ങിപ്പോകും എൻ്റെ ആത്മീയത 

ബെന്യാമിൻ ആടുജീവിതത്തിൽ പറയുന്നതുപോലെ “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം വെറും കെട്ടുകഥകളാണ്‌” എങ്കിൽ ഈശോയുടെ ജീവിതവും അവന്റെ പീഢാസഹനവും എനിക്കങ്ങിനെയാണ്‌ അനുഭവപ്പെടുന്നത്‌? വെറുമൊരു കെട്ടുകഥയായിട്ടാണോ അതോ യഥാർത്ഥ ജീവിതമായിട്ടാണോ? 

ഈശോയുടെ ജീവിതം എനിക്കൊരു കെട്ടുകഥയല്ലാതാകണമെങ്കിൽ അവൻ കടന്നുപോയതിന്‌ സമാനമായ ജീവിതാനുഭവങ്ങളിലൂടെ ഞാനും കടന്നുപോകണം എന്നത്‌ നിർബന്ധമൊന്നുമല്ല. പക്ഷേ എനിക്കത്‌ ബോധ്യമാകണം, എനിക്കത് സത്യമായി വിശ്വസിക്കാൻ സാധിക്കണം. ആരോ പറഞ്ഞുതന്നതിന്റെ പേരിൽ, ക്രിസ്ത്യാനിയായതിന്റെ പേരിൽ നടത്തേണ്ട ചില നിർബന്ധ കര്യങ്ങളുടെ പട്ടികയിൽ പെടുത്തേണ്ട ഒന്നായി അവന്റെ ജീവിതത്തെ കാണുന്നവർക്ക്‌ ഇത്‌ വെറും കെട്ടുകഴ്ചമാത്രമാകും എന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ഞാനറിയുന്ന എന്നെ അറിയുന്ന ഒരു ക്രിസ്തു രൂപപ്പെടുകയെന്നത് അത്രമാത്രം പ്രാധാന്യമേറിയതാണെന്ന് പറയുന്നത്. 

ഈശോയുടെ പീഡകളെ ധ്യാനിക്കുന്ന പലരും മിഴിനീർ വാർക്കുന്നത്‌ സാധാരണമാണ്‌. അവരവിടെ തങ്ങളെത്തന്നെ കാണുന്നതാണതിന്റെ കാരണം.  ഈശോയെ നീ വേദനിച്ചപ്പോൾ എനിക്കും വേദനിച്ചു എന്ന്‌ പറയാവുന്ന തരത്തിൽ ഉറപ്പുള്ള ജീവിതം എന്നിൽ രൂപപ്പെടുമ്പോൾ മാത്രമേ അവന്റെ പീഢകൾ എൻ്റെ ആന്തരികതയെ സ്പർശിക്കുകയുള്ളൂ. എൻ്റെ മിഴികളും സജലങ്ങളാകുകയുള്ളൂ. 

ഈശോ കടന്നുപോയത്‌ സമാനതകളില്ലാത്ത പീഡകളേറ്റാണ്‌. ഈ പീഡകളെല്ലാം അവൻ ചെയ്ത തെറ്റുകളുടെ പരിണിത ഫലമായിരുന്നില്ല. അതെല്ലാം പിതാവായ ദൈവം ലോകരക്ഷയെപ്രതി ഒരുക്കിയ പദ്ധതിയായിരുന്നു എന്നും ദൈവമക്കളിൽ ഒരാൾ പോലും നശിച്ചുപോകാതിരിക്കാനാണ്‌ ഇതിലൂടെയെല്ലാം അവിടന്ന്‌ ആഗ്രഹിച്ചത്‌ എന്നതും രക്ഷാകരചരിത്രം ആവർത്തിച്ച്‌ പറഞ്ഞുതരുന്നുണ്ട്‌. ഇതും അവനിലേക്കെത്താൻ എന്നെ സഹായിക്കാം. 

ഈശോയെ, ഞാൻ കടന്നുപോകുന്ന സഹനാനുഭവങ്ങളെ നിൻ്റെ കുരിശോട് ചേർത്ത് ധ്യാനിക്കാനും നിൻ്റെ പീഢകളും സഹനവും നീ ചുമന്ന കുരിശും വെറും കെട്ടുകഥകളല്ലെന്നും മനസിലാക്കി ജീവിക്കാൻ  ഇന്നേ ദിവസം എന്നെ അനുഗ്രഹിക്കണമേ.. ആമേൻ

പോൾ കൊട്ടാരം കപ്പൂച്ചിൻ 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.